Saturday, October 26, 2013

Retreat

A long way of journey
Takes me back to the yonder village
Where the hills are blue
And the fields are green
And the brooks are full

The morning wakes me up
Every day with hope
I open my eyes to see
The infinite sky above
Over the rolling mountains

The soft rays of the baby sun
Touch me with their pink fingers
Which do art work high above
with an amber stroke in the horizon
Till dew drops get vanished

As a naughty boy who peeps
Over the garden wall with ease
The sun stretches his golden rays
To peep me through the window bars
But full of love and care

A lazy breeze that blows
Who not knows where to go
Hums his songs of love
Hugs me with his scores of hands
Of love, as if I 'm  his own

The garden roses wish me morn
With their fragrance heavenly
Fresh and fair with dew drop sheen
The nature lady's smile  exotic
On their faces I could see


Friday, October 25, 2013

ഒരു വൃദ്ധവിലാപം

ഇന്നലെയോ നിന്നെ കണ്ടുമുട്ടീ സഖീ,
ഇരവിലെ സ്വപ്നത്തിന്നുയിര്‍വന്നുവോ
ഇത്രനാള്‍ ഞാന്‍ നിന്നെ കാണാത്തതെന്തേ
ഇതള്‍ ചൂടുമനുരാഗമെങ്ങുപോയി 

കണ്‍പാര്‍ത്തതില്ല ഞാന്‍ നിന്‍ മുഖശ്രീ,യെന്റെ
കണ്ണില്‍ തിമിരം നിറഞ്ഞുപോയി, യെന്റെ
ഞാനെന്ന ഭാവം നിറഞ്ഞൊരു മാനസം
മോഹിച്ചതോ  ശപ്തമൃഗതൃഷ്ണ മാത്രം

കണ്ണില്‍ പതിഞ്ഞൊരു വര്‍ണ്ണവിസ്മയവു,മെന്‍
കാതില്‍ മുഴങ്ങിയ കളകൂജനങ്ങളും
തന്നെനിക്കേതോ മതിഭ്രമം മല്‍സഖീ...
വഴി തെറ്റിയെങ്ങോ വലഞ്ഞു ഞാനും  

ഇത്രനാള്‍ ഞാന്‍ കണ്ട പൂക്കളെല്ലാമൊരു
മാത്രനേരം കൊണ്ടു മാഞ്ഞുപോയോ...
ഈ സായന്തനത്തില്‍ ഇരുള്‍പരക്കു
മ്പൊഴീപ്പാതയിതെന്തേ വിമൂകമായി

അറിയുന്നു ഞാനെന്റെ നഷ്ടപര്‍വ്വങ്ങളേ
അകതാരിലുള്‍ച്ചൂടുമാത്രം നിറച്ചിട്ടു
പൊയ്പോയതാം തീക്ഷ്ണ യൗവ്വനകാലവും
തിരികെയെത്തീടാത്ത മാഹേന്ദ്രജാലവും

ഹിമകണം പോല്‍ നിന്റെ മൃദുവിരല്‍സ്പര്‍ശമെന്‍
ഹൃദയത്തില്‍ ശീതം നിറച്ചിരുന്നെങ്കിലും
നനവാര്‍ന്ന മിഴികള്‍തന്‍ നിനവിലൂടൂറുന്ന
ചുടുകണ്ണൂനീര്‍പ്പുഴ കണ്ടതില്ലീ ഞാന്‍

ശൂന്യമായ്ത്തീര്‍ന്നൊരെന്‍ കൈകളിലെന്‍ പ്രിയ-
പത്നീ  നിനക്കായി നല്‍കുവാനീപ്പുഴു-
ക്കുത്തേറ്റു വാടിത്തളര്‍ന്നൊരാം മേനിയ-
തല്ലാതെയില്ലിനി   ബാക്കിയൊന്നും

