Friday, July 5, 2013

കര്‍ക്കടകം

കള്ളനിങ്ങെത്തീ പടിപ്പുരയ്ക്കപ്പുറം
കൂരിരുട്ടിന്റെ കാളിമയാര്‍ന്നവന്‍
നിര്‍ത്താതെ പെയ്യുമീ ദുഃഖവര്‍ഷത്തിന്റെ
നീര്‍മണിത്താളത്തിലൊരു ശോക ഗാനമായ്
നിറയാത്ത വയറിന്‍ നിലയ്ക്കാത്ത മോഹമായ്
തീരാത്ത പൈദാഹഭാവം പകര്‍ന്നിട്ടും
പൊയ്പോയ ഗ്രീഷ്മത്തിന്‍ ശുഷ്കപത്രങ്ങള്‍ തന്‍
ഭാണ്ഡവും പേറിയിങ്ങെത്തുന്നു തസ്കരന്‍.
കര കവിഞ്ഞൊഴുകുന്ന പുഴയുടെ ഗദ്ഗതം
നിശ്വാസവായുവിന്‍ ശ്രുതിയായ് നിറച്ചവന്‍
ദിനകരന്‍ മുഖപത്മമെങ്ങോമറയ്ക്കുമ്പോ-
ളൊരു പത്തു സൂര്യനെത്തന്നുപോകുന്നവന്‍

ഒരു നീണ്ട സംവല്‍സരത്തിന്റെ നന്മകള്‍
ഒന്നായ്ക്കവര്‍ന്നെടുത്തോടിയകലുവോന്‍
ഒരുപിന്‍വിളിക്കായിക്കാത്തുനില്‍ക്കാത്തവന്‍
ഒരു ചെറുനൊമ്പര സ്മരണയായ് മായുവോന്‍

സ്വര്‍ഗ്ഗവാതില്‍ത്തുറന്നെത്തും പ്രിയരവര്‍-
ക്കെള്ളിന്‍കറുപ്പാര്‍ന്നമാവാസിയേകുവോന്‍
നാളെപ്പുലര്‍ന്നിടും പുതുവര്‍ഷ വാസര-
പ്പൊന്‍പ്രഭയ്ക്കായോരു സ്വപ്നം വിതയ്ക്കുവോന്‍.
ജ്യേഷ്ഠയെ ആട്ടിയോടിക്കാം- എതിരേല്‍ക്കാം
കര്‍ക്കടകത്തിന്‍ കറുത്ത ദിനങ്ങളെ
വന്നു പോയീടട്ടെ, കവര്‍ന്നെടുക്കട്ടെ....
വേണം നമുക്കീ വിരുതാര്‍ന്ന ചോരനെ.

1 comment: