Saturday, March 29, 2014

ബാല്യത്തിനു കൈമോശംവരുന്നത്...

ബാല്യത്തിനു കൈമോശംവരുന്നത്...
========================

     കുട്ടികള്‍ മത്സരത്തിനായി എഴുതിയ 'വിദ്യാലയത്തിലേയ്ക്കുള്ള യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഉപന്യാസ രചനകള്‍ കഴിഞ്ഞ ദിവസം വായിക്കാനിടയായി. കുട്ടികള്‍ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു എന്നത് ആശയ്ക്കു വക നല്കിയെങ്കിലും അതില്‍ ഒന്നില്‍ പോലും 'അനുഭവം' കണ്ടെത്താനായില്ല എന്നെനിക്കു തോന്നി. വളരെ ശുഷ്കമായ രചനകളായിരുന്നു എല്ലാം തന്നെ. സ്കൂള്‍ബസ്സിലോ ഓട്ടോ റിക്ഷയിലോ ഇരുന്നു വഴക്കടിച്ചതോ, ടീച്ചറിന്റെയൊപ്പം ഇരിക്കാനായതോ, പിറന്നാള്‍ സമ്മാനം കിട്ടിയതോ ഒക്കെയായിരുന്നു അവരുടെ രചനകളില്‍. വീട്ടുമുറ്റത്തുനിന്നു സ്കൂളിലേയ്ക്കുള്ള വാഹനത്തില്‍ കയറി ക്ലാസ്സ്മുറിയുടെ മുന്നില്‍ ഇറങ്ങുന്ന കുട്ടികള്‍ക്ക് ഇതിലേറെ എന്തു പറയാനാവും!

      വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്കു മനസ്സു പറന്നുപോയി. അന്നൊക്കെ വിദ്യാലയത്തിലേയ്ക്കുള്ള യാത്രകളായിരുന്നു   ഓരോ വിദ്യാര്‍ത്ഥിയുടേയും ആദ്യപാഠം. മഞ്ഞും  മഴയും കാറ്റും വെയിലും അറിഞ്ഞ്, പ്രകൃതിയിലെ വര്‍ണ്ണസങ്കേതങ്ങളില്‍ ഉടക്കിനില്‍ക്കുന്ന കണ്ണൂകളെ ശാസിച്ചു മടക്കിവിളിച്ച്, പക്ഷികളുടേയും പുഴയുടേയും പാട്ടുകള്‍ നല്കുന്ന ശബ്ദമധുരം ഇരു കര്‍ണ്ണങ്ങളിലും നിറച്ച്, പൂക്കളുടെ സുഗന്ധം ഹൃദയത്തിലാവാഹിച്ച്, വഴിയോരങ്ങളിലെ കായ്കനികളുടെ രുചിഭേദങ്ങള്‍ നാവില്‍ നിറച്ച്.......എത്ര ഉന്മേഷകരമായ യാത്രകള്‍! വയല്‍വരമ്പിലൂടെയുള്ള യാത്രകളില്‍, നെല്ച്ചെടികളുടെ ദിനംതോറുമുള്ള വ്യതിയാനങ്ങള്‍ കണ്ടറിഞ്ഞ്, മൃദലമായ പുല്‍നാമ്പിന്റെ സ്പര്‍ശനസുഖമറിഞ്ഞ് ഓരോ ദിവസവും പ്രകൃതിയെ ജീവന്റെ ഭാഗമാക്കുകയായിരുന്നു. വഴിയോരത്തു നില്ക്കുന്ന ഒരു ചെടികണ്ടാല്‍ കൃത്യമായി അതിന്റെ പേരറിയാമായിരുന്നു അന്നത്തെ കുട്ടികള്‍ക്ക്. അകലെനിന്നാണെങ്കിലും ഒരു പക്ഷി പാടിയാല്‍ അതു ഏതുപക്ഷിയെന്നു പറയാന്‍ കഴിഞ്ഞിരുന്നു. വീട്ടില്‍ ഒരതിഥി വന്നാലോ പ്രായമുള്ളവരെ കണ്ടാലോ എഴുന്നേറ്റു നിന്നു ബഹുമാനം പ്രകടിപ്പിയ്കാനും അവര്‍ക്കു തെല്ലും മടിയും ഉണ്ടായിരുന്നില്ല. അനുഭവങ്ങളില്‍ നിന്നും കണ്ടെത്തുന്ന പാഠങ്ങളായിരുന്നു എല്ലാം. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവിനേക്കാളേറെ വ്യാപ്തവും മഹത്വവും ഉണ്ടായിരുന്നു ഈ നേരറിവുകള്‍ക്ക്- മറ്റെന്തിനേക്കാളും മൂല്യവും.

