Saturday, July 11, 2026

മലയാളകവിത ഇന്ന്

 

മലയാളകവിത ഇന്ന്


====================


മലയാളകവിതയുടെ തുടക്കം എവിടെയെന്നുചോദിച്ചാൽ ഉത്തരം ചെന്നുനിൽക്കുന്നത്  മലയാളലിപിയും അക്ഷരങ്ങളും പിറവിയെടുക്കുംമുമ്പേ ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടിയ   നാടോടിപ്പാട്ടുകളുടെ ആത്മാവുകളിലാവും. കാലഘട്ടത്തിന്റെ ജീവിതരീതികളുമായി ഇഴുകിച്ചേർന്നവയായിരുന്നു ആ ഗാനങ്ങളുടെ അവതരണരീതികൾ. പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും യക്ഷിക്കഥകളുമൊക്കെയായിരുന്നു ഈ ഗാനങ്ങളുടെ ഇതിവൃത്തം. പിന്നീട് സംസ്കൃതത്തിൽ  അടിസ്ഥാനമുറപ്പിച്ചു   നിലനിന്ന മണിപ്രവാളകവിതാരചനയിൽനിന്നു ശുദ്ധമലയാളത്തിലേക്കു കവിതയുടെ  രൂപപരിണാമം സംഭവിച്ചപ്പോഴും ഇതിവൃത്തം കാര്യമായി മാറ്റങ്ങൾക്കു വിധേയമായതുമില്ല. ഒരുപക്ഷേ   ഇവ്വിധത്തിൽ രചിച്ചെങ്കിൽ മാത്രമേ തങ്ങളുടെ രചനകൾ  ഉത്തമകൃതികൾ  ആകൂ എന്ന വിശ്വാസമാകാം  ഈ രീതിക്ക്  മാറ്റം വരാതിരുന്നത്. ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റേയും കുഞ്ചൻനമ്പ്യാരുടേയുമൊക്കെ കവിതകൾ ഈ ഗണത്തിൽത്തന്നെയായിരുന്നു. 


ആദ്യകാലത്തെ  കാല്പനികകവിതകൾ ഭാഷയുടെ ഗരിമകൊണ്ടും ഇതിവൃത്തത്തിന്റെ സ്ഥൂലതകൊണ്ടും  സാധാരണമനുഷ്യന്റെ ജീവിതത്തിൽനിന്ന് അകലംപാലിച്ചതുകൊണ്ടാവാം കവികളുടെയും കവിതകളുടെയും എണ്ണം പരിമിതമായിരുന്നു. പക്ഷേ കാലത്തിന്റെ കുതിപ്പിനൊപ്പം ഭാഷയും സാഹിത്യവും ആസ്വാദനരീതികളുമെല്ലാം നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായി. ദൈവങ്ങളുടെയും രാജാക്കന്മാരുടെയും കഥകൾക്കുപകരം മനുഷ്യജീവിതവും അതിലെ നന്മതിന്മകളും ഗുണപാഠങ്ങളും സാമൂഹ്യവിമർശനങ്ങളുമൊക്കെ കവിതയ്ക്കു വിഷയമായി. ഇങ്ങനെ രചിക്കപ്പെട്ട ആധുനികകവിതകളുടെ ഭാഷ, സാധാരണക്കാരനു പ്രാപ്യമായിരുന്നുവെന്നത്      ഈ കവിതകളെ കൂടുതൽ ജനപ്രിയമാക്കി. വൃത്താലങ്കാരപ്രാസനിബന്ധനകള്‍ കൃത്യമായി അവലംബിക്കപ്പെട്ടിരുന്നതിനാൽ താളലയങ്ങളോടെ പാടി ഹൃദിസ്ഥമാക്കാൻ കഴിഞ്ഞിരുന്നുവെന്നതും കവിതകളുടെ പൊതുജനസ്വീകാര്യതയ്ക്ക് കാരണമായി. 


ആധുനികകവിത്രയങ്ങളുടെ ഉദയത്തോടെ ഖണ്ഡകാവ്യങ്ങൾക്കും ചെറുകവിതകൾക്കും പ്രചാരമേറി. പിന്നീട് മലയാളകവിത ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയെന്ന് പറയാം. സംസ്കൃതഭാഷയിലധിഷ്ഠിതമായ പാരമ്പര്യവിദ്യാഭ്യാസത്തിനപ്പുറം ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യസാഹിത്യവും പരിചിതമായതോടെ  മലയാളകവിതയിലും അവയുടെ സ്വാധീനം പ്രബലമായി. പ്രകൃതിയുടെ ഘടകങ്ങളും സ്നേഹം,  സന്തോഷം, സന്താപം മുതലായ വികാരഭാവങ്ങളുമൊക്കെ കവിതയ്ക്കിതിവൃത്തമായി. നാടകം, സിനിമ തുടങ്ങിയ കലാരൂപങ്ങളുടെ ആഗമനം കവിതയ്ക്കു മറ്റൊരുമാനംകൂടി കൈവരുന്നതിനു  കാരണമായി. കവിതകളേക്കാൾ നാടക- സിനിമാഗാനങ്ങൾ ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്നു. സ്വാതന്ത്ര്യസമരവും മറ്റു സാമൂഹികസമരങ്ങളും നാടിൻറെ മുക്കിലും മൂലയിലും മാറ്റൊലിക്കൊണ്ടത് ഈ ഗാനങ്ങളിൽക്കൂടിയായിരുന്നു. അക്കാലത്തെ വിപ്ലവഗാഥകളൊക്കെയും പൊതുജനം ഏറ്റുപാടിയത് കുറിക്കുകൊള്ളുന്ന വാക്കുകളും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഈണങ്ങളും ചേർന്ന് രൂപംകൊടുത്ത ഇത്തരം കവിതകളിലൂടെയായിരുന്നു. സമരമുന്നേറ്റങ്ങൾക്കു ശക്തിപകരുന്ന മുദ്രാവാക്യങ്ങളായിപ്പോലും ഈ ഗാനങ്ങൾ ഉപയോഗിക്കപ്പെട്ടു. 


പിന്നീടുവന്ന മാറ്റം  ആശയങ്ങളെ വൃത്തത്തിലൊതുക്കാതെ ലളിതമായ  ഭാഷയിൽ  കവിതയിൽ ധ്വനിപ്പിക്കുക എന്നതായിരുന്നു. ശൈലിയിലെ വൈജാത്യങ്ങളും പ്രമേയത്തിലെ പ്രചുരത്വവും ഇത്തരം കവിതകളിൽ വളരെ വ്യക്തമാണ്. വ്യക്തിബന്ധങ്ങൾ, ജീവിതത്തിന്റെ അർത്ഥശൂന്യത,നഗരജീവിതത്തിന്റെ തിരക്കുകളും ഏകാന്തതയും, പരിസ്ഥിതി പ്രശ്നങ്ങൾ, സാമൂഹിക അസമത്വങ്ങൾ, സ്ത്രീസ്വാതന്ത്ര്യവും ലിംഗസമത്വവും, മനുഷ്യാവകാശങ്ങൾ,    സാമൂഹ്യനീതി,സാമൂഹികരാഷ്ട്രീയരംഗത്തെ അപചയങ്ങള്‍,  ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതിപാദ്യവിഷയങ്ങൾ ആവിഷ്കരിക്കപ്പെട്ട കവിതകൾ. മലയാളമണ്ണിൽമാത്രമല്ല, ലോകമെമ്പാടും അനുഭവേദ്യമായ സാംസ്കാരികമായ മൂല്യത്തകർച്ചയും സാമൂഹികജീവിതത്തിൽ അതുണ്ടാക്കിയ അപചയങ്ങളും മനുഷ്യഹൃദയങ്ങളിൽ സൃഷ്ടിച്ച അന്യതാബോധവും അസ്തിത്വദുഃഖവും കവിതകളുടെ കേന്ദ്രബിന്ദുവായപ്പോൾ ആധുനികതയുടെ ശിഥിലചിത്രങ്ങൾ നൂതനമായൊരു കാവ്യാവബോധംതന്നെ രൂപപ്പെടുന്നതിനു കാരണമായി.   അപ്പോഴേക്കും അനുവാചകർ കവിതയിൽനിന്നകലുന്നുവോ എന്നുതോന്നിയതിനാലും ടേപ്പ് റെക്കോർഡർ പോലെയുള്ള  ആധുനികയന്ത്രമാധ്യമങ്ങൾ  പ്രചാരത്തിൽ വന്നതിനാലും കവിതകളുടെ കവിതകളുടെ  കാസെറ്റ്  റെക്കോഡുകള്‍  ഉപനയിക്കപ്പെട്ടു. കവിതയെ പുസ്തകങ്ങളില്‍ കൂടി മാത്രമല്ല ശബ്ദരൂപത്തിലും ആസ്വാദകനിലേക്കെത്തിക്കാം എന്നു തെളിയിക്കുന്നതായിരുന്നു ഈ പുതുപദന്യാസം. 


