ഓർമ്മകളുടെ തിരുമുറ്റത്ത് ഒരുവട്ടംകൂടി .....
---------------------------------------------------------------------------
"ഓമൽക്കലാലയ വർഷങ്ങളേ
ഒരായിരം കൂട്ടുകാരേ
ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തിൽ
ഓരോ വഴിക്കിതാ യാത്രയായ്
ഈ വേളയിൽ ഈ യാത്രയിൽ
ഈറൻ മിഴികൾക്കു വിട നൽകൂ "
1986 മാർച്ച് മാസത്തിൽ മീനച്ചൂടിനും പരീക്ഷച്ചൂടിനും ഇത്തിരിനേരത്തേക്ക് അവധികൊടുത്ത് , വിടവാങ്ങൽവേദിയിൽ എല്ലാവരും ചേർന്ന് ഈ ഗാനമാലപിച്ചപ്പോൾ അവർ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല എല്ലാവരും ഒരിക്കൽക്കൂടി ഈ ഓമൽക്കലാലയത്തിൽ ഒത്തുകൂടുമെന്ന്.
പക്ഷേ നീണ്ട മുപ്പത്തിയെട്ടു സംവത്സരങ്ങളിലെ വേനലിലും മഞ്ഞിലും മഴയിലും സ്ഫുടംചെയ്തെടുത്ത സ്നേഹസ്മരണകളുമായി അവർ ഈ തിരുമുറ്റത്ത് വീണ്ടുമെത്തി. മൂന്നുവർഷങ്ങൾ തങ്ങൾ പങ്കിട്ട പ്രതീക്ഷകളും ആശങ്കകളും ഭീതിയുമെല്ലാം വിജയഗാഥകളായി തിരികെ പകർന്നുനൽകാൻ.
ജിസ്സി, ലൈസമ്മ, റോസ് എന്നിവർചേർന്ന് രൂപം നൽകിയ 'അസ്സംപ്ഷൻ ബട്ടർഫ്ളൈസ് 86 ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ വർഷങ്ങൾക്കുശേഷം ഒന്നിച്ചുചേർന്ന, 1983 - 1986 ബാച്ചിലെ 42 ഗണിതശാസ്ത്ര ബിരുദവിദ്യാർത്ഥികളാണ് ഇക്കഴിഞ്ഞ മെയ് 21 നു തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തിൽ ഒത്തുകൂടിയത്. ഇവരോടൊപ്പം, പൂർവ്വവിദ്യാർത്ഥിനി എന്നതിനപ്പുറം ഈ കോളേജിലെത്തന്നെ അദ്ധ്യാപികയാവാനും ഭാഗ്യം ലഭിച്ച റിൻസിയുടെയുംകൂടി നേതൃത്വത്തിലും അക്ഷീണപരിശ്രമത്തിലുമാണ് ഈയൊരു പുനഃസമാഗമം യാഥാർത്ഥ്യമായത് .
മുൻകൂട്ടി നിശ്ചയിച്ചപ്രകാരം രാവിലെ പത്തുമണിക്കുതന്നെ കലാലയാങ്കണത്തിലെത്തിയ ഈ ചിത്രശലഭങ്ങൾ പാറിപ്പറന്ന് പഴയ ഡിഗ്രിക്ളാസ്സിലെ കൗമാരകാലത്തിലേക്ക് തിരിച്ചുപോയത് എത്ര പെട്ടെന്നായിരുന്നു! അന്നത്തെ കളിതമാശകളും വർത്തമാനങ്ങളും പൊട്ടിച്ചിരികളും തിരികെയെത്തിയപ്പോൾ 38 വർഷങ്ങൾ പ്രായത്തിൽനിന്നുതന്നെ അദൃശ്യമായതുപോലെ. ചിലർ എത്രകണ്ടിട്ടും മതിയാവാതെ, ഒരിക്കൽ തങ്ങളുടേതുമാത്രമായിരുന്ന ആ ചുറ്റുപാടുകളെ കണ്ണുകളിൽ ആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അന്നു പഠിച്ച ക്ലാസ്മുറികളിൽ തങ്ങളുടെ ഇരിപ്പിടങ്ങൾ കണ്ടെത്തി, തൊട്ടും തലോടിയും പോയകാലത്തിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര. അവിടെയിരുന്നു ഫോട്ടോകളെടുത്ത് , മനസ്സിൽനിന്ന് മാഞ്ഞുപോകാത്ത ഇന്നലെകളുടെ ഗാഥകൾ പരസ്പരം പങ്കുവെച്ച്, കുറച്ചുസമയം ചെലവിട്ടശേഷം അവർ പുറത്തിറങ്ങി. അപ്പോഴേക്കും കാപ്പിയും തയ്യാറായിരുന്നു. പ്രിയപ്പെട്ട സഹപാഠി റെനി പഴയചങ്ങാതിമാർക്കായി കൊണ്ടുവന്ന പലഹാരങ്ങൾക്ക് ഇരട്ടിമധുരം.
പിന്നെ കോളേജ് കാന്റീനോട് ചേർന്നുള്ള ഹാളിൽ ജോസിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ചേർന്ന ചെറിയൊരു യോഗം, ഷേർളിയും റോസും ചെന്നാലപിച്ച ഭക്തിസാന്ദ്രമായ പ്രാർത്ഥനാഗീതത്തോടെ തുടക്കംകുറിച്ചു. അന്നത്തെ അഭിവന്ദ്യരായ ഗുരുജനങ്ങളിൽ അഞ്ചുപേർ ഈ ഒത്തുചേരലിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് ഏറെ ഭാഗ്യമായിക്കരുതുന്നു. സിസ്റ്റർ മരിയ, സിസ്റ്റർ ജോവിറ്റ്, മിസ് സാലി, മിസ് മറിയമ്മ , മിസ് റോസമ്മ എന്നിവർക്കൊപ്പം ഇപ്പോഴത്തെ പ്രിൻസിപ്പലായ
റവ. ഫാദർ തോമസ് ജോസഫ് പറത്തറയും ഇപ്പോഴത്തെ ഏതാനും അദ്ധ്യാപകരും പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. അവരുടെയൊക്കെ വാക്കുകൾ ഇപ്പോഴും അമൂല്യങ്ങളായ മൊഴിമുത്തുകൾതന്നെ എന്നതുകൊണ്ടാവാം എല്ലാവരും അത്യധികം ശ്രദ്ധയോടെ, കൗതുകത്തോടെ, കേട്ടിരുന്നത്. അവരോടൊപ്പം നിന്ന് പകർത്തപ്പെട്ട ചിത്രങ്ങളും ഏറെ വിലപ്പെട്ടത്.
അകാലത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അദ്ധ്യാപകരെയും മൂന്നു സഹപാഠികളെയും അനുസ്മരിച്ച് പ്രാർത്ഥിച്ചശേഷം നടന്ന സ്വയം പരിചയപ്പെടുത്തൽ ചടങ്ങിൽ ഓരോരുത്തർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത് ജീവിതപരീക്ഷയിൽ തങ്ങൾ നേടിയെടുത്ത വിജയത്തിളക്കങ്ങളായിരുന്നു എന്നത് ഏവർക്കും ആഹ്ളാദംപകർന്നു. അതും ഈ പുണ്യഭൂമിയുടെ സുകൃതമെന്നല്ലാതെ മറ്റെന്താണ് !
അന്നത്തെ കോളേജ് വാനമ്പാടിയായിരുന്ന ഞങ്ങളുടെ സ്വന്തം ജിജി ജോൺസൺ ''ഈ മനോഹരതീരത്തുതരുമോ ഇനിയൊരു ജന്മംകൂടി' എന്ന് ഈണംതെറ്റാതെ പാടിയപ്പോൾ എല്ലാവരുടെയും മനസ്സിൽ ആ വരികൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. യോഗത്തിനുശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾച്ചൊല്ലി എല്ലാവരും ഭക്ഷണം കഴിച്ച്, അവിടെയാകെ നടന്നു പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പാം ചിത്രങ്ങളെടുത്ത്, പിന്നെയും കുറച്ചുസമയം. ഇന്നു വന്നെത്താൻ കഴിയാത്ത കൂട്ടുകാരെക്കൂടിചേർത്ത്, ഇനിയും ഈ തിരുമുറ്റത്ത് വീണ്ടും കണ്ടുമുട്ടാമെന്ന പ്രതിജ്ഞയെടുത്ത്, കലാലയകവാടം കടന്ന് വീണ്ടും പലവഴികളിലായി ആ ചിത്രശലഭങ്ങൾ പറന്നുമറഞ്ഞു. അവിടെ പൂച്ചട്ടികളിൽ വിടർന്നുനിന്ന വർണ്ണപുഷ്പങ്ങൾ പരസ്പരം മന്ത്രിക്കുന്നുണ്ടാവാം ' താമസിയാതെ ഈ പൂമ്പാറ്റകൾ ഇനിയുമിവിടെയെത്തും' എന്ന്.