ഈ നീണ്ട രഥ്യയില്‍ ത്യാഗവും സ്നേഹവും
ഇഴചേര്‍ത്തു നീ നെയ്ത ജീവിതപ്പൊന്നാട
ഒരുജന്മസുകൃതമായ് ആത്മാവിന്‍ മീതേ
പുതച്ചൊന്നുറങ്ങട്ടെ ഞാനീ കുളിര്‍രാവില്‍

നിന്‍മടിത്തട്ടില്‍ ഞാന്‍ ചാഞ്ഞുറങ്ങീടവേ
മെല്ലെത്തഴുകുകെന്‍ ശുഭ്രമുടിയിഴകളേ
നിന്‍ മൃദുവിരല്‍ത്തുമ്പാൽ മെല്ലെത്തുടയ്ക്കുക  
എന്‍മിഴിക്കോണില്‍ തുളുമ്പുമാ ശോകത്തെ

എല്ലാം മറന്നൊന്നുറങ്ങട്ടെയീരാവില്‍
തെല്ലൊന്നറിയട്ടെ നിന്നെ ഞാന്‍ പ്രണയിനീ
അകലെയാകാശത്തു കണ്‍ചിമ്മുമാക്കൊച്ചു
താരങ്ങള്‍ കൂട്ടായിരിക്കും നിനക്കായി...













Thursday, October 17, 2013

ദേവസ്പര്‍ശം

മകരമഞ്ഞിന്റെ
വെണ്മയേറിയ
തണുത്ത വിരലുകള്‍ തഴുകുന്ന പ്രഭാതം
കണ്ണുകള്‍ക്കമൃതായ്
വിറയാര്‍ന്ന മേനിയില്‍ 
ഭൂമിക്കുമേല്‍ പതിച്ച സുവര്‍ണ്ണബിന്ദുക്കള്‍
അതൊരു ജമന്തിച്ചെടി
ഒരുപാടുപൂക്കള്‍ പൊട്ടിച്ചിരിക്കുന്ന ജമന്തിച്ചെടി
വരണ്ടുണങ്ങിക്കിടക്കുന്ന ശിശിരത്തില്‍
തണുത്തുവിറയ്ക്കാത്ത ഈ പൊട്ടിച്ചിരി
ഈ ചിരി കാണാന്‍ കഴിയാതിരുന്നെങ്കില്‍
ഈ ശിശിരം വ്യര്‍ത്ഥമായേനെ...
വസന്തം കടന്നുപോയ പാതയോരത്ത്
വീണുകിട്ടിയ വര്‍ണ്ണവിസ്മയം
ഏകാന്തതയില്‍ 
ഒരു ദേവസ്പര്‍ശം




Friday, October 11, 2013

അന്ത്യനിദ്രയിലേക്ക് .

അന്ത്യനിദ്രയിലേക്ക് ....
===============
കൊഴിയുന്നു സംവത്സരങ്ങളാം പൂക്കള്‍
കാലമാം വൃക്ഷത്തില്‍ നിന്നടര്‍ന്നേവം
കഴിയുന്നിതായുസ്സിന്‍ ദൈര്‍ഘ്യവും മേലേ
പുല്‍കുന്നു മൃത്യു വന്നറിയാതെ പിന്നെ

എങ്കിലുമെന്തിനോ പായുന്നു മര്‍ത്ത്യന്‍
ദിശയേതുമറിയാതെയുഴലുന്നു പാരില്‍
കനവുകള്‍ കണ്ടുകണ്ടറിയാതെ പോകുന്നു
കനലെരിയുമാത്മാവിനാര്‍ദ്ര സംഘര്‍ഷങ്ങള്‍

അലയടിച്ചെത്തുമോരാഹ്ലാദസഞ്ചയം
അണപൊട്ടിയൊഴുകുന്നു ദുഃഖഭാരങ്ങളും
പൊരുളേതെന്നറിയാതെ പുല്കുന്നു സൗഖ്യവും
നിറമേറുമീ ജന്‍മകേളീഗൃഹത്തിങ്കല്‍

