വൃന്ദാവനത്തിലെ അഭിനവരാധമാർക്ക് .....
.
കണ്ടു ഞാൻ രാധയെ കാളിന്ദിതീരത്ത്
വൃന്ദാവനത്തിലെ കണ്ണുനീർത്തുള്ളിയെ.
ശൂന്യമാമിഴികളിലലയടിക്കുന്നില്ല,
അന്യമായ്ത്തീർന്നോരു പ്രണയപർവ്വം.
സ്വപ്നങ്ങളില്ലിവിടെ, സ്വാർത്ഥമോഹങ്ങളാൽ
സ്വർഗ്ഗം ചമയ്ക്കുവാനില്ല തൃഷ്ണ.
പാർത്തിരിക്കുന്നിതോ, പശിയൊന്നടക്കുവാൻ
നേർത്തോരു വാഞ്ഛയതൊന്നുമാത്രം.
പരിത്യക്തയാണവൾ, സ്വസ്സുധാമത്തിൽനി -
ന്നതിക്രൂരമാം വിധം ദുഷ്ടബന്ധുക്കളാൽ.
അനപത്യദുഃഖം, പതിതൻ വിയോഗം ,
വിനയായ് സപത്നിതൻ സ്വാർത്ഥമോഹം.
ഇല്ലയിന്നാമനസ്സിലോർമ്മകൾപോലുമാ -
യിന്നലെകൾ തീർത്തോരു സ്നേഹസൗധം
ഉണ്ടായിരിക്കാമവൾക്കുമാനന്ദത്തി -
ലാറാടിയുള്ളോരു ഭൂതകാലം
ഭർതൃപരിചരണങ്ങൾ നിറയുന്ന പകലുകൾ
പതിതന്റെ പരിലാളനങ്ങൾതൻ രാവുകൾ
ശോകമേഘങ്ങളാ വിണ്ണിൽ വിരുന്നിനാ-
യേകമാത്രയ്ക്കും വരുന്നതില്ല .
ഒട്ടും നിനച്ചിരിക്കാതെയാ ജീവിത -
ച്ചില്ലുപാത്രം വീണുടഞ്ഞുപോയി
യാത്ര ചോദിക്കാതെ, കണ്ണീർത്തുടയ്ക്കാതെ
യാത്രയായൊരുദിനം പ്രാണനാഥൻ.
ഈവിധം പറയുവാനെന്തിരിക്കുന്നതീ
ജീവിതം ജീവിതം തന്നെയല്ലേ !
പറയുവാനില്ലവൾക്കിനിയുള്ളകാലത്തി-
ന്നോർമ്മകൾപോലും വ്രണിതമത്രേ!
ഒരുനീണ്ട നെടുവീർപ്പു പോലെയാ ജീവിതം
വെറുതെയായ്ത്തീർന്നതീ യമുനതൻ തീരത്ത് .
ആഴത്തിലൊരു മുറിവു ഹൃദയത്തിലേകിയാ
പ്പാഴ്ജന്മമെങ്ങോ നടന്നുനീങ്ങി
ഇടവും വലവും തിരിഞ്ഞൊന്നു നോക്കി ഞാൻ
ഇനിയുമുണ്ടൊന്നല്ലൊരായിരം രാധമാർ
സ്വപ്നങ്ങളില്ലാത്ത മോഹങ്ങൾ വിരിയാത്ത
അഭിശപ്തജന്മ പ്രതിഛായകൾ
കരുണതൻ നിഴൽപോലുമീയനാഥർക്കുമേൽ
ചൊരിയുവാനൊരു ചില്ല ബാക്കിയില്ല
ഇല്ലവർക്കാശ്വാസമേകുവാനൊരുകൊച്ചു
സാന്ത്വനത്തിൻ സ്നേഹവാക്കുപോലും
ദുരിതചിത്രങ്ങൾതൻ മാറാപ്പുമായ് നവ -
രാധമാരലയുന്നു വൃന്ദാവനത്തിങ്കൽ
ശങ്കിക്കയാണു ഞാ,നെന്തിനായവരെ
വിളിക്കുന്നു 'രാധ'യെന്നോമനപ്പേർ
അവർക്കില്ല ഗോക്കൾ, നവനീത കുംഭങ്ങൾ
അവർക്കില്ല വേണുഗാനത്തിന്റെ ശീലുകൾ
അവർക്കായി നല്കുവാൻ ശൂന്യമെൻ കൈകളിൽ
ഉള്ളതീ സ്നേഹാക്ഷരങ്ങൾ മാത്രം...
സ്നേഹാക്ഷരങ്ങൾ തൻ പൂക്കൾ മാത്രം - ഈ
സ്നേഹാക്ഷരങ്ങൾ തൻ പൂക്കൾ മാത്രം......
No comments:
Post a Comment