Sunday, April 20, 2014

മരോട്ടി ('നാട്ടുവഴിയി'ലെ പോസ്ട്.)


മരോട്ടി  ('നാട്ടുവഴിയി'ലെ പോസ്ട്.)
''''''''''''''''
മതിലുകളുടെ കടന്നു കയറ്റത്തില്‍ പുരയിടങ്ങളുടെ അതിരുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണ് 'മരോട്ടി'. ചാഞ്ഞുകിടക്കുന്ന ശാഖകളില്‍ പന്തുപോലെ കായ്കളുമായി ഈ മരം നില്‍ക്കുന്നതു കാണാന്‍ ഒരു പ്രത്യേക കൗതുകമാണ്. കായ്കളുടെ പുറം തോട് വളരെ കട്ടിയുള്ളതാണ്. അകത്തു കാമ്പും വിത്തുകളും നിറഞ്ഞിരിക്കും. ഈ മരത്തിന് സംസ്കൃതത്തില്‍ കുഷ്ഠരോഗവൈരി എന്നത്രേ പറയുന്നത്. നോര്‍വട്ട, നീര്‍വെട്ടിയെന്നൊക്കെ നമ്മുടെ നാട്ടില്‍ ഇതിനെ വിളിക്കും.
മരോട്ടിക്കായയില്‍ നിന്നെടുക്കുന്ന മരോട്ടിയെണ്ണ എല്ലാവിധ ത്വക്ക് രോഗങ്ങളുടെയും ചികിത്സയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. വളരെ പണ്ടുകാലത്ത് കുഷ്ഠരോഗചികിത്സയില്‍ മരോട്ടിയെണ്ണ ധാരാളം ഉപയോഗിച്ചിരുന്നു. മരോട്ടിക്കായുടെ ഉണങ്ങിയ തോടും ഉണക്കച്ചാണകവും ചേര്‍ത്ത് കത്തിച്ച് ഭസ്മമുണ്ടാക്കി നെറ്റിയിലും മാറിലും പൂശുന്നവര്‍ പണ്ടുകാലത്ത് ധാരാളമുണ്ടായിരുന്നു. മരോട്ടി എണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാല്‍ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും. മഞ്ഞള്‍ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാല്‍ കുഴിനഖത്തിന് ശമനം ലഭിക്കും. മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. പഴമക്കാര്‍ എളള്, പുന്നയ്ക്ക, മരോട്ടിക്കുരു മുതലായവയില്‍ നിന്നും എടുക്കുന്ന എണ്ണ വഴിവിളക്കുകളില്‍ ഉപയോഗിച്ചിരുന്നു.
മരോട്ടിക്കായ രണ്ടായി മുറിച്ച് അകത്തെ പള്‍പ്പും വിത്തുകളും നീക്കം ചെയ്താല്‍ അതു ചെരീയ മണ്‍വിളക്കുകള്‍ക്കു പകരമായി ഉപയോഗിക്കാം. കാര്‍ത്തികവിളക്കു കൊളുത്താനും ദീപാവലി ദീപം കൊളുത്താനുമൊക്കെ ഈ തോടുകള്‍ മുന്‍പൊക്കെ ധാരാളമായി ഉപയോഗിച്ചിരുന്നു.ഇന്ന് ഈ മരം തന്നെ കാണാനില്ലാതായിരിക്കുന്നു.

6 comments:

  1. ഇപ്പോള്‍ നാട്ടില്‍ കാണാന്‍ പറ്റാത്ത മരമായിരിക്കുന്നു മരോട്ടി.
    ആശംസകള്‍

    ReplyDelete
  2. ഞങ്ങളുടെ നാട്ടില്‍ പണ്ടിത് ധാരാളം ഉണ്ടായിരുന്നു ..ഇപ്പൊ കാണാനേ ഇല്ല ...നന്നായി....ഒരു ഓര്‍മ്മപ്പെടുത്തലിന് നന്ദി ..!

    ReplyDelete