Tuesday, September 3, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-7




ഗര്‍ ഫിര്‍ദ്ദോസ് ബാ റു - ഇ - സമീന്‍ അസ്ത്....ഹമി അസ്ത് ഓ, ഹമി അസ്ത് ഓ, ഹമി അസ്ത്....
(ഈ ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ് ......)

ഇറാനിലെ പ്രസിദ്ധ കവിയായിരുന്ന ഫിര്‍ദൗസി തന്റെ മാതൃരാജ്യത്തെക്കുറിച്ചു പറഞ്ഞതാണീ വാക്കുകള്‍. കാഷ്മീരിനെ വര്‍ണ്ണിക്കാന്‍ പല മഹാന്മാരും ഈ വാക്കുകള്‍ കടമെടുത്തിട്ടുണ്ട്.- മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറും നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃവും ഒക്കെ... ഇവിടെയെത്തുന്ന സഹൃദയനായ ഏതൊരാള്‍ക്കും ഇങ്ങനെ തോന്നിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു.. എവിടെയും സൗന്ദര്യം മാത്രം. ദാല്‍തടാകത്തിന്റെ പ്രഭാതക്കാഴ്ചകളും അവിസ്മരണീയമായിരുന്നു. അനേകായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ പതിച്ച ഒരു ഉല്‍ക്ക മൂലമുണ്ടായ ഒരു  മഹാഗര്‍ത്തമാണ് ഇന്നത്തെ അതീവസുന്ദരിയായ ദാല്‍തടാകമായി പരിണമിച്ചത്.  18 ചതുരശ്ര കി. മി. വിസ്താരമുള്ള ഈ തടാകത്തില്‍ രൂപ് ലാങ്ക്, സോനാ ലാങ്ക് എന്നീ പേരുകളിലുള്ല രണ്ടു ദ്വീപുകളുമുണ്ട്.  കാഷ്മീരിന്റെ കിരീടത്തിലെ രത്നം എന്നാണ് ദാല്‍ തടാകത്തെ വിശേഷിപ്പിക്കാറ്. ആഭരണങ്ങളും, പൂക്കളും, പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും നിറച്ച തോണി തുഴഞ്ഞു നീങ്ങുന്ന കച്ചവടക്കാര്‍, വിവിധ രൂപഭാവങ്ങളുമായി തടാകപ്പരപ്പിന്റെ വിശാലത, അകലെയായ് കാണുന്ന ഹിമവല്‍സാനുക്കള്‍, അടുത്തു കാണുന്ന വിടര്‍ന്നു വിലസുന്ന താമരപ്പൂക്കള്‍, നിരനിരയായ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, എല്ലാം... എല്ലാം......ഈ പുലര്‍കാലവിസ്മയത്തിനു മാറ്റു കൂട്ടുന്നു.

പ്രഭതത്തില്‍ തന്നെ ഞങ്ങളെക്കാത്ത്  ഒരു തോണിക്കാരനുണ്ടായിരുന്നു. കാഷ്മീര്‍ സ്ത്രീപുരുഷന്‍മാരുടെ ആടയാഭരണങ്ങളുമായി. അതണിഞ്ഞു ഫോട്ടോ എടുക്കുന്നതു വിനോദസഞ്ചാരികളുടെ പതിവാണത്രേ. ആ പതിവു ഞങ്ങളും തെറ്റിച്ചില്ല . അതൊക്കെ അണിഞ്ഞുവരാന്‍ കുറെ സമയമെടുത്തെങ്കിലും എല്ലാവരേയും കാഷ്മീരിന്റെ വേഷപ്പകര്‍പ്പില്‍ കാണാന്‍ മനോഹരമായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല, തടാകത്തിന്റെ വിരിമാറിലൂടെ ശിക്കാരയില്‍ ഉള്ള യാത്ര. 'സമീന്‍ ചോരി' എന്ന പേരിലുള്ള പൊങ്ങിക്കിടക്കുന്ന കൃഷിസ്ഥലങ്ങളും, താമരയും മറ്റു ജലസസ്യങ്ങളുടെ തോട്ടവും ഒക്കെ നമുക്കു കൗതുകം തരുന്ന കാഴ്ച തന്നെ. നമ്മുടെ കായല്‍ പ്രദേശങ്ങളില്‍ ചെല്ലുമ്പോള്‍ ഉള്ള സുഖകരമല്ലാത്ത ഗന്ധം ഇവിടെയില്ല . തടാകം താരതമ്യേന വൃത്തിയായിത്തന്നെ സൂക്ഷിക്കുന്നു. തടാകമാകെ ഒരുതരം പായല്‍ വളര്‍ന്നു വ്യാപിച്ചിട്ടുണ്ട്.  ചൂടുകൂടുന്നതിനാലാണ് ഈ പായല്‍ ഇത്ര വേഗം വളര്‍ന്നു പടരുന്നതെനാണ് പറയപ്പെടുന്നത്. അതു നീക്കം ചെയ്യുന്നതിനായി അധികൃതര്‍ വേണ്ട നടപടികളൊക്കെ  സ്വീകരിച്ചിട്ടുണ്ട്.

