Thursday, August 1, 2013

പൈങ്കിളീ... എന്റെ പാട്ടുകാരീ...

അകലെയാക്കുന്നിന്‍ മുകളിലെപ്പൂമര-
ക്കൊമ്പിലങ്ങൊറ്റയ്ക്കിരുന്നുപാടും
പൈങ്കിളിപ്പെണ്ണേ കുരുന്നുപെണ്ണേ, നിന്റെ
പ്രിയനവനെങ്ങുപോയ് പാട്ടുകാരീ....

കൂടൊന്നു ചേലില്‍ ചമയ്ക്കവേണ്ടേ, പിന്നെ
സ്വപ്നത്തിന്‍ വിത്തു വിതയ്ക്കവേണ്ടേ, നിന്റെ
മോഹങ്ങളവനോടു ചൊല്ലിടേണ്ടേ, പേറു-
മണ്ഡങ്ങളൊന്നായ് ചൊരിഞ്ഞിടേണ്ടേ...

അവന്‍ പകര്‍ന്നേകുമാ സ്നേഹതാപം പകര്‍-
ന്നടയിരിക്കേണമാക്കൊച്ചു കൂട്ടില്‍
നിശീഥങ്ങളെങ്ങോ മറഞ്ഞുപോം പകലുക-
ളൊന്നായി യാത്രപറഞ്ഞുപോകും

ദുര്‍ഗ്ഗങ്ങള്‍ ഭേദിച്ചു വന്നീടുമൊരുനാളില്‍
പിഞ്ചുപൈതങ്ങളോ കൊഞ്ചലുമായ്
ശത്രുവിന്‍ ഭേദ്യവും പൈദാഹവും നീക്കി
നീ നിന്റെ ജീവന്‍ പകര്‍ന്നു നല്കും

ഒരുനാളിലവര്‍ തന്റെ ചിറകുകള്‍ വീശിയ-
ങ്ങകലേയ്ക്കു പാറിപ്പറന്നു പോകും
നിറയുമാ നിര്‍വൃതി വായ്ക്കും മനസ്സുമായ്
അതു നോക്കി നില്‍ക്കും നീ നിര്‍ന്നിമേഷം

വീണ്ടുമീപ്പൂമരക്കൊമ്പിലങ്ങേകയായ്
പാടിത്തളര്‍ന്നു നീ കാത്തിരിക്കും
നിന്റെ കണവനായ് പിന്നെയും കാത്തിരിക്കും
വീണ്ടുമൊന്നായിച്ചേരുവാന്‍ കാത്തിരിക്കും

3 comments:

  1. നന്നായിരിയ്ക്കുന്നു....അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക...

    ReplyDelete
    Replies
    1. എന്റെ അക്ഷരങ്ങളിലൂടെ കടന്നു പോയതിനു വളരെ നന്ദി സര്‍.

      Delete
  2. This comment has been removed by the author.

    ReplyDelete