Friday, September 27, 2013

ഒരു ഗാനം

നറു നിലാവല ഞൊറിഞ്ഞാട ചാര്‍ത്തി
നവ വധുവെന്നപോലീ നിശീഥം
നവ്യാനുരാഗിലം നയനമനോഹരം
കാവ്യസുമോഹനമീ നിശീഥം......(നറു....)

പാരിജാതം പൂത്തു പൂമണം പേറിയി-
ട്ടീവഴി പോകുന്നു മന്ദാനിലന്‍
സ്നേഹസുഗന്ധമാമാശ്ളേഷമൊന്നെനി-
ക്കേകിക്കടന്നു പോയ് ചോരനവന്‍...(നറു..)

മാനത്തിന്‍ മുറ്റത്തു കണ്‍ചിമ്മുമായിരം
താരകച്ചിന്തുകള്‍ നോക്കിനില്ക്കേ...
മൗനം കടം വാങ്ങിയെത്തുന്നു കൂരിരുള്‍
പനിമതി തന്‍ രാഗശയ്യയിങ്കല്‍.....(നറു...)

Tuesday, September 24, 2013

മധുമക്ഷികാവിലാപം


പൂവുകള്‍തോറും പാറിപ്പറന്നു ഞാന്‍
പൂവിനെ ചുംബിച്ചുണര്‍ത്തി

പൂമ്പൊടിയിത്തിരി ചുണ്ടില്‍ വഹിച്ചു ഞാന്‍
പൂന്തേനതിത്തിരി മൊത്തി

വന്നിതെന്‍ കൂട്ടിലൊരിത്തിരിക്കുഞ്ഞനാം
ചെപ്പുകള്‍ക്കുള്ളില്‍ നിറച്ചു

പരസഹസ്രം കൊച്ചുസൂനങ്ങളില്‍നിന്നു
മകരന്ദമേറിപ്പറന്നു .

വഴിയെത്ര താണ്ടി ഞാന്‍, പാറിപ്പറന്നു ഞാ-
നൊരിത്തിരിപ്പൂന്തേനിനായി

നാളെയെന്‍ പൈതങ്ങളെത്തുമൊന്നൊന്നായി
വേണമവര്‍ക്കു ഭുജിക്കാന്‍

ഞാന്‍ തേടി വയ്ക്കുമീ മധുരവും മധുവുമെന്നോ-
മനക്കുഞ്ഞുങ്ങള്‍ക്കായി

മന്നവാ, നീയെത്ര ശക്തനെന്നാകിലും
മോഷണത്തിന്നത്രേ കേമന്‍!

നീ വന്നു കവരുമെന്‍ സ്നേഹചഷകങ്ങളെ
നിര്‍ദ്ദയം നിര്‍ല്ലജ്ജമല്ലേ..

നാണമില്ലേ നിനക്കീവിധം തിന്‍മകള്‍
താണവരോടായി ചെയ് വാന്‍?



Wednesday, September 18, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-10


അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും - 10
=============================

ഞങ്ങളെ ഹോട്ടല്‍ മമ്തയില്‍ എത്തിച്ചശേഷം സഹയാത്രികര്‍ ജമ്മുവിലേയ്ക്കുള്ല പ്രയാണം തുടങ്ങി. ഹോട്ടലുകള്‍ക്കു പുറമേനിന്നു കാണുന്ന പ്രൗഢിയും സൗന്ദര്യവുമൊന്നും അവരുടെ ശുചിത്വബോധവുമായി തുലനം ചെയ്യാന്‍ സാധ്യമാകുന്നില്ല എന്നെനിക്കു തോന്നി. ചപ്പുചവറുകള്‍ അവിടവിടെ കൂടിക്കിടക്കുന്നതു കണ്ടു. പക്ഷെ ഞങ്ങള്‍ വേഗം തന്നെ ബാക്കിവെച്ച കാഴ്ചകളിലേയ്ക്കിറങ്ങാന്‍ തീരുമാനിച്ചു. ഹോട്ടല്‍ അധികൃതര്‍ വാഹനങ്ങളുടെ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്കുകള്‍, ദൂരം ഒക്കെ വിശദീകരിച്ചു തന്നു. പൊതുഗതാഗത സംവിധാനങ്ങളൂം ഉപയോഗിക്കാന്‍ സാധിക്കും. ഞങ്ങളും അവിടുത്തെ ബസ്സിലും ഓട്ടോറിക്ഷയിലുമായി അന്ന് ഒരുപാടു യാത്ര ചെയ്തു.  പൊതുവേ വിനയവും സൗഹൃദവും സത്യസന്ധതയും പെരുമാറ്റത്തില്‍ കാത്തു സൂക്ഷിക്കുന്നവരാണ് കാഷ്മീര്‍ ജനത. പിന്നെ ആരാണ് ഇവിടെ ഭീകരതയുടെ കരിനിഴല്‍ വീഴ്ത്തുന്നതെന്ന അത്ഭുതം മനസ്സിലവശേഷിക്കും. പക്ഷെ കാഷ്മീരിനെക്കുറിച്ചു മുന്‍പു മനസ്സിലുണ്ടായിരുന്ന ചിത്രമായിരുന്നില്ല അവിടെ കണ്ടറിയാന്‍ കഴിഞ്ഞത്.  '“Travel is fatal to prejudice, bigotry, and narrow-mindedness' എന്ന് മഹാപ്രതിഭയായിരുന്ന മാര്‍ക്ക് ട്വൈന്‍ പറഞ്ഞതോര്‍ത്തുപോയി.   '

ആദ്യം ജവഹര്‍ലാല്‍ നെഹൃ മെമ്മോറിയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയ്ക്കാണു പോയത്. ഇവിടെ ഇതോടൊപ്പം തന്നെ ഒരു  Plants Introducing Centre, Recreation Centre, Research Centre എന്നിവ കൂടിയുണ്ട്. 200 ഏക്കറോളം വിസ്തൃതിയുള്ള ഈ ഉദ്യാനസമുച്ചയത്തിന് ബോട്ടിംഗ് സൗകര്യമുള്ള ഒരു തടാകവും ഉണ്ട്. മുഗള്‍ ഉദ്യാനങ്ങളോടും ദാല്‍ തടാകത്തിനോടും ചേര്‍ന്നുസ്ഥിതിചെയ്യുന്ന ഈ ഉദ്യാനം പക്ഷെ മുഗള്‍ ഉദ്യാനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നു.  ആധുനിക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സുന്ദരാരാമത്തിന്റെ മനോഹാരിത വര്‍ണ്ണിക്കാന്‍ തന്നെ വാക്കുകളില്ല. മുന്നൂറു ജാതികളിലായി ഒന്നരലക്ഷത്തോളം അലങ്കാരച്ചെടികള്‍ ഈ ഉദ്യാനത്തിലുണ്ട്. തനതായ ഭൂപ്രകൃതിക്കു കോട്ടം വരുത്താത്ത നിര്‍മ്മാണ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.  മഞ്ഞ നിറമുള്ള ആമ്പല്‍പ്പൂക്കളും നീലപ്പൂക്കളുള്ള റോസ് മേരി ചെടികളും വിവിധതരത്തിലെ പ്രാണഭോജികളായ  സസ്യങ്ങളും ഭീമാകാരമാര്‍ന്ന കടും നിറങ്ങളിലെ ഡാലിയാപ്പൂക്കളും പലയിനം ഔഷധ സസ്യങ്ങളുമൊക്കെ  ഇപ്പോഴും വിസ്മയമായി അകക്കണ്ണില്‍ തെളിയുന്നു.


അതിനടുത്തു തന്നെയാണ്  ഈന്ദിരാഗാന്ധി മെമ്മൊറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍. കാഷ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദിന്റെ ആശയമാണ് ഈ സുന്ദരോദ്യാനസൃഷ്ടിക്കു പിന്നില്‍. 2006-07 ലാണ് ഇതിന്റെ നിര്‍മ്മാണം.ഏഷ്യയിലെ ഒന്നാമത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ട്യൂലിപ് ഗാര്‍ഡന്‍ 20 ഏക്കറിലായി 20 ലക്ഷത്തോളം ട്യൂലിപ് ചെടികള്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന  ഈ
 ഉദ്യാനം പക്ഷെ  ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരുവലിയ
 മൈതാനം മാത്രമായിരുന്നു. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ ഇവിടെ പുഷ്പവിസ്മയം ഉണ്ടാവുകയുള്ളു. 

ആസമയത്ത് ഇവിടമാകെ പൂമെത്ത വിരിച്ചതുപോലെ വിവിധ വര്‍ണ്ണങ്ങളിലുള്ള ട്യുലിപ് പൂക്കള്‍ കൊണ്ടു നിറയും. ഹോളണ്ടില്‍ നിന്നു വരുത്തിയ മൂന്നര ലക്ഷത്തോളം ട്യൂലിപ് കിഴങ്ങുകളാണ് ഇവിടെ വസന്തം വിരിയിക്കുന്നത്.  മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം തന്നെയായിരിക്കും.  പൂക്കള്‍ കൊഴിഞ്ഞാല്‍  പിന്നെ ശൂന്യതയാണ്. ഉദ്യാനത്തിന്റെ ഓരം ചേര്‍ന്നുള്ള കൃഷിയിടത്തില്‍ പഴങ്ങള്‍ പാകമായ ആപ്പിള്‍മരങ്ങള്‍. അവിടുത്തെജോലിക്കാരോടനുവാദം വാങ്ങി മരത്തില്‍ നിന്ന് ആപ്പിള്‍ പറിച്ചു ഭക്ഷിച്ചു. അതുമൊരു മോഹമായിരുന്നു.  അവിടെ കണ്ട ഒരു മള്‍ബറിമരത്തിലെ ഭീമന്‍ കായ്കള്‍ ഒരു കൗതുകക്കാഴ്ച്ചയായി. കറുകറുത്ത വലിയ പഴങ്ങള്‍ക്ക് നല്ല മധുരവും ഉണ്ടായിരുന്നു.   പിന്നീടാണറിഞ്ഞത് അത് ബ്ലാക്ക്‌ ബെറി ആണെന്ന്.


