Friday, August 16, 2013

മടക്കം..

കറുത്ത രാപ്പകല്‍  കണ്ണീരിലാഴ് ത്തിയീ
കര്‍ക്കിടകം പോയ്മറഞ്ഞീടും ദൂരേയ്ക്ക്..
കൊഴിഞ്ഞു വീണതാം പൂക്കള്‍ തന്‍ വ്യഥ
ഒഴിഞ്ഞകന്നൊരു കാറ്റിന്റെ മര്‍മ്മരം
കനവു നെയ്യാത്ത മനസ്സുമായ് പാടി
കരഞ്ഞു തീര്‍ക്കുന്നുണ്ടിരവില്‍ രാപ്പക്ഷി
തണുത്ത നീര്‍ക്കണം നനുത്ത പൂമൊട്ടിന്‍
തുടുത്ത നെറ്റിയില്‍ ക്ഷണം പതിക്കവേ
വിസ്മൃതിയിലാണ്ടു പോയ് ഗഹനപീഡയും
വിതുമ്പി നില്‍ക്കുമാ നഷ്ടസ്വപ്നങ്ങള്‍
സകല ദുഃഖവും നിറച്ചു വെച്ചൊരീ
തമസ്സിന്‍ പൊയ്കയില്‍ നിന്നുയരണം
പ്രതീക്ഷ തന്‍ ജ്യോതി മുഖപടം മാറ്റി
പ്രഭചൊരിയുന്നൊരര്‍ക്കബിംബമായ്
മിഴികള്‍ മെല്ലെ തുറന്നുനോക്കുകില്‍
മിഴിവിയന്നൊരു പൊന്‍ ചെരാതുപോല്‍
ഇനിയുമെത്താത്ത നന്‍മതന്‍ പുലരി
ഇനിയുമേറെയങ്ങകലെ നില്‍പ്പതൊ.....?





4 comments:

  1. നന്നായി ..നല്ല താളബോധം വായിക്കുന്നവനെ പിടിച്ചിരുത്തും

    ReplyDelete
  2. വളരെ ഹൃദയ സ്പര്‍ശിയായ കവിത.കനവു നെയ്യുന്ന പക്ഷിയുടെ ഒന്നോ രണ്ടോ gazhal എഴുതി ആദ്യം എനിക്ക് SMS ചെയ്യൂ....!

    ReplyDelete
    Replies
    1. സന്തോഷം സര്‍.. ഞാന്‍ ഇതുവരെ ഗസല്‍ എഴുതി നോക്കിയിട്ടില്ല. എന്നാലും തീര്‍ച്ചയായും ശ്രമിക്കാം..

      Delete