       എവിടെയാണ് ഇതിനൊക്കെ ഒരു വഴിത്തിരിവുണ്ടായത് എന്ന് കണ്ടെത്തുക ദുഷ്കരമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ അങ്ങനെയൊക്കെ ആയിപ്പോയി എന്നു വേണം കരുതാന്‍. എപ്പോഴും നേട്ടങ്ങളുടെ പിന്നാലെയായിരുന്നു മാനവികത. സാമ്പത്തികമായ ദാരിദ്ര്യങ്ങളില്‍ നിന്നു കരകയറി സമ്പന്നത ഒരു പരിധിവരെ മനുഷ്യനെ ഭരിക്കാന്‍ തുടങ്ങിയതും പുതിയപുതിയ സൗകര്യങ്ങള്‍ മനുഷ്യനെത്തേടിയെത്തി. യന്ത്രവല്‍ക്കരണവും സാങ്കേതികജ്ഞാനവും മനുഷ്യനെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചിരിക്കുന്നു. പക്ഷെ അപ്പോഴൊക്കെ കൈമോശം വരുന്നതെന്തെന്നു നോക്കിനില്‍ക്കാന്‍ നമുക്കു സമയവും തീരെയില്ലാതായി. കുട്ടികള്‍ക്കു സ്നേഹിയ്ക്കാനും ബഹുമാനിയ്ക്കാനുമുള്ള കഴിവു നഷ്ടമായിക്കൊണ്ടിരിക്കുന്ന എന്നു തിരിച്ചറിയാനും വൈകി. ഫലമോ, അനാഥമാകുന്ന വാര്‍ദ്ധക്യങ്ങളും വൃദ്ധസദനങ്ങളുടെ ബാഹുല്യവും!

       ഇന്നു കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിവെയ്ക്കുന്ന കൃത്രിമസുരക്ഷാ സങ്കേതങ്ങള്‍ അവര്‍ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നതും ചിന്തനീയമാണ്. പരീക്ഷച്ചൂടില്‍നിന്നും മുക്തരായ കുട്ടികളേക്കാത്ത്  ഇന്നു കളിസ്ഥലങ്ങളല്ല കാത്തിരിക്കുന്നത്. ഒരായിരം പഠനകേന്ദ്രങ്ങള്‍ അവര്‍ക്കായി തൂറന്നിട്ടിരിക്കുന്നു. അങ്ങനെ മുരടിച്ചുപോകുന്നു ഈ ബാല്യങ്ങള്‍. മാവിലെറിയാനോ, കൊയ്തൊഴിഞ്ഞ പാടത്ത് ഒരായിരം കളികളുടെ മധുരം നുണയാനോ ഇന്നു ഏതു കുഞ്ഞിനാണു ഭാഗ്യം? പുല്ലുമേയുന്ന പയ്യും കളിയാടുന്ന കിടാവും ഒന്നും ഒരു കുഞ്ഞിന്റെയും ദൃശ്യപഥങ്ങളില്‍ എത്തുന്നുമില്ല. കളിവീടും മണ്ണപ്പവും ഒന്നും അവര്‍ക്കറിയില്ല. പണ്ടത്തെ കുഞ്ഞുങ്ങള്‍ ഉണ്ടാക്കിക്കളിച്ചിരുന്ന ഓലപ്പന്തും പീപ്പിയിം കണ്ണടയും വാച്ചുമൊക്കെ ചൈനീസ് കളിപ്പാട്ടങ്ങള്‍ക്കു വഴിമാറിയപ്പോള്‍ നമുക്കു നഷ്ടമായത് നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സ്നേഹമാണ്. ഉപാധികളില്ലാതെ അവര്‍ നല്കിപ്പോന്ന ആദരവാണ്.  കുഞ്ഞുങ്ങള്‍ ടെലിവിഷന്‍ പരിപാടികളും കംപ്യൂട്ടര്‍ ഗയിമുകളും ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പോലും അവര്‍ക്ക് പ്രകൃതിയെ അറിയാന്‍ അവസരമുണ്ടാകണം.വെയില്‍ കൊള്ളാനും മഴനനയാനും ഒഴുകുന്ന ചോലയില്‍ നീന്തിത്തുടിയ്ക്കാനും അവര്‍ക്കു കഴിയട്ടെ.  ഈ വിശ്വമഹാവിദ്യാലയത്തിലെ അറിവിന്റെ മുത്തുകള്‍ ഒന്നൊന്നായ് അവര്‍ നേടിയെടുക്കട്ടെ. അവര്‍ അതിലൂടെ അവരെ തിരിച്ചറിയട്ടേ, മനുഷ്യത്വം മനസ്സിലാവാഹിയ്ക്കട്ടെ, നമുക്കുമുണ്ടാകട്ടെ സ്നേഹവീടുകളുടെ പെരുമയും സുരക്ഷിതത്വവും. 

2 comments:

  1. റിമോട്ട്‌ കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ!!!
    ലേഖനം ഹൃദ്യമായി.....
    ആശംസകള്‍

    ReplyDelete
  2. തിരിച്ചുപോകാനാകാത്ത ചില കാലങ്ങളും ശീലങ്ങളും.

    ReplyDelete