മലയാളകവിത പിന്നെയും വളർന്ന് അത്യന്താധുനികതയിലേക്കു നടന്നുകയറിയപ്പോൾ അതൊരുകൂട്ടം ബുദ്ധിജീവികളുടെ മാത്രം സ്വന്തമായെന്നുപറയാം. പദ്യരൂപത്തിൽനിന്നു  വഴിമാറി  ഗദ്യരൂപത്തിൽ ശക്തിപ്രകടനം കാഴ്ചവെച്ചു.   എണ്ണിയാലൊടുങ്ങാത്ത ബിംബങ്ങളും പ്രതിബിംബങ്ങളും പ്രതീകങ്ങളുമൊക്കെയായി സാധാരണ അനുവാചകർക്ക് അപ്രാപ്യമായ ആസ്വാദനതലങ്ങൾ സൃഷ്ടിക്കുന്ന  രചനാവൈഭവം മലയാളസാഹിത്യത്തിൽത്തന്നെ ചോദ്യചിഹ്നങ്ങളുയർത്താതിരുന്നുമില്ല. ഇപ്പോഴും  സാഹിത്യചർച്ചകളിൽ വളരെ നല്ലൊരുസ്ഥാനം 'പദ്യകവിതയോ ഗദ്യകവിതയോ മികച്ചത് ?' എന്ന വിഷയത്തിനുണ്ട്. കവിത പദ്യമോ ഗദ്യമോ എന്നതിലുപരി അതിലെ കാവ്യഭംഗിയും ആശയത്തിന്റെ കെട്ടുറപ്പും ഭാഷാലാളിത്യവുമൊക്കെയാണ് കവിതയെ ജനകീയമാക്കുന്നതെന്നു രണ്ടുപക്ഷമുണ്ടാകില്ല. പക്ഷേ അവിടെയും ചില ഉപരിശ്രേണികർ, വായനക്കാരന്റെ ധിഷണയ്ക്ക് അജീർണ്ണമുണ്ടാക്കുന്ന ചില രചനാവൈകൃതങ്ങളെ ഉത്തരോത്തരമെന്നു ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ സാധാരണ അനുവാചകർ ആശസംഘട്ടനത്തിൽ കുഴങ്ങിപ്പോകുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. 


ആധുനികകാലത്തിന്റെ സാങ്കേതികപരിജ്ഞാനം നമുക്കു നൽകിയ  സാമൂഹ്യമാധ്യമങ്ങൾ വളരെവേഗം  ജനകീയമായതോടെ കവികളുടെയും   കവിതകളുടെയും ഒരു മലവെള്ളപ്പാച്ചിൽതന്നെ സൃഷ്ടിക്കപ്പെട്ടു.  വിവിധ തലമുറകളിൽപ്പെട്ട കവികൾ തങ്ങളുടെ വ്യത്യസ്തയുള്ള  അനുഭവങ്ങളും കാഴ്ചപ്പാടുകളും കവിതയിൽ പ്രകടിപ്പിക്കുന്നു എന്നത് വളരെ സ്വാഗതാർഹമാണ്. സ്വയം പ്രകാശനത്തിന് അതിവിശാലമായ വേദികൾ കൈവന്നതോടെ എഴുത്തിലെ തുടക്കക്കാർക്കും  യുവകവികൾക്കും അവരുടെ രചനകൾ പ്രസാധകരുടെ കാരുണ്യത്തിനു കാത്തുനിൽക്കാതെ  വായനക്കാരിലേക്കെത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. എന്നാൽ ഇതിനൊരു മറുവശംകൂടിയുണ്ട്.  കവിതയെക്കുറിച്ചും കാവ്യനിർമ്മാണത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ചും  നമുക്കുണ്ടായിരുന്ന മുൻവിധികളെയൊക്കെ കാറ്റിൽപ്പറത്തി,  ആര്, എന്തെഴുതിയാലും അത് കവിതയാണെന്നു പറയേണ്ടിവരുന്ന ഒരു  ദാരുണാവസ്ഥയാണ് ഇന്നത്തെ കാവ്യലോകത്തിന്. നിഷ്കളങ്കവും ലളിതവുമായ ആഖ്യാനരീതിയാണെങ്കിലും ഇത്തരം കവിതകൾ സാഹിത്യശാഖയ്ക്കു മുതൽക്കൂട്ടുന്നു എന്ന് പറയാനാവുന്നില്ല. വരുംകാലങ്ങളിൽ ഇതിന്റെ പ്രത്യാഘാതം എങ്ങനെ കവിതയെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുതന്നെ. 


ഭാഷയുടെ കൃത്യതയ്ക്കോ വ്യാകരണനിയമങ്ങൾക്കോ പദശുദ്ധിക്കോ ഒന്നും ഇന്നത്തെ ഭൂരിഭാഗം കവിതകളിലും  ഒരു പ്രാധാന്യവുമുള്ളതായി തോന്നാറില്ല. ഭാഷ കൃത്യമായുപയോഗിക്കാൻ  നിഷ്ഠവയ്ക്കാതിരിക്കുന്നത് ഭാഷയുടെ നിലനില്പിനെത്തന്നെ ബാധിക്കും. ഒരു ജനതയുടെ സംസ്കാരത്തിന്റെ അടിസ്ഥാനംതന്നെ ഭാഷയാണ്.  ഭാഷയില്ലാതെ സംസ്കാരത്തിന് നിലനിൽപ്പില്ല. അതുകൊണ്ടുതന്നെ ഈ മാറ്റം ഒട്ടും സ്വീകാര്യമായി തോന്നുന്നില്ല. ഇക്കാര്യത്തിൽ ഓരോ ഭാഷാസ്നേഹിയും വളരെ ജാഗ്രത്താകേണ്ടതായിരിക്കുന്നു. എന്നാൽ അടുത്തകാലത്ത് ശ്രദ്ധപിടിച്ചുപറ്റിയ, മലയാളലിപി ഉപയോഗിച്ചെഴുതപ്പെട്ട    ഗോത്രഭാഷാകവിതകളും മലയാളഭാഷയുടെ  പ്രാദേശികഭേദങ്ങളിൽ രചിക്കപ്പെട്ട കവിതകളും നാളെ വിസ്മൃതിയിലാണ്ടുപോകേണ്ടിയിരുന്ന ഭാഷാശാഖകളുടെ സ്വത്വവൈവിധ്യത്തെ തിരിച്ചറിയുന്നതിനു സഹായിക്കുകയും ഒരു പുനർജ്ജനിക്കു വഴിയൊരുക്കുകയും ചെയ്യുന്നു എന്നത് ആശാവഹമാണ്,  അഭിനന്ദനാർഹമാണ്. 