കാലം നിറയ്ക്കുന്ന മേളക്കൊഴുപ്പതില്‍
കാലുകള്‍ മെല്ലെക്കുഴയുന്നു, വീഴുന്നു
കല്പാന്തകാലം നിനച്ചിടും ചിന്തകള്‍
കണ്ണൊന്നടയ്ക്കുകില്‍ ശൂന്യത തേടുന്നു

നിറമാര്‍ന്ന സന്ധ്യ മാഞ്ഞുപോയീടവേ
ഇരുള്‍വന്നു നിറയുന്നു വാനിലും ഭൂവിലും
ഇനിവരും പുലരിയേ കാണുവാനാകാതെ
ഇരുളിന്റെ ശയ്യയില്‍ വീണുറങ്ങാം.....

Thursday, October 3, 2013

ഞാന്‍ - നാട്യശാലി


ഞാന്‍ - നാട്യശാലി
=============

സ്വപ്ന വീഥികള്‍
താണ്ടിയെത്തുന്നു
സ്വച്ഛരാവിന്റെ 
തേരിലേറിയെന്‍
മുഗ്ദ്ധ മോഹ ദിവാകര ബിംബവും
ആശമേലഗ്നി 
ഹോമിച്ചു നിത്യവും
യാഗശാലതന്‍ ധൂമധൂളിയാല്‍
ശുദ്ധിയേറ്റം വരുത്തി നിത്യവും
പ്രിയദമായൊരു 
മന്ദ സുസ്മേരവും
പ്രകടമാകുന്ന  സ്നേഹരീതിയും
ഇടകലര്‍ന്നൊരെന്‍ 
നാട്യവൈദഗ്ദ്ധ്യം
പ്രതിഫലിക്കുന്നു 
കരചരണങ്ങളില്‍
നിയതമാകുന്ന ചരണവിസ്മയം...
നടനമാടുന്നു 
നിത്യവും ഞാനും

പൈതലും പൂനിലാവും...(വളരെ പഴയ കവിത)


പൈതലും പൂനിലാവും....(വളരെ പഴയ കവിത)
=============================


മാനത്തു രാവിലുദിച്ചു നില്‍ക്കുന്നൊരു
ചേലൊത്ത ചന്ദനപ്പൂനിലാവേ..
താഴത്തു വന്നു നീ ചുംബിച്ചുണര്‍ത്തല്ലേ
ചാരെയുറങ്ങുമെന്നോമനയേ.......

താമരക്കണ്ണുകള്‍ പൂട്ടിയുറങ്ങുമെന്‍
പൊന്‍പൈതലിപ്പോൾ മിഴിതുറക്കും.
കുഞ്ഞരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചെന്റെ
കണ്ണുകള്‍ക്കേകുമവനമൃതം 

മാനത്തു നോക്കി വിരല്‍ ചൂണ്ടിയെന്നുണ്ണി
അംബിളിമാമനെക്കാട്ടിത്തരും-എന്റെ 
കവിളിലൊരുമ്മ തന്നെന്നോടു കൊഞ്ചും- 
ആ പുന്നാരമാമനേ വേണമെന്നും.

കുഞ്ഞിളം കയ്യാല്‍ നിറസ്നേഹമോടവന്‍
മാടിവിളിച്ചു  പൊട്ടിച്ചിരിക്കും...
മെല്ലെ നടക്കുമെന്‍ പിന്നാലെ   വന്നീടും
മാമനൊരത്ഭുതം തന്നെയത്രേ!


Wednesday, October 2, 2013

അച്ഛനോട്....

അച്ഛനോട്....

==========

താത, നീയെന്തേ മറഞ്ഞുപോയ് ദൂരേയ്ക്കു
കാതരയാമെന്റെ പിന്‍വിളി കേള്‍ക്കാതെ
യാത്ര ചോദിക്കാതെ, കണ്ണുനീരൊപ്പാതെ
മാത്രനേരം കൊണ്ടു മാഞ്ഞെങ്ങു പോയി നീ..