വളരെ സമയം കാത്തുനിന്നശേഷമാണ് ഒരു ഓട്ടോറിക്ഷ ലഭിച്ചത്.  നേരേ ചെഷ്മഷാഹിയിലേയ്ക്കു പോയി . അവിടുത്തെ അത്ഭുത പ്രവാഹത്തില്‍ നിന്ന് ഔഷധജലവും കുടിച്ചു. കുറെസമയം ആ ഉദ്യാനഭംഗിയിലൂടെ നടന്നശേഷം പരിമഹലിലേയ്ക്ക്.  ഇതൊരു ഉദ്യാനത്തേക്കാളേറെ ചരിത്രസ്മാരകമെന്നു പറയാം.  അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രേതഭൂമി. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  പുത്രനായ ദാരാ ഷിക്കൊവ്  പഴയ ഒരു ബുദ്ധസന്യാസകേന്ദ്രം ഒരു കൊട്ടാരക്കെട്ടും അതിനോടു ചേര്‍ന്നുള്ള വലിയ ഉദ്യാനവുമായി മാറ്റി എടുത്തതാണിത്.  അവിടേയ്ക്കുള്ള മലകയറി പോകുന്ന  വഴിയും ദാരാ ആണു നിര്‍മ്മിച്ചത്.  ഈ ഉദ്യാനത്തിന്റെ ഏതുഭാഗത്തുനിന്നാലും ദാല്‍ തടാകം ദൃശ്യമാകും. സൂഫി ഗുരുവായിരുന്ന മുല്ല ഫാബഭക്ഷിയുടെ കീഴില്‍ ജ്യോതിശസ്ത്രപഠനത്തിനായാണ് ദാരാഷിക്കോവ് ഇവിടെ കഴിഞ്ഞത്. ആറുതടങ്ങളില്ലായി ഈ ചരിത്രസ്മാരകം നിലകൊള്ളുന്നു. മഹാപണ്ഡിതനായിരുന്ന അദ്ദേഹം ഭരണത്തില്‍ മികവു കാട്ടിയിരുന്നില്ല. അധികാരത്തിനായി തന്റെ  ഇളയ സഹോദരന്‍  ഔറംഗസീബിനാല്‍ ആദ്ദേഹം വധിക്കപ്പെട്ടത് ഇക്കാരണത്താല്‍ മാത്രമായിരുന്നില്ല. 
തന്റെ പിതാമഹനായിരുന്ന അക്ബറുടെ പാത പിന്‍തുടര്‍ന്ന് മത്സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയും മറ്റു മതഗ്രന്ഥങ്ങളില്‍ അറിവു നേടുകയും മതപണ്ഡിതന്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തത് അദ്ദേഹത്തെ ഇസ്ളാം മതത്തിനു് അനഭിമതനാക്കി . അതുകൊണ്ടു തന്നെ വളരെ നീചമായാണ് മതഭ്രാന്തനായിരുന്ന ഔറംഗസീബ് അദ്ദേഹത്തെ വധിച്ചത്.
ദാരാഷിക്കോവിന്റെ തലയറുത്ത് തുറുങ്കിലടച്ചിരുന്ന ഷജഹാന് കൊടുത്തയച്ചു എന്നാണു ചരിത്രഭാഷ്യം. രോഗബാധിതനായ പിതാവിനെ തടവിലാക്കി, സഹോദരങ്ങളെ നിര്‍ദ്ദയം വധിച്ചശേഷമാണ്  ഔറംഗസീബ്  സിംഹാസനം നേടിയെടുത്തത്.  പരിമഹലും ചേര്‍ന്നുള്ള  ഉദ്യാനവും ദാല്‍തടാകവും അതിമനോഹരമായ കാഴ്ചയാണെങ്കിലും അനിര്‍വ്വചനീയമായൊരു മൂകത അവിടെമാകെ തളംകെട്ടിനില്‍ക്കുന്നതുപോലെ.. ജ്യോതിശാസ്ത്രവും വാനനിരീക്ഷണവും ഗണിതശാത്രവും വേദങ്ങളും ഇതിഹാസങ്ങളും  മനസ്സില്‍ നിറച്ച് അവിടെക്കഴിഞ്ഞ നിഷ്കളങ്കനായ ഒരു രാജകുമാരന്റെ ആത്മാവ് ഇപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റില്‍ അവിടെയാകെ വ്യാപരിക്കുന്നുണ്ടാകാം.
ഷാജഹാന്‍ ചക്രവര്‍ത്തി അനേകം മനോഹരസൗധങ്ങള്‍ നിര്‍മ്മിച്ചു ചരിത്രത്താളുകളില്‍ നിര്‍ണ്ണായക സ്ഥാനം നേടിയെടുത്തെങ്കിലും ഒരുപാടു ക്രൂരതകളും ചെയ്തുകൂട്ടിയിരുന്നു. പിതാവിന്റെ ദുഷ്ക്കര്‍മ്മങ്ങളുടെ ഫലവുമാവാം  ആ പാവം കുമാരന്‍ അനുഭവിച്ചത് എന്നെനിക്കു തോന്നി.

വീണ്ടും ഷാലിമാര്‍ബാഗിന്റെ സൗന്ദര്യത്തിലേയ്ക്ക് ഒരിക്കല്‍കൂടി..വൈദ്യുതവിളക്കുകളുടെ ഉജ്ജ്വലപ്രഭയില്‍ നയനമനോഹരിയായി ഉദ്യാനവും രാവിന്റെ വശ്യസൗന്ദര്യവുമായി ദാല്‍ത്തടാകവും. ശ്രീനഗറിലെ രാക്കാഴ്ചകള്‍ കണ്ട്, അത്താഴവും കഴിച്ച് ഹോട്ടലില്‍ മടങ്ങിയെത്തി. മടക്കയാത്രയ്കൂള്ള തയാറെടുപ്പുകള്‍ നടത്തി ഉറങ്ങാന്‍ കിടന്നു. രാത്രി ഹോട്ടലില്‍ കൊണ്ടുവന്നു വിട്ട ഓട്ടോറിക്ഷക്കാരന്‍  രാവിലെ വരാമെന്നു പറഞ്ഞിരുന്നു വിമാനത്താവളത്തില്‍ എത്തിക്കാന്‍. അയാള്‍ എത്തുന്നതിനു മുന്‍പ്  ഞങ്ങള്‍ ആ പരിസരമൊക്കെ ഒന്നുകൂടി ചുറ്റിക്കറങ്ങി. പ്രഭാതഭക്ഷണവും കഴിച്ചു തിരികെയെത്തിയപ്പോള്‍ ഓട്ടോറിക്ഷ തയാര്‍.


വിമാനത്തിലിരുന്നുള്ള ഹിമാലയക്കാഴ്ചയും അവിസ്മരണീയം. വിമാനം നേരിട്ടു ബോംബേയ്ക്കായിരുന്നില്ല. ജമ്മു വഴി യുള്ളതായിരുന്നു. എങ്കിലും രണ്ടുമണിക്കൂറില്‍ ബോംബെയിലെത്തി.

ഒരുപാടു നല്ല അനുഭവങ്ങളും കണ്ണിനും മനസ്സിനും വിരുന്നു നല്കിയ മറക്കാനാവാത്ത കാഴ്ച്ചകളും ഏറെ അറിവുകളും പ്രദാനം ചെയ്തൊരു യാത്രയുടെ പരിസമാപ്തി. ഈ യാത്രയ്ക്കു കാരണഭൂതരായ എല്ലാപേരോടും സ്നേഹസമ്പന്നരായ സഹയാത്രികരോടും, എല്ലാവിധ സഹായങ്ങളും നിര്‍ലോപം നല്കിയ കാഷ്മീര്‍ ജനതയോടും എല്ലാറ്റിനുമുപരിയായി ഈ യാത്രയില്‍ യാതൊരു പ്രയാസങ്ങളും വരുത്താതെ അനുഗ്രഹം ചൊരിഞ്ഞ പ്രകൃതീദേവിയോടും ഉള്ള കൃതജ്ഞതാസാഗരം തന്നെ ഹൃദയത്തില്‍ അലയടിക്കുന്നു. വിമാനമിറങ്ങി പുറത്തുകടക്കുമ്പോള്‍ കാത്തുനില്‍ക്കുന്ന സുകൃതം 'അച്ഛനുമമ്മയും എന്നെത്തനിച്ചാക്കി പോയില്ലേ' എന്നൊരു പരിഭവത്തിന്റെ  ലാഞ്ഛന പോലുമില്ലാതെ മുഖം നിറയെ വിടര്‍ന്ന ചിരിയുമായി കൈവീശിക്കാട്ടി മകന്‍.  ഈ യാത്ര സഫലം.

