Thursday, March 28, 2013

യാത്ര

വിസ്മരിക്കുക കടന്നുപോയൊരാ വഴികളെ 
ഇനിയും നാമാവഴി നടന്നീടില്ലാ മേലിൽ 

അല്ലെങ്കിലിനിയാ ദുഃഖസ്മരണകൾ നാളേക്കുള്ള 
സുന്ദരസ്വപ്നങ്ങളെ നിർദ്ദയം മൃതമാക്കും 

ഇന്നലെ കൈത്താങ്ങായി വന്നവർ മറഞ്ഞീടാം 
ഇന്നത്തെ പ്രഭാതത്തിലെത്തീടാം നവാഗതർ 

അന്യമാകുന്നു നമുക്കറിയും നിമിഷങ്ങൾ  
സമയത്തേരിൽ യാത്ര മുന്നേറ്റം തുടരുന്നു 

ഋതുക്കൾ വിചിത്രമാം വർണ്ണഭേദങ്ങൾ ചാർത്തി 
ചിത്രങ്ങൾ രചിക്കുന്നു ചുറ്റിലും ചന്തത്തോടെ

വിസ്തൃതം നീലാകാശ മുറ്റത്തു നിർത്താതോടും 
വികൃതിക്കുഞ്ഞുങ്ങൾപോൽ സൂര്യചന്ദ്രന്മാരേവം

പിന്നാലെ പായാനാർക്കും കഴിയില്ലവർതന്റെ 
വേഗതയ്ക്കൊപ്പം -വിണ്ണിൽ നോക്കിനിൽക്കുവാൻ മാത്രം .

കൊഴിയുന്നുണ്ടീ വർഷവൃക്ഷത്തിന്നിലകളായ് 
ദിനരാത്രങ്ങൾ നോക്കി നിൽക്കവേ ഒന്നൊന്നായി 

എത്ര വേഗമീ യാത്ര എത്ര വൈവിധ്യം പാത 
എന്നുമീ മിഴികൾക്ക് വിരുന്നായെത്തും മുന്നില് .

4 comments:

  1. വർണ്ണഭേദങ്ങളോടെ നിറം ചാർത്തിനില്ക്കുന്ന
    പ്രകൃതി പോലെ മനോഹരമായ വരികൾ
    ആശംസകൾ
    കാലമാം വന്മരത്തിന്നിലകൾ കൊഴിയട്ടെ
    ലോലമാം നവനീത മൊട്ടുകൾ വിരിയട്ടെ!

    ReplyDelete
  2. അങ്ങയുടെ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി .അങ്ങ് പറഞ്ഞതുപോലെ നന്മകൾ വിരിയാൻ നമുക്ക് പ്രതീക്ഷിക്കാം

    ReplyDelete
  3. ആരും സഞ്ചരിക്കാത്ത പാതകൾ ഉണ്ടെങ്കിൽ പറയണേ..എനിക്ക് പോവാനാ...നല്ല എഴുത്ത് മിനീ...

    ReplyDelete