Thursday, June 26, 2014

രാരീരം.... പൊന്നുണ്ണീ.......


വാനിലൊരമ്പിളിക്കിണ്ണം മിനുക്കുന്നു
കൂരിരുള്‍പ്പെണ്‍കൊടി രാവിതിന്‍ കോലായില്‍
താരകക്കുഞ്ഞുങ്ങളോടിക്കളിച്ചെത്തും
മാമുണ്ടു പൈദാഹമാറ്റിയുറങ്ങുവാന്‍

വെള്ളിത്തളികയാം പൂര്‍ണ്ണേന്ദുവെണ്‍മയില്‍
പാല്‍ക്കഞ്ഞിയുണ്ണുവാനെത്തുന്നുഡുക്കളും
പാടിത്തളര്‍ന്നോരു രാപ്പാടി പിന്നെയും
പാടുന്നു നേര്‍ത്തോരു താരാട്ടിന്നീണവും

വിലോലമാമൊരു വിസ്മയരാഗമീ
വിജനമാം രാവില്‍ നീ പാടിടുമ്പോള്‍
മറന്നൊരാ സുന്ദര സ്വപ്നവിഹായസ്സില്‍
മൗനത്തിന്‍ ചിറകേറിപ്പറന്നിടുന്നോ...

പിന്നെയാ താരകക്കുഞ്ഞുങ്ങള്‍ മാനത്തിന്‍
പൂന്തൊട്ടിലേറിയങ്ങൂയലാടും ചെമ്മേ.
കുഞ്ഞിളം കണ്‍കളെ മെല്ലെത്തഴുകിടും
സ്വച്ഛമാം  നിദ്രതന്നംഗുലീസ്പര്‍ശവും

എന്‍മടിത്തടിലെന്നോമനക്കുഞ്ഞുണ്ടു
പുഞ്ചിരിപ്പാല്‍നിലാക്കിണ്ണം മറിച്ചിട്ടു
കൊഞ്ചലിന്‍തേന്‍കണം മെല്ലെയുതിര്‍ക്കുന്നു
പിഞ്ചിളം കയ്യാലെന്‍ കണ്ണുപൊത്തീടുന്നു

താരങ്ങള്‍ താലോലമാടുന്ന രാവിതില്‍
താരാട്ടു കേട്ടു നീ ചായുറങ്ങോമനേ.
നാളെനിന്‍ കണ്‍കളില്‍ പൊന്നൊളിവീശിയെന്‍
പൈതലേ പുലരിവന്നെത്തും നിനക്കായി

Sunday, June 22, 2014

അഭയം തേടി..

കുഴലൂതും പൊന്‍കാറ്റും
കളമെഴുതും പൂവാടിയും
നടമാടും മഴവില്ലും
കുടനീര്‍ത്തിയ നീലിമയും

കൈകൊട്ടി കൈകൊട്ടി-
ച്ചിരിതൂകി പോയ്മറയും
കുളിരരുവിയിലുതിരുന്നൊരു
പാല്‍നുരയുടെ ശുഭ്രതയും

തിരയണയാതലതല്ലും
തിരമാലകള്‍ പോലെങ്ങോ
ഓര്‍മ്മകളില്‍ നനവുള്ളൊരു
മഞ്ഞുകണം പൊഴിയുന്നു.

പേമാരി തിമിര്‍ക്കുമ്പോള്‍
വന്‍കാറ്റതു വീശുമ്പോള്‍
ഉലയുന്നെന്‍ മണ്‍കുടിലിന്‍
ചെറുവാതിലുമറിയാതെ

കോപിച്ചൊരു കരിമേഘ
ച്ചെറുകീറെന്നതുപോലെന്‍
ചെറുകുടിലില്‍ കുടിവെച്ചൊരു
കൂരിരുളിനെ നോക്കി

കാണുന്നൊരു സ്വപ്നം ഞാന്‍
പുതുപുലരി വെളിച്ചത്തിന്‍
കൈ കൊണ്ടു തുറക്കുന്നെന്‍
മണ്‍കുടിലിന്‍ പടിവാതില്‍

കാണുന്നാ പൊന്‍പ്രഭയില്‍
നിറമണിയും ശുഭചരിതം
സര്‍വ്വാത്മക സൗഭാഗ്യ
സമസ്താസുഖ സംഭവ്യം.

നവചേതന ചാര്‍ത്തിവരും
പൊന്നുഷസ്സിന്‍ സുസ്മേരം
നന്മകളുടെ നിറമേഴും
ചാര്‍ത്തിവരും മഴവില്ലൊളി.

നീണ്ടുള്ളൊരു പാതയിലീ
പദമൂന്നിപ്പോകേണം
കാതങ്ങളനേകം ഞാന്‍
മുന്നേറി തളരേണം.

ഇന്നലെയുടെ മണമൂറു-
ന്നോര്‍മ്മകളെയൊന്നായി
കണ്ണീരിന്‍ ചാലുകളില്‍
ഒഴുകാതെയൊഴുക്കേണം

മലയോളം വളരുന്നെന്‍
ഗര്‍വ്വിന്റെയുമിക്കൂനകള്‍
നെടുവീര്‍പ്പിന്നുലയൂതി
അഗ്നിക്കിരയാക്കേണം..

ഒടുവില്‍ വന്നണയേണം
നനവൂറും മൃദുമണ്ണില്‍
നിറസ്നേഹം ചൊരിയുന്നീ-
മാതാവിന്‍ നിറമാറില്‍!