(ഈ അക്ഷര യാത്രയില്‍ എന്നോടൊപ്പം നടന്ന എല്ലാപേര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഇനി മറ്റൊരു  യാത്രാവിശേഷവുമായി നമുക്കു കൈകോര്‍ക്കാമെന്ന പ്രത്യാശയുമായി 
സസ്നേഹം മിനി )

Sunday, September 15, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും -9

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും -9
============================

പുലരിവെളിച്ചം ജാലകവിരിക്കിടയിലൂടെ ഒളിഞ്ഞുനോക്കുമ്പോഴേയ്ക്കും ഉറക്കമുണര്‍ന്നിരുന്നു. തിരശ്ശീലമാറ്റിനോക്കുമ്പോള്‍ ചില്ലുജാലകത്തിനപ്പുറത്തൊരു ഹരിതവിസ്മയം. താഴെയുള്ള വിശാലമായ പുല്‍ത്തകിടിക്കപ്പുറം ഒരു ചെറിയ കൃഷിയിടം. പഴങ്ങള്‍ പാകമായിത്തുടങ്ങിയ ആപ്പിള്‍ മരങ്ങളും പിയറും വളര്‍ന്നുനില്‍ക്കുന്ന തോട്ടത്തില്‍ ഇടവിളയായി ഉരുളക്കിഴങ്ങു ചെടികളും പൂത്തുലഞ്ഞുനില്‍ക്കുന്നു. അതിനുമപ്പുറം ഉയര്‍ന്ന കമ്പിവേലിക്കു പിന്നില്‍ ഉയര്‍ന്ന ഗിരിശിഖരത്തിലേയ്ക്കു കയറിപ്പോകുന്ന ഡച്ചിഹാം ദേശീയോദ്യാനം. ഇടതൂര്‍ന്നു വളര്‍ന്നു നില്ക്കുന്ന വൃക്ഷങ്ങളിലെ  പച്ചയുടെ വിവിധ വര്‍ണ്ണഭംഗി.
ഇടതുവശത്തെ വേലിക്കെട്ടി നപ്പുറം ഹാര്‍വന്‍ ഉദ്യാനത്തിലെ വലിയ തായ്ത്തടികളുള്ള ചിനാര്‍മരങ്ങള്‍. ഈ ഹരിതവര്‍ണ്ണത്തിന് എത്ര വൈവിധ്യങ്ങളാണു പ്രകൃതിയില്‍!  .....കാഴ്ച കണ്ടു നിന്നാല്‍ സമയം പോകുന്നതറിയില്ല. ചെഷ്മഷാഹിയും പരിമഹലും സന്ദര്‍ശിച്ചശേഷം ഗുല്‍മാര്‍ഗ്ഗിലെയ്ക്കു പോകണം. 

മറ്റു മുഗള്‍ ഉദ്യാനങ്ങളെ പോലെ തന്നെ ദാല്‍ തടാകത്തിനഭിമുഖമായി കുന്നിന്‍ചെരുവില്‍ തട്ടുകളായാണ് ചെഷ്മ ഷാഹിയും. മൂന്നു തട്ടുകളിലൂടെ  ഉദ്യാനമധ്യത്തിലൂടെ ഒഴുകിയിറങ്ങുന്ന കല്ലോലിനി ദാല്‍ തടാകത്തിലേയ്ക്കു ചേരും.
1632-ല്‍ ഷജഹാന്‍ ചക്രവര്‍ത്തി ഇറാനിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചതാണ് ഈ മോഹനോദ്യാനം.
കുറേ അധികം പടവുകള്‍ കയറിവേണം ആദ്യതടത്തിലെത്താന്‍ .പടവുകള്‍ക്കിരുവശവും ചരിഞ്ഞുകിടക്കുന്ന പുല്‍ത്തകിടിയും ഇടയ്ക്കു ഭംഗിയില്‍ വളര്‍ത്തിയിരിക്കുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും. ആദ്യ തടത്തിലെത്തിയാല്‍ മുകളില്‍ മിനുസമുള്ള കല്‍പടവുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലവാഹിനി തീര്‍ക്കുന്ന സമചതുരാകൃതിയിലുള്ല ഒരു പൊയ്ക കാണാം. ഇരുവശങ്ങളില്‍ വശ്യതയാര്‍ന്ന ഉദ്യാനഭംഗി. രണ്ടാമത്തെ തടവും കടന്നു മുകളിലെത്തിയാല്‍ അവിടെ നമ്മെക്കാത്ത് ഒരത്ഭുതമുണ്ട്. വിശേഷപ്പെട്ട ഒരു നീരുരവ.
പിന്നിലുള്ള ഹിമവല്‍സാനുക്കളിലെ ഏതോ മഞ്ഞുപാളികളില്‍ നിന്നൊഴുകിയെത്തുന്ന ഈ ജലധാരയ്ക്ക്  ഔഷധഗുണ മുണ്ടത്രേ. ഇതു കുടിക്കുമ്പോള്‍  തന്നെ പ്രത്യേകമായൊരു ഉന്‍മേഷം അനുഭവേദ്യമാകുഎന്നാണ് പറയുന്നത്. ധാരാളം പേര്‍ ഈ ജലം ശേഖരിച്ചുകൊണ്ടുപോകാന്‍ വലിയ ക്യാനുകളും മറ്റു സംഭരണികളും ഒക്കെയായി ക്യൂ നില്‍ക്കുന്നു ണ്ടായി രുന്നു.
ജവഹര്‍ലാല്‍ നെഹ്രു ഈ ജലം മാത്രമാണത്രെ കുടിച്ചിരുന്നത്. മുഗള്‍ രാജകൊട്ടരത്തിലെ അടുക്കളയില്‍ പാചകത്തിന് ഇവിടെ നിന്നു കൊണ്ടുപോയിരുന്ന ജലമായിരുന്നു ഉപയോഗിച്ചുപോന്നിരുന്നത്. നൂര്‍ജഹാന്റെ  ദീര്‍ഘകാലമായുണ്ടായിരുന്ന രോഗം  ഭേദമാക്കിയത് ഈ ജലപാനം കൊണ്ടാണെന്നാണു വിശ്വാസം. ഈ ജലമാണ് റാണിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ്  മറ്റൊരു  പക്ഷം. ഇവിടെ ഒരു മണ്ഡപവും ചെഷ്മഷാഹിദി എന്ന ദേവാലയവും ഉണ്ട്. 

ഉദ്യാനത്തില്‍ ധാരാളം പൂച്ചെടികളും വൃക്ഷങ്ങളും ഒക്കെയുണ്ട്. മറ്റെങ്ങും  കണ്ടിട്ടില്ലാത്ത കറുത്തപൂക്കള്‍ അവിടെ കാണാന്‍ കഴിഞ്ഞു. ഉയരത്തില്‍ നിന്നുള്ള ദാല്‍ത്തടാകദൃശ്യം സ്വപ്നസദൃശമാണ്. പക്ഷെ അവിടെ ചിലവഴിക്കാന്‍ വളരെ കുറച്ചു സമയമേ ഉള്ളു.
ഗുല്‍മാര്‍ഗ്ഗിലേയ്ക്കു പോകേണ്ടതുകൊണ്ട്  തൊട്ടടുത്തുള്ള പരിമഹല്‍ സന്ദര്‍ശനവും വേണ്ടെന്നുവെച്ചു ധൃതിയില്‍ യാത്രയായി. അടുത്തദിവസം ഞങ്ങള്‍ ഇരുവരുമൊഴികെയുള്ള സംഘാംഗങ്ങള്‍  ജമ്മുവിലേയ്ക്കു യാത്രയാകും. വൈഷ്ണവദേവി ദര്‍ശനം കഴിഞ്ഞ്  ഡല്‍ഹിയും ആഗ്രയും ഒക്കെ സന്ദര്‍ശിച്ച ശേഷമേ അവര്‍ മുംബൈക്കു മടങ്ങൂ. ഞങ്ങള്‍ വിമാനമാര്‍ഗ്ഗം മുംബൈക്കു പോകാനാണു പരിപാടി. മകന്‍ വീട്ടില്‍ തനിച്ചാണ്. എത്രയും നേരത്തെ അവന്റെയടുത്തെത്തണം. ഗുവഹട്ടി ഐ ഐ ടി വിദ്യാര്‍ത്ഥിയായ അവന് അടുത്ത ദിവസം തന്നെ  ഹോസ്റ്റലിലേയ്ക്കു മടങ്ങേണ്ടതാണ്.  അതിനുള്ള ഒരുക്കങ്ങളും നടത്തേണ്ടതുണ്ട്.   അമര്‍നാഥ് യാത്രകഴിഞ്ഞ ഉടനെതന്നെ ടിക്കറ്റ് നോക്കിയെങ്കിലും തിരക്കുള്ള സമയമായതിനാല്‍ മൂന്നു ദിവസം കഴിഞ്ഞുള്ളതേ കിട്ടിയുള്ളു. അവര്‍ പോയശേഷം ഒരു ദിവസം കൂടി ശ്രീനഗറില്‍ ഉണ്ട്. അപ്പോള്‍ വീണ്ടും ചെഷ്മഷാഹിയും പരിമഹലും സന്ദര്‍ശിക്കണം എന്നുവിചാരിച്ചു. ചെഷ്മഷാഹിയിലെ ഔഷധജലം കുടിച്ചുനോക്കുകയും വേണം.  ഇനിയുമുണ്ട്   സന്ദര്‍ശിക്കാന്‍ ഇവിടെ വേറേയും ഉദ്യാനങ്ങള്‍. ബൊട്ടാണിക്കള്‍ ഗാര്‍ഡന്‍, ട്യൂലിപ് ഗാര്‍ഡന്‍.. അങ്ങനെ.....

