Saturday, August 17, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-2

അദ്ധ്യായം-2 പുണ്യയാത്ര


പെഹല്‍ഗാമിലെ പ്രഭാതം അവര്‍ണ്ണനീയമായിരുന്നു. ഹരിതാഭമായ കുന്നുകള്‍ക്കപ്പുറം ഹിമകഞ്ചുകം പുതച്ച ഉയര്‍ന്ന പര്‍വ്വതശിഖരങ്ങളുടെ ദൂരക്കാഴ്ച അതിമനോഹരമാണ്. ഈ പ്രകൃതിമനോഹരി ഒരുകാലത്ത് സിനിമ ഷൂട്ടിംഗിനു പ്രസിദ്ധമായിരുന്നു.
പില്‍ക്കാലത്തുണ്ടായ തീവ്രവാദപ്രവര്‍ത്തനങ്ങളും മറ്റും മൂലമുണ്ടായ അരക്ഷിതാവസ്ഥ കാരണം ആരും അവിടേയ്ക്കു പോകാതായി. ഇപ്പോള്‍ ആകെയുള്ള സഞ്ചാരികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരാണ്. ഈ പ്രദേശം കുങ്കുമപ്പൂ കൃഷിക്കു പേര്‍പെറ്റതാണ്.പക്ഷെ വര്‍ഷത്തിലധികകാലവും വരുമാനമൊന്നുമില്ലാതെ കഴിയണം തദ്ദേശവാസികള്‍ക്ക്. 

ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുന്‍പിലുള്ള പൂന്തോട്ടത്തില്‍ വിവിധവര്‍ണ്ണങ്ങളിലും ആകൃതിയിലും ഉള്ള അതിമനോഹരമായ പൂക്കള്‍ ബാലാര്‍ക്കപ്രഭയില്‍ ശോഭചൊരിഞ്ഞു നിന്നിരുന്നു. അവയോടു കിന്നാരം പറഞ്ഞു പാറുന്ന പുമ്പാറ്റകളും. മറ്റുള്ളവര്‍ തയ്യാറാകുന്നതുവരെ ആ കാഴ്ച കണ്ടു നില്‍ക്കാമെന്നു കരുതി. അപ്പോഴാണ് അസാമാന്യ വലുപ്പത്തില്‍ കുടവയറുള്ള ഒരു വൃദ്ധന്‍ ഞങ്ങളുടെ (എന്റെയും ഭര്‍ത്താവിന്റെയും) അടുത്തേയ്ക്കു ചിരപരിചിതനെ പോലെ പുഞ്ചിരിച്ചുകൊണ്ടെത്തിയത്. കാഷ്മീര്‍ യാത്രയുലടനീളം കാണാന്‍ കഴിഞ്ഞതും ഈ നിഷ്കളങ്ക സൗഹൃദമായിരുന്നു.  അദ്ദേഹവും എന്റെ ഭര്‍ത്താവും സംസാരിക്കുന്നതിനിടയില്‍ എന്റെ കൗതുകം ആ വലിയ കുംഭയിലായിരുന്നു. ഇടയ്ക്കു പുകയും വരുന്നതുപോലെ തോന്നി. എന്റെ സംശയഭാവത്തിലുള്ള  നോട്ടം കണ്ടാവണം അയാള്‍ തന്റെ  നീളന്‍കുപ്പായത്തിനുള്ലില്‍ നിന്ന് ഒരു മണ്‍ചട്ടിയിലെ നെരിപ്പോട് പുറത്തെടുത്തു. ശരീരത്തിനു ചൂടുപകരാന്‍ അവിടുത്തുകാര്‍ ചെയ്യുന്നതാണിത്.   എരിയുന്ന നെരിപ്പോട് ഒരു നേര്‍ത്ത കമ്പിയില്‍ കോര്‍ത്ത്കുപ്പായത്തിനുള്ളില്‍ ആക്കി പിടിക്കും. അതാണ് എനിക്കു കുടവയറായി തോന്നിയത്. കമ്പിയുടെ അറ്റം ബട്ടണുകള്‍ക്കിടയിലുള്ള പഴുതിലൂടെ ഒരു കൈ കൊണ്ടു പിടിച്ചിരിക്കും. ഹൃദയത്തില്‍ നെരിപ്പോടുമായി നടക്കുന്നു  എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ കുപ്പായത്തി നുള്ളിലെ നെരിപ്പോട് ആദ്യത്തെ അനുഭവമായിരുന്നു.