അടുത്തകാലത്തായി മറ്റൊരു  അപകടകരമായ അവസ്ഥ മറ്റുപല രംഗങ്ങളിലുമെന്നപോലെ മലയാളകവിതയിലും പ്രകടമാകുന്നതുകാണാം -  അതാണ് നിർമ്മിതബുദ്ധിയുടെ കടന്നുകയറ്റം. ചാറ്റ് ജി പിറ്റിയും ജമിനിയുമൊക്കെ,  ഏതുതരം കവിത ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം നല്കുമെന്നത്‌ മലയാളകവിതാലോകത്ത് ഒരുപാടു നവാഗതരെ ആനയിക്കാൻ കാരണമാകുന്നു.  യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ ഇങ്ങനെ ലഭിക്കുന്ന കവിതകൾ തങ്ങളുടെപേരിൽ വായനക്കാർക്ക് സമർപ്പിക്കാൻ കവികൾ  മത്സരിക്കുകയാണ്. പലരും കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തുകഴിഞ്ഞു. യഥാർത്ഥകവികൾ ആരൊക്കെയെന്ന് തിരിച്ചറിയാൻ ഇനി നമുക്ക് കഴിഞ്ഞെന്നു വരില്ല. സാഹിത്യലോകം ഇന്ന് നേരിടുന്ന   ഈ ദുരവസ്ഥയ്ക്ക് പരിഹാരമൊന്നുമില്ലയെന്നതും ഈ അപകടത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. 


ഇങ്ങനെയൊക്കെയാണെങ്കിലും മലയാളകവിത ഇന്നും  സജീവവും സൃഷ്ടിപരവുമായ ഒരു സാഹിത്യരൂപമായി നിലകൊള്ളുന്നു എന്നതിന് തെളിവായി ധാരാളം മികച്ച കവിതകളും നമുക്കു കാണാനാകും. ജീവിതത്തിന്റെ, തികച്ചും അപ്രധാനമെന്നു തോന്നുന്ന,   ചെറിയ അനുഭവങ്ങളിൽനിന്ന് ഗഹനമായ ചിന്താധാരകളിലേക്കും കാലികമായ   വലിയ സാമൂഹികവിമർശനങ്ങളിലേക്കും എത്തിച്ചേരാൻ മലയാളകവിതക്ക് ഇന്നും കഴിവുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴത്തിലുള്ള വികാരങ്ങളെ  ആവിഷ്കരിക്കാൻ  കവിതയോളം മറ്റൊരു മാധ്യമത്തിനും കഴിയുന്നില്ലെന്നുതും  സമ്മതിച്ചേ മതിയാവൂ. മലയാളസാഹിത്യത്തിൽ കവിതയുടെ സ്ഥാനം ഇന്നും  വളരെ പ്രഭാവമുള്ളതാണെന്നു സമർത്ഥിക്കാൻ സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളുടെ കവിതാമത്സരം ഒന്നവലോകനം ചെയ്‌താൽ മാത്രം  മതിയാകും. കാര്യങ്ങൾ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും  ഇന്നും  മലയാളകവിത മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളെയും സമൂഹത്തിലെ മാറ്റങ്ങളെയും കൂടുതൽ ആഴത്തിൽ അവതരിപ്പിക്കുന്ന ഒരു ശക്തമായ സാഹിത്യരൂപമായി നിലനിൽക്കുന്നു എന്നത് തികച്ചും ആശാവഹംതന്നെ. കൂടുതൽ നല്ലതിനായി നമുക്ക് പ്രതീക്ഷിക്കാം.




ശിവജി മഹാരാജ് - 5

 5. ശിവജി വീണ്ടും പൂനെയിൽ 

======================= 


ശഹാജിരാജെ ഒരു സംസ്കൃതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയിൽ ധാരാളം ഭാഷാപണ്ഡിതന്മാരും കലാ, ശാസ്ത്ര, ശസ്ത്ര വിഷയങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ചവരുമുണ്ടായിരുന്നു. അതിനാൽത്തന്നെ ശിവാജിയുടെ വിദ്യാഭ്യാസത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഓരോ വിഷയങ്ങളിലും ഏറ്റവും  പ്രാഗത്ഭ്യമുള്ളവരായിരുന്നു ശിവജിയുടെ ഗുരുനാഥന്മാർ. സമർത്ഥനായ ആ ബാലൻ വളരെ വേഗം എഴുതാനും വായിക്കാനും പഠിച്ചു. രാമായണം, മഹാഭാരതം, ഭാഗവതം മുതലായ മഹദ്ഗ്രന്ഥങ്ങളൊക്കെ അവൻ വായിച്ചു. കലകളും  കുതിരസവാരിയും യുദ്ധതന്ത്രങ്ങളും വാൾപ്പയറ്റും മല്ലയുദ്ധവുമൊക്കെ അഭ്യസിപ്പിക്കാൻ പ്രത്യേകം പ്രത്യേകം ഗുരുനാഥന്മാരുണ്ടായിരുന്നു. പന്ത്രണ്ടുവയസ്സായപ്പോഴേക്കും ശിവജി വിജ്ഞാനത്തിന്റെ വിവിധശാഖകളിൽ പാണ്ഡിത്യം ആർജ്ജിച്ചിരുന്നു. 




നിനച്ചിരിക്കാതെയാണ് വീണ്ടും രണഭൂമിയിലേക്ക് ശഹാജിരാജെ പോകേണ്ടിവന്നത്. കർണ്ണാടകത്തിലെ ചില നാട്ടുപ്രഭുക്കന്മാരെ ആക്രമിച്ചു  കീഴ്പെടുത്തുക എന്നതായിരുന്നു പുതിയ ദൗത്യം. അതിനായി പുറപ്പെടുംമുമ്പേ തന്റെ പത്നിയെയും പുത്രനെയും സുരക്ഷിതരാക്കാനായി അവരെ അദ്ദേഹം പുനെയിലേക്കയച്ചു. ആന- കുതിര- കാലാൾപ്പടയും ധ്വജഹസ്തരായ സൈനികരും വിശ്വസ്തരായ  മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും വിദഗ്ദ്ധരായ അദ്ധ്യാപകരും   അവരെ  ആ യാത്രയിൽ അനുഗമിച്ചു. 


പൂനെയിലെത്തിയ ശിവജിക്ക് തന്റെ ബാല്യകാലസുഹൃത്തുക്കളെയും   അവരൊന്നിച്ചു ചെലവഴിച്ച നാളുകളെയും   ഓർമ്മവന്നു. അവർ ഓടിനടന്നുകളിച്ചിരുന്ന   സഹ്യാദ്രിക്കുന്നുകൾ വീണ്ടും കണ്ടപ്പോൾ ശിവജിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. എന്നാൽ പൂനെ പട്ടണത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളിൽ വീടുകളും ക്ഷേത്രങ്ങളും വസ്തുവകകളും കൃഷിയിടങ്ങളും  തകർക്കപ്പെട്ട നിലയിലായിരുന്നു. ശത്രുക്കളെ ഭയന്ന് ജനങ്ങൾ നാടുതന്നെ ഉപേക്ഷിച്ചുപോയിരുന്നു. നാടാകെ കാടായിമാറിയ അവസ്ഥ. ചെന്നായ്ക്കളും കുറുക്കന്മാരും അലഞ്ഞുതിരിയുന്ന കാടുകൾ! 


ജീജാബായി പൂനെയിൽ  മടങ്ങിയെത്തിയ വാർത്തയറിഞ്ഞപ്പോൾ നാടുപേക്ഷിച്ചുപോയവരൊക്കെ മടങ്ങിവരാൻ തയ്യാറായി. വാസസ്ഥലങ്ങളും ക്ഷേത്രങ്ങളും പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രങ്ങളിൽ പൂജകളും ആരാധനകളും പുനഃസ്ഥാപിതമായി.  കാടു നീക്കംചെയ്തു കൃഷിയിടങ്ങൾ വീണ്ടെടുത്തു . എല്ലാം നഷ്ടപ്പെട്ടെന്നു കരുതി നിരാശയുടെ കൂരിരുട്ടിൽ അകപ്പെട്ടുപോയ ആ പാവം  മനുഷ്യർക്കുമേൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ അനുഗ്രഹം ചൊരിഞ്ഞു. ആളും ബഹളവുമായി പൂനെ പട്ടണം വീണ്ടും സജീവമായി. 


