

എന്നെപ്പോലെതന്നെ ബോട്ട് ഹൗസിലെ ഉറക്കം മറ്റുള്ളവര്‍ക്കും സുഖകരമാകാതിരുന്നതു കൊണ്ടാവാം അന്നു ഞങ്ങള്‍ അവിടുത്തെ താമസം അവസാനിപ്പിച്ച് ഹോട്ടലിലേയ്ക്കു മാറാന്‍ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ ബാഗൊക്കെ പായ്ക്ക് ചെയ്താണ് അവിടുന്നു യാത്രയായത്. പകല്‍ കാണാനിരിക്കുന്നത് ശ്രീനഗറിലെ പ്രസിദ്ധമായ ഉദ്യാനങ്ങളായ മുഗള്‍ ഗാര്‍ഡന്‍സ് ആണ്. അക്ബറിന്റെ കാലം മുതല്‍ കാഷ്മീര്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു. പീര്‍ പാഞ്ചാല്‍ പര്‍വ്വതനിരകളിലുള്ള ഹരിപര്‍ബത് എന്ന മലമുകളില്‍ അദ്ദേഹം നിര്‍മ്മിച്ച ഒരു കോട്ട തടാകത്തില്‍ നിന്നു തന്നെ ദൃശ്യമാണ്.അതിനുള്ളില്‍ തന്റെ വേനല്‍ക്കാല രാജഗൃഹം നിര്‍മ്മിക്കണമെന്നാഗ്രഹിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവിടെ ഒരു കൊട്ടാരം പണിതീര്‍ന്നത്. പക്ഷെ ഞങ്ങള്‍ പോയ സമയത്ത് പൊതുജനത്തിനു അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിരുന്നു. അതുകൊണ്ട് അവിടെ സന്ദര്‍ശിക്കാനായില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ദാല്‍ത്തടാകത്തിന്‍ കരയിലായി സബര്‍വാന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ രൂപം കൊടുത്ത ഷാലിമാര്‍ ബാഗ്, നിഷത് ബാഗ്, ചെഷ്മ ഷാഹി, പരിമഹല്‍ എന്നീ ഉദ്യാനങ്ങളാണ് പില്‍ക്കാലത്ത് മുഗള്‍ ഗാര്‍ഡന്‍സ് എന്നറിയപ്പെട്ടത്. ഈ ഉദ്യാനങ്ങള്‍ക്കൊക്കെ ഇറാനിയന്‍ നിര്‍മ്മാണരീതികളുടെ നല്ല സ്വാധീനമുണ്ട്..മദ്ധ്യത്തിലൂടെ ഒഴുകുന്ന നീര്‍ച്ചാലും ഇരുവശത്തുമായി പലതട്ടുകളില്‍ ക്രമീകരിച്ചിരിക്കുന്ന പുല്‍ത്തകിടികളും ഭംഗിയില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും പൂമരങ്ങളും ഒക്കെ ഈ ഉദ്യാനങ്ങളുടെ പ്രത്യേകതയാണ്.ഒഴുകുന്ന നീര്‍ച്ചാലില്‍ ധാരാളം ജലധാരാ യന്ത്രങ്ങളും..

ഞങ്ങള്‍ ആദ്യമെത്തിയത് നിഷത് ബാഗിലായിരുന്നു. 1633-ല്‍ നൂര്‍ജഹാന്റെ സഹോദരന്‍ ആസിഫ്
ഖാന്‍ ദാല്‍ തടാകക്കരയില്‍ മലമുകളിലേയ്ക്കുയര്‍ന്നു പോകുന്ന 12 തട്ടുകളിലായാണ് 46 ഏക്കര്‍ വിസ്താരത്തില്‍ ഈ ഉദ്യാനം നിര്‍മ്മിച്ചത്. ഈ 12 തട്ടുകള്‍ 12 സൂര്യരാശികളെയാണു (zodiac signs) പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ചില മുഗള്‍ സ്മാരകങ്ങളും ഉണ്ട്. ഏറ്റവും ഉയര്‍ന്ന തട്ടിലെ സ്രോതസ്സില്‍ നിന്നൊഴുകുന്ന ജലവാഹിനി ഓരോ തട്ടുകളിലൂടെ ഒഴുകി താഴേയ്ക്കുപോകുന്നു. ചിലയിടങ്ങളില്‍ കറുത്ത വെണ്ണക്കല്‍പ്പടവു കളിലൂടെ ഒഴുകിയിറങ്ങുന്ന ഈ അരുവിയുടെ ദൃശ്യം അതിമനോഹരമാണ്. നീര്‍ച്ചാലിനു മീതെ പലയിടത്തും കല്‍ബെഞ്ചുകളും ഉണ്ട്. അതിലിരുന്ന് ഈ ഒഴുക്കിന്റെ ചാരുത നുകരാം.ഇരുവശങ്ങളിലും പുല്‍ത്തകിടികളും ഭംഗിയില്‍ വെട്ടിയാകൃതി വരുത്തിയ പച്ച മരങ്ങളും പൂച്ചെടികളും പൂമരങ്ങളും...അകലെയായി ദാല്‍ തടകത്തിന്റെ വിശാലതയും...ഒട്ടും മതിവരാത്ത കാഴ്ച....