കുറെ സമയത്തെ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍  ചെന്നിറങ്ങിയത് ഒരു കമ്പിളി രോമസംസ്കരണശാല യിലായി രുന്നു. പലഭാഗങ്ങലിലും നിന്നു സംഭരിക്കുന്ന ആട്ടിന്‍ രോമം ഇവിടെ  ഗുണനിലവാരമനുസരിച്ചു  വേര്‍തിരിച്ച് പലതരത്തിലുള്ള കമ്പിളി വസ്ത്രങ്ങളായി മാറ്റുന്ന കേന്ദ്രം. കാഷ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്ന പശ്മീന എന്ന ആടുകളുടെ നെഞ്ചുഭാഗത്തെ മൃദുവായ രോമം കൊണ്ടു മാത്രം നിര്‍മ്മിക്കുന്ന അതിവിശിഷ്ഠമായ പശ്മീന ഷാളിന്റെ നിര്‍മ്മാണവും അവിടെ കാണാനായി. അതു പൂര്‍ണ്ണമായും കൈത്തറിയിലാണു നിര്‍മ്മിക്കുന്നത്. അത്ര മൃദുലമാണ് ആ രോമതന്തുക്കള്‍. ഇവിടെ നിര്‍മ്മിക്കുന്ന കമ്പിളി  വസ്ത്രങ്ങളിലൊക്കെ ചിത്രത്തുന്നലിലെ കരവിരുതു കാട്ടുന്ന   വിദഗ്ദ്ധരുടെ വിഭാഗവും ഇതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഓരോ നിറത്തിലേയും നൂല്‍ കൊണ്ടുള്ള തുന്നല്‍ ഓരോരുത്തരാണു ചെയ്യുന്നത്. പ്രത്യേക രീതിയില്‍ തയ്യാറാക്കിയിട്ടുള്ല ചിത്രഘടന നോക്കിയാണവര്‍ അതു ചെയ്യുന്നത്. മറ്റു യാതൊന്നിലും ശ്രദ്ധിക്കാതെ ദ്രുതഗതിയിലുള്ള ആ പ്രവര്‍ത്തി കണ്ടു നില്ക്കുന്നതുതന്നെ കൗതുകകരമാണ്. വളരെ പ്രായം ചെന്ന ഒരു മുത്തശ്ശി കണ്ണട പോലും ഇല്ലാതെ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കണ്ടു.  