ശിവജി മഹാരാജ് - 4

  4.ശഹാജി ബാംഗ്ലൂരിൽ 

=====================


ശഹാജി, നിസാമിന്റെ പാളയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അവിടെ അദ്ദേഹത്തിനു പലവിധത്തിലുള്ള ഉപജാപങ്ങളെയും നേരിടേണ്ടിവന്നു. നിസാംഷായുടെ  മന്ത്രിമാരും ഉപദേശകരും  സൈനീകോദ്യോഗസ്ഥന്മാരും ശഹാജിക്കെതിരെ പല ഗൂഢനീക്കണങ്ങളും നടത്തി. അവരുടെ ഏഷണികൾ  നിസാംഷാ മുഖവിലയ്‌ക്കെടുക്കുകയുംചെയ്തിരുന്നു. അത്തരം ചില നുണപ്രചരണങ്ങൾ ശഹാജിക്കും നിസാമിനുമിടയിൽ അസ്വാരസ്യങ്ങൾക്കിടയാക്കി. ശഹാജിയുടെ ഭാര്യാപിതാവായ   ലഖുജിറാവു യാദവിന്റെ പരസ്യവധത്തിലാണ് അതവസാനിച്ചത്. അതിൽ നന്നേ  ക്രുദ്ധനായ ശഹാജി നിസാംഷായുമായുള്ള ബന്ധം അവസാനിപ്പിച്ചു മുഗൾസൈന്യത്തിൽ ചേർന്നു. ഷാജഹാൻ ചക്രവർത്തി അദ്ദേഹത്തെ തന്റെ സൈന്യാധിപനായി ഉപരോധിക്കുകയും ചെയ്തു. 

ഇതിനിടയിൽ ചക്രവർത്തിയുമായി രഹസ്യധാരണയുണ്ടാക്കിയ ഫത്തേഖാൻ നിസാംഷായെ വധിച്ചു. നാഥനില്ലാതായ  രാജ്യത്ത് അരാജകത്വം നടമാടി. നിസാമിന്റെ ഭരണത്തിൻകീഴിലായിരുന്ന  ഭൂപ്രദേശത്തെ മുഗൾചക്രവർത്തിയുടെ  അധീനതയിൽകൊണ്ടുവരാനുള്ള ഗൂഢപ്രവൃത്തിയുടെ ഫലമായിരുന്നു  അത്. അതിനുള്ള പാരിതോഷികമായി ഷാജഹാൻ ചക്രവർത്തി ഫത്തേഖാന് ഒരു ഭൂപ്രദേശം ജാഗീർ ആയി നൽകി. പക്ഷേ ആ പ്രദേശം നിലവിൽ  ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന ജാഗീർ ആയിരുന്നു. അദ്ദേഹത്തിനു തന്റെ കോപം നിയന്ത്രിക്കാനായില്ല. പിന്നെ ഒരുനിമിഷംപോലും പാഴാക്കാതെ അദ്ദേഹം ചക്രവർത്തിയുമായുള്ള എല്ലാ ചാർച്ചകളും അവസാനിപ്പിക്കുകയും പ്രതികാരംചെയ്യാൻ  തീരുമാനിക്കുകയും ചെയ്തു. 


നിസാംഷായുടെ വധത്തോടെ രാജ്യത്തുടലെടുത്ത അരക്ഷിതാവസ്ഥയെ ഇല്ലാതാക്കുവാൻ ശഹാജി ശ്രമം തുടങ്ങി. ആദ്യം നിസാമിന്റെ കുടുംബത്തിൽനിന്നുതന്നെ അദ്ദേഹത്തിന്റെ ഒരു പിൻഗാമിയെ കണ്ടെത്തി. ചെറിയൊരു ബാലകനായിരുന്നിട്ടുകൂടി അവനെ ജൂന്നാറിനടുത്തുള്ള പെംഗിരി കോട്ടയിൽവെച്ചു പുതിയ നിസാംഷായായി പ്രഖ്യാപിച്ച് അഭിഷിക്തനാക്കി. അങ്ങനെ പുതിയൊരു നിസാംഷാഹി (പ്രവിശ്യ) രൂപംകൊണ്ടു. ഗോദാവരി നദിക്കും നീരാനദിക്കും ഇടയിലുള്ള വിശാലമായ ഭൂപ്രദേശമായിരുന്നു പുതിയ രാജ്യം. 

പുതിയ രാജ്യത്തെ ഷാജഹാനിൽനിന്നു  സംരക്ഷിക്കാൻ ശഹാജി കഠിനപ്രയത്നം ചെയ്യേണ്ടിവന്നു. ആദ്യമൊക്കെ ആദിൽഷാ ശഹാജിക്കൊപ്പം നിന്നിരുന്നെങ്കിലും അധികം താമസിയാതെ ചക്രവർത്തി അദ്ദേഹത്തെ നേരിട്ടെത്തി  ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടി. ഈ രണ്ടു മഹാശക്തികളോട് പൊരുതാൻ ഗറില്ലായുദ്ധതന്ത്രമാണ്  ശഹാജി പ്രയോഗിച്ചത്. ഒളിച്ചിരുന്നു ശത്രുക്കളെ നേരിടുന്ന രീതിയാണിത്.   താരതമ്യേന ചെറുതും ദുർബ്ബലവുമായ ശക്തികൾക്ക് വൻശക്തികളെ നേരിടേണ്ടിവരുമ്പോൾ ഈ തന്ത്രം വളരെ പ്രയോജനപ്പെടും. 

കഴിയുന്നത്ര കാലം  ശത്രുക്കളോടു സധൈര്യം പോരാടിയെങ്കിലും    വൻശക്തികൾക്കെതിരെ തനിച്ചുള്ള തന്റെ പോരാട്ടം അധികനാൾ നീട്ടിക്കൊണ്ടുപോകാൻ ശഹാജിക്ക്‌ കഴിയുമായിരുന്നില്ല. അദ്ദേഹം ചക്രവർത്തിയുമായി ഒരു  സമാധാനകരാർ ഒപ്പുവയ്ച്ചു. 1636 -ൽ ഒപ്പുവെച്ച ഉടമ്പടിയിൽ  പുതിയ രാജ്യരൂപീകരണംതന്നെ ഉപേക്ഷിച്ച്, ശഹാജിയുടെ അധീനതയിലുള്ള പ്രദേശങ്ങളും കോട്ടകളും ചക്രവർത്തിക്കു കൈമാറി. അദ്ദേഹം തന്റെ  താമസം ബാംഗ്ലൂരിലേക്ക് മാറ്റി ആദിൽഷായെ സഹായിക്കാനും  തീരുമാനമെടുത്തു. ശഹാജിക്ക് സ്വന്തം രാജ്യം സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും മറാഠാജനതയുടെ ഹൃദയത്തിൽ  അദ്ദേഹത്തിന്‌ ഒരുന്നതസ്ഥാനം ലഭിക്കുകയുണ്ടായി 

ശഹാജിയുടെ ജാഗിർ ഉൾപ്പെടെയുള്ള നിസാംഷാഹിപ്രദേശം, ചക്രവർത്തിയും ആദിൽഷായും പങ്കിട്ടെടുത്തു. ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന പൂനെയും സുപെയും ആദിൽഷായുടെ കൈവശം വന്നുചേർന്നെങ്കിലും അദ്ദേഹം അത് ശഹാജിക്കു വിട്ടുകൊടുത്തു. അതോടെ അവർ വീണ്ടും സൗഹൃദത്തിലായി. ശഹാജി ആദിൽഷായുടെ സൈന്യത്തിൽ ചേരുകയും ചെയ്തു. ഷായാകട്ടെ, കർണ്ണാടകയുടെ വിദൂരപ്രദേശങ്ങൾ പിടിച്ചടക്കാനുള്ള ദൗത്യം ശഹാജിയെ ഏൽപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിനു വീണ്ടും  കുടുംബത്തെ പിരിയേണ്ടതായിവന്നു. പക്ഷേ ഏറെ താമസിയാതെ ജീജാബായിയും ശിവജിയും ശഹാജിയുടെ ഒപ്പം ചേരാൻ കർണ്ണാടകത്തിലേക്കു യാത്രയായി. 

