അദ്ധ്യായം-1- ഹിമവാന്റെ പാദങ്ങളില്‍
=========================
'അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജ:
പൂർവാപരൗ തോയോനിധി വഗാഹ്യ
സ്ഥിത: പൃഥ്വിവ്യാം ഇവ മാനദണ്ഡ:'
കാളിദാസന്റെ ഈ വര്‍ണ്ണന കുട്ടിക്കാലത്തെന്നോ മനസ്സില്‍ കയറിപ്പറ്റിയതാണ്. എങ്ങനെയെന്നറിയില്ല. ഏതോ ഒരു മാസ്മരികഭാവത്തോടെ അതു മനസ്സില്‍ വല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു. മലയാളം ചാനലുകള്‍ ഒക്കെ വരുന്നതിനു മുന്‍പ് ദൂരദര്‍ശനില്‍ വന്ന ഏതോ ഒരു ഹിന്ദി പരമ്പരയുടെ ആരംഭത്തില്‍ ഈ ശ്ലോകം സംപ്രേഷണം ചെയ്തിരുന്നത് ആവേശത്തോടെ കേള്‍ക്കുമായിരുന്നു.അന്നൊക്കെ മനസ്സില്‍ തോന്നിയ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹിമാലയമുത്തശ്ശന്റെ മടിത്തട്ടില്‍ ഒരു കളിക്കുഞ്ഞായി കയറിയിരിക്കാന്‍. വിവാഹശേഷം പലപ്രാവശ്യം ഭര്‍ത്തവിനൊപ്പം ഹിമാലയത്തിലൂടെ യാത്രചെയ്യാനും ഹിമവാന്റെ വിവിധ മുഖങ്ങള്‍ ദര്‍ശിച്ചു സായൂജ്യമടയാനും ഇടയായത് ഈ ജന്‍മത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതി കാലത്തിനു നന്ദി പറയുന്നു.
2011 ജൂലൈ മാസത്തില്‍ അമര്‍നാഥ് യാത്ര വളരെ മുമ്പേ തീരുമാനിച്ചതായിരുന്നു. സാധാരണ യാത്രകള്‍ പോകാറുള്ളതുപോലെ ഭര്‍ത്താവിന്റെ ഏതാനും സഹപ്രവര്‍ത്തകരും കുടുംബവും ഒത്താണ് ഈ യാത്രയും. പക്ഷെ ഇത്തവണ യാത്ര അതീവ ദുര്‍ഘടമായതിനാല്‍ ആരുടെയും കുട്ടികളെ കൂടെ കൂട്ടാതെയാണു പോകുന്നതെന്നാണു തീരുമാനം. അത് ഒരു സങ്കടമുള്ള കാര്യം തന്നെ. കാരണം യാത്രയ്കിടയിലെ വിരസതയില്ലാതാക്കുന്നത് കുഞ്ഞുങ്ങളുടെ ചൈതന്യമുള്ള സാന്നിദ്ധ്യം തന്നെ. അല്ലെങ്കിലും മക്കള്‍ കൂടെയില്ലെങ്കില്‍ പിന്നെന്തു സന്തോഷം!
യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഒക്കെ വളരെ നേരത്തെ തുടങ്ങിയിരുന്നു. ഔദ്യോഗികരേഖകള്‍, വാഹനം, താമസം, ഭക്ഷണം ഇവയൊക്കെ ഏര്‍പ്പാടാക്കി. തണുപ്പിനെ നേരിടാനുള്ള പലവിധ രോമക്കുപ്പായങ്ങള്‍, പാദരക്ഷകള്‍ ,മഴക്കോട്ട്, മറ്റവശ്യവസ്തുക്കള്‍ ഒക്കെ വാങ്ങിവെയ്ക്കുകയും ചെയ്തു. മുംബൈയില്‍നിന്നു ഉദ്ദംപൂര്‍ വരെ ട്രയിന്‍ യാത്ര. അവിടെനിന്ന് 200 കിലൊമീറ്ററിലധികം റോഡിലൂടെയുള്ള യാത്ര. അവിടെ നിന്നാണ് തീര്‍ത്ഥയാത്ര ആരംഭിക്കുന്നത്.
ട്രയിനില്‍ കയറുമ്പോള്‍ മകനെ തനിച്ചു വീട്ടിലാക്കി പോകുന്നതിന്റെ വിഷമമായിരുന്നു മനസ്സു നിറയെ. പക്ഷെ ഏറ്റവും ധൈര്യം തന്നു യാത്രയാക്കി അവന്‍. ഡല്‍ഹിയിലെത്തി അവിടെനിന്നും ട്രയിന്‍ മാറിക്കയറിയാണ് ഉദ്ദംപൂര്‍ എത്തേണ്ടത്. അതിരാവിലെയാണ് ട്രയിന്‍ ഉദ്ദംപൂര്‍ സ്ടേഷനിലെത്തിയത്. വെളിച്ചം കടന്നുവരാന്‍ തുടങ്ങിയിട്ടേയുള്ളു. ചുറ്റുപാടിലും ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. നമ്മുടെ മലനാട്ടിലെ ഏതോ ഒരു കുഗ്രാമത്തിലെത്തിയതുപോലെ. പച്ചനിറഞ്ഞ മരങ്ങളും പുല്‍മേടുകളുമൊക്കെയായി മനോഹരമായ ആ പുലര്‍കാലകാഴ്ച മനസ്സില്‍ മായാത്തൊരു ചിത്രം തന്നെ വരച്ചിട്ടു.
അവിടെത്തന്നെ മുന്‍കൂട്ടി തരപ്പെടുത്തിയിരുന്ന മുറികളിലായി എല്ലവരും പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച് അടുത്ത യാത്രയ്ക്കു തയ്യാറായി.
ഹിമാലയസ്രോതസ്സില്‍ നിന്നുള്ള പുണ്യജലത്തിലെ കുളി അനിതരമായൊരുന്‍മേഷം പകര്‍ന്നു തന്നു. ഇനി മലതുരന്നു പോകുന്ന വഴികളിലൂടെ 220 കിലോമീറ്റര്‍ സഞ്ചരിച്ചു വേണം പഹല്‍ഗാമിലെത്താന്‍. ഉദ്ദംപൂരിലെ ക്ഷേത്രദര്‍ശനവും കഴിഞ്ഞെത്തുമ്പോള്‍ വാഹനം തയ്യറായിനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സംഘത്തില്‍ 14 പേരുണ്ട്. നല്ല സൗകര്യമുള്ള മിനിബസ്സിലാണു യാത്ര.
പാതയ്ക്കിരുവശവും അതിമനോഹരമായ ദൃശ്യങ്ങള്‍. ജമ്മു- ശ്രീനഗര്‍ രാജ പാതയിലൂടെയുള്ള ഈ യാത്ര ഏറ്റവും അപകടം നിറഞ്ഞതും ദുരിതപൂര്‍ണ്ണവും ആണ്. വളവുകളും തിരിവുകളും നിറഞ്ഞ വഴിയില്‍ എവിടെവേണമെങ്കിലും അപകടം ഉണ്ടാകാം. കുഡ്, പട്നിടോപ്, ബത്തോട്ട്, റംബാന്‍, ബനിഹല്‍, ഖാസികുണ്ഠ്, അനന്തനാഗ് മുതലായ ചെറുപട്ടണങ്ങള്‍ കടന്നുവേണം പോകേണ്ടത്. ഭക്ഷണപാനീയങ്ങള്‍
ഇവിടെയൊക്കെ ലഭ്യമാണ്. ചോറും രാജ്മ കറിയും പൂരിമസലയും നൂഡില്സും ഒക്കെ ഏതു ചെറിയ കടയിലും ഉണ്ടാവും. കാഷ്മീര്‍ തോട്ടങ്ങളില്‍ വിളയുന്ന പഴങ്ങള്‍ വില്ക്കുന്ന ഗ്രാമീണരും വഴിയോരത്തെ ഒറ്റപ്പെട്ട കാഴ്ചകളാണ്. വില വളരെ കൂടുതലാണെങ്കിലും പുതുമ നഷ്ടപ്പെടാത്ത ഈ പഴങ്ങള്‍ നല്ല ആകര്‍ഷണം തന്നെ. റംബാനില്‍ എത്തുമ്പോള്‍ ചെനാബ് നദി ദൃശ്യമായിത്തുടങ്ങും. പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്ക്കുന്ന മലഞ്ചെരുവുകളും പുല്‍മേടുകള്‍ നിറഞ്ഞ താഴ്വരകളും പതഞ്ഞൊഴുകുന്ന നദിയും ചേര്‍ന്ന മനോജ്ഞമായ പ്രകൃതി ദൃശ്യം. ബെനിഹല്‍ തുരങ്കം കടന്നു വേണം ഖാസികുണ്ഠില്‍ എത്താന്‍. 2.5 കി. മി. നീളമുള്ള ഈ തുരങ്കത്തിനു ജവഹര്‍ ടണല്‍ എന്നാണു പേര്. അതിലേയ്ക്കു കടക്കും മുന്‍പ് കര്‍ശനമായ വാഹന പരിശോധനയുണ്ട്.
സൈനികര്‍ വളരെ ജാഗരൂകരായി എപ്പോഴും അവിടെയുണ്ടാകും. വിശദമായ പരിശോധനകള്‍ക്ക് ശേഷം തുരങ്കം കടന്നുപോകാം. ഇരു ദിശകളിലേയ്ക്ക്കും വെവ്വേറെ തുരങ്കങ്ങളാണ്. അതിനാല്‍ ഇരട്ടത്തുരങ്കം എന്നിത് അറിയപ്പെടുന്നു. ബി എസ് ഫ് ന്റെ സംരക്ഷണ ത്തിലാണ് ഈ തുരങ്കം .
ഖാസികുണ്ഠീനു ശേഷം അനന്തനാഗ് ആണ്. ജില്ലാ ആസ്ഥാനം കൂടിയാണത്. താരതമ്യേനെ വലിയ പട്ടണമാണ് അനന്തനാഗ്. ഇവിടെനിന്നും പാത രണ്ടായി പിരിയുന്നു, ശ്രീനഗറിലേയ്ക്കും പെഹല്‍ഗാമിലേയ്ക്ക്ം. പെഹല്‍ഗാമിലേയ്ക്കുള്ള വഴിയില്‍ ഉടനീളം ലിഡ്ഡര്‍ നദി ഒപ്പമുണ്ടാകും.
ദൂരമനുസരിച്ച് ഉദ്ദംപൂരില്‍ നിന്നും പെഹല്‍ഗാമിലേയ്ക്ക് മൂന്നോ മൂന്നരയോ മണിക്കൂര്‍ യാത്രയേ ഉള്ളു. പക്ഷെ പലയിടത്തും പലതരത്തിലുള്ള വിഘ്നങ്ങള്‍ കാരണം ഞങ്ങളുടെ യാത്രയ്ക്ക് തീരെ വേഗതയില്ലായിരുന്നു. ഇടയ്ക്കു ഭക്ഷണം കഴിക്കാനുള്ള താമസം, പട്ടാളക്കാരുടെ പരിശോധനകള്‍ ഒക്കെയായി ഞങ്ങള്‍ വൈകിക്കൊ ണ്ടേയിരുന്നു. ആപ്പിളും കുങ്കുമപ്പൂവം വിളയുന്ന താഴവാരങ്ങളും കീഴ്ക്കാംതൂക്കായ മലനിരകളും പാല്‍നുര പതഞ്ഞൊഴുകുന്ന കുഞ്ഞരുവികളും നദികളും ഒക്കെ പിന്നിട്ട് മെല്ലെ ഞങ്ങളുടെ യാത്ര മുന്നേറി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അതിവിശിഷ്ടമായൊരു യാത്രയുടെ നാന്ദികുറിക്കല്‍.......
പ്രതീക്ഷിച്ചതില്‍നിന്നും വളരെ വൈകി രാത്രി എട്ടുമണിയോടെയാണു പെഹല്‍ഗാമിലെ ഞങ്ങളുടെ താമസസ്ഥലത്തെത്തിയത്. അസഹനീയമായ തണുപ്പു ശരീരമാകെ അരിച്ചുകയറുന്നുണ്ട്. എല്ലാവര്‍ക്കും ഒന്നു കിടന്നാല്‍ മതിയെന്നായിരുന്നു. അതിരാവിലെ ഉണരണം. അമര്‍നാഥിലെ പുണ്യഗുഹയിലെ വിശിഷ്ടമായ ഹിമലിംഗദര്‍ശനത്തിനായുള്ള യാത്ര പുറപ്പെടേണ്ടതാണ്.ആ ഗുഹയില്‍ വെച്ചാണത്രേ ഉമാമഹേശ്വരന്‍മാര്‍ അമരത്വം ഉപദേശിച്ചത്. എല്ലാതയ്യാറെടുപ്പുകളും നടത്തി യാത്ര തിരിച്ച അവര്‍ ജീവജാലങ്ങളെയെല്ലാം ഒഴിവാക്കിയായിരുന്നു ഗുഹയിലേയ്ക്കു പോയത്.പെഹല്‍ഗാമില്‍ വെച്ചാണ് നന്ദിയെ ഒഴിവാക്കിയത്. അങ്ങനെ ഈ സ്ഥലത്തിന് ബേല്‍ഗാം എന്ന പേരു വന്നു ബേല്‍- കാള. (നന്ദി കാളയാണല്ലോ). അതു പിന്നീട് പെഹല്‍ഗാമെന്നറിയപ്പെട്ടു. ലിഡ്ഡര്‍ നദിക്കരയിലുള്ള ഇടയഗ്രാമമാണിത്.
ഇവിടെനിന്നും യാത്രയ്കായുള്ള എല്ലാ സാമഗ്രികളും ലഭ്യമാണ്. പക്ഷെ രാത്രിയില്‍ സ്ഥലങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. പകല്‍വെളിച്ചത്തില്‍ വേണം ഇനി പഹല്‍ഗാമിനെ കണ്‍കുളിര്‍ക്കെ കാണുവാന്‍. ഹോട്ടല്‍മുറിയുടെ സുഖകരമായ ചൂടില്‍ ഉറക്കത്തിലേയ്ക്കു വഴുതിവീണതു അറിഞ്ഞിതേയില്ല.
(ഇനി പുണ്യഗുഹയിലെയ്ക്കുള്ള യാത്ര http://mutemini.blogspot.in/2013/08/2.html )
ആശസകള്‍ ...നല്ല വിവരണം....
ReplyDelete