Wednesday, September 18, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-10


അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും - 10
=============================

ഞങ്ങളെ ഹോട്ടല്‍ മമ്തയില്‍ എത്തിച്ചശേഷം സഹയാത്രികര്‍ ജമ്മുവിലേയ്ക്കുള്ല പ്രയാണം തുടങ്ങി. ഹോട്ടലുകള്‍ക്കു പുറമേനിന്നു കാണുന്ന പ്രൗഢിയും സൗന്ദര്യവുമൊന്നും അവരുടെ ശുചിത്വബോധവുമായി തുലനം ചെയ്യാന്‍ സാധ്യമാകുന്നില്ല എന്നെനിക്കു തോന്നി. ചപ്പുചവറുകള്‍ അവിടവിടെ കൂടിക്കിടക്കുന്നതു കണ്ടു. പക്ഷെ ഞങ്ങള്‍ വേഗം തന്നെ ബാക്കിവെച്ച കാഴ്ചകളിലേയ്ക്കിറങ്ങാന്‍ തീരുമാനിച്ചു. ഹോട്ടല്‍ അധികൃതര്‍ വാഹനങ്ങളുടെ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്കുകള്‍, ദൂരം ഒക്കെ വിശദീകരിച്ചു തന്നു. പൊതുഗതാഗത സംവിധാനങ്ങളൂം ഉപയോഗിക്കാന്‍ സാധിക്കും. ഞങ്ങളും അവിടുത്തെ ബസ്സിലും ഓട്ടോറിക്ഷയിലുമായി അന്ന് ഒരുപാടു യാത്ര ചെയ്തു.  പൊതുവേ വിനയവും സൗഹൃദവും സത്യസന്ധതയും പെരുമാറ്റത്തില്‍ കാത്തു സൂക്ഷിക്കുന്നവരാണ് കാഷ്മീര്‍ ജനത. പിന്നെ ആരാണ് ഇവിടെ ഭീകരതയുടെ കരിനിഴല്‍ വീഴ്ത്തുന്നതെന്ന അത്ഭുതം മനസ്സിലവശേഷിക്കും. പക്ഷെ കാഷ്മീരിനെക്കുറിച്ചു മുന്‍പു മനസ്സിലുണ്ടായിരുന്ന ചിത്രമായിരുന്നില്ല അവിടെ കണ്ടറിയാന്‍ കഴിഞ്ഞത്.  '“Travel is fatal to prejudice, bigotry, and narrow-mindedness' എന്ന് മഹാപ്രതിഭയായിരുന്ന മാര്‍ക്ക് ട്വൈന്‍ പറഞ്ഞതോര്‍ത്തുപോയി.   '

ആദ്യം ജവഹര്‍ലാല്‍ നെഹൃ മെമ്മോറിയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയ്ക്കാണു പോയത്. ഇവിടെ ഇതോടൊപ്പം തന്നെ ഒരു  Plants Introducing Centre, Recreation Centre, Research Centre എന്നിവ കൂടിയുണ്ട്. 200 ഏക്കറോളം വിസ്തൃതിയുള്ള ഈ ഉദ്യാനസമുച്ചയത്തിന് ബോട്ടിംഗ് സൗകര്യമുള്ള ഒരു തടാകവും ഉണ്ട്. മുഗള്‍ ഉദ്യാനങ്ങളോടും ദാല്‍ തടാകത്തിനോടും ചേര്‍ന്നുസ്ഥിതിചെയ്യുന്ന ഈ ഉദ്യാനം പക്ഷെ മുഗള്‍ ഉദ്യാനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നു.  ആധുനിക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സുന്ദരാരാമത്തിന്റെ മനോഹാരിത വര്‍ണ്ണിക്കാന്‍ തന്നെ വാക്കുകളില്ല. മുന്നൂറു ജാതികളിലായി ഒന്നരലക്ഷത്തോളം അലങ്കാരച്ചെടികള്‍ ഈ ഉദ്യാനത്തിലുണ്ട്. തനതായ ഭൂപ്രകൃതിക്കു കോട്ടം വരുത്താത്ത നിര്‍മ്മാണ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.  മഞ്ഞ നിറമുള്ള ആമ്പല്‍പ്പൂക്കളും നീലപ്പൂക്കളുള്ള റോസ് മേരി ചെടികളും വിവിധതരത്തിലെ പ്രാണഭോജികളായ  സസ്യങ്ങളും ഭീമാകാരമാര്‍ന്ന കടും നിറങ്ങളിലെ ഡാലിയാപ്പൂക്കളും പലയിനം ഔഷധ സസ്യങ്ങളുമൊക്കെ  ഇപ്പോഴും വിസ്മയമായി അകക്കണ്ണില്‍ തെളിയുന്നു.