ശിവജിക്കിപ്പോൾ ആറുവയസ്സാണ് പ്രായം. ഇതുവരെയുള്ള അവന്റെ ജീവിതം സംഭ്രമജനകമായിരുന്നു. എന്നാൽ  യുദ്ധകാഹളങ്ങളും  കോട്ടകളിൽനിന്നു കോട്ടകളിലേക്കുള്ള പലായനങ്ങളും അവനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. സ്വപിതാവിനെക്കുറിച്ചുള്ള  ധാരാളം  വീരസാഹസികകഥകൾ  അവനു കേൾക്കാൻ കഴിഞ്ഞിരുന്നു.

കർണ്ണാടകയിലെ ജീവിതം ജീജാബായിക്കും പുത്രനും സമാധാനപൂർണ്ണമായിരുന്നു. എന്നാൽ ശഹാജിരാജെയുടെ പോരാട്ടവീര്യത്തിനു വിശ്രമം ലഭിച്ചതേയില്ല. ആദിൽഷായ്ക്കുവേണ്ടി  കർണ്ണാടകത്തിലെ പല  നാട്ടുരാജാക്കന്മാരെയും   അദ്ദേഹം ആക്രമിച്ചു കീഴടക്കി. നന്ദിസൂചകമായി ആദിൽഷാ ശഹാജിരാജെയ്ക്ക് ബാംഗ്ലൂർ ജാഗീർ ആയി നൽകി. അവിടെ എല്ലാവിധ  രാജപ്രൗഢിയോടെ ശഹാജി കുടുംബത്തോടൊപ്പം  ജീവിതം മുന്നോട്ടുകൊണ്ടുപോയി.  അക്കാലത്ത് ബഹുഭാര്യാത്വം സാധാരണമായിരുന്നു. ശഹാജിയും വേറെ വിവാഹബന്ധത്തിൽ ഏർപ്പെടുകയും സന്താനങ്ങൾ ജനിക്കുകയും ചെയ്തിരുന്നു. 


ശിവജി മഹാരാജ് - 3

 3. ശിവജിയുടെ ജനനം 

=================

സ്ഥിതിഗതികൾ എല്ലാവിധത്തിലും  പ്രതികൂലമായിരിക്കുന്ന കാലത്താണ് ശഹാജിയുടെ പത്നി ജീജാബായി ഗർഭവതിയാകുന്നത്. അദ്ദേഹത്തിന്  തന്റെ പത്നിയുടെയും ഗർഭസ്ഥശിശുവിന്റെയും സംരക്ഷണം   ഒരു ചോദ്യചിഹ്നമായി. ഒടുവിൽ ശക്തമായ  ശിവനേരി കോട്ടയിൽ അവരെ എത്തിച്ച്, ബന്ധുവായ വിജയരാജിനെ അവരുടെ സംരക്ഷണം ചുമതലപ്പെടുത്തി ശഹാജി വീണ്ടും യുദ്ധഭൂമിയിലേക്കു യാത്രയായി.  പൂനെയ്ക്കടുത്തുള്ള ജുന്നർ എന്ന സ്ഥലത്ത് വലിയ പാറക്കൂട്ടങ്ങൾക്കു നടുവിൽ നിർമ്മിച്ചിരിക്കുന്ന അതിശക്തമായൊരു കോട്ടയായിരുന്നു ശിവനേരി. അവിടുത്തെ നിസ്തുലമായ കവാടങ്ങൾ ശത്രുക്കൾക്കു തകർക്കുവാനായിരുന്നില്ല.


ജീജാബായി കാത്തിരുന്ന സുദിനം വന്നണഞ്ഞു. ശകവർഷം  1551 ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ മൂന്നാംനാൾ അതായത്, ക്രിസ്തുവർഷം 

1630 ഫെബ്രുവരി മാസം  19 - ജീജാബായി ഒരാൺകുഞ്ഞിനു ജന്മമേകി. മതപരമായ ഒരു പുണ്യദിനമായതിനാൽ തെരുവുകളിലൊക്കെ വാദ്യഘോഷങ്ങളും ആഹ്ലാദത്തിമിർപ്പുകളുമായിരുന്നു. ഈ സന്തോഷവാർത്ത കേട്ടതോടെ ആഘോഷങ്ങൾ ഉച്ചസ്ഥായിയിലായി. പന്ത്രണ്ടാംദിനം അനുചിതമായ ചടങ്ങുകളോടെ നാമകരണവും നടന്നു. ജനനം ശിവനേരിയിൽവെച്ചായതുകൊണ്ട് 'ശിവജി' എന്ന പേരാണ് ശിശുവിനു നൽകിയത്. 


കുഞ്ഞുശിവജി അമ്മയുടെ സംരക്ഷണയിൽ അല്ലലറിയാതെ  കഴിഞ്ഞപ്പോഴും  ചുറ്റുപാടുകൾ സംഘർഷഭരിതമായിരുന്നു. ശത്രുക്കളെ തുരത്താൻ ശഹാജി രാപകലില്ലാതെ യുദ്ധഭൂമിയിൽ  പോരാടുമ്പോൾ ജീജാബായി പ്രാർത്ഥനയുമായി കോട്ടയ്ക്കുള്ളിൽ കഴിഞ്ഞു. കടുത്ത മനസികസംഘർഷങ്ങൾക്കിടയിലും തന്റെ ഓമനക്കുഞ്ഞിന്റെ വളർച്ചയിൽ ആ 'അമ്മ പൂർണ്ണശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ അഭാവത്തിൽ ആ സ്നേഹവും ലാളനയുംകൂടി മകന്  നൽകാൻ ആ 'അമ്മ ശ്രമിച്ചിരുന്നു. വളർച്ചയുടെ വിവിധ  ഘട്ടങ്ങളിൽ വേണ്ട അറിവുകൾ പകർന്നുനൽകാനും ജ്ഞാനിയായ ആ സ്ത്രീരത്നം ജാഗ്രത കാട്ടി. ഈശ്വരസ്തുതികളും പ്രാർത്ഥനാഗീതങ്ങളും  പുരാണകഥകളും അവർ മകന്  പഠിപ്പിച്ചുകൊടുത്തു. ആറുവയസ്സായപ്പോഴേക്കും രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളൊക്കെ ശിവജിക്ക്‌ പരിചിതരായിക്കഴിഞ്ഞിരുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും ഭീമനും അഭിമന്യുവുമൊക്കെ കുഞ്ഞുശിവയെ വളരെ സ്വാധീനിച്ചു. വലുതാകുമ്പോൾ താനും അവരെയൊക്കെപ്പോലെ ശക്തനാകുമെന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു. 


ശിവജിക്ക്‌ കുട്ടിക്കാലത്തു ധാരാളം കൂട്ടുകാരുണ്ടായിരുന്നു. ചുറ്റുപാടുകളിൽ താമസിച്ചിരുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളായിരുന്നു അവരിലേറെയും. പക്ഷേ അവരോടൊക്കെ യാതൊരു വേർതിരിവുമില്ലാതെ പെരുമാറാൻ അമ്മ ശിവജിയെ പരിശീലിപ്പിച്ചിരുന്നു. കളികൾക്കിടയിൽ  കൂട്ടുകാരുടെ കുടിലുകളിൽ പോവുകയും അവർ കഴിക്കുന്നതുപോലെ  ലളിതമായ ഭക്ഷണം  കഴിക്കുകയും ചെയ്യുന്നതിന് ആ ബാലനു മടിയുണ്ടായിരുന്നില്ല.  ഒളിച്ചുകളിയും പന്തുകളിലും പമ്പരംകറക്കലുമൊക്കെ കളിച്ചുമടുക്കുമ്പോൾ അവർ മണ്ണുകുഴച്ച് ആനയുടെയും  കുതിരകളുടെയും രൂപങ്ങൾ   ഉണ്ടാക്കി. കുയിലെപ്പോലെ പാടാനും മൈനയെപ്പോലെയും  തത്തയെപ്പോലെയും  ശബ്ദമുണ്ടാക്കാനും അവർ മത്സരിച്ചു. എല്ലാക്കളികളിലും ശിവജി മുന്നിട്ടു നിൽക്കുമായിരുന്നു. ചങ്ങാതിമാർക്കെല്ലാം അവൻ വളരെ  പ്രിയപ്പെട്ടവനായിമാറി.