ഇന്നു ഞങ്ങള്‍ പുണ്യഗുഹയിലേയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. മാറാനുള്ള വസ്ത്രങ്ങള്‍ , ഉണങ്ങിയ പഴങ്ങള്‍, മരുന്നു കള്‍ മറ്റവശ്യവസ്തുക്കള്‍ എന്നിവ മാത്രം കരുതിയ ബാഗ് ഓരോരുത്തരുടേയും കയ്യിലുണ്ട്. ബാക്കി ലഗ്ഗേജുമായി ഞങ്ങള്‍ വന്ന വാഹനം ബാല്‍ത്താള്‍ എന്ന സ്ഥലത്തേയ്ക്കു പോകും. ഹിമലിംഗദര്‍ശനത്തിനു ശേഷം ഞങ്ങള്‍ പെഹല്‍ഗാമിലേയ്ക്കു മടങ്ങി വരില്ല. ബാല്‍ത്താളിലേയ്ക്കാണു പോവുക. ഞങ്ങള്‍ എപ്പോള്‍ അവിടെയെത്തിയാലും ഈ വാഹനവും സാരഥിയും ഞങ്ങളെക്കാത്ത് അവിടെയുണ്ടാകും. 


പെഹല്‍ഗാമില്‍ നിന്നു ചന്ദന്‍വാരിയിലെത്തിയാലേ ഗുഹയിലേയ്ക്കു പോകാനുള്ള കുതിരകളെ ലഭ്യമാവുകയുള്ളു. 16 കി. മി. ദൂരമേയുള്ളു എങ്കിലും ബസ്സില്‍ അവിടെയെത്താന്‍ ചിലപ്പോള്‍ മണിക്കൂറുകളെടുക്കും.നിരനിരയായി പോകുന്ന യാത്രക്കാര്‍ നിറഞ്ഞ ഒട്ടനവധി വാഹനങ്ങള്‍ . വീതികുറഞ്ഞ പാത. മിക്കയിടത്തും മണ്ണിടിഞ്ഞു കിടക്കുന്നുണ്ടാവും.

ചിലപ്പോള്‍ ഇറങ്ങിനടക്കേണ്ടതായും വരും.പക്ഷെ പാതയോരക്കാഴ്ചകള്‍ സ്വര്‍ഗ്ഗീയസുന്ദരമാണ്. കടും പച്ചനിറമുള്ല ഇലച്ചാര്‍ത്തോടു കൂടിയ മരങ്ങളും പാല്‍നുരപോലെ പതഞ്ഞൊഴുകുന്ന നദിയും ഒക്കെ ചേര്‍ന്നൊരുക്കുന്നത് ഒരു ദൃശ്യവിരുന്നു തന്നെ..സമുദ്രനിരപ്പില്‍ നിന്നും പതിനായിരത്തോളം അടി ഉയരത്തിലുള്ള ഇവിടെ അതികഠിനമായ തണുപ്പ്  ഒരു ശത്രുവിനേപ്പോലെ പൊരുതുന്നുണ്ടാവും ശരീരത്തില്‍. ശരീരത്തോടൊട്ടിക്കിടക്കുന്ന രോമക്കുപ്പായങ്ങള്‍ക്കു മീതെയാണു സാധാരണ വസ്ത്രം ധരിച്ചിരിക്കുന്നത്. അതിനുമേലെ സ്വെറ്റര്‍, ഒവര്‍കോട്ട്, ഷാള്‍ ഒക്കെയുണ്ട്. പക്ഷെ തണുപ്പ് അതൊന്നും അറിയുന്നില്ലല്ലോ...


