Wednesday, April 17, 2013

സ്വപ്നം

സ്വപ്നം 
=========
നിദ്രതന്നഗാധമാം ശൂന്യതയ്ക്കുള്ളിൽനിന്നു 
നിത്യവും നീ വന്നീടും നിർമ്മലേ ,നിരാമയേ 
അറിവീലെനിക്കുനിന്നലിവിന്നുറവിടം 
അറിവീലകംപൂകു,മാർദ്രമാമാത്മാംശങ്ങൾ.
കൊണ്ടുവന്നീടും നീയൊരത്ഭുത പ്രപഞ്ചത്തെ,
കണ്ടുതീർക്കുവാനായി നിദ്രതൻ ചട്ടയ്ക്കുള്ളിൽ. 
കാണാത്തോരൂരും കണ്ടുപോയീടാവഴികളും 
കണ്ടിട്ടില്ലാത്തോരായിട്ടായിരം സഖാക്കളും
ഉറക്കം വന്നെത്തിയാലൊന്നൊന്നായെത്തീടുമീ  
ഉണർവ്വിൻ വെളിച്ചത്തിലാടിയും പാടിക്കൊണ്ടും
ഉരിയാടിയും പിന്നെയൂർജ്ജമായ് നിറഞ്ഞുമെ- 
ന്നുയിരിന്നുയിരാകുമായിരം സ്വപ്നങ്ങളായ് 
ഇഹലോകം വിട്ടെങ്ങോ പോയ്‌മറഞ്ഞോരാ പ്രിയ- 
ദേഹങ്ങളൊക്കേയുമെൻ സ്വപ്നത്തിൽ വന്നീടുന്നു 
അവരെക്കാണാനായ് ഞാൻ മനസ്സാ പ്രാർത്ഥിച്ചുകൊ -
ണ്ടവർക്കായർപ്പിക്കുന്നു സ്വപ്നത്തിൻ പുഷ്പാഞ്ജലി.
ചിലപ്പോളഗാധമാമാരണ്യാന്ധകാരത്തിൻ 
വലയിൽപ്പെടുത്തിയിട്ടങ്ങനെ ചിരിക്കും നീ 
ചിലപ്പോളെത്തീടും ഞാൻ വർണ്ണാഭമാകുന്നോരാ 
ബാലചാപല്യങ്ങൾതൻ മുഗ്ദ്ധമാം കളിക്കൂട്ടിൽ
ചിലപ്പോളെത്തീടുമെൻ മിഥ്യമോഹങ്ങൾ പൂത്തു
കൊഴിഞ്ഞ കലാലയക്കോലായിലേകാന്തമായ്. 
ചിലപ്പോളാകട്ടെയെൻ നിർവൃതിക്കിടം നല്കും 
മാതൃത്വകാലത്തിന്റെയാദ്യനാളുകൾ മുന്നിൽ.
നിന്റെ കേളികളെത്ര പ്രിയമാണെനിക്കെന്നും 
നിന്റെ സമ്മാനങ്ങളെൻ നെഞ്ചോടുചേർക്കുന്നു ഞാൻ
നീവരുംസഖീ നേർത്തതെന്നലായ് സുഗന്ധമായ്‌
നീരജം വിടർന്നീടും സരസ്സിൻ സൗന്ദര്യമായ്.

കാണുവാൻമോഹിക്കുന്ന കാഴ്ചകൾ തന്നും പിന്നെ 
കാത്തിരിക്കുന്നോരെത്ര നന്മകൾ കാട്ടിത്തന്നും. 
നീയില്ലയെങ്കിൽപ്പിന്നെ നിദ്രകൾ നിശ്ശൂന്യങ്ങൾ 
നീയില്ലയെങ്കിൽ നീണ്ട രാത്രികൾ വിരസങ്ങൾ.

പ്രാപിക്കാൻ കഴിഞ്ഞീടാ മോഹങ്ങളൊക്കെയുമെൻ 
പ്രാപ്തമാം സ്വപ്നങ്ങളായ്ക്കൊണ്ടുവന്നീടേണം നീ 
കാത്തിരിക്കുന്നു സഖീ, നിന്നെ ഞാൻ നിദ്രക്കണ്ണി-
ലൊത്തിരി സ്നേഹം ചാർത്തി നിർനിമേഷമായെന്നും....   
  
      

3 comments:

  1. "നീവരുംസഖീ നേർത്തതെന്നലായ് സുഗന്ധമായ്‌
    നീരജംവിടർന്നീടും സരസ്സിൻസൗന്ദര്യമായ്"

    സുഗന്ധവാഹിയായ ഇളം തെന്നൽപോലെ, മൃദുലം.
    നീരജംവിടരുന്ന പൊയ്കപോലെ സുന്ദരം .വൃത്തനിബദ്ധമായ,ചമത്കാരഭരിതമായ
    താള,ലയ,സൌകുമാര്യമുള്ള, ഒരു സ്വപ്നംപോലെ മനോഹരമായ കവിത, അഭിനന്ദനങ്ങൾ
    ആശംസകൾ! ,

    ReplyDelete
  2. ഈ പ്രോത്സാഹനങ്ങൾക്ക് ഞാൻ എന്നും നന്ദിപൂർവ്വം കടപ്പെട്ടിരിക്കുന്നു സർ

    ReplyDelete
  3. സത്യം സ്വപനങ്ങളില്ലെങ്കിൽ പിന്നെ നിദ്രകൾ നിശ്വൂന്യം തന്നെ.... നിദ്രകൾ സ്വപ്ന സുരഭിലങ്ങലാവട്ടെ,,, ഭാഷയിലുള്ള അറിവ് കവിതകളെ മനോഹരങ്ങളാക്കും .... മനോഹരമായ കവിത

    ReplyDelete