അതിനടുത്തു തന്നെയാണ്  ഈന്ദിരാഗാന്ധി മെമ്മൊറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍. കാഷ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദിന്റെ ആശയമാണ് ഈ സുന്ദരോദ്യാനസൃഷ്ടിക്കു പിന്നില്‍. 2006-07 ലാണ് ഇതിന്റെ നിര്‍മ്മാണം.ഏഷ്യയിലെ ഒന്നാമത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ട്യൂലിപ് ഗാര്‍ഡന്‍ 20 ഏക്കറിലായി 20 ലക്ഷത്തോളം ട്യൂലിപ് ചെടികള്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന  ഈ
 ഉദ്യാനം പക്ഷെ  ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരുവലിയ
 മൈതാനം മാത്രമായിരുന്നു. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ ഇവിടെ പുഷ്പവിസ്മയം ഉണ്ടാവുകയുള്ളു. 

ആസമയത്ത് ഇവിടമാകെ പൂമെത്ത വിരിച്ചതുപോലെ വിവിധ വര്‍ണ്ണങ്ങളിലുള്ള ട്യുലിപ് പൂക്കള്‍ കൊണ്ടു നിറയും. ഹോളണ്ടില്‍ നിന്നു വരുത്തിയ മൂന്നര ലക്ഷത്തോളം ട്യൂലിപ് കിഴങ്ങുകളാണ് ഇവിടെ വസന്തം വിരിയിക്കുന്നത്.  മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം തന്നെയായിരിക്കും.  പൂക്കള്‍ കൊഴിഞ്ഞാല്‍  പിന്നെ ശൂന്യതയാണ്. ഉദ്യാനത്തിന്റെ ഓരം ചേര്‍ന്നുള്ള കൃഷിയിടത്തില്‍ പഴങ്ങള്‍ പാകമായ ആപ്പിള്‍മരങ്ങള്‍. അവിടുത്തെജോലിക്കാരോടനുവാദം വാങ്ങി മരത്തില്‍ നിന്ന് ആപ്പിള്‍ പറിച്ചു ഭക്ഷിച്ചു. അതുമൊരു മോഹമായിരുന്നു.  അവിടെ കണ്ട ഒരു മള്‍ബറിമരത്തിലെ ഭീമന്‍ കായ്കള്‍ ഒരു കൗതുകക്കാഴ്ച്ചയായി. കറുകറുത്ത വലിയ പഴങ്ങള്‍ക്ക് നല്ല മധുരവും ഉണ്ടായിരുന്നു.   പിന്നീടാണറിഞ്ഞത് അത് ബ്ലാക്ക്‌ ബെറി ആണെന്ന്.