വാക്കുകള്‍ നാവിലുറയ്ക്കാത്ത ബാല്യത്തില്‍
അച്ഛനെന്നുള്ള രണ്ടക്ഷരം മാത്രമാ-
ണാശ്രയത്തിന്നു ഞാനുച്ചരിച്ചെന്നുമേ
അമ്മയ്ക്കു പിന്നെയേ സ്ഥാനമുണ്ടായുള്ളു.

ആയിരം കഥകളും കവിതയും ചൊല്ലിത്ത
ന്നാനന്ദപൂരിതമാക്കിയെന്‍ ബാല്യത്തെ
ഏറ്റവും സമ്പന്നമാക്കിയെന്നച്ഛനെ
എന്തിനാണീശന്‍ വിളിച്ചിത്ര ഝടുതിയില്‍?

അഞ്ചു വയസ്സു കടന്നില്ലയക്ഷര മുറ്റത്തു 
പിഞ്ചുകാല്‍ വെച്ചില്ലതിന്‍മുന്‍പേ
ആവിരല്‍ തുമ്പെങ്ങോ കൈവിട്ടു പോയിഞാ-
നൊന്നുമറിയാതെ നോക്കി നിന്നു.

അമ്മൂമ്മ  ചൊല്ലിത്തന്നീശ്വരനേറ്റവും
പ്രിയമുള്ളതാണെന്റെയച്ഛനെയത്രേ..
എന്നിട്ടുമറിയില്ലെന്നച്ഛനെയീശ്വരന്‍
എന്തിനായ് വേഗം വിളിച്ചങ്ങു കൊണ്ടുപോയ്

എത്ര കരഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചതീശനോ
ടെന്‍പ്രിയ താതനെത്തിരികെ നല്‍കീടുവാന്‍..
കേട്ടതില്ലീശനെന്‍ പ്രാര്‍ത്ഥനയല്പവും
കാട്ടിയതില്ലിറ്റു കരുണതന്‍  കണികയും 
................................................
ഈ ലോകസാഗര മധ്യത്തില്‍ ഞാനെന്റെ
ജീവിതത്തോണി തുഴഞ്ഞിടുമ്പോള്‍
ഒരു കുഞ്ഞു കാറ്റായി വന്നെന്റെ തോണിക്കു
നേരായ ദിക്കങ്ങു കാട്ടിത്തരേണം....





(ഒരമൂല്യ നിധിയായി കാത്തു സൂക്ഷിക്കാന്‍ ശ്രീലകം വേണുഗോപാല്‍ സര്‍ തിരുത്തിത്തന്ന ഈ കവിത )


അച്ഛനോട്....
==========

താതാ,യന്നെന്തേ മറഞ്ഞുപോയ് ദൂരേയ്ക്കു
കാതരയാമെന്റെ പിന്‍വിളി കേള്‍ക്കാതെ
യാത്ര ചോദിക്കാതെ, കണ്ണുനീരൊപ്പാതെ
മാത്രനേരം കൊണ്ടു മാഞ്ഞെങ്ങു പോയി ഹാ!