ചന്ദന്‍വാരിയാണ്  ഈയാത്രയിലെ ആദ്യത്തെ ബേസ് ക്യാമ്പ്.  ഇവിടെയെത്തിയാല്‍ കാണുന്നത്  ഒരു ജനസമുദ്രം തന്നെയാണ്.   പ്രഭാതഭക്ഷണം വിവിധസ്ഥലങ്ങളിലായി ലഭ്യമാണ് . അതിനു വിലകൊടുക്കേണ്ട ആവശ്യമില്ല. നമ്മുടെ ഇഷ്ടമനുസരിച്ച് അവിടുത്തെ ഭണ്ടാരത്തില്‍ പണം നിക്ഷേപിക്കാം. ഭക്ഷണം കഴിഞ്ഞു കുതിരകളെ തരപ്പെടുത്തുന്ന തിരക്കായി. ഏകദേശം 40 കി.മി. കുതിരപ്പുറത്തൊ ഡോളിയിലോ(പല്ലക്ക്) വേണം യാത്ര ചെയ്യാന്‍. കുതിരക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്മുടെ കൈവശം സൂക്ഷിക്കണം. ഒപ്പം നമ്മുടെ യാത്രയുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന ഒരു കാര്‍ഡ് ചരടില്‍ കോര്‍ത്ത് കഴുത്തിലണിയുകയും വേണം. എപ്പോള്‍ പട്ടാളക്കാര്‍ ചോദിച്ചാലും ഇവ രണ്ടും കാണിക്കേണ്ടതായുണ്ട്. യാത്രികരുടെ സുരക്ഷയ്ക്കു വേണ്ടി യാണത്. 


കുതിരപ്പുറത്തുള്ള യാത്ര ഒട്ടും സുഖകരമല്ല. ശരീരം അന്തരീക്ഷത്തില്‍ അമ്മാനമാടിക്കൊണ്ടാണു കുതിര പോകുന്നത്. അല്പദൂരം പിന്നിടുമ്പോള്‍ തന്നെ ശരീരമാസകലം വേദനയാകും. വളരെ ശ്രദ്ധിച്ചു വേണം ഇരിക്കുന്നത്. അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം. നമ്മുടെ ബാഗും പിടിച്ചു കുതിരക്കാരന്‍ കൂടെത്തന്നെ ധൈര്യം പകര്‍ന്നു നടക്കുന്നുണ്ടാകും.

കുതിരകള്‍ക്കു കടന്നുപോകാന്‍ പലപ്പോഴും വഴിയുണ്ടാകാറില്ല. ചിലപ്പോള്‍ കുത്തനെ കയറ്റം, ചിലപ്പോള്‍ കീഴ്ക്കാംതൂക്കായ മലയിറക്കം- അതുമല്ലെങ്കില്‍ മലയിടിഞ്ഞു താഴേയ്ക്കു പതിച്ച പാറക്കൂട്ടം-  അപകടത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ല യാത്ര. മലകയറുമ്പോള്‍ ശരീരം പിന്നിലേയ്ക്ആഞ്ഞും ഇറങ്ങുമ്പോള്‍ മുന്നിലെയ്ക്കാഞ്ഞും ഇരിയ്ക്കണം. കുതിരപ്പുറത്തുള്ല തോല്‍കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിനു മേല്‍ മാര്‍ദ്ദവമുള്ള തുണിമടക്കിയിട്ടിരിക്കണം.  അല്ലെങ്കില്‍ പൃഷ്ഠത്തിലെ തൊലിയിളകാന്‍ സാധ്യതയുണ്ട് . ചുരിദാറിനേക്കാളും, സാരിയേക്കാളും അഭികാമ്യം ജീന്‍സ് ആണ്. 

ഇടയ്ക്കു ചിലപ്പോള്‍ കുതിരയ്ക്കു നമ്മളേയും ചുമന്നു പോകാന്‍ കഴിയാത്ത ദുര്‍ഘടമായ പ്രദേശവും ഉണ്ടാവും. അപ്പോള്‍ ഇറങ്ങി നടക്കേണം. പക്ഷെ നടക്കുകയെന്നത് അത്ര അനായാസമായ കാര്യമല്ല. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു തന്നെ കാരണം. ഈ ഘട്ടത്തില്‍ താല്പര്യമില്ലെങ്കില്‍ കൂടി പല്ലക്കില്‍ പോകേണ്ടതായും വരും. നാലുപേര്‍ ചേര്‍ന്നാണ് ചുമക്കുന്നത്. വളരെ വേഗത്തില്‍ തന്നെ അവര്‍ നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിയ്ക്കും. വീണ്ടും കുതിരയെ അഭയം പ്രാപിക്കാം. ഈ യാത്രയിലൊക്കെ സസ്യലതാദികള്‍ വളരെ കുറവായെ കാണാന്‍ കഴിയൂ. പക്ഷെ ശേഷ്നാഗ് തടാകത്തില്‍ നിന്നുദ്ഭവിക്കുന്ന ദുഗ്ദ്ധഗംഗ നമുക്കരുകിലൂടെ ഒഴുകുന്നുണ്ടാകും. 



