സ്കൂള്‍ജീവിതത്തിലെ മറക്കാനാവാത്ത സംഭവം (താളിയോല - മത്സരം )
==============================================
വിദ്യാലയ ജീവിതത്തിലെ അനുഭവങ്ങള്‍ എന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുമെങ്കിലും ചില അനുഭവങ്ങള്‍ സവിശേഷമായ മിഴിവോടെ ഓര്‍മ്മയില്‍ തെളിഞ്ഞുവരും. പ്രത്യേക സ്വാധീനങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടാക്കിയില്ലെങ്കില്‍ പോലും അതു ഓര്‍മ്മത്താളുകളില്‍ പതിഞ്ഞു കിടക്കും. അത്തരം രണ്ടു സംഭവങ്ങള്‍ ആണു ഞാനിവിടെ പകര്‍ത്തുന്നത്.
കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം എന്ന ഗ്രാമത്തിലെ വൊക്കേഷണല്‍ ബയാസ് അപ്പര്‍ പ്രൈമറി സ്കൂളിലാണ് (VBUP School) ഞാന്‍ നാല്, അഞ്ച്, ആറ് ക്ലാസ്സുകളില്‍ പഠിച്ചിരുന്നത്. നിഷ്കളങ്കതയുടെ നിറകുടങ്ങങ്ങളായ കുട്ടികളും അവരുടെ പ്രിയപ്പെട്ട അധ്യാപകരും .ഗ്രാമീണ നൈര്‍മ്മല്യത്തിന്റെ പര്യായമായ പാഠശാല. നീളത്തിലുള്ള ഏതാനും കെട്ടിടങ്ങളും അതിനപ്പുറത്തെ നാട്ടുവഴിയും അതുനുമപ്പുറത്തുള്ള വലിയ മൈതാനവും. പഠനത്തില്‍ മാത്രമല്ല, കലാകായികരംഗങ്ങളിലും കുട്ടികളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു ഇവിടുത്തെ ഗുരുജനങ്ങള്‍. അവരുടെ പാദങ്ങളില്‍ ഈ ഏളിയ വിദ്യാര്‍ത്ഥിനിയുടെ പ്രണാമങ്ങള്‍
അഞ്ചാം ക്ലാസ്സിലാണ് ഞങ്ങള്‍ ഹിന്ദി പഠിക്കാന്‍ തുടങ്ങിയത്. പുതിയ ഭാഷയായതുകൊണ്ട് പൊതുവേ അതെല്ലാവര്‍ക്കും ഇത്തിരി വിഷമുള്ള കാര്യമായിരുന്നു.വെളുത്ത സുന്ദരിയായ മേരിക്കുട്ടിസാറാണ് ഞങ്ങളെ ഹിന്ദി പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ വാക്കുകളും ചില ചോദ്യോത്തരങ്ങളും ഒക്കെ പറയാനാണു പഠിപ്പിച്ചത്. അതുകൊണ്ട് ഓണപ്പരീക്ഷ ഹിന്ദിയില്‍ വാചാപരിക്ഷയായാണു നടത്തിയത്. എല്ലാവരും നല്ല മാര്‍ക്കും നേടി. പിന്നീടാണ് എഴുത്തു തുടങ്ങിയത്. അതുകൊണ്ട് ക്രിസ്തുമസ് പരീക്ഷയാകട്ടെ എഴുത്തു പരീക്ഷയായിരുന്നു. അവധികഴിഞ്ഞെത്തുമ്പോള്‍ ടീച്ചര്‍ നോക്കി മൂല്യനിര്‍ണ്ണയം നടത്തിയ ഉത്തരക്കടലാസുമായി വന്നിട്ടുണ്ട്. ക്ലാസ്സില്‍ കയറിയ ഉടനെ
"മിനി തങ്കച്ചി സ്റ്റാന്‍ഡ് അപ്"
എന്നു പറഞ്ഞു. (എന്റെ സ്കൂളിലെ പേര് മിനി തങ്കച്ചി എസ് എന്നാണ്. മോഹനന്‍ ഭര്‍ത്താവിന്റെ പേരാണ്.) നല്ലകുട്ടി എന്ന പേരു സമ്പാദിച്ചിരുന്നതുകൊണ്ട് ചോക്ക്, പകര്‍ത്തുബുക്ക്, രചനബുക്ക് ഇത്യാദികളൊക്കെ സ്റ്റാഫ് റൂമില്‍ നിന്നെടുക്കാന്‍ എന്നെ പറഞ്ഞു വിടാറുണ്ടായിരുന്നു. (എനിക്കു വലിയ അഭിമാനമുള്ള കാര്യമായിരുന്നത്). ഞാന്‍ വേഗം എഴുന്നേറ്റു നിന്നു. അപ്പോള്‍ വീണ്ടും ചോദ്യം
"ഒരു മിനി തങ്കച്ചി കൂടി ഉണ്ടല്ലോ, വേഗം എഴുന്നേറ്റു നില്‍ക്കൂ."
