അദ്ധ്യായം 3 - മറക്കാനാവാത്ത കുതിരസവാരി
രാജ- അതായിരുന്നു എന്റെ കുതിരയുടെ പേര്. ഷമീര്‍ അവന്റെ നായകനും. 28 വയസ്സുള്ള മെലിഞ്ഞു സൗമ്യനായ ഷമീര്‍ സ്നേഹത്തിന് ആള്‍രൂപം എടുത്താതണോ എന്നു തോന്നും. ഒരുപഷേ ഞാന്‍ ജീവിതത്തില്‍ കേട്ടിരിക്കുന്ന ഏറ്റവും സ്നേഹമുള്ള വാക്കുകളില്‍ ഷമീറിന്റെ വാക്കുകളും ഉണ്ടാവും. കുതിരപ്പുറത്തെ അരക്ഷിതാവസ്ഥയില്‍ ഭയന്നു നിലവിളിക്കുമ്പോള്‍ അവന്‍ പറയും"ദീദീ, ഒട്ടും പേടിക്കേണ്ട, ഇവിടുത്തെ ഏറ്റവും നല്ല കുതിരയാണ് ദീദിയുടെ രാജ. അവന്‍ ഒരാപത്തും വരുത്തില്ല. പിന്നെ ദീദിക്കൊന്നും വരാതെ നോക്കാന്‍ ഞാനില്ലേലേ കൂടെ, പേടിക്കാതെ ഇരുന്നുകൊള്ളു..."
എനിക്ക് ആ വാക്കുകള്‍ വലിയ ആശ്വാസമായിരുന്നു. കയ്യിലുള്ള ചോക്ലേറ്റ് ഇടയ്ക്കു ഷമീറിനു കൊടുക്കും. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവനതു വാങ്ങി പുഞ്ചിരിക്കും. ഞാന്‍ കുതിരപ്പുറത്തിരുന്നു താണ്ടുന്ന ദൂരമൊക്കെ ഷമീര്‍ നടന്നാണു വരുന്നത്,എന്റെ ബാഗും തോളിലിട്ട്. പക്ഷെ, അവര്‍ക്കതു ശീലമായതുകൊണ്ട് കുഴപ്പമില്ല.
പിന്നെ യാത്രികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗജന്യ ഭക്ഷണം ഇവര്‍ക്കു ലഭിക്കുകയുമില്ല. ചില ചെറിയ പീടികകളില്‍ നിന്നു ചയയും ബണ്ണും ഒക്കെയാണ് അവര്‍ വിശപ്പടക്കാന്‍ കഴിക്കുന്നത്.യാത്രികരെ കൊണ്ടുവരുന്ന ഈ പവം മനുഷ്യര്‍ക്ക് ഭക്ഷണം നിഷേധിക്കുന്നത് അന്യായമല്ലേ എന്നെനിക്കു തോന്നി. പക്ഷെ ഓരോരുത്തര്‍ക്കും അവരവരുടെ ന്യായങ്ങള്‍ ഉണ്ടാകുമല്ലോ.....
ഉയരം കൂടുതലുള്ള സ്ഥലമായതുകൊണ്ടു അന്തരീക്ഷമര്‍ദ്ദം വളരെ കുറവാണ്. ഇതു രണ്ടുരീതിയില്‍ പ്രതികൂലാവസ്ഥയുണ്ടാക്കും. ഒന്നാമത്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്. പിന്നെ,നേര്‍ത്ത അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിലെ അപകടകരമായ വികിരണങ്ങള്‍. പ്രകാശമേല്‍ക്കുന്ന ത്വക്ക് കരുവാളിക്കുകയും പൊള്ളലേറ്റപോലെയാവുകയും ചെയ്യും. അതുകൊണ്ട് സണ്‍സ്ക്രീന്‍ ക്രീമുകളും മറ്റും കയ്യില്‍ കരുതിയിരിക്കണം. കണ്ണുകളേയും ഈ പ്രകാശം ദോഷകരമായി ബാധിക്കും. അതുകൊണ്ട് യാത്രയിലുടനീളം നല്ല നിലവാരമുള്ള സണ്‍ഗ്ലാസ്സ് ഉപയോഗിക്കേണ്ടതാണ്. ശക്തമായുണ്ടാകുന്ന കാറ്റില്‍ ത്വക്ക് വരണ്ടുണങ്ങുകയും വിണ്ടുകീറുകയും ചെയ്യും. അതിനുള്ള ക്രീമുകളും വാസ്ലിനും ഒക്കെ പുരട്ടി ചെറിയ ആശ്വാസം നേടാം. ചിലര്‍ക്ക് ഛര്‍ദ്ദിയും ഉണ്ടാവാറുണ്ട്. ഉണങ്ങിയ പഴങ്ങളും പുളിരസമുള്ള നാരങ്ങയും ഒക്കെ ഈ അവസരത്തില്‍ ആശ്വാസം പകരും.
ഇടയ്ക്കു പലയിടത്തും പട്ടാളക്കരുടെ പരിശോധനകള്‍ ഉണ്ടാവും. അതൊക്കെ നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. യാത്രികരെ ഏതുവിധത്തില്‍ സഹായിക്കാനും സന്നദ്ധരാണവര്‍. അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ഈ രണ്ടുമാസക്കാലത്തുമാത്രമേ അവരിവിടെ ഉണ്ടാവൂ. പിന്നെ ഈ ഹിമശിഖരങ്ങള്‍ മനുഷ്യഗന്ധമേല്ക്കാതെ നീണ്ട പത്തുമാസക്കാലം മഞ്ഞില്‍ പുതഞ്ഞു വിറങ്ങലിച്ചു കിടക്കുന്നുണ്ടാവും.
തരിശായിക്കിടക്കുന്ന വലിയ മലയുടെ മദ്ധ്യത്തിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതയില്‍ കുതിരകള്‍ നീങ്ങുന്നു- കുടവയറന്‍ മുത്തശ്ശന്റെ അരഞ്ഞാണം പോലെ ..ഇടയ്ക്കു ചിലഭാഗത്തു നിറമുള്ള പൊടി വിതറിയിട്ടിരിക്കുന്നതു കാണാം. ചുവപ്പും മഞ്ഞയും ഓറഞ്ചും... അങ്ങനെ പല നിറത്തിലുള്ളവ.... പക്ഷെ വളരെ അടുത്തു ചെല്ലുമ്പോളാ ണറിയുന്നത് അതു ഒരുതരം നിലംപറ്റിക്കിടക്കുന്ന ചെറിയ ചെടികളിലുണ്ടാകുന്ന പൂക്കളാണെന്ന്.. നല്ല കൗതുകം തോന്നുന്ന കാഴ്ചയാണത്. കുതിരപ്പുറത്തിരുന്നു ഫോട്ടോ എടുക്കുന്നത് അപകടകരമാണ്. അതുകൊണ്ട് അതിന്റെ ഒന്നും ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞില്ല. പലയിടത്തും മഞ്ഞു വീണുകിടക്കുന്നുണ്ടാവും-വെട്ടിത്തിളങ്ങുന്ന തൂവെണ്മയോടെ..അതിസുന്ദരമായൊരു കിനാവിലെന്നപോലെ ഈ കാഴചകള്‍ മനസ്സിലിങ്ങനെ വര്‍ണ്ണപ്പൊലിമയോടെ നില്ക്കുകയാണ്.
നാലുമണിക്കു മുന്‍പേ ശേഷ്നാഗില്‍ എത്തിയാല്‍ മാത്രമേ തുടര്‍ന്നുള്ള യാത്രയ്ക്ക് അനുമതി ലഭിക്കൂ. സുരക്ഷാ സംവിധാനമാണത്. പക്ഷെ ഞങ്ങള്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അവിടനിന്നും ഷമീറും രാജയും തിരികെ പെഹല്‍ഗാമിലേയ്ക്കു തിരികെ പോകും. അന്നത്തെ അവന്റെ ജോലി തീര്‍ന്നു. സന്തോഷത്തൊടെ യാത്രപറഞ്ഞ് അവര്‍ ജനസമുദ്രത്തില്‍ മറഞ്ഞു. പോകുമ്പോഴും അവന്‍ പറഞ്ഞു" ദീദീ, പേടിക്കേണ്ട, ഒക്കെ നിങ്ങളുടെ ഭഗവാന്‍ കാത്തുകൊള്ളും". ഒരു മുസ്ലിമായ അവന്റെ മനസ്സില്‍ ജാതിസ്പര്‍ദ്ധയൊ അസഹിഷ്ണുതയോ ഒന്നുമില്ല. ഒരു കൂടപ്പിറപ്പിനോടുള്ള സ്നേഹവും കരുതലും മാത്രം. ഒട്ടൊരു നഷ്ടബോധത്തോടെ ഞാന്‍ തിരിഞ്ഞു നോക്കി- അവരെ കാണാനായില്ല...
ശരീരമാകെ വേദനയാണ്. ചെറിയ പനിയും ഉണ്ട്. എല്ലാവരുടേയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെ. ഇനി രാത്രിയിലെ അഭയസ്ഥാനം കണ്ടെത്തണം. ശേഷ്നാഗില്‍ ഏഴു പര്‍വ്വതശിഖരങ്ങളാണ്. ഇവ ശേഷനാഗത്തിന്റെ ഫണങ്ങളായാണു കരുതപ്പെടുന്നത്. ശേഷ്നാഗ് തടാകവും ഇവിടെയാണ്. പച്ചനിറമുള്ള ഈ തടാകവും സ്വപ്നസുന്ദരമായ ദൃശ്യമാണ്. ഇവിടുത്തെ സ്നാനം അതിവിശിഷ്ടമാണെന്നു കരുതപ്പെടുന്നു. ഈസമയം മാത്രമേ ഉറയാതെ ഈ തടാകം കാണാന്‍ കഴിയൂ. മറ്റുമാസങ്ങളില്‍ ഈ തടാകം ഒരു മഞ്ഞുകട്ടയായി രൂപാന്തരം പ്രാപിക്കും. ഇവിടെനിന്നാണ് ലിഡ്ഡര്‍ നദി പിറവിയെടുക്കുന്നത്.
ഈപ്രദേശമാകെ ടെന്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എണ്ണമറ്റ ഈ ടെന്റുകളിലാണ് തീര്‍ത്ഥാടകര്‍ രാത്രി കഴിച്ചു കൂട്ടേണ്ടത്. ഓരോ ടെന്റിലും 10 പേര്‍ക്കുറങ്ങാം. രജായി എന്നു പറയുന്ന മെത്തയും കമ്പിളിയും ഓരോരുത്തര്‍ക്കും ലഭിക്കും. അതിനുള്ള പണമടച്ചു രസീതു വാങ്ങിയാല്‍ അവര്‍ ടെന്റിന്റെ നമ്പര്‍ നല്കും.ധാരാളം ശൗചാലയങ്ങളും താല്കാലികമായി സജ്ജീകരിച്ചിട്ടുണ്ട് ഞങ്ങള്‍ 14 പേരുള്ളതുകൊണ്ട് രണ്ടു ടെന്റുകള്‍ തരപ്പെടുത്തി. കുറെ ദൂരം നടന്നുവേണം അവിടെയെത്തേണ്ടത്. ടെന്റുകള്‍ക്കിടയിലൂടെ കഷ്ടിച്ചു നടക്കാനുള്ള വഴിയേ ഉള്ളു. എല്ലാ ടെന്റുകളും എല്ലാവഴിയും കാഴ്ചയ്ക്കൊരുപോലെ. ആകെ അവശനിലയിലാണ് അവിടെയെത്തിയത്. തൊട്ടടുത്തുള്ള ടെന്റില്‍ നിന്നും 'ഖാവ' എന്നു പേരുള്ള ഔഷധ ചായ ലഭിച്ചു.
കറുവപ്പട്ടയും ചുക്കും ഏലക്കായും പൊടിച്ച്, കുങ്കുമപ്പൂവും കാഷ്മീരിലുള്ള തേയിലയ്ക്കു സമാനമായ പൊടിച്ച ഇലയും തേനും ചേര്‍ത്തുണ്ടാക്കുന്ന അതിവിശിഷ്ടമായൊരു പാനീയം. അതുകുടിച്ചതും ഏതോ മന്ത്ര ശക്തിയാലെന്നതുപോലെ ഉന്‍മേഷം വീണ്ടെടുക്കാനായി. അപ്പൊഴേയ്ക്കും എല്ലായിടവും രാവിന്റെ കരവലയത്തിലായിരുന്നു. ഇവിടെയും ധരാളം സൗജന്യ ഭക്ഷണശാലകളുണ്ട് .എല്ലവരും ഭക്ഷണംകഴിക്കാന്‍ ഇറങ്ങി. പക്ഷെ തിരികെ ടെന്റിലെത്താന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു. ഞങ്ങളുടെ ടെന്റ് കണ്ടെത്താന്‍ കഴിയാതെ അലഞ്ഞതാണ്. എല്ലാവരും അപ്പോള്‍ വന്നവരായതുകൊണ്ട് ടെന്റ് നമ്പര്‍ പറഞ്ഞാല്‍ ആര്‍ക്കും അറിയുകയുമില്ല. ഒരുതരത്തില്‍ ടെന്റിലെത്തി അന്നത്തെ യാത്രാക്ഷീണമൊക്കെ ഇറക്കിവെച്ച് എല്ലാവരും നിദ്രയെ പുല്‍കി....
nalla yathra vivaranam
ReplyDeletethank you mam
Deleteനല്ലൊരു യാത്രാ വിവരണം .നന്ദി
ReplyDeleteനന്ദി , സന്തോഷം, സ്നേഹാ :)
DeleteThis comment has been removed by the author.
ReplyDelete