Friday, March 28, 2014

വിഷുപ്പുലരി

വിഷുപ്പുലരി
.
മഞ്ഞനീരാടിയ കര്‍ണ്ണികാരപ്പൂക്കള്‍
മേടപ്പുലരിയില്‍ പുഞ്ചിരിക്കേ
ഓര്‍മ്മയിലോടിയിങ്ങെത്തുന്നു ബാല്യത്തിന്‍
കൈനീട്ട നാണയപ്പൊന്‍കിലുക്കം

രാവിലങ്ങെത്തും വിഷുക്കണി പേറിയ
രാപ്പാടിക്കൂട്ടം കണിപ്പാട്ടുമായ്
പൂമുഖവാതില്‍ തുറന്നങ്ങു നോക്കവേ
പൊന്‍കണി മുന്നില്‍ ജ്വലിച്ചുനില്‍ക്കും

വന്നെത്തും കൈകളില്‍ കുളികഴിഞ്ഞെത്തുമ്പോള്‍ 
അമ്മതന്‍ കൈനീട്ട സ്നേഹഭാരം
പിന്നെയും കൈനീട്ടമെത്തിടും കൈകളില്‍
ബന്ധങ്ങള്‍തന്നിഴ ചേര്‍ത്തു വയ്ക്കാന്‍

നാവില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്നുണ്ടു
നന്മമധുരം നിറച്ച വിഷുവട
നാക്കിലത്തുണ്ടില്‍ നിരന്നിരിക്കും പിന്നെ
നാനാവിധം രുചിക്കൂട്ടുകള്‍ സദ്യയായ്

ആട്ടവും പാട്ടും കളിചിരിയാര്‍പ്പുമായ് 
ആമോദമോടെ പറന്നങ്ങകന്നുപോം
ആദിത്യരശ്മികള്‍ പൊന്നാട ചാര്‍ത്തിച്ച
ആ മേടമാസത്തിന്‍ പൊന്‍വിഷുവാസരം

സന്ധ്യവന്നെത്തുമാക്കൂടെ വന്നെത്തിടും
സന്ധ്യവിളക്കിന്‍ തിരിനാളവും
കത്തുമൊരായിരം പൂത്തിരി കയ്യിലും
കണ്ണിലും മാനത്തുമൂഴിയിലും

കത്തിയണയുമാ ദീപത്തുരുത്തുകള്‍
കാഴ്ചയായോര്‍മ്മയില്‍ തങ്ങിനില്‍ക്കും
കണികണ്ടുണരുവാ,നൊരുവിഷുപ്പുലരിക്കായ് 
കാത്തിരിക്കാമിനി കൈകള്‍ കൂപ്പി....

4 comments:

  1. വിഷുപ്പുലരിയും കാത്ത്......
    കവിത നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  2. വിഷുക്കണിക്കാലമാകുന്നു അല്ലേ?
    കവിത നന്നായിട്ടുണ്ട്

    ReplyDelete