ശിവജി മഹാരാജ് -2

 2. മറാഠാ പ്രഭുക്കന്മാരും ക്രമസമാധാനഭഞ്ജനവും 

=====================================

മദ്ധ്യേന്ത്യയിൽ അധിപത്യമുറപ്പിച്ചിരുന്ന പ്രമുഖസുൽത്താന്മാരായ  ബിജാപൂരിലെ ആദിൽഷായും അഹമ്മദ്‌നഗറിലെ നിസാംഷായും ആജന്മശത്രുക്കളും നിരന്തരം പോരടിക്കുന്നവരുമായിരുന്നു എന്നു പറഞ്ഞുവല്ലോ. ഇവരുടെ യുദ്ധങ്ങളിൽ  മറാഠയിലെ സേനാധിപന്മാരെയും പ്രഭുക്കന്മാരെയും  തങ്ങളുടെയൊപ്പം ചേർത്ത് സേനാബലം വർദ്ധിപ്പിക്കുന്നതു പതിവായിരുന്നു. 

മറാഠാസൈന്യാധിപൻമാരും അവരുടെ  സൈനികരും അസാമാന്യധീരന്മാരും  യുദ്ധമുറകളിൽ വളരെയധികം പ്രാവീണ്യം നേടിയവരുമായിരുന്നു. തങ്ങളുടെ യജമാനനോട് ഏറ്റവും വിശ്വസ്തത പുലർത്തുകയും അവർക്കുവേണ്ടി ജീവൻ ത്യജിക്കാനും സന്നദ്ധരുമായിരുന്നു.  യുദ്ധങ്ങളിൽ  തങ്ങൾ നേടുന്ന വിജയങ്ങൾ അവരെ ഊറ്റം കൊള്ളിക്കുകയും അത്  കൂടുതൽ കരുത്തുമായി വീണ്ടും പോർക്കളങ്ങളിൽ അടരാടാൻ പ്രചോദനമാവുകയും ചെയ്തിരുന്നു.

പ്രഭുക്കളോ സൈന്യാധിപന്മാരോ സുൽത്താന്മാർക്കു തങ്ങളുടെ സൈന്യത്തെ വിട്ടുകൊടുക്കുമ്പോൾ പകരമായി അവർക്ക് ജാഗീർ(ഭൂമി) ലഭിച്ചിരുന്നു. സിന്ധ്ഘേഡ്,  ഫൽട്ടൻ,  മുധോൾ, ജാവളി, വെരൂൾ എന്നീ പ്രദേശങ്ങളൊക്കെ ഇത്തരം ജാഗീറുകളായിരുന്നു.    ഇങ്ങനെ ഭൂമി ലഭിക്കുന്നവർ ആ ജാഗീറിന്റെ  ഭരണകർത്താവായി  സ്വയം  അവരോധിക്കപ്പെട്ടു. സിന്ധ്ഘേഡിലെ    യാദവരും ഫൽട്ടനിലെ നിംബാൽക്കർമാരും മുധോളിലെ ഘോർപഡെമാരും ജാവളിയിലെ മോറെമാരും വേരുളിലെ ഭോൺസലെമാരും  ഇക്കൂട്ടരിലെ  പ്രമുഖന്മാരാണ്.  ഇത്തരം സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്മാർ ജനക്ഷേമത്തിനു വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ലയെങ്കിലും അവരുടെ യുദ്ധവീര്യം ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. പലപ്പോഴും അവർ പരസ്പരം  ശത്രുത വെച്ചുപുലർത്തുകയും മേൽക്കോയ്മക്കായി മത്സരിക്കുകയും ചെയ്തുപോന്നു. അതിനാൽത്തന്നെ അവരുടെ ധീരതയും യുദ്ധനൈപുണ്യവുമൊക്കെ സുൽത്താന്മാർക്ക് അനായാസം ചൂഷണംചെയ്യാൻ സാധിച്ചു.

വെരൂൾ എന്ന ദേശത്തിന്റെ ഭരണാധികാരിയായിരുന്ന ബാബാജി  രാജെ ഭോൺസലെയുടെ പുത്രന്മാരായിരുന്നു മാലോജിയും വിഠോജിയും. മുഗർചക്രവർത്തി അഹമ്മദ്‌നഗറിനെ ആക്രമിച്ചപ്പോൾ സുൽത്താൻ നിസാംഷാ ഇവരുടെ സഹായം തേടി. പ്രത്യുപകരമായി മാലോജിക്ക് പൂനെയും സുപെയുമടങ്ങുന്ന പ്രദേശം ജാഗീർ ആയി നൽകി ആദരിച്ചു.  ഫൽട്ടനിലെ നിംബാൽക്കർകുടുംബത്തിലെ ഉമാബായിയെ മാലോജി വിവാഹം ചെയ്യുകയും അവർക്ക് രണ്ടു പുത്രന്മാർ ജനിക്കുകയും ചെയ്തു - ശഹാജിയും ശരിഫ്ജിയും. ശഹാജിക്ക് അഞ്ചുവയസ്സുള്ളപ്പോൾ മിഡ്നാപൂരിൽ നടന്ന ഒരു യുദ്ധത്തിൽ മാലോജി വധിക്കപ്പെട്ടു. മാലോജിയുടെ ഇളയ സഹോദരൻ വിഠോജി കുടുംബത്തിന്റെയും ജാഗറിന്റെയും സംരക്ഷണം ഏറ്റെടുക്കുകയും കുട്ടികൾക്ക് നല്ല ശ്രദ്ധകൊടുത്തു വളർത്തുകയും ചെയ്തു. ശഹാജിക്ക് വിവാഹപ്രായമെത്തിയപ്പോൾ സിന്ധ്ഘേഡിലെ  ലഖുജി യാദവിന്റെ പുത്രിയായ ജീജാബായിയുമായുള്ള  വിവാഹം അത്യാഡംബരപൂർവ്വം നടത്തി. 

ജീജാബായിയുടെ ആഗമനത്തോടെ  ഭോൺസലെകുടുംബത്തിന് കൂടുതൽ ഐശ്വര്യങ്ങൾ വന്നുചേർന്നു. മാലോജിരാജേയുടെ അധികാരപരിധിയിലുള്ള ജാഗീർ, നിസാംഷാ, ശഹാജിക്ക്‌ കൈമാറി. ശഹാജിയുടെ ധീരതയും നിശ്ചയദാർഢ്യവും  കാര്യക്ഷമതയുമൊക്കെ നിസാംഷായിൽ നല്ല മതിപ്പുളവാക്കി. അക്കാലത്താണ് മുഗൾചക്രവർത്തി നിസാമിനെ  ആക്രമിക്കാനെത്തുന്നത്. അതിനായി ചക്രവർത്തി ബിജാപുരിലെ   ആദിൽഷായുമായി  സന്ധി ചെയ്യുകയും ചെയ്തു.  പക്ഷേ ശഹാജിയുടെയും  നിസാംഷായുടെ  പ്രധാനമന്ത്രിയായിരുന്ന മാലിക് അംബറിന്റെയും നേതൃത്വത്തിലുള്ള സൈന്യം ചക്രവർത്തിയുടെയും ആദിൽഷായുടെയും  സൈന്യത്തെ തുരത്തുകതന്നെ ചെയ്തു. പക്ഷേ ശഹാജിയുടെ സഹോദരൻ ശറഫ്ജി യുദ്ധത്തിൽ കൊല്ലപ്പെട്ടു. 