അവിടെത്തന്നെയുള്ള അവരുടെ തന്നെ വില്‍പനശാലയും സന്ദര്‍ശിക്കുകയുണ്ടായി. പലതരത്തിലുള്ള കമ്പിളി ഉല്‍പന്നങ്ങള്‍. പെട്ടെന്നാണ് പാല്‍നിറമുള്ള, അതിമൃദുലമായ പശ്മിന ഷാള്‍ എന്റെ കണ്ണില്‍ പെട്ടത്. ഇതൊന്നു വാങ്ങിക്കൊണ്ടു പോകണമെന്നു പുറപ്പെടുമ്പോഴെ തീരുമാനിച്ചതായിരുന്നു. മുന്‍പു ഷിംല സന്ദര്‍ശിച്ചപ്പോള്‍ അവിടെയും ഇതു കണ്ടിരുന്നു. അന്നു വില പറഞ്ഞതു ഏഴായിരം രൂപയായിരുന്നു. കാഷ്മീരില്‍ ഒരുപക്ഷേ അയ്യായിരം രൂപയ്ക്കെങ്കിലും ലഭിച്ചേക്കുമെന്നാണു കരുതിയത്. പക്ഷെ വില നോക്കിയപ്പോള്‍  Rs. 1800.  എത്ര ലാഭകരം!  ഞാന്‍ വേഗം ഭര്‍ത്താവിനെ കാണിച്ചു. വാങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ അന്തം വിട്ടപോലെ എന്നെ ഒന്നു നോക്കിയിട്ടു ചോദിച്ചു.
 " ഇതു വേണോ? "
ഇപ്പോള്‍ വാങ്ങിയില്ലെങ്കില്‍ പിന്നെ എപ്പോള്‍ വാങ്ങാനാണിത്... എനിക്കിത്തിരി നീരസം തോന്നാതിരുന്നില്ല.
"വില കണ്ടോ?" പിന്നെയും ചോദ്യം. 
" ഉം.. ആയിരത്തിയെണ്ണൂറു രൂപ" 
....പശ്മീനയുടെ മഹത്വം നോക്കിയാല്‍ ഇതു വളരെ കുറവാണ്.
 "ഒന്നു കൂടി നോക്കൂ വില". 
ഷാള്‍ എന്റെ നേര്‍ക്കു നീട്ടി. അപ്പോഴാണു ശരിക്കും അന്തം വിട്ടുപോയത്. Rs. 18000. ആദ്യത്തെ നോട്ടത്തില്‍ ഒരു പൂജ്യം കണ്ടില്ല. വെറുതെ അലമാരയില്‍ വെക്കാന്‍ മാത്രമായി ഇത്രവിലകൊടുത്ത്  ഇതു വാങ്ങണോ എന്നൊരു പുനര്‍ചിന്തനം നടത്തി. വേണ്ട എന്നു തന്നെ തീരുമാനിച്ചു.

കമ്പിളിവസ്ത്രങ്ങളുടെ മായികപ്രപഞ്ചത്തില്‍ നിന്നു പോയതു പ്രഭാതഭക്ഷണം കഴിക്കാനായിരുന്നു. ഉത്തരേന്ത്യന്‍, ചൈനീസ് പ്രാതല്‍ വിഭവങ്ങള്‍ക്കു പുറമേ നമ്മുടെ ഇഡ്ഡലിയും ദോശവൈവിധ്യങ്ങളും ഒക്കെ ഭക്ഷണശാലകളില്‍ ലഭ്യമാണ്. പൊതുവേ ഇവിടെ വൃത്തിബോധം കുറവാണെന്നു തോന്നി. മുന്തിയ ഹോട്ടലുകളിള്‍ പോലും ഈച്ചശല്യം അസഹനീയമായിരുന്നു. ഭക്ഷണശേഷം ശ്രീനഗറിലെ പ്രസിദ്ധ ദേവലയങ്ങള്‍ ആദ്യം സന്ദര്‍ശി ക്കണം. ഏറ്റവും പ്രധാനം ഹസ്രത്ത്ബാല്‍ മസ്ജിദ് തന്നെ. മുഹമ്മദു നബിയുടെ ഒരു മുടി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനദിവസങ്ങളില്‍ ഈ പുണ്യകേശദര്‍ശനം സാധ്യമാണ്. പ്രസിദ്ധമായ നിഷത് ബാഗിന്റെ എതിര്‍വശത്താണ്  മനോഹരമായ ഈ വെണ്ണക്കല്‍ സൗധം.  പൊതുവെ കാഷ്മിരില്‍ ക്ഷേത്രങ്ങള്‍ വളരെ കുറവാണ്. ഖീര്‍ഭവാനി ക്ഷേത്രവും ശ്രി ശങ്കരാചാര്യക്ഷേത്രവുമാണു ശ്രീനഗറില്‍ ഉള്ളത്. ഖീര്‍ഭവാനി ക്ഷേത്രത്തിലെ പ്രധാനനിവേദ്യം പാല്‍ പായസമാണ്. അങ്ങനെയാണ് ആ പേരു വന്നത്. (ഖീര്‍ എന്ന ഹിന്ദിവാക്കിനര്‍ത്ഥംപായസമെന്നാണല്ലോ .) ഒരു ജലതല്പത്തിലാണ് ഗര്‍ഭഗൃഹം സ്ഥിതിചെയ്യുന്നത്. ക്ഷേത്രപരിസരത്തെ  അസാമാന്യ വലുപ്പമുള്ള ചിനാര്‍മരങ്ങള്‍ ഒരത്ഭുതദൃശ്യം തന്നെ. ശ്രീനഗറില്‍ നിന്നു ഏകദേശം  25കി.മി. കിഴക്കുഭാഗത്തായാണ്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 