വാക്കുകള്‍ നാവിലുറയ്ക്കാത്ത ബാല്യത്തില്‍
അച്ഛനെന്നുള്ള രണ്ടക്ഷരം മാത്രമേ
ആശ്രയത്തിന്നു ഞാനുച്ചരിച്ചെന്നെന്നും
അമ്മയ്ക്കു പിന്നെയേ സ്ഥാനമുണ്ടായുള്ളു.
ആയിരം കഥകളും കവിതയും ചൊല്ലിത്ത-
ന്നാനന്ദപൂരിതമാക്കിയെന്‍ ബാല്യത്തേ
ഏറ്റവും സമ്പന്നമാക്കിയെന്നച്ഛനെ
എന്തിനാണീശന്‍ വിളിച്ചൂ ഝടുതിയില്‍?
അഞ്ചു വയസ്സു കടന്നില്ലയക്ഷര-
മുറ്റത്തു പിഞ്ചുകാല്‍ വെച്ചില്ലതിന്‍മുന്‍പേ
ആ വിരല്‍ തുമ്പെങ്ങോ കൈവിട്ടു പോയി ഞാ-
നൊന്നുമറിയാതെ നോക്കിനിന്നെത്ര നാള്‍?
അമ്മൂമ്മ ചൊല്ലിയതീശ്വരനേറ്റവും
ഇഷ്ടമാണെന്റെയീയച്ഛനേയെന്നത്രേ..
എന്നിട്ടുമറിയില്ലെന്നച്ഛനെയീശ്വരന്‍
എന്തിനായ് വേഗംവിളിച്ചങ്ങു കൊണ്ടുപോയ്
എത്ര കരഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചതീശനോ-
ടെന്‍പ്രിയതാതനേ തിരികെനല്‍കീടുവാന്‍..
കേട്ടതില്ലീശനെന്‍ പ്രാര്‍ത്ഥനയല്പവും
കാട്ടിയുമില്ലിറ്റു കരുണതന്‍ കണികയും
................................................
ഈ ലോകസാഗരമധ്യത്തില്‍ ഞാനെന്റെ
ജീവിതത്തോണി തുഴഞ്ഞലഞ്ഞീടുമ്പോള്‍
ഒരു കുഞ്ഞു കാറ്റായി വന്നെന്റെ തോണിക്കു
നേരായ ദിക്കങ്ങു കാട്ടിത്തരേണമേ...



Tuesday, October 1, 2013

മകനോട്...

മകനോട്...
=======
മകനെ, ഞാന്‍ നിനക്കമ്മ
അഹിതമൊന്നോതുകില്‍ 
ഞാന്‍ നിനക്കന്യ..
നെല്ലും പതിരും 
തിരിച്ചറിഞ്ഞീടുവാന്‍
ബാല്യത്തില്‍ നിന്നെ പഠിപ്പിച്ചൊരമ്മ
ജ്ഞാനലോകത്തിന്റെ 
പൊന്‍വെളിച്ചത്തിലേയ്ക്കണയുവാന്‍
നിന്‍വഴിവിളക്കായെരിഞ്ഞവള്‍
നിന്‍വളര്‍ച്ചയ്ക്കായ്
നിന്നുയര്‍ച്ചയ്ക്കായ്
പ്രാര്‍ത്ഥനായജ്ഞം നടത്തും തപസ്വിനി..
നീയറിയേണ്ട നിന്നമ്മതന്‍
 ദുഃഖങ്ങള്‍
സഫലമാക്കേണ്ട നിന്നമ്മതന്‍
 മോഹങ്ങള്‍
അറിയണം നീ നിന്റെ 
സഹജരെ, മിത്രത്തെ..
അറിയേണമഗതിതന്‍
ഉള്‍ച്ചൂടുമാധിയും
ആവും വിധം നീയവര്‍ക്കായി നല്കണം
ഉയിരും മനവും നിന്‍ വിത്തവും ശക്തിയും
അരുതരുതു ചെയ്യരുതു
സഹജര്‍ക്കു നോവുന്നതൊന്നുമേ
പാരിലെന്‍ തനയാ...
നിന്‍ വഴിത്താരയിലെന്നും ജ്വലിക്കട്ടെ
നന്‍മതന്‍ നക്ഷത്രജ്യോതി...
പരിലസിക്കട്ടെ വിജയപുഷ്പങ്ങള്‍
നിറയട്ടെ നിന്‍മനം 
ആ സുഗന്ധത്തില്‍...
മകനേ ....
ഞാന്‍ നിനക്കമ്മ.