വളരെ സമയം കാത്തുനിന്നശേഷമാണ് ഒരു ഓട്ടോറിക്ഷ ലഭിച്ചത്.  നേരേ ചെഷ്മഷാഹിയിലേയ്ക്കു പോയി . അവിടുത്തെ അത്ഭുത പ്രവാഹത്തില്‍ നിന്ന് ഔഷധജലവും കുടിച്ചു. കുറെസമയം ആ ഉദ്യാനഭംഗിയിലൂടെ നടന്നശേഷം പരിമഹലിലേയ്ക്ക്.  ഇതൊരു ഉദ്യാനത്തേക്കാളേറെ ചരിത്രസ്മാരകമെന്നു പറയാം.  അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രേതഭൂമി. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  പുത്രനായ ദാരാ ഷിക്കൊവ്  പഴയ ഒരു ബുദ്ധസന്യാസകേന്ദ്രം ഒരു കൊട്ടാരക്കെട്ടും അതിനോടു ചേര്‍ന്നുള്ള വലിയ ഉദ്യാനവുമായി മാറ്റി എടുത്തതാണിത്.  അവിടേയ്ക്കുള്ള മലകയറി പോകുന്ന  വഴിയും ദാരാ ആണു നിര്‍മ്മിച്ചത്.  ഈ ഉദ്യാനത്തിന്റെ ഏതുഭാഗത്തുനിന്നാലും ദാല്‍ തടാകം ദൃശ്യമാകും. സൂഫി ഗുരുവായിരുന്ന മുല്ല ഫാബഭക്ഷിയുടെ കീഴില്‍ ജ്യോതിശസ്ത്രപഠനത്തിനായാണ് ദാരാഷിക്കോവ് ഇവിടെ കഴിഞ്ഞത്. ആറുതടങ്ങളില്ലായി ഈ ചരിത്രസ്മാരകം നിലകൊള്ളുന്നു. മഹാപണ്ഡിതനായിരുന്ന അദ്ദേഹം ഭരണത്തില്‍ മികവു കാട്ടിയിരുന്നില്ല. അധികാരത്തിനായി തന്റെ  ഇളയ സഹോദരന്‍  ഔറംഗസീബിനാല്‍ ആദ്ദേഹം വധിക്കപ്പെട്ടത് ഇക്കാരണത്താല്‍ മാത്രമായിരുന്നില്ല. 
തന്റെ പിതാമഹനായിരുന്ന അക്ബറുടെ പാത പിന്‍തുടര്‍ന്ന് മത്സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയും മറ്റു മതഗ്രന്ഥങ്ങളില്‍ അറിവു നേടുകയും മതപണ്ഡിതന്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തത് അദ്ദേഹത്തെ ഇസ്ളാം മതത്തിനു് അനഭിമതനാക്കി . അതുകൊണ്ടു തന്നെ വളരെ നീചമായാണ് മതഭ്രാന്തനായിരുന്ന ഔറംഗസീബ് അദ്ദേഹത്തെ വധിച്ചത്.
ദാരാഷിക്കോവിന്റെ തലയറുത്ത് തുറുങ്കിലടച്ചിരുന്ന ഷജഹാന് കൊടുത്തയച്ചു എന്നാണു ചരിത്രഭാഷ്യം. രോഗബാധിതനായ പിതാവിനെ തടവിലാക്കി, സഹോദരങ്ങളെ നിര്‍ദ്ദയം വധിച്ചശേഷമാണ്  ഔറംഗസീബ്  സിംഹാസനം നേടിയെടുത്തത്.  പരിമഹലും ചേര്‍ന്നുള്ള  ഉദ്യാനവും ദാല്‍തടാകവും അതിമനോഹരമായ കാഴ്ചയാണെങ്കിലും അനിര്‍വ്വചനീയമായൊരു മൂകത അവിടെമാകെ തളംകെട്ടിനില്‍ക്കുന്നതുപോലെ.. ജ്യോതിശാസ്ത്രവും വാനനിരീക്ഷണവും ഗണിതശാത്രവും വേദങ്ങളും ഇതിഹാസങ്ങളും  മനസ്സില്‍ നിറച്ച് അവിടെക്കഴിഞ്ഞ നിഷ്കളങ്കനായ ഒരു രാജകുമാരന്റെ ആത്മാവ് ഇപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റില്‍ അവിടെയാകെ വ്യാപരിക്കുന്നുണ്ടാകാം.
ഷാജഹാന്‍ ചക്രവര്‍ത്തി അനേകം മനോഹരസൗധങ്ങള്‍ നിര്‍മ്മിച്ചു ചരിത്രത്താളുകളില്‍ നിര്‍ണ്ണായക സ്ഥാനം നേടിയെടുത്തെങ്കിലും ഒരുപാടു ക്രൂരതകളും ചെയ്തുകൂട്ടിയിരുന്നു. പിതാവിന്റെ ദുഷ്ക്കര്‍മ്മങ്ങളുടെ ഫലവുമാവാം  ആ പാവം കുമാരന്‍ അനുഭവിച്ചത് എന്നെനിക്കു തോന്നി.

വീണ്ടും ഷാലിമാര്‍ബാഗിന്റെ സൗന്ദര്യത്തിലേയ്ക്ക് ഒരിക്കല്‍കൂടി..വൈദ്യുതവിളക്കുകളുടെ ഉജ്ജ്വലപ്രഭയില്‍ നയനമനോഹരിയായി ഉദ്യാനവും രാവിന്റെ വശ്യസൗന്ദര്യവുമായി ദാല്‍ത്തടാകവും. ശ്രീനഗറിലെ രാക്കാഴ്ചകള്‍ കണ്ട്, അത്താഴവും കഴിച്ച് ഹോട്ടലില്‍ മടങ്ങിയെത്തി. മടക്കയാത്രയ്കൂള്ള തയാറെടുപ്പുകള്‍ നടത്തി ഉറങ്ങാന്‍ കിടന്നു. രാത്രി ഹോട്ടലില്‍ കൊണ്ടുവന്നു വിട്ട ഓട്ടോറിക്ഷക്കാരന്‍  രാവിലെ വരാമെന്നു പറഞ്ഞിരുന്നു വിമാനത്താവളത്തില്‍ എത്തിക്കാന്‍. അയാള്‍ എത്തുന്നതിനു മുന്‍പ്  ഞങ്ങള്‍ ആ പരിസരമൊക്കെ ഒന്നുകൂടി ചുറ്റിക്കറങ്ങി. പ്രഭാതഭക്ഷണവും കഴിച്ചു തിരികെയെത്തിയപ്പോള്‍ ഓട്ടോറിക്ഷ തയാര്‍.


വിമാനത്തിലിരുന്നുള്ള ഹിമാലയക്കാഴ്ചയും അവിസ്മരണീയം. വിമാനം നേരിട്ടു ബോംബേയ്ക്കായിരുന്നില്ല. ജമ്മു വഴി യുള്ളതായിരുന്നു. എങ്കിലും രണ്ടുമണിക്കൂറില്‍ ബോംബെയിലെത്തി.

ഒരുപാടു നല്ല അനുഭവങ്ങളും കണ്ണിനും മനസ്സിനും വിരുന്നു നല്കിയ മറക്കാനാവാത്ത കാഴ്ച്ചകളും ഏറെ അറിവുകളും പ്രദാനം ചെയ്തൊരു യാത്രയുടെ പരിസമാപ്തി. ഈ യാത്രയ്ക്കു കാരണഭൂതരായ എല്ലാപേരോടും സ്നേഹസമ്പന്നരായ സഹയാത്രികരോടും, എല്ലാവിധ സഹായങ്ങളും നിര്‍ലോപം നല്കിയ കാഷ്മീര്‍ ജനതയോടും എല്ലാറ്റിനുമുപരിയായി ഈ യാത്രയില്‍ യാതൊരു പ്രയാസങ്ങളും വരുത്താതെ അനുഗ്രഹം ചൊരിഞ്ഞ പ്രകൃതീദേവിയോടും ഉള്ള കൃതജ്ഞതാസാഗരം തന്നെ ഹൃദയത്തില്‍ അലയടിക്കുന്നു. വിമാനമിറങ്ങി പുറത്തുകടക്കുമ്പോള്‍ കാത്തുനില്‍ക്കുന്ന സുകൃതം 'അച്ഛനുമമ്മയും എന്നെത്തനിച്ചാക്കി പോയില്ലേ' എന്നൊരു പരിഭവത്തിന്റെ  ലാഞ്ഛന പോലുമില്ലാതെ മുഖം നിറയെ വിടര്‍ന്ന ചിരിയുമായി കൈവീശിക്കാട്ടി മകന്‍.  ഈ യാത്ര സഫലം.

(ഈ അക്ഷര യാത്രയില്‍ എന്നോടൊപ്പം നടന്ന എല്ലാപേര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഇനി മറ്റൊരു  യാത്രാവിശേഷവുമായി നമുക്കു കൈകോര്‍ക്കാമെന്ന പ്രത്യാശയുമായി 
സസ്നേഹം മിനി )

1 comment:

  1. ആദ്യമായാണ് ഇവിടെ. ഒറ്റയിരുപ്പില്‍ കാശ്മീര്‍ യാത്ര എല്ലാ പോസ്റ്റും വായിച്ചു. നന്നായിരിക്കുന്നു. പോകണമൊരിക്കലിവിടെ.

    ReplyDelete