ഗുല്‍മാര്‍ഗ്ഗിലേയ്ക്ക് അറുപതു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ശ്രീനഗറില്‍ നിന്ന്. ഒന്നര മണിക്കൂറോളം നീണ്ട യാത്ര. പക്ഷെ പാതയ്ക്കിരുവശവുമുള്ള ആപ്പിള്‍- ചെറി- തോട്ടങ്ങളുടെയും മറ്റും ഭംഗിയാസ്വദിക്കാന്‍ പലയിടത്തും ഇറങ്ങിക്കയറി സമയമൊരുപാടു കടന്നുപോകും.
പിന്നെ നാടന്‍ ഭക്ഷണശാലകളിലെ ഭക്ഷണവും ആസ്വദിച്ചു കഴിക്കാം. പട്ടാളക്കാരുടെ സാന്നിധ്യം എവിടെയും ഉണ്ടാകും.  ഇടയ്ക്ക് എതിരെവരുന്ന വാഹനങ്ങളില്‍ നിറയെ യാത്രക്കാര്‍. ചിലപ്പോള്‍ ബസിനു മുകളിലും ആള്‍ക്കാര്‍ ഇരിക്കുന്നതുകാണാം. അവിടുത്തെ ബസ്സുകള്‍ വളരെ കുറുകിയതാണ്. വളഞ്ഞും പുളഞ്ഞും പോകുന്ന മലമ്പാതയായതുകൊണ്ടാവാം അങ്ങനെ.  ഗുല്‍മാര്‍ഗ്ഗിലേയ്ക്കടുക്കുമ്പൊള്‍ ഹരിതഭംഗിയ്ക്കപ്പുറം മഞ്ഞു വീണുറഞ്ഞ ഗിരിശിഖരങ്ങള്‍ ദൃശ്യമാകും. ഒടുവില്‍ ആ സ്വര്‍ഗ്ഗഭൂമിയിലേയ്ക്കെത്തുകയായി- ഒരു പ്രണയകാവ്യം പോലെ സുന്ദരിയായ ഗുല്‍മാര്‍ഗ്ഗ്....

ഗുല്‍മാര്‍ഗ്ഗ് എന്ന വാക്കിനര്‍ത്ഥം പൂക്കളുടെ താഴ്വര എന്നാണ്. പേരന്വര്‍ത്ഥമാക്കുന്ന പൂമെത്ത തന്നെയാണ് അവിടുത്തെ വിശാലമായ പുല്‍മേടുകളില്‍ കാണാന്‍ കഴിയുക. അഫര്‍വത് മലനിരകളുടെ താഴവരയിലെ പീഠഭൂമിയാണ് ഈ വിശാലമായ പുഷ്പലോകം.
മഞ്ഞുകാലമായാല്‍ ഇവിടെമാകെ മഞ്ഞിന്‍പുതപ്പിനുള്ളിലാകും. മഞ്ഞുകാലവിനോദങ്ങള്‍ക്ക് പുകള്‍പെറ്റ കേന്ദ്രമാണ് ഗുള്‍മാര്‍ഗ്ഗ്. അതിനായി ഉയരത്തിലുള്ള മഞ്ഞുമലകളിലേയ്ക്കു പോകേണ്ടതുണ്ട്. കേബിള്‍ കാര്‍ (റോപ് വേ) അതിനുള്ള മാര്‍ഗ്ഗം. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേ ആണ് ഗൊണ്ടോള എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ കേബിള്‍ കാര്‍. ഏറ്റവും നീളമുള്ളതും ഇതുതന്നെ.  ഫ്രഞ്ചു കമ്പനിയായ പൊമംഗല്‍സ്കിയുമായി ചേര്‍ന്ന് കാഴ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു സംരംഭമാണിത്.
 വാഹനമിറങ്ങിയശേഷം  ഒരുകിലോമീറ്റര്‍ നടന്നോ കുതിരപ്പുറത്തോ പോയിവേണം ഗൊണ്ടോളയുടെ അടുത്തെത്താന്‍ . മഞ്ഞുമലയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങളും റബ്ബര്‍ ബൂട്സും ഒക്കെ ഇവിടെ വാടകയ്ക്കു കിട്ടും. രണ്ടു സ്ടേഷനുകളാണ് ഗൊണ്ടോളയുടെ മാര്‍ഗ്ഗത്തില്‍. 10 മിനിട് സഞ്ചരിച്ചാല്‍ കൊങ്ങ്ടൂര് (Kongtoor), പിന്നെയും 12 മിനിട് അഫര്‍വത് കൊടുമുടി. പ്രത്യേകം ടികറ്റ് നിരക്കുകളാണ് ഈ രണ്ടു കേന്ദ്രത്തിലേയ്ക്കും. 

മഞ്ഞില്‍ കളിക്കാന്‍ തയ്യാറായി അതിനുള്ള  വസ്ത്രങ്ങളൊക്കെ ധരിച്ചാണ് ഞങ്ങള്‍ പോയത്. മഴപെയ്തു വഴി ആകെ ചളിപിടിച്ചതിനാല്‍ കുതിരയേ ആശ്രയിച്ചു.  ആദ്യത്തെ സ്ടേഷനിലേയ്ക്കാണു ടിക്കറ്റ് എടുത്തത്. ആറുപേര്‍ക്ക് ഒരു സമയം ഗൊണ്ടോളയില്‍ യാത്രചെയ്യാം. താഴെയുള്ള കൊച്ചുഗ്രാമവും കൃഷിസ്ഥലങ്ങളും പിന്നിലാക്കി പൈന്‍മരക്കാടുകള്‍ക്കു മുകളിലൂടെയുള്ള അവിസ്മരണീയമായ യാത്ര. 
പ്രകൃതിയെ ഒട്ടും വേദനിപ്പിക്കതെയുള്ള  യാത്രാ മാര്‍ഗ്ഗം. മുകളിലേയ്ക്കുള്ല യാത്രയില്‍ കാണാം കളികളൊക്കെ കഴിഞ്ഞു മടങ്ങുന്ന യാത്രമാരുമായി മടങ്ങുന്ന കേബിള്‍ കാറുകള്‍. .. പക്ഷെ കൊംഗ്ടൂര്‍ ഞങ്ങളെ നിരാശപ്പെടുത്തി. അവിടെ ഒട്ടും തന്നെ മഞ്ഞുണ്ടായിരുന്നില്ല. അഫര്‍വതിലേയ്ക്കു പോകാന്‍ സമയവുമില്ല. ഇട്ടിരിക്കുന്ന മഞ്ഞുവസ്ത്രങ്ങള്‍ ഞങ്ങളെനോക്കി പരിഹസിച്ചപോലെ.. മുന്‍പ്   മണാലിയിലും തവാംഗിലുമൊക്കെ മഞ്ഞില്‍ കളിച്ച ഓര്മ്മകള്‍ അയവിറക്കി , ആ മലനിരകളുടെ ഭംഗി ആസ്വാദിച്ച് കുറച്ചു സമയം അവിടെ ചിലവഴിച്ചു. അഫര്‍വത്തിലെ മഞ്ഞുമേലാപ്പില്‍ സ്കീയിങ്ങും മറ്റു മഞ്ഞുകാലവിനോദങ്ങളും അരങ്ങേറുന്നു. ഏറ്റവും വലിയ സ്കീയിംഗ് റിസോര്‍ട്ട് ഇവിടെയാണ്. മഞ്ഞുകാലവിനോദങ്ങള്‍ക്കുള്ള അന്തര്‍ദ്ദേശീയ മല്‍സരങ്ങള്‍ക്കുവരെ ഗുള്‍മാര്ഗ്ഗ് വേദിയാകാറുണ്ട്  . 

വീണ്ടും മുകളിലേയ്ക്കു പോകാതെ ഞങ്ങള്‍ മടങ്ങി. ശ്രീനഗറില്‍ സംഘാംഗങ്ങള്‍ക്കു ഷോപ്പിംഗിനു പോകണം. ശ്രീനഗറിന്റെ ഓര്‍മ്മയ്ക്കായി ഇവിടുത്തെ തനതു കൗതുകവസ്തുക്കളും ചിത്രപ്പണികളുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ എല്ലാവര്‍ക്കും വാങ്ങാനുണ്ട്. ഒരംഗത്തിന്റെ കാഷ്മീരി സുഹൃത്ത് ഏര്‍പ്പാടാക്കിയിരിക്കുന്ന അത്താഴവിരുന്നും. ഞങ്ങള്‍ക്ക് അടുത്ത ദിവസം താമസിക്കാന്‍ വിമാനത്താവളത്തിനടുത്ത് ഹോട്ടലും കണ്ടെത്തണം. ഒപ്പമുള്ളവര്‍ പുലര്‍ച്ചെ തന്നെ ജമ്മുവിലേയ്ക്കു തിരിക്കും. ഒരുപകലും രാത്രിയും ഞങ്ങള്‍ക്കിവിടെ ബാക്കി. അതിനടുത്ത ദിവസം ഉച്ച്യ്ക്കു 12 മണിക്കാണു ഞങ്ങളുടെ ഫ്ലൈറ്റ്.