ഞാനും മറ്റുള്ളവരും അന്തം വിട്ടുപോയി. ക്ളാസ്സില്‍ പോയിട്ട് ആ നാട്ടില്‍ പോലും വേറൊരു മിനി തങ്കച്ചി ഉള്ളതായി അറിയില്ല. ടീച്ചര്‍ ആകെ ഒന്നു കണ്ണോടിച്ചിട്ടു കയ്യിലിരുന്ന ഉത്തരക്കടലാസുകെട്ടഴിച്ചു.
" ഹരിക്കുട്ടന്‍ കെ ആര്‍ സ്റ്റാന്‍ഡ് അപ്".
മടിച്ചു മടിച്ച് ഹരിക്കുട്ടന്‍ എന്ന കുട്ടി എഴുന്നേറ്റു നിന്നു. ടീച്ചര്‍ ഹരിക്കുട്ടന്റെ ഉത്തരപ്പേപ്പര്‍ എന്റെ കയ്യില്‍ തന്നിട്ട് ആദ്യത്തെ ചോദ്യവും ഉത്തരവും ഉറക്കെ വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചു- ഇങ്ങനെ.
"तुम्हारा नाम क्या है ?"
" मेरा नाम मिनी तंकच्ची है " ( എന്റെ ഉത്തരം നോക്കി സ്വന്തം പേപ്പറില്‍ കോപ്പി അടിച്ചതാണ് ആ മഹാന്‍)
പിന്നത്തെ കാര്യം പറയണ്ടല്ലോ..ഒരുകുറ്റവും ചെയ്യാതെ ഞാന്‍ കൂട്ടുകാര്‍ക്കിടയില്‍ പരിഹാസപാത്രമായി. എല്ലാവരും എന്നെ ഹരിക്കുട്ടാ എന്നു വിളിച്ചു. ചെറിയകാര്യം പോലും വല്ലതെ വിഷമിപ്പിച്ചിരുന്ന എനിക്ക് പഠിത്തം നിര്‍ത്തിയാല്‍ മതിയെന്നു പോലും തോന്നിപ്പോയി. ഞാന്‍ കരഞ്ഞതിനു കണക്കില്ലായിരുന്നു.
***************************************************************************
അന്നൊക്കെ ഞങ്ങളുടെ ഏറ്റവും ഇഷ്ടദിവസം വെള്ളിയാഴ്ചയായിരുന്നു. കാരണം വെള്ളിയാഴ്ച അവസാനത്തെ പീരിയഡ് സാഹിത്യസമാജം ഉണ്ട്. ഞങ്ങള്‍ക്കു പാട്ടുപാടാം, നൃത്തം ചെയ്യാം, പ്രസംഗിക്കാം, കഥപറയാം......