ഇനിയുള്ള ബേസ് ക്യാമ്പ് പിശ്ശു ടോപ് ആണ്. ഉമാമഹേശ്വരന്‍മാര്‍ ഇവിടെവെച്ചാണത്രെ വിഷമുള്ള ക്ഷുദ്രജീവികളെ ഉപേക്ഷിച്ചത്.  ദേവന്‍മാരും അസുരന്‍മാരുമായുണ്ടായ ഒരു യുദ്ധത്തിന്റെ കഥയും പിശ്ശുടോപിനെ ബന്ധപ്പെടുത്തി കേള്‍ക്കുന്നുണ്ട്. യുദ്ധത്തില്‍ മരിച്ചുവീണ അസുരന്‍മാരുടെ മൃതശരീരങ്ങള്‍ നിക്ഷേപിച്ചത് ഇവിടെയാണെന്നും പറയപ്പെടുന്നു.  ഏറ്റവും അപകടം നിറഞ്ഞ ഈ ഭാഗം കഴിഞ്ഞാലെത്തുന്നത് സോജിബാല്‍, 
നാഗകോട്ടി എന്നീ ബേസ് ക്യമ്പുകളാണ്. ഇവിടെയൊക്കെ വിശ്രമിയ്ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. സൗജന്യമായി ഭക്ഷണം നല്കുന്ന ധാരാളം ശാലകള്‍ ഉണ്ടിവിടെ. എല്ലാതരം സസ്യഭക്ഷണങ്ങളും ലഭ്യം. പഞ്ചാബിലേയും മറ്റും ധനികരായ വ്യവസായികള്‍ ഈശ്വരപൂജ പോലെ നടത്തുന്നതാണിത്. വളരെ സ്നേഹത്തൊടെ ആതിഥ്യമര്യാദയരുളി അവര്‍ നമുക്കു ഭക്ഷണം നല്‍കും. യാത്രികള്‍ ഏവരും ഇവര്‍ക്കു വിശിഷ്ടാതിഥികളെ പ്പോലെ യാണ്. എത്ര വേണമെങ്കിലും കഴിക്കാം. ബസ്മതി അരിയുടെ ചോറ്, ചപ്പാത്തി, പൂരി, പറാത്ത, വിവിധ തരം ഉപദംശങ്ങള്‍, പായസങ്ങള്‍, മറ്റു മധുരപലഹാരങ്ങള്‍ ഒക്കെ ധാരാളമായി കരുതിയിട്ടുണ്ടാവും. ചിലയിടങ്ങളില്‍ തെക്കേയിന്ത്യന്‍ വിഭവങ്ങളും ഉണ്ടായിരുന്നു. അതീവസ്നേഹത്തൊടെ ഞങ്ങളെ സ്വീകരിച്ച ഒരാതിഥേയന്‍ ആരോടോ ഉച്ചത്തില്‍ കയര്‍ക്കുന്നതു കണ്ടു . പിന്നീടറിഞ്ഞു ഏതോ ഒരു സ്ത്രീ എടുത്ത ഭക്ഷണം കഴിക്കാതെ ചവറ്റുകുട്ടയില്‍ കളഞ്ഞത്രേ. ചിലര്‍ അങ്ങനെയാണ്.  പണക്കൊഴുപ്പുകൊണ്ടാണോ  സാമാന്യബുദ്ധിയില്ലാത്തതുകൊണ്ടാണോ ഇങ്ങനെ വിവരക്കേടുകള്‍ ചെയ്യും. ആ ഭക്ഷണം അവിടെ എത്താനുള്ള ബുദ്ധിമുട്ടിനെ കുറിച്ച്  അവര്‍ ചിന്തിക്കുകപോലുമുണ്ടായില്ല.
 (ഇനി ശേഷ്നാഗ്)

No comments:

Post a Comment