Tuesday, September 10, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും - 8

ഹൗസ് ബോട്ടിലെ ഉറക്കം എനിക്കത്ര സുഖകരമായി തോന്നിയിരുന്നില്ല.  തടിയില്‍ നിര്‍മ്മിച്ചതായതു കൊണ്ടാവാം, ബോട്ടിന്റെ ഏതെങ്കിലും ഭാഗത്തു ചെറിയ ശബ്ദമുണ്ടായാല്‍ പോലും വലിയ മുഴക്കത്തൊടെ കേള്‍ക്കും. അമ്മമനസ്സിന്റെ ജാഗ്രതയാലാവാം, മകന്‍ ജനിച്ചപ്പോള്‍ മുതലുള്ള ശീലമാണ് ചെറിയ അനക്കം കേട്ടാലും ഞെട്ടി ഉണരുകയെന്നത്.  അതുകൊണ്ടു കഴിഞ്ഞ രണ്ടു രാത്രികളിലും എനിക്കു നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതിരാവിലെ തന്നെ ബോട്ടുടമ ഖാവയുമായെത്തി. സമ്പന്നതയിലും വാര്‍ദ്ധക്യത്തിലും തന്റെ ആതിഥ്യമര്യാദ മറക്കാ




ന്‍ കൂട്ടാക്കാത്ത ആ നല്ല മനുഷ്യനോടു വല്ലാത്ത ബഹുമാനം തോന്നി. എത്രയോ വര്‍ഷങ്ങളായി ബോട്ട് ഹൌസിന്റെ നടത്തിപ്പുകാരാണവര്‍. കാഷ്മീര്‍ ഭരിച്ചിരുന്ന ദോഗ്ര രാജവംശത്തിന്റെ കാലത്ത്  ദാല്‍ തടാകക്കരയില്‍ കെട്ടിടങ്ങള്‍ നിര്‍ക്കിക്കുന്നതു നിരോധിച്ചിരുന്നു. തുടര്‍ന്നു വന്ന ബ്രിട്ടീഷുകാരും ഈ നിയമം നിലനിര്‍ത്തി പോന്നു. അങ്ങനെയാണ് വലിയ ബോട്ട് ഹൗസുകളില്‍ താമസമൊരുക്കാന്‍ ആശയം രൂപപ്പെട്ടത്. ഒരു ബോട്ടില്‍ മൂന്നോ നാലോ മുറികള്‍ താമസത്തിനുണ്ടാകും. വലിയൊരു സ്വീകരണമുറിയും. ആധുനികരീതിയില്‍ സജ്ജീകരിച്ചിരിക്കുന്നതാണു മുറികളൊക്കെ.  ഓരോ ഹൗസ് ബോട്ടും ഓരോ 'മിനി ഇംഗ്ളണ്ട്' എന്നാണറിയപ്പെടുന്നത്.  ഭക്ഷണവും പറയുന്ന സമയത്തു മുറിയില്‍ എത്തിച്ചു തരും. പക്ഷെ ഞങ്ങള്‍ ഗ്രൂപ്പായിരുന്നതുകൊണ്ട്  ബോട്ടുകള്‍ക്കിടയിലുള്ള ചെറിയ ഉദ്യാനത്തിലിരുന്നാണു ഭക്ഷണം കഴിച്ചത് - ആപ്പിള്‍ മരങ്ങളും ചെറിയും മാതളവും ഒക്കെ പൂത്തു കായ്ച്ചു നില്ക്കുന്നതിനു താഴെ പുല്‍ത്തകിടിയില്‍ നില്ക്കുന്ന അലങ്കാരച്ചെടികള്‍ക്കിടയില്‍....


എന്നെപ്പോലെതന്നെ  ബോട്ട് ഹൗസിലെ  ഉറക്കം  മറ്റുള്ളവര്‍ക്കും സുഖകരമാകാതിരുന്നതു കൊണ്ടാവാം അന്നു ഞങ്ങള്‍ അവിടുത്തെ താമസം അവസാനിപ്പിച്ച്  ഹോട്ടലിലേയ്ക്കു മാറാന്‍ തീരുമാനിച്ചത്.  അതുകൊണ്ടു തന്നെ  ബാഗൊക്കെ പായ്ക്ക് ചെയ്താണ് അവിടുന്നു യാത്രയായത്.  പകല്‍  കാണാനിരിക്കുന്നത് ശ്രീനഗറിലെ പ്രസിദ്ധമായ ഉദ്യാനങ്ങളായ മുഗള്‍ ഗാര്‍ഡന്‍സ് ആണ്. അക്ബറിന്റെ കാലം മുതല്‍ കാഷ്മീര്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു. പീര്‍ പാഞ്ചാല്‍ പര്‍വ്വതനിരകളിലുള്ള ഹരിപര്‍ബത് എന്ന മലമുകളില്‍ അദ്ദേഹം   നിര്‍മ്മിച്ച  ഒരു കോട്ട  തടാകത്തില്‍ നിന്നു തന്നെ ദൃശ്യമാണ്.അതിനുള്ളില്‍ തന്റെ വേനല്‍ക്കാല രാജഗൃഹം നിര്‍മ്മിക്കണമെന്നാഗ്രഹിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവിടെ ഒരു കൊട്ടാരം പണിതീര്‍ന്നത്.  പക്ഷെ ഞങ്ങള്‍ പോയ  സമയത്ത് പൊതുജനത്തിനു അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിരുന്നു. അതുകൊണ്ട് അവിടെ സന്ദര്‍ശിക്കാനായില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ദാല്‍ത്തടാകത്തിന്‍ കരയിലായി സബര്‍വാന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍  രൂപം കൊടുത്ത ഷാലിമാര്‍ ബാഗ്, നിഷത് ബാഗ്, ചെഷ്മ ഷാഹി, പരിമഹല്‍ എന്നീ ഉദ്യാനങ്ങളാണ് പില്‍ക്കാലത്ത് മുഗള്‍ ഗാര്‍ഡന്‍സ് എന്നറിയപ്പെട്ടത്. ഈ ഉദ്യാനങ്ങള്‍ക്കൊക്കെ ഇറാനിയന്‍ നിര്‍മ്മാണരീതികളുടെ നല്ല സ്വാധീനമുണ്ട്..മദ്ധ്യത്തിലൂടെ ഒഴുകുന്ന നീര്‍ച്ചാലും ഇരുവശത്തുമായി പലതട്ടുകളില്‍ ക്രമീകരിച്ചിരിക്കുന്ന പുല്‍ത്തകിടികളും ഭംഗിയില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും പൂമരങ്ങളും ഒക്കെ ഈ ഉദ്യാനങ്ങളുടെ പ്രത്യേകതയാണ്.ഒഴുകുന്ന നീര്‍ച്ചാലില്‍ ധാരാളം ജലധാരാ യന്ത്രങ്ങളും..

ഞങ്ങള്‍ ആദ്യമെത്തിയത്  നിഷത് ബാഗിലായിരുന്നു. 1633-ല്‍  നൂര്‍ജഹാന്റെ സഹോദരന്‍ ആസിഫ്  
ഖാന്‍ ദാല്‍ തടാകക്കരയില്‍ മലമുകളിലേയ്ക്കുയര്‍ന്നു പോകുന്ന  12 തട്ടുകളിലായാണ് 46 ഏക്കര്‍ വിസ്താരത്തില്‍ ഈ ഉദ്യാനം നിര്‍മ്മിച്ചത്. ഈ 12 തട്ടുകള്‍ 12 സൂര്യരാശികളെയാണു (zodiac signs) പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ചില മുഗള്‍ സ്മാരകങ്ങളും ഉണ്ട്. ഏറ്റവും ഉയര്‍ന്ന തട്ടിലെ സ്രോതസ്സില്‍ നിന്നൊഴുകുന്ന ജലവാഹിനി ഓരോ തട്ടുകളിലൂടെ ഒഴുകി താഴേയ്ക്കുപോകുന്നു. ചിലയിടങ്ങളില്‍ കറുത്ത വെണ്ണക്കല്‍പ്പടവു കളിലൂടെ ഒഴുകിയിറങ്ങുന്ന ഈ അരുവിയുടെ ദൃശ്യം അതിമനോഹരമാണ്. നീര്‍ച്ചാലിനു മീതെ പലയിടത്തും കല്‍ബെഞ്ചുകളും ഉണ്ട്. അതിലിരുന്ന് ഈ ഒഴുക്കിന്റെ ചാരുത നുകരാം.ഇരുവശങ്ങളിലും പുല്‍ത്തകിടികളും ഭംഗിയില്‍ വെട്ടിയാകൃതി വരുത്തിയ പച്ച മരങ്ങളും  പൂച്ചെടികളും പൂമരങ്ങളും...അകലെയായി ദാല്‍ തടകത്തിന്റെ വിശാലതയും...ഒട്ടും മതിവരാത്ത കാഴ്ച....

അവിടെനിന്നു ഞങ്ങള്‍ പുതിയ താമസസ്ഥലത്തെയ്ക്കാണു പോയത്.  ഏകദേശം 10 കി. മി. അകലെയുള്ള ഹര്‍വ്വാന്‍ ഉദ്യാനത്തിന്റെ തൊട്ടുചേര്‍ന്നായിരുന്നു ആ ഹോട്ടല്‍ - 'കാഷ്മീര്‍ ഹോളിഡേ ഇന്‍' എന്ന മനോഹര സൗധം. പിന്നില്‍ ആപ്പിളും പിയറും ഉരുളക്കിഴങ്ങും വളര്‍ന്നു നില്‍ക്കുന്ന തോട്ടം. അതിനും പിന്നില്‍ ഡചിഗാം വന്യമൃഗ സങ്കേതത്തിന്റെ ഭാഗമായ മലനിരകള്‍ വിവിധവര്‍ണ്ണ ഇലച്ചാര്‍ത്തണിഞ്ഞ മരങ്ങള്‍ചൂടി നില്‍ക്കുന്നു.
എല്ലാവരും മുറികളില്‍ വിശ്രമിക്കാന്‍ പോയപ്പോള്‍ ചേട്ടനും ഞാനും ഹര്‍വ്വാന്‍ ബാഗിന്റെ  സൗന്ദര്യമാസ്വദിക്കാ നായി ഇറങ്ങി. ഇവിടെ കൃത്രിമത്വം ഒട്ടുമില്ലാത്ത പുല്‍ത്തകിടികളും പൂച്ചെടികളും ചിനാര്‍ മരങ്ങളുമാണ്.  പിന്‍ഭാഗത്തുള്ള ജലസംഭരണിയില്‍ നിന്നൊഴുകിവരുന്ന അരുവിക്കും പ്രകൃതിദത്ത സൗന്ദര്യം മാത്രം. വളരെ ശാന്തമായൊരു ഉദ്യാനം. ഈ ഭംഗിയിലൂടെ അല്പദൂരം നടന്നു ഞങ്ങള്‍ തിരികെയെത്തുമ്പോള്‍ മറ്റുള്ളവര്‍ തയ്യാറായിരുന്നു. ഇനി പോകുന്നത് പ്രസിദ്ധമായ ഷാലിമാര്‍ ബാഗിലേയ്ക്കാണ്.

1619-ല്‍ ജഹാംഗീര്‍ ചക്രവര്‍ത്തി തന്റെ പ്രാണപ്രേയസി നൂര്‍ജഹാനുവേണ്ടി ദാല്‍ത്തടാകത്തിന്റെ  പൂര്‍വ്വോത്തരഭാഗത്തു നിര്‍മ്മിച്ചതാണ്  31 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള  ഷാലിമാര്‍ ബാഗ്. ഷാലിമാര്‍ എന്ന പേര്‍ഷ്യന്‍ വാക്കിനര്‍ത്ഥം സ്നേഹധാമം എന്നാണെന്നു പറയപ്പെടുന്നു. മൂന്നു തട്ടുകളിലായി ചിനാര്‍മരങ്ങളും, ജലധാരകളും, പുല്‍ത്തകിടികളും എണ്ണമറ്റ പൂച്ചെടികളുമായി പ്രൗഢിയോടെ ഈ ഉദ്യാനം നിലകൊള്ളുന്നു. ആദ്യതടം അവസാനിക്കുന്നത് ദിവാനി ആം എന്ന മണ്ഡ്പത്തിലാണ്. പൊതുജങ്ങള്‍ക്കു ചക്രവര്‍ത്തിയുമായി സംവദിക്കാനുള്ള സ്ഥലമായിരുന്നു അതു. ചക്രവര്‍ത്തി ഉപവിഷ്ഠനായിരുന്ന കറുത്ത വെണ്ണക്കല്‍ പീഠവും ഇവിടെയുണ്ട്. കുറച്ചുയരത്തിലുള്ള രണ്ടാമത്തെ തടത്തിലാണ് ദിവാനി ഖാസ് എന്ന മണ്ഡപം. ഇതു രാജകുടുംബാംഗങ്ങള്‍ക്കായുള്ളതാണ്. അതിനും ഉയരത്തിലുള്ള മൂന്നാം തടത്തിലാണ് ജലസ്രോതസ്സ്. അവിടെനിന്നും താഴേയ്ക്കു മൂന്നു മീറ്ററോളം വീതിയില്‍ ഒഴുകുന്ന നീര്‍ച്ചാല്‍ പലയിടത്തും കല്‍പ്പടവുകളിലൂടെ ഒഴുകിയിറങ്ങുന്ന കാഴ്ച ഹൃദ്യമാണ്. നനൂറിലധികം ജലധാരായന്ത്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ മാത്രമുള്ള പ്രത്യേകതയാണ് വിളക്കുകല്ലുകള്‍. രാത്രിയില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന പ്രഭാപൂരത്തില്‍ ഈ ഉദ്യാനം കണ്ണുകള്‍ക്ക് നല്ലൊരു ദൃശ്യവിരുന്നു തന്നെ. 

ദിവാനി ആം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുമ്പോളാണ് ഇനാന്‍ ഫറൂക്ക്  എന്ന കാഷ്മീരിവ്യാപാരിയേയും പത്നിയേയും കാണാനിടയായത്. കുട്ടികളെ കളിക്കാന്‍ വിട്ടശേഷം അവരും ഫോട്ടോ എടുക്കുകയായിരുന്നു. അവരൊ ന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ ചേട്ടന്‍ സഹായം വാഗ്ദാനം ചെയ്തതോടെ അവര്‍ നല്ല ചങ്ങാത്തത്തി ലായി. വീട്ടിലേയ്ക്കു ക്ഷണിക്കുകയും
ചെയ്തു. ഇപ്പോഴും ഫോണ്‍വിളികളും ഉത്സവവേളകളിലെ ആശംസകളും ഒക്കെ തുടര്‍ന്നു പോരുന്നു. അവരോടു വിടപറഞ്ഞു ഞങ്ങള്‍ സംഘാംഗങ്ങള്‍ കുങ്കുമപ്പൂവും ഉണങ്ങിയ പഴങ്ങളും കാഷ്മീരി മസാലകളും ഒക്കെ സുലഭമായി   ലഭിക്കുന്ന   ഒരു                               വ്യാപാരകേന്ദ്രത്തിലേയ്ക്കാണു പോയത്.  ലില്ലി വര്‍ഗ്ഗത്തിലുള്ള ഒരു ചെറിയ ചെടിയുടെ പൂവിന്റെ കേസരങ്ങളാണ് നമുക്കു വാങ്ങാന്‍ കിട്ടുന്ന കുങ്കുമം. കാഷ്മീരിലും ചില പേര്‍ഷ്യന്‍ രാജ്യങ്ങളിലും മാത്രമാണ് ഈ പൂക്കള്‍ വളരുന്നത്. ധാരാളം ഔഷധമൂല്യമുള്ള ഈ വസ്തുവിന് നല്ല വിലയുമുണ്ട്.   സൗന്ദര്യ സംരക്ഷണത്തിനുള്ള ഒരു പ്രധാന പദാര്‍ത്ഥമാണ് കുങ്കുമപ്പൂവ്. ഗര്‍ഭിണികള്‍ ഈ പൂവു പാലില്‍ ചേര്‍ത്തുകഴിച്ചാല്‍ കുഞ്ഞിനു നല്ല നിറമുണ്ടാകുമെന്ന്  ഒരു വിശ്വാസം (അതോ അന്ധവിശ്വാസമോ?)നിലനിന്നു പൊരുന്നു. സ്ത്രീകള്‍ക്കുണ്ടാകുന്ന നടുവുവേദനയ്ക്കും ഇതു വളരെ ആശ്വാസം നല്‍കുമത്രേ.  ഒരു ഗ്രാമിന് അന്ന് ഇരുനൂറു രൂപയായിരുന്നു വില. ബദാമും പിസ്തയും അക്രൂട്ടും വിവിധയിനം ഉണക്കമുന്തിരിയും.... അങ്ങനെ ഒരുപാടു വസ്തുക്കള്‍. കാഷ്മീരി മുളകുപൊടിയും മറ്റു മസാലകളും  ഒക്കെ വേറേ. ആവശ്യമുള്ളതൊക്കെ വാങ്ങി. ഭക്ഷണവും കഴിഞ്ഞു  വീണ്ടും രാവിന്റെ മടിത്തട്ടിലെയ്ക്ക്, ഉറക്കത്തിലൂടെ വിശ്രമത്തിനായി. 





Monday, September 9, 2013

Mute: ഓര്‍മ്മയില്‍ ഓണം

Mute: ഓര്‍മ്മയില്‍ ഓണം:

ഓര്‍മ്മയില്‍ ഓണം
=============

കരിമഷിയെഴുതിയ വര്‍ഷമേഘങ്ങള്‍ തന്‍

വറ്റാത്ത കണ്ണീരിലാര്‍ദ്രയായ് കര്‍ക്കിടകം

തന്നുപോയ് ചിങ്ങത്തിന്‍ പൊന്നിട്ട പകലുമീ-

ക്കുളിര്‍നിലാവൊഴുകിപ്പരക്കും നിശീഥവും


വെണ്മതന്‍ സ്നിഗ്ദ്ധ സുസ്മേര ഖചിതമാം

തുമ്പമലര്‍ ലാസ്യ നൃത്തമാടീടവേ

പൊയ്പ്പോയ നന്‍മയാം മാബലിനാടിന്റെ

പോകാത്തൊരോര്‍മ്മയാം ഓണമിങ്ങെത്തുന്നു


പൂവിളിയുയരുന്നു പൂക്കൂടനിറയുന്നു

തൃക്കാക്കരപ്പനു പൂക്കളം തീര്‍ക്കുന്നു.

മുറ്റത്തെ മാവിന്റെ കൊമ്പിലൊരൂഞ്ഞാല

മുക്കുറ്റിപ്പൂവിനെ നോക്കിച്ചിരിക്കുന്നു.


തൊടികളില്‍ പിഞ്ചിളം കൈകളില്‍ പൂക്കൂട-

യേന്തിയ ബാല്യത്തിന്‍ചിത്രകുതൂഹലം

പുലരിയില്‍ മുറ്റത്തു  തീര്‍ക്കുമാ വിസ്മയം

പുളകങ്ങള്‍ മനതാരിലീണം നിറയ്ക്കുന്നു.


ഓണമായോണമായോര്‍മ്മയില്‍ പൂ ചൂടും

ഈണമതൊന്നെങ്ങോ പൂങ്കാറ്റിലൊഴുകുന്നു.

തൂള്ളുന്ന തുമ്പിക്കു താളമിട്ടാളിമാര്‍

തുമ്പിതുള്ളല്‍പ്പാട്ടു പാടിത്തകര്‍ക്കുന്നു.


പൊന്നോണക്കോടിയൊന്നുണ്ടെന്റെ ചിന്തതന്‍

ചന്ദനച്ചെപ്പിലൊളിച്ചോരു മോഹമായ്.

നാവിലിങ്ങെത്തുന്ന കൈപ്പുണ്യമായമ്മ   

നാക്കിലത്തുണ്ടില്‍ വിളമ്പുന്ന  സദ്യയും.