അവിടെനിന്നു ഞങ്ങള്‍ പുതിയ താമസസ്ഥലത്തെയ്ക്കാണു പോയത്. ഏകദേശം 10 കി. മി. അകലെയുള്ള ഹര്‍വ്വാന്‍ ഉദ്യാനത്തിന്റെ തൊട്ടുചേര്‍ന്നായിരുന്നു ആ ഹോട്ടല്‍ - 'കാഷ്മീര്‍ ഹോളിഡേ ഇന്‍' എന്ന മനോഹര സൗധം. പിന്നില്‍ ആപ്പിളും പിയറും ഉരുളക്കിഴങ്ങും വളര്‍ന്നു നില്‍ക്കുന്ന തോട്ടം. അതിനും പിന്നില്‍ ഡചിഗാം വന്യമൃഗ സങ്കേതത്തിന്റെ ഭാഗമായ മലനിരകള്‍ വിവിധവര്‍ണ്ണ ഇലച്ചാര്‍ത്തണിഞ്ഞ മരങ്ങള്‍ചൂടി നില്‍ക്കുന്നു.
എല്ലാവരും മുറികളില്‍ വിശ്രമിക്കാന്‍ പോയപ്പോള്‍ ചേട്ടനും ഞാനും ഹര്‍വ്വാന്‍ ബാഗിന്റെ സൗന്ദര്യമാസ്വദിക്കാ നായി ഇറങ്ങി. ഇവിടെ കൃത്രിമത്വം ഒട്ടുമില്ലാത്ത പുല്‍ത്തകിടികളും പൂച്ചെടികളും ചിനാര്‍ മരങ്ങളുമാണ്. പിന്‍ഭാഗത്തുള്ള ജലസംഭരണിയില്‍ നിന്നൊഴുകിവരുന്ന അരുവിക്കും പ്രകൃതിദത്ത സൗന്ദര്യം മാത്രം. വളരെ ശാന്തമായൊരു ഉദ്യാനം. ഈ ഭംഗിയിലൂടെ അല്പദൂരം നടന്നു ഞങ്ങള്‍ തിരികെയെത്തുമ്പോള്‍ മറ്റുള്ളവര്‍ തയ്യാറായിരുന്നു. ഇനി പോകുന്നത് പ്രസിദ്ധമായ ഷാലിമാര്‍ ബാഗിലേയ്ക്കാണ്.
1619-ല്‍ ജഹാംഗീര്‍ ചക്രവര്‍ത്തി തന്റെ പ്രാണപ്രേയസി നൂര്‍ജഹാനുവേണ്ടി ദാല്‍ത്തടാകത്തിന്റെ പൂര്‍വ്വോത്തരഭാഗത്തു നിര്‍മ്മിച്ചതാണ് 31 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഷാലിമാര്‍ ബാഗ്. ഷാലിമാര്‍ എന്ന പേര്‍ഷ്യന്‍ വാക്കിനര്‍ത്ഥം സ്നേഹധാമം എന്നാണെന്നു പറയപ്പെടുന്നു. മൂന്നു തട്ടുകളിലായി ചിനാര്‍മരങ്ങളും, ജലധാരകളും, പുല്‍ത്തകിടികളും എണ്ണമറ്റ പൂച്ചെടികളുമായി പ്രൗഢിയോടെ ഈ ഉദ്യാനം നിലകൊള്ളുന്നു. ആദ്യതടം അവസാനിക്കുന്നത് ദിവാനി ആം എന്ന മണ്ഡ്പത്തിലാണ്. പൊതുജങ്ങള്‍ക്കു ചക്രവര്‍ത്തിയുമായി സംവദിക്കാനുള്ള സ്ഥലമായിരുന്നു അതു. ചക്രവര്‍ത്തി ഉപവിഷ്ഠനായിരുന്ന കറുത്ത വെണ്ണക്കല്‍ പീഠവും ഇവിടെയുണ്ട്. കുറച്ചുയരത്തിലുള്ള രണ്ടാമത്തെ തടത്തിലാണ് ദിവാനി ഖാസ് എന്ന മണ്ഡപം. ഇതു രാജകുടുംബാംഗങ്ങള്‍ക്കായുള്ളതാണ്. അതിനും ഉയരത്തിലുള്ള മൂന്നാം തടത്തിലാണ് ജലസ്രോതസ്സ്. അവിടെനിന്നും താഴേയ്ക്കു മൂന്നു മീറ്ററോളം വീതിയില്‍ ഒഴുകുന്ന നീര്‍ച്ചാല്‍ പലയിടത്തും കല്‍പ്പടവുകളിലൂടെ ഒഴുകിയിറങ്ങുന്ന കാഴ്ച ഹൃദ്യമാണ്. നനൂറിലധികം ജലധാരായന്ത്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ മാത്രമുള്ള പ്രത്യേകതയാണ് വിളക്കുകല്ലുകള്‍. രാത്രിയില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന പ്രഭാപൂരത്തില്‍ ഈ ഉദ്യാനം കണ്ണുകള്‍ക്ക് നല്ലൊരു ദൃശ്യവിരുന്നു തന്നെ.

No comments:
Post a Comment