ശഹാജിയുടെ ധീരതയും യുദ്ധവീര്യവും മുക്തകണ്ഠപ്രശംസയ്ക്കു പാത്രമായി.നിസാംഷാ അദ്ദേഹത്തിന്  രാജസഭയിൽ ഉന്നതമായ സ്ഥാനം നൽകുകയും ചെയ്തു. പക്ഷേ ഇത് മാലിക് അംബറിനെ അസൂയാലുവാക്കുകയും അത് ശഹാജിയോടുള്ള ശത്രുതയായി മാറുകയുമാണുണ്ടായത്. ഈ  വിദ്വേഷം പാരമ്യത്തിലെത്തിയപ്പോൾ ശഹാജി, നിസാംഷായുമായുള്ള സഹവർത്തകത്വം ഉപേക്ഷിക്കുകയും ആദിൽഷായുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. ആദിൽഷാ അദ്ദേഹത്തെ ബിജാപുരിലെ സൈന്യാധിപനായി അവരോധിക്കുകയുമുണ്ടായി.

അഹമ്മദ്‌നഗർ അക്കാലത്ത് പല സംഭവവികാസങ്ങൾക്കും സാക്ഷ്യം വഹിച്ചു. മാലിക് അംബർ കഥാവശേഷനാവുകയും അദ്ദേഹത്തിന്റെ തന്ത്രശാലിയായ പുത്രൻ ഫത്തേഖാൻ ആ സ്ഥാനത്തെത്തുകയും ചെയ്തു. പിന്നീടുള്ള കാലഘട്ടം  നിസാംഷാഹിയുടെ അധഃപതനത്തിന്റേതായിരുന്നു. ഈ അവസ്ഥ മുതലെടുത്ത് മുഗളന്മാർ വീണ്ടും യുദ്ധത്തിനു കോപ്പുകൂട്ടി. നിസാംഷായുടെ മാതാവ് ശഹാജിയെ സമീപിച്ച് ,  മടങ്ങിവരണമെന്നും  തന്റെ മകനെ സഹായിച്ചു  രാജ്യത്തെ ശത്രുവിൽനിന്നു രക്ഷിക്കണമെന്നും അപേക്ഷിച്ചു.  അങ്ങനെ ശഹാജി വീണ്ടും നിസാംപക്ഷത്തെത്തിയെങ്കിലും  മുഗൾചക്രവർത്തി  ഷാജഹാന്റെയും ബീജാപ്പൂർ സുൽത്താൻ ആദിൽഷായുടെയും ആക്രമണങ്ങൾ തുടർന്നുകൊണ്ടിരുന്നു. ശഹാജിയുടെ കീഴിലുണ്ടായിരുന്ന  ജാഗിറിന്റെ പ്രധാനപട്ടണമായ പൂനെ ചുട്ടെരിച്ചുകൊണ്ട് ആദിൽഷാ പടയോട്ടം തുടർന്നു. ഈ രണ്ടുശക്തികളെയും നേരിടുകയെന്നത് ദുരിതപൂർണ്ണമായൊരു ദൗത്യമായിരുന്നു.  ശഹാജി അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിലായി. 


ശിവജി മഹാരാജ് - 1

 

ശിവജി മഹാരാജ് - 1

മദ്ധ്യകാലഘട്ടത്തിലെ മറാഠാദേശം 

================================

ഭാരതചരിത്രത്തിൽ, ക്രിസ്തുവിനുശേഷം ആറുമുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലം മദ്ധ്യകാലഘട്ടമെന്നാണ് അറിയപ്പെടുന്നത്. സാമ്രാട്ടുകളുടെയും സുൽത്താന്മാരുടെയും   നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടേയുമൊക്കെ  സ്വേച്ഛാധിപത്യം കൊടുമ്പിരികൊണ്ടിരുന്ന മദ്ധ്യകാലഘട്ടത്തിന്റെ അവസാനഭാഗത്താണ് ശിവജിമഹാരാജ്‌, ഇന്ന് മഹാരാഷ്ട്രയെന്നറിയപ്പെടുന്ന മറാഠാമണ്ണിൽ ഉദയംചെയ്തത്. അക്കാലത്തെ ഭൂരിഭാഗം  നാടുവാഴികളും രാജാക്കന്മാരും പ്രജകളുടെ  ക്ഷേമത്തെക്കാൾ  താന്താങ്ങളുടെ ഭൗതികസുഖങ്ങൾക്കും ഉല്ലാസജീവിതത്തിനുമാണ് പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ  മുഗൾ ചക്രവർത്തിയായിരുന്ന അക്ബറും വിജയനഗരസാമ്രാജ്യത്തിലെ കൃഷ്ണദേവരായാരുമൊക്കെ അതിനപവാദങ്ങളാണ്. അവരുടെ ശ്രേണിൽപ്പെടുന്ന മഹാനായ ഭരണാധികാരിയായിരുന്നു ഛത്രപതി  ശിവജി.  മഹാരാഷ്ട്രയിൽ സ്വരാജ് ( സ്വയംഭരണം) യാഥാർത്ഥ്യമാക്കിയ ക്രാന്തദർശിയാണദ്ദേഹം.  അതെന്താണെന്നു നമുക്കൊന്ന് നോക്കാം.

നാലുനൂറ്റാണ്ടുകൾക്കുമുമ്പ് മഹാരാഷ്ട്രയുടെ നല്ലൊരുഭാഗം  അഹമ്മദ്‌നഗറിലെ നിസാംഷായുടെയും ബീജാപൂരിലെ ആദിൽഷായുടേയുമൊക്കെ അധികാരപരിധിയിലായിരുന്നു.  പരസ്പരം ബദ്ധശത്രുക്കളായിരുന്ന ഈ സുൽത്താന്മാർ തികച്ചും യാഥാസ്ഥിതികരുമായിരുന്നു. സ്വേച്ഛാധിപകളായ   ഇവർ   മറാഠാദേശത്തെ പങ്കിട്ടെടുക്കുകയും തങ്ങളുടെ പ്രദേശങ്ങളിലെ  ജനങ്ങളെ അടിച്ചമർത്തി ഭരിക്കുകയുമായിരുന്നു. 

സുൽത്താന്മാർ നിരന്തരം യുദ്ധങ്ങളിലേർപ്പെട്ടിരുന്നതുകൊണ്ടു ജനജീവിതം  ദുരിതത്തിലായി. വേണ്ടത്ര ഭക്ഷണമോ മറ്റു  ജീവിതസൗകര്യങ്ങളോ ഇല്ലായിരുന്നെന്നു മാത്രമല്ല, ഈശ്വരാരാധനയ്ക്കും ഉത്സവാഘോഷങ്ങൾക്കുംപോലുമുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടായിരുന്നില്ല.  സ്വഗൃഹങ്ങളിൽപ്പോലും സുരക്ഷിതരായിരുന്നുമില്ല. എവിടെയും  അസമത്വങ്ങളും  അന്യായങ്ങളും     അനീതികളും നടമാടി. 

