മാഞ്ഞുപോയ മലവരമ്പുകള്‍ക്ക്...
=====================
എന്റെ ഓര്‍മ്മകളില്‍
എന്നോ ഇവിടെ ഒരു മലയുണ്ടായിരുന്നു
ശോകം ഉറഞ്ഞ പാറകള്‍ പേറിയ,
സ്നേഹമുരുകി ഒഴുകിയെത്തുന്ന
നീര്‍ച്ചാലുകള്‍ പൊട്ടിച്ചിരിക്കുന്ന,
പച്ചമരങ്ങളുടെ ഇലച്ചാര്‍ത്തുകളാല്‍
തലയ്ക്കുമേലേ അഭയകൂടാരം വിടര്‍ത്തി
'നിനക്കു ഞാന്‍ രക്ഷ' യെന്നോരോ
കാറ്റിലും അമര്‍ത്തിമൂളി,
കത്തുന്ന വേനലില്‍ പൊട്ടിച്ചിരിച്ചും
പെരുമഴക്കാലത്തു പുളകാര്‍ദ്രമായും
മകരമഞ്ഞില്‍ തനു ശീതം നിറച്ചും
ഇവിടെ ഒരു മലനിന്നിരുന്നു.
പൂക്കളും കായ്കളും കനികളും
വേരും തരുവും ലോലപത്രവും
നിറച്ചു നല്‍കിയ സംതൃപ്തിയുടെ
നിശ്വാസങ്ങളില്‍ നിര്‍വൃതിയടഞ്ഞ്
ഇവിടെ ഒരു മല നിന്നിരുന്നു....
ധാര്‍ഷ്ട്യത്തിന്‍ കൊടുവാള്‍
മരത്തിന്റെ കടയ്ക്കലെത്തവേ
നഷ്ടമായത് ആഴത്തില്‍ വേരോടിയ
സ്നേഹക്കുടയായിരുന്നു..
നന്ദികേടിന്റെ ഇരുമ്പുവിരലുകളും നഖങ്ങളും
അടര്‍ത്തിമാറ്റിയ പാറക്കൂട്ടങ്ങള്‍
നിലനില്‍പിന്റെ അടിക്കല്ലുകളായിരുന്നു.
നിന്നുപോയ നീരുറവകള്‍
ഭൂമിദേവിയുടെ വാത്സല്യദുഗ്ദ്ധവും!
അതിര്‍ത്തികടന്നുപോയ
മണ്ണിന്‍ കൂമ്പാരങ്ങള്‍
മുന്‍പില്‍ നിക്ഷേപിച്ചുപോയത്
നഷ്ടക്കണക്കുകളുടെ
കൊടുമുടികള്‍!
ഇനി കാണുന്നതു ശൂന്യത മാത്രം.....
പുലരിയും സന്ധ്യയും
കണ്ണുപൊത്തിക്കളിക്കാത്ത,
ഓടിക്കളിക്കുന്ന മഴമേഘങ്ങള്‍
കാല്‍വഴുതിവീഴാത്ത,
വികൃതികാട്ടി ഓടിമറയുന്ന
കുഞ്ഞിളങ്കാറ്റിന്റെ പിന്നാലെ
കോപിച്ചെത്തുന്ന അമ്മക്കാറ്റിനെ
തടഞ്ഞുനിര്‍ത്താന്‍
ഒരുവിരല്‍ത്തുമ്പുപോലുമില്ലാത്ത
കറയറ്റ ശൂന്യതമാത്രം!
ചക്രവാളം തിരിച്ചറിയാനാവാത്ത
കടുത്ത ശൂന്യത......
ഇനി പറയാനൊരു വരി മാത്രം
'എന്നോ
ഒരു മലയുണ്ടായിരുന്നു,
ഒരു മലയുണ്ടായിരുന്നു,
ഇവിടെ,
വിടചൊല്ലിയകന്നൊരു
സ്നേഹക്കൂമ്പാരം'
Good one.
ReplyDeleteAashamsakal.
നമുക്ക് പ്രകൃതി കനിഞ്ഞരുളിയ അമൂല്യമായ സമ്പത്തുകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്! താല്‍ക്കാലിക സുഖത്തിനും,ലാഭത്തിനും വേണ്ടി...അതിന്‍റെ ഭവിഷ്യത്തുകള്‍.......
ReplyDeleteനന്നായിരിക്കുന്നു രചന
ആശംസകള്‍
This comment has been removed by the author.
Delete