Tuesday, October 1, 2013

മകനോട്...

മകനോട്...
=======
മകനെ, ഞാന്‍ നിനക്കമ്മ
അഹിതമൊന്നോതുകില്‍ 
ഞാന്‍ നിനക്കന്യ..
നെല്ലും പതിരും 
തിരിച്ചറിഞ്ഞീടുവാന്‍
ബാല്യത്തില്‍ നിന്നെ പഠിപ്പിച്ചൊരമ്മ
ജ്ഞാനലോകത്തിന്റെ 
പൊന്‍വെളിച്ചത്തിലേയ്ക്കണയുവാന്‍
നിന്‍വഴിവിളക്കായെരിഞ്ഞവള്‍
നിന്‍വളര്‍ച്ചയ്ക്കായ്
നിന്നുയര്‍ച്ചയ്ക്കായ്
പ്രാര്‍ത്ഥനായജ്ഞം നടത്തും തപസ്വിനി..
നീയറിയേണ്ട നിന്നമ്മതന്‍
 ദുഃഖങ്ങള്‍
സഫലമാക്കേണ്ട നിന്നമ്മതന്‍
 മോഹങ്ങള്‍
അറിയണം നീ നിന്റെ 
സഹജരെ, മിത്രത്തെ..
അറിയേണമഗതിതന്‍
ഉള്‍ച്ചൂടുമാധിയും
ആവും വിധം നീയവര്‍ക്കായി നല്കണം
ഉയിരും മനവും നിന്‍ വിത്തവും ശക്തിയും
അരുതരുതു ചെയ്യരുതു
സഹജര്‍ക്കു നോവുന്നതൊന്നുമേ
പാരിലെന്‍ തനയാ...
നിന്‍ വഴിത്താരയിലെന്നും ജ്വലിക്കട്ടെ
നന്‍മതന്‍ നക്ഷത്രജ്യോതി...
പരിലസിക്കട്ടെ വിജയപുഷ്പങ്ങള്‍
നിറയട്ടെ നിന്‍മനം 
ആ സുഗന്ധത്തില്‍...
മകനേ ....
ഞാന്‍ നിനക്കമ്മ.




No comments:

Post a Comment