അക്കാലങ്ങളിൽ സുൽത്താന്മാർ,  സൈനികസേവനത്തിനോ ഭരണപരമായ സേവനങ്ങൾക്കോ പ്രതിഫലമായി  ഒരു പ്രഭുവിനോ ഉദ്യോഗസ്ഥനോ  ഒരു നിശ്ചിതഭൂപ്രദേശത്തെ നികുതി പിരിക്കാനുള്ള  അധികാരം നൽകുന്ന  പതിവുണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഭൂമിയെ ജാഗിർ (നാട്ടുരാജ്യം) എന്നും അത് ലഭിച്ചവരെ ജാഗീർദാർ (സാമന്തർ)  എന്നും വിളിച്ചിരുന്നു. ഇവർ സാധാരണയായി പ്രധാന രാജാവിന് കപ്പം (നികുതി) നൽകുന്നവരായിരിക്കും.  മഹാരാഷ്ട്രയിൽ ദേശ്മുഖ്, ദേശ്പാണ്ഡെ എന്നീവിഭാഗങ്ങളിൽപ്പെട്ട ധാരാളം സാമന്തർ  ഉണ്ടായിരുന്നു. അവർ സ്വന്തമായിക്കിട്ടിയ ജാഗീറിനെ മാത്രമാണ് സ്നേഹിച്ചത്. നാട്ടുകാരെയോ സ്വന്തം രാജ്യത്തെയോ പോലും അവർ തെല്ലും വിലമതിച്ചിരുന്നില്ല. മാത്രമല്ല, അവർ പരസ്പരം നിരന്തരമായി പോരടിക്കുകയും ചെയ്തിരുന്നു. അവരുടെ  ദുർഭരണത്തിലും  ചൂഷണങ്ങളിലും ജനങ്ങൾ വലഞ്ഞുപോയിരുന്നു. 

തന്റെ നാടു നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ ശിവജിയെ  ചിന്താഗ്രസ്തനാക്കി. നാടിനെ ഇത്തരമൊരു ദുരന്തത്തിൽനിന്നു മോചിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമമാരംഭിച്ചു. ആദ്യംതന്നെ പോർവിളിയും കലഹവുമായിക്കഴിഞ്ഞിരുന്ന  ജാഗിർദാർമാരെ സംഘടിപ്പിച്ചു.  അവരുടെ സഹായത്തോടെ അദ്ദേഹം,   ജനങ്ങളെ അടിച്ചമർത്തിയിരുന്ന ശക്തികൾക്കെതിരെ  പൊരുതി വിജയംവരിച്ചു. സ്വന്തം മണ്ണിൽ, ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങൾക്കും നീതിയും ന്യായവും സമത്വവും ഉറപ്പാക്കുന്ന 'ഹിന്ദവി സ്വരാജ്' എന്ന സ്വയംഭരണസംവിധാനം അദ്ദേഹം നടപ്പിൽ വരുത്തി. അതിലൂടെ ഒരു പുതുയുഗപ്പിറവിയുടെ കാഹളമുയരുകയായിരുന്നു. 

മാനവചരിത്രത്തിന്റെ ഏതു കാലഘട്ടം പരിശോധിച്ചാലും എപ്പോഴൊക്കെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതിയാലോ അസമത്വങ്ങളാലോ  സാമൂഹികജീവിതം ദുരിതപൂർണ്ണമാകുന്നുവോ അപ്പോഴൊക്കെ ആത്മീയാചാര്യന്മാർ ജനങ്ങളെ ശാന്തിയിലേക്കു കൊണ്ടുവരാൻ ഉദയം ചെയ്യാറുണ്ട്. സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാട്ടുകയും അവയെ ദുരീകരിച്ചു സദ്പ്രവൃത്തികളിലേക്കു ജനങ്ങളെ നയിക്കുകയും ചെയ്തിരുന്ന ധാരാളം ദിവ്യപുരുഷന്മാർ മദ്ധ്യകാലഘട്ടത്തിൽ മഹാരാഷ്ട്രയിലും ജീവിച്ചിരുന്നു. 'സന്ത്‌' എന്നായിരുന്നു അവർ പൊതുവിൽ അറിയപ്പെട്ടിരുന്നത്. സന്ത്‌  ചക്രധാർ സ്വാമി, സന്ത്  ജ്ഞാനേശ്വർ, സന്ത്  ഏകനാഥ്, സന്ത്  തുക്കാറാം, സമർത്ഥ രാംദേവ് എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. ഈ ആത്മീയാചാര്യന്മാരുടെയൊക്കെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ഭക്തിമാർഗ്ഗത്തിലേക്കു നയിക്കാനും തങ്ങളുടെ കഴിവുകളെക്കുറിച്ച്  ഉദ്ബുദ്ധരാക്കുവാനും തങ്ങൾക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും വളരെയധികം സഹായിച്ചു. 'ഹിന്ദവി സ്വരാജ്' പ്രാവർത്തികമാക്കാൻ ഈ ഉദ്ബോധനങ്ങൾ  ശിവജി മഹാരാജിനെയും  നല്ലവണ്ണം സഹായിച്ചിരുന്നു. 

ശിവജി മഹാരാജ് - ആമുഖം

 

ശിവജി മഹാരാജ് - ആമുഖം 

========================


പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,


മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനും അധിപനുമായിരുന്ന ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? 

അദ്ദേഹം ഒരു സാധാരണ ഭരണാധികാരിയായിരുന്നില്ല.

ഭാരതത്തിന്റെ ചരിത്രത്തിൽ ആത്മവീര്യത്തിന്റെ  ജ്വാലയായി തെളിഞ്ഞുനിന്ന മഹാനായ  രാജാവായിരുന്നു  ശിവജി മഹാരാജ്. 

സ്വപ്നം കാണാൻ ധൈര്യം കണ്ടെത്തിയ ഒരു ബാലനിൽനിന്ന് ഒരു സാമ്രാജ്യം സൃഷ്ടിച്ച മഹാനായ ചക്രവർത്തിയിലേക്കുള്ള ദൂരമാണ് ശിവാജിയുടെ ജീവിതം.


ചെറിയ പ്രായത്തിൽത്തന്നെ മാതൃഭൂമിയെ ഹൃദയത്തിലേറ്റി  സ്നേഹിക്കാൻ പഠിച്ച ബാലൻ, അനീതിക്കെതിരെ പോരാട്ടവീര്യവുമായി മുന്നേറി, തങ്ങൾക്കു നഷ്ടമായതൊക്കെ പിടിച്ചെടുത്തു സ്വന്തം ജനതയ്ക്കു കരുത്തും അസ്തിത്വവും പകർന്നുനൽകിയ യുവാവ്, ജനങ്ങളുടെ മനസ്സിൽ വിശ്വാസവും ആത്മവിശ്വാസവും വിതച്ച  നേതാവ്, ധൈര്യം എന്നത് പേടിയില്ലായ്മയല്ല, പേടിയുണ്ടായിട്ടും ശരിയായ കാര്യം ചെയ്യാനുള്ള ശക്തിയാണ് എന്നുപഠിപ്പിച്ച മനുഷ്യസ്നേഹി- 

ഇതൊക്കെയായിരുന്നു മഹാനായ ശിവജി. 


നമുക്കദ്ദേഹത്തിന്റെ ജീവിതപാതകളിലൂടെ ഒരു അക്ഷരയാത്ര പോയാലോ? ഒരു കുഞ്ഞ് എങ്ങനെ ഒരു മഹാനായ രാജാവായി വളർന്നു, ഒരു സ്വപ്നം എങ്ങനെ ഒരു രാജ്യത്തിന്റെ ആത്മവിശ്വാസമായി മാറി എന്നതാണ് ഈ യാത്രയിലൂടെ  നമ്മളറിയാൻ പോകുന്നത്. 


ഈ യാത്ര കഴിയുമ്പോൾ നിങ്ങളുടെ മനസ്സിലും ഒരു ചോദ്യം ഉയരണം 

"എനിക്ക് എന്തു നല്ലകാര്യം ചെയ്യാൻ കഴിയും?" എന്ന്. 

കാരണം നിങ്ങളോരുരുത്തരുടേയും  ഹൃദയത്തിൽ ഒരു കുഞ്ഞു  ശിവജി ഉറങ്ങിക്കിടക്കുന്നു.    ആ ധൈര്യത്തെയും സത്യസന്ധതയെയും ആത്മവിശ്വാസത്തെയും ഉണർത്തുകയെന്നതാണ് ഈ യാത്രയുടെ ലക്ഷ്യവും. 

എന്നോടൊപ്പം നിങ്ങളും വരികയല്ലേ?