ആര്‍പ്പും വിളിയുമായോണം കളിക്കുന്നൊ-

രാനല്ല കാലമിന്നോര്‍മ്മ മാത്രം-വെറും

ഓര്‍മ്മയാണെല്ലാമിന്നോര്‍മ്മ മാത്രം-ഒരു 

പൊയ്പോയ നന്മതന്‍ ഓര്‍മ്മ മാത്രം

Wednesday, September 4, 2013

ഓര്‍മ്മയില്‍ ഓണം

ഓര്‍മ്മയില്‍ ഓണം
=============

കരിമഷിയെഴുതിയ വര്‍ഷമേഘങ്ങള്‍തന്‍

വറ്റാത്ത കണ്ണീരിലാര്‍ദ്രയായ് കര്‍ക്കടകം

തന്നുപോയ് ചിങ്ങത്തിന്‍ പൊന്നിട്ട പകലുമീ-

ക്കുളിര്‍നിലാവൊഴുകിപ്പരക്കും നിശീഥവും


വെണ്മതന്‍ സ്നിഗ്ദ്ധ സുസ്മേരഖചിതമാം

തുമ്പമലര്‍ ലാസ്യനൃത്തമാടീടവേ

പൊയ്പ്പോയ നന്‍മയാം മാബലിനാടിന്റെ

പോകാത്തൊരോര്‍മ്മയാം ഓണമിങ്ങെത്തുന്നു


പൂവിളിയുയരുന്നു പൂക്കൂട നിറയുന്നു

തൃക്കാക്കരപ്പനു പൂക്കളം തീര്‍ക്കുന്നു.

മുറ്റത്തെ മാവിന്റെ കൊമ്പിലൊരൂഞ്ഞാല

മുക്കുറ്റിപ്പൂവിനെ നോക്കിച്ചിരിക്കുന്നു.


തൊടികളില്‍ പിഞ്ചിളം കൈകളില്‍ പൂക്കൂട-

യേന്തിയ ബാല്യത്തിന്‍ ചിത്രകുതൂഹലം

പുലരിയില്‍ മുറ്റത്തു  തീര്‍ക്കുമാ വിസ്മയം

പുളകങ്ങള്‍ മനതാരിലീണം നിറയ്ക്കുന്നു.


ഓണമായോണമായോര്‍മ്മയില്‍ പൂ ചൂടും

ഈണമതൊന്നെങ്ങോ പൂങ്കാറ്റിലൊഴുകുന്നു.

തുള്ളുന്ന തുമ്പിക്കു താളമിട്ടാളിമാര്‍

തുമ്പിതുള്ളല്‍പ്പാട്ടു പാടിത്തകര്‍ക്കുന്നു.


പൊന്നോണക്കോടിയൊന്നുണ്ടെന്റെ ചിന്തതന്‍

ചന്ദനച്ചെപ്പിലൊളിച്ചോരു മോഹമായ്.

നാവിലിങ്ങെത്തുന്ന കൈപ്പുണ്യമായമ്മ   

നാക്കിലത്തുണ്ടില്‍ വിളമ്പുന്ന  സദ്യയും.


ആര്‍പ്പും വിളിയുമായോണം കളിക്കുന്നൊ-

രാനല്ല കാലമിന്നോര്‍മ്മ മാത്രം-വെറും

ഓര്‍മ്മയാണെല്ലാമിന്നോര്‍മ്മ മാത്രം-ഒരു 

പൊയ്പോയ നന്മതന്നോര്‍മ്മ മാത്രം. . 


Tuesday, September 3, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-7




ഗര്‍ ഫിര്‍ദ്ദോസ് ബാ റു - ഇ - സമീന്‍ അസ്ത്....ഹമി അസ്ത് ഓ, ഹമി അസ്ത് ഓ, ഹമി അസ്ത്....
(ഈ ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ് ......)

ഇറാനിലെ പ്രസിദ്ധ കവിയായിരുന്ന ഫിര്‍ദൗസി തന്റെ മാതൃരാജ്യത്തെക്കുറിച്ചു പറഞ്ഞതാണീ വാക്കുകള്‍. കാഷ്മീരിനെ വര്‍ണ്ണിക്കാന്‍ പല മഹാന്മാരും ഈ വാക്കുകള്‍ കടമെടുത്തിട്ടുണ്ട്.- മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറും നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃവും ഒക്കെ... ഇവിടെയെത്തുന്ന സഹൃദയനായ ഏതൊരാള്‍ക്കും ഇങ്ങനെ തോന്നിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു.. എവിടെയും സൗന്ദര്യം മാത്രം. ദാല്‍തടാകത്തിന്റെ പ്രഭാതക്കാഴ്ചകളും അവിസ്മരണീയമായിരുന്നു. അനേകായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ പതിച്ച ഒരു ഉല്‍ക്ക മൂലമുണ്ടായ ഒരു  മഹാഗര്‍ത്തമാണ് ഇന്നത്തെ അതീവസുന്ദരിയായ ദാല്‍തടാകമായി പരിണമിച്ചത്.  18 ചതുരശ്ര കി. മി. വിസ്താരമുള്ള ഈ തടാകത്തില്‍ രൂപ് ലാങ്ക്, സോനാ ലാങ്ക് എന്നീ പേരുകളിലുള്ല രണ്ടു ദ്വീപുകളുമുണ്ട്.  കാഷ്മീരിന്റെ കിരീടത്തിലെ രത്നം എന്നാണ് ദാല്‍ തടാകത്തെ വിശേഷിപ്പിക്കാറ്. ആഭരണങ്ങളും, പൂക്കളും, പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും നിറച്ച തോണി തുഴഞ്ഞു നീങ്ങുന്ന കച്ചവടക്കാര്‍, വിവിധ രൂപഭാവങ്ങളുമായി തടാകപ്പരപ്പിന്റെ വിശാലത, അകലെയായ് കാണുന്ന ഹിമവല്‍സാനുക്കള്‍, അടുത്തു കാണുന്ന വിടര്‍ന്നു വിലസുന്ന താമരപ്പൂക്കള്‍, നിരനിരയായ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, എല്ലാം... എല്ലാം......ഈ പുലര്‍കാലവിസ്മയത്തിനു മാറ്റു കൂട്ടുന്നു.

പ്രഭതത്തില്‍ തന്നെ ഞങ്ങളെക്കാത്ത്  ഒരു തോണിക്കാരനുണ്ടായിരുന്നു. കാഷ്മീര്‍ സ്ത്രീപുരുഷന്‍മാരുടെ ആടയാഭരണങ്ങളുമായി. അതണിഞ്ഞു ഫോട്ടോ എടുക്കുന്നതു വിനോദസഞ്ചാരികളുടെ പതിവാണത്രേ. ആ പതിവു ഞങ്ങളും തെറ്റിച്ചില്ല . അതൊക്കെ അണിഞ്ഞുവരാന്‍ കുറെ സമയമെടുത്തെങ്കിലും എല്ലാവരേയും കാഷ്മീരിന്റെ വേഷപ്പകര്‍പ്പില്‍ കാണാന്‍ മനോഹരമായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല, തടാകത്തിന്റെ വിരിമാറിലൂടെ ശിക്കാരയില്‍ ഉള്ള യാത്ര. 'സമീന്‍ ചോരി' എന്ന പേരിലുള്ള പൊങ്ങിക്കിടക്കുന്ന കൃഷിസ്ഥലങ്ങളും, താമരയും മറ്റു ജലസസ്യങ്ങളുടെ തോട്ടവും ഒക്കെ നമുക്കു കൗതുകം തരുന്ന കാഴ്ച തന്നെ. നമ്മുടെ കായല്‍ പ്രദേശങ്ങളില്‍ ചെല്ലുമ്പോള്‍ ഉള്ള സുഖകരമല്ലാത്ത ഗന്ധം ഇവിടെയില്ല . തടാകം താരതമ്യേന വൃത്തിയായിത്തന്നെ സൂക്ഷിക്കുന്നു. തടാകമാകെ ഒരുതരം പായല്‍ വളര്‍ന്നു വ്യാപിച്ചിട്ടുണ്ട്.  ചൂടുകൂടുന്നതിനാലാണ് ഈ പായല്‍ ഇത്ര വേഗം വളര്‍ന്നു പടരുന്നതെനാണ് പറയപ്പെടുന്നത്. അതു നീക്കം ചെയ്യുന്നതിനായി അധികൃതര്‍ വേണ്ട നടപടികളൊക്കെ  സ്വീകരിച്ചിട്ടുണ്ട്.

കുറെ സമയത്തെ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍  ചെന്നിറങ്ങിയത് ഒരു കമ്പിളി രോമസംസ്കരണശാല യിലായി രുന്നു. പലഭാഗങ്ങലിലും നിന്നു സംഭരിക്കുന്ന ആട്ടിന്‍ രോമം ഇവിടെ  ഗുണനിലവാരമനുസരിച്ചു  വേര്‍തിരിച്ച് പലതരത്തിലുള്ള കമ്പിളി വസ്ത്രങ്ങളായി മാറ്റുന്ന കേന്ദ്രം. കാഷ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്ന പശ്മീന എന്ന ആടുകളുടെ നെഞ്ചുഭാഗത്തെ മൃദുവായ രോമം കൊണ്ടു മാത്രം നിര്‍മ്മിക്കുന്ന അതിവിശിഷ്ഠമായ പശ്മീന ഷാളിന്റെ നിര്‍മ്മാണവും അവിടെ കാണാനായി. അതു പൂര്‍ണ്ണമായും കൈത്തറിയിലാണു നിര്‍മ്മിക്കുന്നത്. അത്ര മൃദുലമാണ് ആ രോമതന്തുക്കള്‍. ഇവിടെ നിര്‍മ്മിക്കുന്ന കമ്പിളി  വസ്ത്രങ്ങളിലൊക്കെ ചിത്രത്തുന്നലിലെ കരവിരുതു കാട്ടുന്ന   വിദഗ്ദ്ധരുടെ വിഭാഗവും ഇതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഓരോ നിറത്തിലേയും നൂല്‍ കൊണ്ടുള്ള തുന്നല്‍ ഓരോരുത്തരാണു ചെയ്യുന്നത്. പ്രത്യേക രീതിയില്‍ തയ്യാറാക്കിയിട്ടുള്ല ചിത്രഘടന നോക്കിയാണവര്‍ അതു ചെയ്യുന്നത്. മറ്റു യാതൊന്നിലും ശ്രദ്ധിക്കാതെ ദ്രുതഗതിയിലുള്ള ആ പ്രവര്‍ത്തി കണ്ടു നില്ക്കുന്നതുതന്നെ കൗതുകകരമാണ്. വളരെ പ്രായം ചെന്ന ഒരു മുത്തശ്ശി കണ്ണട പോലും ഇല്ലാതെ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കണ്ടു.  

