Mute: ഓര്‍മ്മയില്‍ ഓണം
Mute: ഓര്‍മ്മയില്‍ ഓണം:
ഓര്‍മ്മയില്‍ ഓണം
=============
കരിമഷിയെഴുതിയ വര്‍ഷമേഘങ്ങള്‍ തന്‍
വറ്റാത്ത കണ്ണീരിലാര്‍ദ്രയായ് കര്‍ക്കിടകം
തന്നുപോയ് ചിങ്ങത്തിന്‍ പൊന്നിട്ട പകലുമീ-
ക്കുളിര്‍നിലാവൊഴുകിപ്പരക്കും നിശീഥവും
വെണ്മതന്‍ സ്നിഗ്ദ്ധ സുസ്മേര ഖചിതമാം
തുമ്പമലര്‍ ലാസ്യ നൃത്തമാടീടവേ
പൊയ്പ്പോയ നന്‍മയാം മാബലിനാടിന്റെ
പോകാത്തൊരോര്‍മ്മയാം ഓണമിങ്ങെത്തുന്നു
പൂവിളിയുയരുന്നു പൂക്കൂടനിറയുന്നു
തൃക്കാക്കരപ്പനു പൂക്കളം തീര്‍ക്കുന്നു.
മുറ്റത്തെ മാവിന്റെ കൊമ്പിലൊരൂഞ്ഞാല
മുക്കുറ്റിപ്പൂവിനെ നോക്കിച്ചിരിക്കുന്നു.
തൊടികളില്‍ പിഞ്ചിളം കൈകളില്‍ പൂക്കൂട-
യേന്തിയ ബാല്യത്തിന്‍ചിത്രകുതൂഹലം
പുലരിയില്‍ മുറ്റത്തു തീര്‍ക്കുമാ വിസ്മയം
പുളകങ്ങള്‍ മനതാരിലീണം നിറയ്ക്കുന്നു.
ഓണമായോണമായോര്‍മ്മയില്‍ പൂ ചൂടും
ഈണമതൊന്നെങ്ങോ പൂങ്കാറ്റിലൊഴുകുന്നു.
തൂള്ളുന്ന തുമ്പിക്കു താളമിട്ടാളിമാര്‍
തുമ്പിതുള്ളല്‍പ്പാട്ടു പാടിത്തകര്‍ക്കുന്നു.
പൊന്നോണക്കോടിയൊന്നുണ്ടെന്റെ ചിന്തതന്‍
ചന്ദനച്ചെപ്പിലൊളിച്ചോരു മോഹമായ്.
നാവിലിങ്ങെത്തുന്ന കൈപ്പുണ്യമായമ്മ
നാക്കിലത്തുണ്ടില്‍ വിളമ്പുന്ന സദ്യയും.
ആര്‍പ്പും വിളിയുമായോണം കളിക്കുന്നൊ-
രാനല്ല കാലമിന്നോര്‍മ്മ മാത്രം-വെറും
ഓര്‍മ്മയാണെല്ലാമിന്നോര്‍മ്മ മാത്രം-ഒരു
പൊയ്പോയ നന്മതന്‍ ഓര്‍മ്മ മാത്രം
No comments:
Post a Comment