മറ്റൊരു വിഡ്ഢിദിനം കൂടി...
=================
ഏഴെട്ടു വര്‍ഷങ്ങള്‍ക്കുമുന്‍പാണ്.. ഹൗസിംഗ് കോമ്പ്ലെക്സിലെ ബസ്സില്‍ കയറി ടൗണിലേയ്ക്ക് പോവുകയായിരുന്നു. മദ്ധ്യവേനലവധിയായിരുന്നിട്ടും ബസ്സില്‍ പതിവില്ലാത്ത തിരക്കു തോന്നി. സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ നിന്നു കയറിയതുകൊണ്ട് ഇരുന്നു യാത്ര ചെയ്യാനായി. അടുത്ത സീറ്റില്‍ വന്നിരുന്നതും ഒരു മലയാളി സ്ത്രീയായിരുന്നു.
ബസ്സ് കടന്നുപോകുന്ന പാതയില്‍ പലയിടത്തും നീണ്ട ക്യൂ കാണാനായി. ശ്രദ്ധിച്ചപ്പോള്‍ എല്ലാം സ്വര്‍ണ്ണക്കടകളുടെ മുന്‍പിലാണ്. സഹയാത്രികയോടു ഇതിനെക്കുറിച്ചു സംസാരിച്ചപ്പോഴാണറിയുന്നത് അതു അക്ഷയതൃതീയ പ്രമാണിച്ചു സ്വര്‍ണ്ണം വാങ്ങാണായെത്തിയവരുടേതാണെന്ന്. ബസ്സിലെ തിരക്കും അതുകൊണ്ടു തന്നെ. അവരും പോകുന്നതു സ്വര്‍ണ്ണക്കടയിലേയ്ക്കാണത്രേ.. അത് എന്താണെന്നായി എന്റെ സംശയം. പത്രത്തില്‍ എന്തോ പരസ്യം ഇതുമായി ബന്ധപ്പെട്ടു കണ്ടിരുന്നു. പക്ഷേ പ്രത്യേകിച്ചൊരു കൗതുകം തോന്നാതിരുന്നതു കൊണ്ടു ശ്രദ്ധ കൊടുത്തതുമില്ല. അവര്‍ക്കും അത്ര കൃത്യമായൊന്നും അറിയില്ല. അന്നത്തെ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം വരുമെന്നാണു വിശ്വാസം പോലും..എന്തായാലും അതിനു മുന്‍പ് ഇങ്ങനെയൊരു ദിവസത്തേക്കുറിച്ച് കേട്ടുകേഴ്വി പോലും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത വര്ഷങ്ങളിലൊക്കെ പത്രത്തിലും ടി വി യിലും ധാരാളം പരസ്യങ്ങളും മറ്റും വളരെ ദിവസങ്ങളു്ക്കു മുന്‍പു തന്നെ കാണാനിടയായി.
പലസുഹൃത്തുക്കളും പരിചയക്കാരുമൊക്കെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയ കഥകളും അറിയാനിടയായി. ആര്‍ക്കൊക്കെ ഐശ്വര്യം വന്നു എന്നു മാത്രം നിശ്ചയമില്ല...
മുന്‍പൊന്നുമില്ലാത്ത ഇത്തരമൊരു ദിനം പെട്ടെന്നെങ്ങനെ ഭൂജാതമായെന്ന് ഇന്നും അതിശയിപ്പിക്കുന്നു. യാതൊരടിസ്ഥാനവുമില്ലാതെ ഇത്തരം വിശ്വാസങ്ങളിലേയ്ക്കു എങ്ങനെ മനുഷ്യന്‍ മൂക്കുകുത്തി വീഴുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ചിലര്‍ സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ എന്തെങ്കിലും വാങ്ങി തൃപ്തിയടയുന്നുമുണ്ട്. വളരെ മുന്‍പു തന്നെ ബുക്ക് ചെയ്തിടുന്നവരുമുണ്ട്. പെട്ടെന്ന് ഐശ്വര്യം വരാന്‍ മനുഷ്യന്‍ എന്തും ചെയ്യുമെന്ന രീതിയിലേയ്ക്ക് അധ:പതിച്ചുകൊണ്ടിരുക്കുന്നു. ഇങ്ങനെ സ്വയം വിഡ്ഢികളായി ജീവിക്കാന്‍
മനുഷ്യനെപ്രേരിപ്പിക്കുന്നത് അദ്ധ്വാനിക്കാതെ ധനവാനാകാനുള്ള അതിമോഹം മാത്രം ആയിരിക്കുമോ. അതോ അതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും ചേതോവികാരമാകുമോ....ഏതായാലും 'എന്നെ പറ്റിച്ചോളൂ' എന്നൊരു സ്റ്റിക്കര്‍ നെറ്റിയിലൊട്ടിച്ച് നടക്കുന്നവരെ ബുദ്ധിമാന്‍മാര്‍ പറ്റിച്ചില്ലെങ്കിലല്ലേ അതിശയമുള്ളു അല്ലേ...നാളയാണ് ഈ വര്‍ഷത്തെ അക്ഷയതൃതീയ. ഈ അഭിനവ വിഡ്ഢിദിനത്തില്‍ എല്ലാവര്‍ക്കും സര്‍വ്വൈശ്വര്യങ്ങളും നേരുന്നു...:D
No comments:
Post a Comment