അവിടെത്തന്നെയുള്ള അവരുടെ തന്നെ വില്‍പനശാലയും സന്ദര്‍ശിക്കുകയുണ്ടായി. പലതരത്തിലുള്ള കമ്പിളി ഉല്‍പന്നങ്ങള്‍. പെട്ടെന്നാണ് പാല്‍നിറമുള്ള, അതിമൃദുലമായ പശ്മിന ഷാള്‍ എന്റെ കണ്ണില്‍ പെട്ടത്. ഇതൊന്നു വാങ്ങിക്കൊണ്ടു പോകണമെന്നു പുറപ്പെടുമ്പോഴെ തീരുമാനിച്ചതായിരുന്നു. മുന്‍പു ഷിംല സന്ദര്‍ശിച്ചപ്പോള്‍ അവിടെയും ഇതു കണ്ടിരുന്നു. അന്നു വില പറഞ്ഞതു ഏഴായിരം രൂപയായിരുന്നു. കാഷ്മീരില്‍ ഒരുപക്ഷേ അയ്യായിരം രൂപയ്ക്കെങ്കിലും ലഭിച്ചേക്കുമെന്നാണു കരുതിയത്. പക്ഷെ വില നോക്കിയപ്പോള്‍  Rs. 1800.  എത്ര ലാഭകരം!  ഞാന്‍ വേഗം ഭര്‍ത്താവിനെ കാണിച്ചു. വാങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ അന്തം വിട്ടപോലെ എന്നെ ഒന്നു നോക്കിയിട്ടു ചോദിച്ചു.
 " ഇതു വേണോ? "
ഇപ്പോള്‍ വാങ്ങിയില്ലെങ്കില്‍ പിന്നെ എപ്പോള്‍ വാങ്ങാനാണിത്... എനിക്കിത്തിരി നീരസം തോന്നാതിരുന്നില്ല.
"വില കണ്ടോ?" പിന്നെയും ചോദ്യം. 
" ഉം.. ആയിരത്തിയെണ്ണൂറു രൂപ" 
....പശ്മീനയുടെ മഹത്വം നോക്കിയാല്‍ ഇതു വളരെ കുറവാണ്.
 "ഒന്നു കൂടി നോക്കൂ വില". 
ഷാള്‍ എന്റെ നേര്‍ക്കു നീട്ടി. അപ്പോഴാണു ശരിക്കും അന്തം വിട്ടുപോയത്. Rs. 18000. ആദ്യത്തെ നോട്ടത്തില്‍ ഒരു പൂജ്യം കണ്ടില്ല. വെറുതെ അലമാരയില്‍ വെക്കാന്‍ മാത്രമായി ഇത്രവിലകൊടുത്ത്  ഇതു വാങ്ങണോ എന്നൊരു പുനര്‍ചിന്തനം നടത്തി. വേണ്ട എന്നു തന്നെ തീരുമാനിച്ചു.

കമ്പിളിവസ്ത്രങ്ങളുടെ മായികപ്രപഞ്ചത്തില്‍ നിന്നു പോയതു പ്രഭാതഭക്ഷണം കഴിക്കാനായിരുന്നു. ഉത്തരേന്ത്യന്‍, ചൈനീസ് പ്രാതല്‍ വിഭവങ്ങള്‍ക്കു പുറമേ നമ്മുടെ ഇഡ്ഡലിയും ദോശവൈവിധ്യങ്ങളും ഒക്കെ ഭക്ഷണശാലകളില്‍ ലഭ്യമാണ്. പൊതുവേ ഇവിടെ വൃത്തിബോധം കുറവാണെന്നു തോന്നി. മുന്തിയ ഹോട്ടലുകളിള്‍ പോലും ഈച്ചശല്യം അസഹനീയമായിരുന്നു. ഭക്ഷണശേഷം ശ്രീനഗറിലെ പ്രസിദ്ധ ദേവലയങ്ങള്‍ ആദ്യം സന്ദര്‍ശി ക്കണം. ഏറ്റവും പ്രധാനം ഹസ്രത്ത്ബാല്‍ മസ്ജിദ് തന്നെ. മുഹമ്മദു നബിയുടെ ഒരു മുടി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനദിവസങ്ങളില്‍ ഈ പുണ്യകേശദര്‍ശനം സാധ്യമാണ്. പ്രസിദ്ധമായ നിഷത് ബാഗിന്റെ എതിര്‍വശത്താണ്  മനോഹരമായ ഈ വെണ്ണക്കല്‍ സൗധം.  പൊതുവെ കാഷ്മിരില്‍ ക്ഷേത്രങ്ങള്‍ വളരെ കുറവാണ്. ഖീര്‍ഭവാനി ക്ഷേത്രവും ശ്രി ശങ്കരാചാര്യക്ഷേത്രവുമാണു ശ്രീനഗറില്‍ ഉള്ളത്. ഖീര്‍ഭവാനി ക്ഷേത്രത്തിലെ പ്രധാനനിവേദ്യം പാല്‍ പായസമാണ്. അങ്ങനെയാണ് ആ പേരു വന്നത്. (ഖീര്‍ എന്ന ഹിന്ദിവാക്കിനര്‍ത്ഥംപായസമെന്നാണല്ലോ .) ഒരു ജലതല്പത്തിലാണ് ഗര്‍ഭഗൃഹം സ്ഥിതിചെയ്യുന്നത്. ക്ഷേത്രപരിസരത്തെ  അസാമാന്യ വലുപ്പമുള്ള ചിനാര്‍മരങ്ങള്‍ ഒരത്ഭുതദൃശ്യം തന്നെ. ശ്രീനഗറില്‍ നിന്നു ഏകദേശം  25കി.മി. കിഴക്കുഭാഗത്തായാണ്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 


ശ്രീനഗറില്‍ നിന്നു 32 കി.മി. ദൂരെയുള്ള  ഒരു കുന്നിന്‍മുകളിലാണ് ശ്രീശങ്കര ക്ഷേത്രം. ഈ മലമുകളിലേയ്ക്കുള്ള പാതയോരങ്ങള്‍  പലവിധ പുഷ്പങ്ങളുടെ ഒരു വിസ്മയ ലോകമാണ്.  നൂറോളം പടികള്‍ കയറിയെത്തുന്ന അഷ്ടഭുജാകൃതിയിലുള്ള ശിലാതല്‍പത്തിലാണ്  ജ്യേഷ്ഠേശ്വര ക്ഷേത്രമെന്നറിയപ്പെടുന്ന  ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനമായ ശില്പ ചാതുരിയും ചില ലിഖിതങ്ങളും ഒക്കെ ഇവിടുത്തെ സവിശേഷതയാണ്. ആദിശങ്കരന്‍  സനാതനധര്‍മ്മ പരിപാലനത്തിനായുള്ള യാത്രയ്ക്കിടയില്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുകയും ഇതിനോടു ചേര്‍ന്നുള്ള ഗുഹയില്‍ തപസ്സനുഷ്ഠിക്കുകയും ചെയ്തു. അതിനു ശേഷമാണ്  ഇതു ശ്രീശങ്കര ക്ഷേത്രമെന്നറിയപ്പെട്ടത്. ആ ഗുഹയും നമുക്കവിടെ കാണാനാവും. ഗോപാദ്രി എന്നു പേരായ ഈ മലയുടെ മുകളില്‍ ഏകദേശം രണ്ടായിരത്തിനാനൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പു നിര്‍മ്മിതമായ ഒരു ബുദ്ധക്ഷേത്രമാണ് ആദി ശങ്കരന്‍ ശിവലിംഗപ്രതിഷ്ഠ നടത്തി ശിവക്ഷേത്രമാക്കിയത്.  ഇപ്പോള്‍ ഇതൊരു ഹിന്ദുക്ഷേത്രമാണ്.  ഈ കുന്നിന്‍ മുകളില്‍ നിന്നുള്ള ശ്രീനഗര്‍ കാഴ്ച അതീവ ഹൃദ്യമാണ്.

 മുരിക്കിലയോടു സമാനമായ ഇലകളുമായി  ആകാശം മുട്ടെ വളര്‍ന്നു പൊങ്ങിനില്‍ക്കുന്ന നമ്രവൃക്ഷങ്ങളും (willow trees- cricket bat ഉണ്ടാക്കുന്ന തടി ഈ മരത്തിന്റേതാണ്) വിസ്തൃതമായ തായ്ത്തടിയുള്ള ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍ പിന്നിട്ട് വീണ്ടും ദാല്‍തടാകക്കരയിലൂടെ....ഈ പറുദീസയിലെ ഒരു ദിനവും കൂടി തൊഴുതുമടങ്ങുന്നു. ഭക്ഷണം  ഹൗസ് ബോട്ടില്‍ തന്നെ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. സമയക്ലിപ്തത പാലിക്കേണ്ടിയിരുന്നതുകൊണ്ട് ഉച്ചഭക്ഷണത്തിനു  പ്രത്യേകസമയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ലഘുഭക്ഷണവും ഖാവയുമൊക്കെയായിരുന്നു ആശ്വാസം. കുളിച്ചു ഭക്ഷണം കഴിക്കണം. പിന്നെ ക്ഷീണമകറ്റാനായി നല്ലൊരുറക്കം...