Thursday, March 7, 2013

ഞാനറിഞ്ഞില്ല ........നിന്നെ ...

നിന്നെ ഞാനറിയുന്നു 
പുലരിയിൽ പുല്‍കിയുണർത്തുവാനെത്തുന്ന 
ബാലാർക്കരശ്മിതൻ ചുംബനമായ്   

നിന്നെ ഞാനറിയുന്നു 
കതിരോന്റെ തീക്ഷ്ണമാം 
പകൽ വെളിച്ചത്തിലും തണല്‍ തണുപ്പായ്

നിന്നെ ഞാനറിയുന്നു 
മധ്യാഹ്നനിദ്രതന്നാലസ്യമാർന്നൊരു 
സുന്ദര സ്വപ്നപ്രതിഛായയായ് 

നിന്നെ ഞാനറിയുന്നു 
സന്ധ്യാനുരാഗത്തിൻ ശോണിമയാർന്നൊരു 
സ്വച്ഛമാമാകാശസൗന്ദര്യമായ്  

നിന്നെ ഞാനറിയുന്നു 
അന്ധകാരത്തിന്റെയാലിംഗനംകൊള്ളും 
രാവിന്റെ ശ്വാസനിശ്വാസത്തിൻ താളമായ് 

നിന്നെ ഞാനറിയുന്നു 
വര്‍ഷമായ് ഗ്രീഷ്മമായ് 
ശാരദസന്ധ്യതന്‍ സിന്ദൂരകാന്തിയായ് 

നിന്നെ ഞാനറിയുന്നു 
വസന്തമായ്‌ ശിശിരമായ് 
ഹേമന്തചന്ദ്രികപൂക്കും നിശീഥമായ് 

ഞാനറിഞ്ഞില്ല നിൻ 
ഹൃദയത്തിൻ താളം പകർന്നോരാപ്പാട്ടിന്റെ 
ഈണം മുഴങ്ങും വഴിത്താരകൾ 

ഞാനറിഞ്ഞില്ല നിൻ 
ആത്മാവിലെരിയുന്ന 
സ്നേഹദീപത്തിന്റെ പൊൻവെളിച്ചം 

ഒടുവിൽ  ഞാനറിയുന്നു .... 
ഞാനറിഞ്ഞില്ല ....... നിന്നെ....... 
ഞാനറിഞ്ഞില്ല ....... നിന്നെ....... 

3 comments:

  1. "കത്തി" ജ്ജ്വലിക്കും കതിരോന്റെ "തീക്ഷ്ണമാം"
    പകൽ വെളിച്ചത്തിൻ "കൊടും" താപമായ് ????

    തീഷ്ണതെയെ കുറിക്കാൻ ഇത്രമാത്രം ഒരേ പദങ്ങൾ ഇത്രമാത്രം ആവർത്തിക്കെണ്ടതുണ്ടോ ?? (ആവര്ത്തനം എപ്പോഴും വിരസമാണ് !!!)

    ReplyDelete
    Replies
    1. വളരെ നന്ദി ഈ നല്ല വായനക്കുറിപ്പിന്.. തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്..

      Delete
  2. ഒരുപാടു സന്തോഷം ദേവേട്ടാ..

    ReplyDelete