ശുഷ്കമായ
ഈ മരുഭൂമിയില്‍
കുഞ്ഞെ നിനക്കായ്
ബാക്കിയില്ലൊന്നും
നീന്തിത്തുടിക്കാന്‍
പുഴയില്ല ഭൂവില്‍,
വറ്റിവരണ്ടുപോയ്
കുളമായ കുളമൊക്കെ...,
പാടങ്ങള്‍!
നല്ലോര്‍മ്മ നല്‍കുന്ന
പച്ചമാത്രം.
പൊന്‍കതിര്‍ വിളയാത്ത,
പൈക്കളും മേയാത്ത,
പാഴ്നിലമാണിന്നാ സ്വപ്നഭൂമി
മരമൊന്നുമിനിയില്ല
മരക്കൊമ്പില്‍ കിളിയില്ല
കുയിലമ്മ പാടുന്ന പാട്ടുമില്ല.
മലകളും മഞ്ഞിന്റെ നനവാര്‍ന്നപുലരിയും
നിനക്കായി നല്കുവാന്‍ ബാക്കിയില്ല.
ചക്കരമാവിന്റെ കൊമ്പിലെ തേനൂറും
കല്‍ക്കണ്ടത്തുണ്ടൊന്നു തന്നുപോകാന്‍
അണ്ണാറക്കണ്ണനുമില്ലയല്ലോ
മഴവന്നു കുളിരിട്ട പാടത്തു കരയുന്ന
പോക്കാച്ചിത്തവളയുമെങ്ങുപോയി!!
ഇല്ലിവിടെ ഒന്നും നിനക്കായ്.....
അമ്മതന്‍ മാറിലെ
സ്നേഹാമൃതത്തിന്റെ
ഉറവയുമെങ്ങോ കളഞ്ഞുപോയി
ഇനി ബാക്കി വെയ്ക്കുവാന്‍
എന്തുണ്ടു പൈതലേ...
കരയുവാന്‍ കണ്ണീരും ബാക്കിയില്ല
പൊയ്പോയ മരവും
മലയും പുഴയും
നിനക്കിനി നല്കുവാനവില്ലയെങ്കിലും
കുഞ്ഞേ, നിനക്കായ്
ഒരുവിത്തു ഭൂമിയില്‍ നട്ടു നനയ്ക്കാം-
വളരുവാന്‍,
പൂവിട്ടു കായ് നിനക്കേകുവാന്‍,
നന്‍മതന്‍ ശീതളച്ഛായയില്‍
നല്ല നാളുകള്‍ നിന്നരുകിലെത്താന്‍
കുഞ്ഞേ, മറക്കുക
ഞങ്ങള്‍ തന്‍ പാപങ്ങളൊകെയും,
നീ പൊറുത്തീടുക
ഈ അഹന്തയും.
ഇനിയും എന്തെങ്കിലുമൊക്കെ ഉണ്ടായി വരുമായിരിക്കാം നാളത്തെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി.
ReplyDeleteഅങ്ങനെ പ്രതീക്ഷിക്കാം സര്‍
Delete