സാഹിത്യ സമാജത്തിന്റെ സുഗമമായ നടത്തിപ്പിനായി വേണ്ടതൊക്കെ ചെയ്യാന്‍ ഒരു സെക്രട്ടറിയേ തിരഞ്ഞെടുത്തിട്ടുണ്ടാകും. കാര്യപരിപാടികള്‍ എഴുതി തയ്യാറാക്കുക, പരിപാടി നടത്താന്‍ ക്ലാസ്സ് മുറി അലങ്കരിക്കുക, ചെറിയ പണപ്പിരിവു നടത്തി ചന്ദനത്തിരി, കളഭം ഒക്കെ വാങ്ങി വെയ്ക്കുക അദ്ധ്യക്ഷസ്ഥനത്തേയ്ക്കും അതിഥികളായും അദ്ധ്യാപകരെ ക്ഷണിക്കുക ഒക്കെ സെക്രട്ടറിയുടെ അധികാരപരിധിയില്‍ പെട്ട കാര്യങ്ങളാണ്.
ഞങ്ങളുടെ ക്ലാസ്സിലെ ഇത്തരം യോഗങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്തതായിരുന്നു രാജപ്പനാശാരിയുടെ പാട്ട്. പഠിക്കാന്‍ ഒട്ടും സമര്‍ത്ഥനായിരുന്നില്ല ഈ കുട്ടി. അല്പം മഞ്ഞനിറമുള്ള പല്ലുകാട്ടിയുള്ള മായാത്ത ചിരിയോടെ ഈ സഹപാഠി എന്നും ക്ലാസ്സില്‍ ഉണ്ടാകും. 'എന്നടി റാക്കമ്മ', 'മണിയാഞ്ചെട്ടിക്കു മണിമിഠായി', 'തള്ളു തള്ളു തല്ലിപ്പൊളിവണ്ടി', 'മറുന്തോ നല്ല മറുന്ത്', തുടങ്ങിയ തമാശപ്പാട്ടുകളും ചില ഭക്തിഗാനങ്ങളുമൊക്കെയാണു രാജപ്പനാശാരി പാടിയിരുന്നത്. പക്ഷെ ഞങ്ങളെല്ലാവരും അതു നന്നായി ആസ്വദിച്ചിരുന്നു. തലകൊണ്ടു താളമിട്ട്, നീണ്ടുമെലിഞ്ഞ കൈകള്‍ ഇടയ്ക്കിടയ്ക്കു വായുവില്‍ വീശി രാജപ്പനാശാരി പാടുന്നതു കാണാനും നല്ല ചന്തമാണ്. ഒരിക്കലൂം വെള്ളിയാഴ്ചകളില്‍ ഈ കുട്ടി ആബ്സന്റ് ആകുമായിരുന്നുല്ല. കാരണം അതു അവന്റെ ദിവസമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്- ഒരു ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരുന്നു, ഒരു വെള്ളിയാഴ്ച രാജപ്പനാശാരിയുടെ പാട്ടില്ലാതെ ഞങ്ങളുടെ സാഹിത്യസമാജയോഗം കടന്നുപോയി. എല്ലാവര്‍ക്കും അക്കാര്യത്തില്‍ നിരാശയും ഉണ്ടായിരുന്നു. തിങ്കളാഴ്ച സ്കൂളിലെത്തി അസ്സംബ്ലിയില്‍ വെച്ചാണറിയുന്നത് അന്നവധിയാണെന്നത്. കാരണം കേട്ട് സ്തംഭിച്ചു പോയി. രാജപ്പനാശാരിയുടെ പാട്ട് എന്നെന്നേയ്ക്കുമായി നിലച്ചത്രേ...വല്ലാത്തൊരു ഞെട്ടലായിരുന്നു. കുട്ടികളും മരിക്കുമെന്ന അറിവിന്റെ ഭാരം മനസ്സിനു താങ്ങുവാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.