Thursday, January 16, 2014

എന്തിനോ...

മിഴികള്‍ തുറന്നൊന്നു നോക്കുകില്‍ ഞാനീ-
പ്പച്ചവിരിച്ചൊരീപ്പാടം കണികാണ്‍കെ
പത്തായമൊക്കെയും ശൂന്യമാണെങ്കിലും
മനതാരില്‍ നിറയുന്നൊരാനന്ദകാഹളം

പുല്‍നാമ്പില്‍ നക്ഷത്ര മിന്നൊളി തീര്‍ക്കുമീ
മഞ്ഞിന്‍കണം  വീണ ധനുമാസപ്പൂലരിയില്‍
ഒറ്റയ്ക്കു പാടവരമ്പത്തുലാത്തവേ
വൈഡൂര്യമില്ലാത്ത ദുഃഖം മറന്നു ഞാന്‍

പട്ടെനിക്കെന്തിനീ മേനിയില്‍ -പ്രാലേയ
കംബളം ചാര്‍ത്തിത്തരുന്നുണ്ടു രാവുകള്‍!
അത്തറും വാസനത്തൈലവും വേണ്ടയീ
മല്ലികപ്പൂവിന്‍ സുഗന്ധം പരക്കുമ്പോള്‍. 

തളിര്‍ചൂടി നില്‍ക്കുമീ ചക്കരമാവിന്റെ 
കുളിരാര്‍ന്ന കല്‍ത്തറ കാത്തുനിന്നീടവേ
തലയൊന്നു ചായ്ക്കാന്‍, കനവൊന്നു കാണാന്‍
മണിമേട കെട്ടുന്നതെന്തിന്നു ഞാന്‍ വൃഥാ....

കളകളം പാടിയങ്ങകലേയ്ക്കു പായുമീ-
പ്പൂഞ്ചോലതന്‍ സ്നിഗ്ദ്ധസംഗീത നിര്‍ഝരി
കേള്‍ക്കുവാന്‍ ഞാനെന്റെ കാതുകൂര്‍പ്പിക്കവേ
പൈതലായ് മാറുമെന്‍ മാനസം പിന്നെയും.



6 comments:

  1. This comment has been removed by the author.

    ReplyDelete
  2. പാടവരമ്പിലൂടെയുള്ള നടത്തം
    ഇന്നൊരോര്‍മ്മ മാത്രമാകുകയാണ്....!
    മനോഹരമായ വരികള്‍
    ആശംസകള്‍

    ReplyDelete
  3. പ്രക്യതിയുടെ സൗന്ദര്യം നഷ്ടപ്പെടാതെയുള്ള ഒരു വികസനം നമ്മൾക്കു സ്വപ്നം കാണാം.

    നല്ല കവിത

    അഭിനന്ദനങ്ങൾ.

    ReplyDelete
  4. ഹൈക്കൂ കവിതകൾ കണ്ട് ഞാൻ രോഷാകുലനാകാറുണ്ട്...ഒരു കാര്യവുമില്ലാത്ത അത്തരം വരികളെ ശാക്തമായി വിമർശിക്കുകയും ചെയ്യാറുണ്ട്.... അതിൽ പലർക്കും ദേഷ്യവും ഉണെന്നറിയാം അത് ഞാൻ കാര്യമാക്കി എട്ക്കുന്നുമില്ലാ...ഇവിടെ ഇതാ നല്ലൊരു കവിത ഞാൻ രണ്ട് മൂന്ന് ആവർത്തിവായിച്ചൂ.........കളകളം പാടിയങ്ങകലേയ്ക്കു പായുമീ-
    പ്പൂഞ്ചോലതന്‍ സ്നിഗ്ദ്ധസംഗീത നിര്‍ഝരി
    കേള്‍ക്കുവാന്‍ ഞാനെന്റെ കാതുകൂര്‍പ്പിക്കവേ
    പൈതലായ് മാറുമെന്‍ മാനസം പിന്നെയും.
    അതെ കുഞ്ഞെ മനസ് പിന്നോട്ടോടി ഞാനിപ്പോൾ പാട വരമ്പത്ത് കൂടെ നടക്കുകയാ.... നല്ല കവിതക്കെന്റെ നമസ്കാരം

    ReplyDelete