പണ്ട് ......പണ്ടേയ്ക്ക പണ്ട് ......
ഭൂമിയിലെ മനുഷ്യര്‍ക്ക് ഭാഷ ഇല്ലാതിരുന്ന കാലം ...
അവര്‍ സ്നേഹം മാത്രം പങ്കുവെച്ചിരുന്ന കാലം....
അന്ന് പൂക്കള്‍ക്ക് നിറവും മണവും കിട്ടിയിരുന്നത് മനുഷ്യരില്‍ പ്രണയം
ഉണ്ടാകുമ്പോഴായിരുന്നു.
വിടരുന്ന പൂക്കളൊക്കെ മനുഷ്യരിലെ പ്രണയമറിഞ്ഞു നിറവും മണവും ചാര്‍ത്തി ഭൂമിയെ ഹര്ഷപുളകിതയാക്കി......
ഭൂമിയിലെ വര്‍ണ്ണശബളവും സുഗന്ധപൂരിതവുമായ പൂക്കളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങി........
പക്ഷെ അകലങ്ങളില്‍നിന്നു പ്രണയം പകരാനാവാതെ അവര്‍ വിഷണ്ണരായി....
അവരുടെ പ്രണയസന്ദേശങ്ങള്‍ കൈമാറാന്‍ ഒരു വെള്ളിനൂല്‍ സൃഷ്ടികര്‍ത്താവ് അവര്‍ക്കുവേണ്ടിയുണ്ടാക്കി .......
മഴത്തുള്ളികള്‍ തീര്‍ക്കുന്ന വെള്ളിനൂലുകള്‍ .......
അവയിലൂടെ നക്ഷത്രങ്ങളും പൂക്കളും ഹൃദയരഹസ്യങ്ങള്‍ കൈമാറി...
ഭൂമിയില്‍ ആനന്ദം കളിയാടി ..
പക്ഷെ മഹാസമുദ്രമാകട്ടെ തന്റെ പ്രിയകാമുകനായ ആകാശത്തെ നോക്കി
നെടുവീര്‍പ്പുകള്‍ ഇട്ടുകൊണ്ടെയിരുന്നു .....
ഒരിക്കലും ഒന്നുചേരാനാവാത്ത കമിതാക്കളുടെ നൊമ്പരപ്പെടുത്തുന്ന നെടുവീര്‍പ്പുകള്‍ ........
ആ നെടുവീര്‍പ്പുകള്‍ മേഘങ്ങളായി പരിണമിച്ചു ....
അവ ഉയര്‍ന്നു ആകാശത്തിന്റെ മാറില്‍ അഭയം പ്രാപിച്ചു ....
ആകാശത്തിന്റെ പ്രണയസന്ദേശങ്ങളുമായി അവയും താഴേയ്ക്കു മഴയായി പതിച്ചു...
ആഹ്ലാദത്തിന്റെ പ്രകാശം പരന്ന നാളുകള്‍ ......
പിന്നെപ്പിന്നെ .......
മനുഷ്യന്‍ ഭാഷയുപയോഗിച്ചു ...
അവനില്‍ സ്നേഹത്തെക്കാള്‍ മറ്റുവികാരങ്ങള്‍ വന്നുനിറഞ്ഞു .....
എവിടെയും കൃത്രിമത്വം വന്നുകൂടി .
തനതായ നിറവും മണവും പൂക്കള്‍ക്ക് നഷ്ടമായി
അവയുടെ കടുത്തനിറങ്ങളും രൂക്ഷഗന്ധവും നക്ഷത്രങ്ങളെ അവയില്‍ നിന്നകറ്റി .....
അവയ്ക്ക് സന്ദേശവാഹകരെ ആവശ്യമില്ലാതായി ......
ആകാശത്തില്‍നിന്നുള്ള വെള്ളിനൂലുകള്‍ ഭൂമിയിലേക്ക് വരാതായി ...
ഭൂമി ഊഷരമായിക്കൊണ്ടേയിരുന്നു ........
മനുഷ്യന്‍ ആകട്ടെ ഇതൊന്നുമറിയാതെ പുതുമയുടെ പിന്നാലെ ഓടിക്കൊണ്ടേയിരുന്നു ........
ഒരിക്കലും നിലയ്ക്കാത്ത പ്രയാണം....
പ്രണയം നഷ്ടപ്പെട്ട പ്രയാണം ..............
No comments:
Post a Comment