ശ്രീനഗറില്‍ നിന്നു 32 കി.മി. ദൂരെയുള്ള  ഒരു കുന്നിന്‍മുകളിലാണ് ശ്രീശങ്കര ക്ഷേത്രം. ഈ മലമുകളിലേയ്ക്കുള്ള പാതയോരങ്ങള്‍  പലവിധ പുഷ്പങ്ങളുടെ ഒരു വിസ്മയ ലോകമാണ്.  നൂറോളം പടികള്‍ കയറിയെത്തുന്ന അഷ്ടഭുജാകൃതിയിലുള്ള ശിലാതല്‍പത്തിലാണ്  ജ്യേഷ്ഠേശ്വര ക്ഷേത്രമെന്നറിയപ്പെടുന്ന  ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനമായ ശില്പ ചാതുരിയും ചില ലിഖിതങ്ങളും ഒക്കെ ഇവിടുത്തെ സവിശേഷതയാണ്. ആദിശങ്കരന്‍  സനാതനധര്‍മ്മ പരിപാലനത്തിനായുള്ള യാത്രയ്ക്കിടയില്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുകയും ഇതിനോടു ചേര്‍ന്നുള്ള ഗുഹയില്‍ തപസ്സനുഷ്ഠിക്കുകയും ചെയ്തു. അതിനു ശേഷമാണ്  ഇതു ശ്രീശങ്കര ക്ഷേത്രമെന്നറിയപ്പെട്ടത്. ആ ഗുഹയും നമുക്കവിടെ കാണാനാവും. ഗോപാദ്രി എന്നു പേരായ ഈ മലയുടെ മുകളില്‍ ഏകദേശം രണ്ടായിരത്തിനാനൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പു നിര്‍മ്മിതമായ ഒരു ബുദ്ധക്ഷേത്രമാണ് ആദി ശങ്കരന്‍ ശിവലിംഗപ്രതിഷ്ഠ നടത്തി ശിവക്ഷേത്രമാക്കിയത്.  ഇപ്പോള്‍ ഇതൊരു ഹിന്ദുക്ഷേത്രമാണ്.  ഈ കുന്നിന്‍ മുകളില്‍ നിന്നുള്ള ശ്രീനഗര്‍ കാഴ്ച അതീവ ഹൃദ്യമാണ്.

 മുരിക്കിലയോടു സമാനമായ ഇലകളുമായി  ആകാശം മുട്ടെ വളര്‍ന്നു പൊങ്ങിനില്‍ക്കുന്ന നമ്രവൃക്ഷങ്ങളും (willow trees- cricket bat ഉണ്ടാക്കുന്ന തടി ഈ മരത്തിന്റേതാണ്) വിസ്തൃതമായ തായ്ത്തടിയുള്ള ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍ പിന്നിട്ട് വീണ്ടും ദാല്‍തടാകക്കരയിലൂടെ....ഈ പറുദീസയിലെ ഒരു ദിനവും കൂടി തൊഴുതുമടങ്ങുന്നു. ഭക്ഷണം  ഹൗസ് ബോട്ടില്‍ തന്നെ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. സമയക്ലിപ്തത പാലിക്കേണ്ടിയിരുന്നതുകൊണ്ട് ഉച്ചഭക്ഷണത്തിനു  പ്രത്യേകസമയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ലഘുഭക്ഷണവും ഖാവയുമൊക്കെയായിരുന്നു ആശ്വാസം. കുളിച്ചു ഭക്ഷണം കഴിക്കണം. പിന്നെ ക്ഷീണമകറ്റാനായി നല്ലൊരുറക്കം...








5 comments:

  1. മനോഹരമായ വര്‍ണ്ണന-- കാശ്മീരില്‍ ഒന്ന് പോയി വന്നപോലെ തോന്നി --

    ReplyDelete
  2. kollallo mini...nalla ezhuth...fbyil accept cheyyunnathinumunp onnu vannu nokkiyatha.iniyum varaam.aasamsakalode....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete