Thursday, August 1, 2013

മേഘദുഃഖം...

മഴയൊന്നു പെയ്യുവാനാഞ്ഞുനില്‍ക്കേ
മാനമുഖമൊന്നു ശോകം നിറഞ്ഞു നില്‍ക്കേ
ഇടിനാദമകലെമുഴങ്ങിടുമ്പോള്‍
വടിവാളിന്‍ മിന്നലൊന്നാഞ്ഞിടുമ്പോള്‍
ഋതുഭേദമറിയുന്ന ഭൂമിദേവിക്കൊരു
മധുരപ്രതീക്ഷതന്‍ മന്ദഹാസം
ഇത്രനാള്‍ വേനലിന്‍ ക്രൗര്യകാഠിന്യത്തി-
ലെത്ര തപിച്ചവള്‍ ശോകമൂകം
ഒരുപാടു പരിദേവനങ്ങള്‍ നിരത്തിയീ
ധരയിവള്‍ ആകാശദേവനോടായ്
ഒരുമാത്രപോലുമവള്‍ക്കായി മാനസം
വിരുതനവന്‍ വെച്ചു നീട്ടിയില്ല
ഒടുവിലവന്‍ തന്റെ മുഖബിംബം കാണുന്ന
പൊയ്കയാം കണ്ണാടി വറ്റിയപ്പോള്‍
മന്ദഹാസം പൂണ്ട പൂമുഖം പെട്ടെന്നു
സത്യത്തിന്‍ മേഘജാലം ചമച്ചു
ഒരു മനഃസ്താപത്തിലറിയാതലിഞ്ഞുപോയ്
കരുണതന്നാഴിയാമാ ലോലമാനസം
വെറുതേ വിതുമ്പുന്നു മാനം-ദുഃഖ-
സ്മൃതികളില്‍ വേകും മനസ്സുമായ്
അറിയാതെ കണ്ണുനീരൊഴുകുന്നു മൂകം
നിര്‍ത്താതെപെയ്യും മഴയായി നീളേ...

3 comments:

  1. നന്നായി ..എഴുതുകയിനിയും ...

    ReplyDelete
  2. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete