Wednesday, October 2, 2013

അച്ഛനോട്....

അച്ഛനോട്....

==========

താത, നീയെന്തേ മറഞ്ഞുപോയ് ദൂരേയ്ക്കു
കാതരയാമെന്റെ പിന്‍വിളി കേള്‍ക്കാതെ
യാത്ര ചോദിക്കാതെ, കണ്ണുനീരൊപ്പാതെ
മാത്രനേരം കൊണ്ടു മാഞ്ഞെങ്ങു പോയി നീ..

വാക്കുകള്‍ നാവിലുറയ്ക്കാത്ത ബാല്യത്തില്‍
അച്ഛനെന്നുള്ള രണ്ടക്ഷരം മാത്രമാ-
ണാശ്രയത്തിന്നു ഞാനുച്ചരിച്ചെന്നുമേ
അമ്മയ്ക്കു പിന്നെയേ സ്ഥാനമുണ്ടായുള്ളു.

ആയിരം കഥകളും കവിതയും ചൊല്ലിത്ത
ന്നാനന്ദപൂരിതമാക്കിയെന്‍ ബാല്യത്തെ
ഏറ്റവും സമ്പന്നമാക്കിയെന്നച്ഛനെ
എന്തിനാണീശന്‍ വിളിച്ചിത്ര ഝടുതിയില്‍?

അഞ്ചു വയസ്സു കടന്നില്ലയക്ഷര മുറ്റത്തു 
പിഞ്ചുകാല്‍ വെച്ചില്ലതിന്‍മുന്‍പേ
ആവിരല്‍ തുമ്പെങ്ങോ കൈവിട്ടു പോയിഞാ-
നൊന്നുമറിയാതെ നോക്കി നിന്നു.

അമ്മൂമ്മ  ചൊല്ലിത്തന്നീശ്വരനേറ്റവും
പ്രിയമുള്ളതാണെന്റെയച്ഛനെയത്രേ..
എന്നിട്ടുമറിയില്ലെന്നച്ഛനെയീശ്വരന്‍
എന്തിനായ് വേഗം വിളിച്ചങ്ങു കൊണ്ടുപോയ്

എത്ര കരഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചതീശനോ
ടെന്‍പ്രിയ താതനെത്തിരികെ നല്‍കീടുവാന്‍..
കേട്ടതില്ലീശനെന്‍ പ്രാര്‍ത്ഥനയല്പവും
കാട്ടിയതില്ലിറ്റു കരുണതന്‍  കണികയും 
................................................
ഈ ലോകസാഗര മധ്യത്തില്‍ ഞാനെന്റെ
ജീവിതത്തോണി തുഴഞ്ഞിടുമ്പോള്‍
ഒരു കുഞ്ഞു കാറ്റായി വന്നെന്റെ തോണിക്കു
നേരായ ദിക്കങ്ങു കാട്ടിത്തരേണം....





(ഒരമൂല്യ നിധിയായി കാത്തു സൂക്ഷിക്കാന്‍ ശ്രീലകം വേണുഗോപാല്‍ സര്‍ തിരുത്തിത്തന്ന ഈ കവിത )


അച്ഛനോട്....
==========

താതാ,യന്നെന്തേ മറഞ്ഞുപോയ് ദൂരേയ്ക്കു
കാതരയാമെന്റെ പിന്‍വിളി കേള്‍ക്കാതെ
യാത്ര ചോദിക്കാതെ, കണ്ണുനീരൊപ്പാതെ
മാത്രനേരം കൊണ്ടു മാഞ്ഞെങ്ങു പോയി ഹാ!

വാക്കുകള്‍ നാവിലുറയ്ക്കാത്ത ബാല്യത്തില്‍
അച്ഛനെന്നുള്ള രണ്ടക്ഷരം മാത്രമേ
ആശ്രയത്തിന്നു ഞാനുച്ചരിച്ചെന്നെന്നും
അമ്മയ്ക്കു പിന്നെയേ സ്ഥാനമുണ്ടായുള്ളു.
ആയിരം കഥകളും കവിതയും ചൊല്ലിത്ത-
ന്നാനന്ദപൂരിതമാക്കിയെന്‍ ബാല്യത്തേ
ഏറ്റവും സമ്പന്നമാക്കിയെന്നച്ഛനെ
എന്തിനാണീശന്‍ വിളിച്ചൂ ഝടുതിയില്‍?
അഞ്ചു വയസ്സു കടന്നില്ലയക്ഷര-
മുറ്റത്തു പിഞ്ചുകാല്‍ വെച്ചില്ലതിന്‍മുന്‍പേ
ആ വിരല്‍ തുമ്പെങ്ങോ കൈവിട്ടു പോയി ഞാ-
നൊന്നുമറിയാതെ നോക്കിനിന്നെത്ര നാള്‍?
അമ്മൂമ്മ ചൊല്ലിയതീശ്വരനേറ്റവും
ഇഷ്ടമാണെന്റെയീയച്ഛനേയെന്നത്രേ..
എന്നിട്ടുമറിയില്ലെന്നച്ഛനെയീശ്വരന്‍
എന്തിനായ് വേഗംവിളിച്ചങ്ങു കൊണ്ടുപോയ്
എത്ര കരഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചതീശനോ-
ടെന്‍പ്രിയതാതനേ തിരികെനല്‍കീടുവാന്‍..
കേട്ടതില്ലീശനെന്‍ പ്രാര്‍ത്ഥനയല്പവും
കാട്ടിയുമില്ലിറ്റു കരുണതന്‍ കണികയും
................................................
ഈ ലോകസാഗരമധ്യത്തില്‍ ഞാനെന്റെ
ജീവിതത്തോണി തുഴഞ്ഞലഞ്ഞീടുമ്പോള്‍
ഒരു കുഞ്ഞു കാറ്റായി വന്നെന്റെ തോണിക്കു
നേരായ ദിക്കങ്ങു കാട്ടിത്തരേണമേ...



2 comments:

  1. നഷ്ടസൗഭാഗ്യങ്ങളുടെ ബാക്കിപത്രം..

    ReplyDelete
    Replies
    1. വളരെ നന്ദി ഈ കയ്യൊപ്പിന്

      Delete