Thursday, July 31, 2014

അമ്മ...എരിഞ്ഞടങ്ങിയൊരു ചന്ദനത്തിരി......

അമ്മ...എരിഞ്ഞടങ്ങിയൊരു ചന്ദനത്തിരി...
=============================
ഒരു ജന്മം മുഴുവനും മറ്റുള്ളവര്‍ക്കായി ജീവിച്ച ഒരു സ്ത്രീജന്മമായിരുന്നു എന്റെ അമ്മ. എരിഞ്ഞു തീര്‍ന്നിട്ടും സുഗന്ധം ബാക്കി നിര്‍ത്തിയ ഒരു ചന്ദനത്തിരിപോലെ...പൊലിഞ്ഞിട്ടും പ്രകാശം ബാക്കി വെച്ചൊരു പൊന്‍താരകം പോലെ....
കുട്ടിക്കാലത്തു തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നത് അമ്മയുടെ നിയോഗമായിരുന്നു. മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മൂത്തമകളായിരുന്നു എന്റെ അമ്മ, താഴെ ഏഴു സഹോദരങ്ങള്‍. പത്താം തരത്തിനപ്പുറം പഠിക്കാന്‍ ഈ ഭാരിച്ച ഉത്തരവാദിത്വം ഒരു തടസ്സമായി. വിവാഹം കഴിഞ്ഞപ്പോഴാകട്ടെ, അദ്ധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഭര്‍ത്താവിന്റെ തിരക്കുള്ള ജീവിതത്തില്‍ താങ്ങും തണലുമായി നിന്നു. പക്ഷേ, ആ ദാമ്പത്യജീവിതത്തിന് അധികം ആയുസ്സുണ്ടായില്ല. മൂന്നാമത്തെ കുഞ്ഞു ജനിച്ച് ഏതാനും മാസം കഴിഞ്ഞപ്പോഴാണ് എല്ലാമായ പ്രിയതമന്‍ ഒരു യാത്രപോലും പറയാതെ ഈശ്വരസന്നിധിയിലേയ്ക്കു യാത്രയായത്. പിന്നീടുള്ള ജീവിതം തന്റെ മൂന്നു പെണ്‍മക്കാള്‍ക്കു വേണ്ടിയായിരുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല ആ ജീവിതത്തില്‍. ആ ചെറിയ പ്രായത്തില്‍ അത്തരമൊരവസ്ഥ അമ്മയെങ്ങനെ തരണം ചെയ്തു എന്ന് അത്ഭുതം തോന്നാറുണ്ടെനിക്ക്.   ഒരു നെണ്‍മണി പോലും പാഴാക്കാതെ സ്വരുക്കൂട്ടിവെച്ചു മക്കാള്‍ക്കായി ജീവിതം മെനെഞ്ഞെടുക്കുമ്പോള്‍ ആ മനസ്സ് എന്തായിരുന്നിരിക്കും പ്രതീക്ഷിച്ചിരുന്നത്..! അച്ഛനും അമ്മയും സ്വയം ചമഞ്ഞ് മക്കളെ വളര്‍ത്തി കരയെത്തിച്ചപ്പോഴും ആ സാധുവിനു വിശ്രമം ലഭിച്ചില്ല. ഉദ്യോഗസ്ഥരായ പെണ്‍മക്കളുടെ മക്കളെ വളര്‍ത്തേണ്ട ഉത്തരവാദിത്വവും ആ ക്ഷീണിച്ച കൈകളിലാണ് എത്തിപ്പെട്ടത്. ആ കര്‍ത്തവ്യവും അതീവ ശ്രദ്ധയോടെ അമ്മ നിര്‍വ്വഹിച്ചു. ഒരിക്കലും അമ്മയേ നോക്കാന്‍, ഒരു കൈത്താങ്ങു നല്‍കാന്‍ ആരും ഉണ്ടായില്ല. അമ്മ അനുഭവിച്ച ഏകാന്തതയും അരക്ഷിതത്വവും എന്റെ ജീവിതത്തില്‍ എനിക്കു സങ്കല്പിക്കാന്‍ പോലുമാവില്ല...എല്ലാവരും താന്താങ്ങളുടെ തിരക്കുകളില്‍ അഭയം തേടിയപ്പോള്‍ അമ്മയെ സംരക്ഷിക്കാന്‍ ആരും ഓര്‍മ്മിച്ചതുമില്ല. എങ്കിലും അമ്മ എല്ലാവരുടേയും കാര്യങ്ങള്‍ ഓര്‍മ്മിച്ചിരുന്നു. കര്‍ത്തവ്യങ്ങളൊക്കെ ഒരു വീഴ്ചയും നിവര്‍ത്തിച്ചു പോന്നു. 

തന്റെ എല്ലാ കടമകളും ചെയ്തു തീര്‍ത്ത് മടങ്ങിപ്പോകും മുന്‍പ് ഒരു നാലു ദിവസം അമ്മ എല്ലാവര്‍ക്കുമായി ദാനം തന്നു 'എനിക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൊള്ളൂ' എന്നു പറയുംപോലെ. തലച്ചോറില്‍ രക്തസ്രാവം വന്ന്, ബോധം നഷ്ടപ്പെട്ട് , ആശുപത്രിയില്‍ കിടന്ന നാലുദിവസങ്ങള്‍... വന്നുകാണാനും ഉറക്കളച്ചു കൂടെ നില്‍ക്കാനും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും അവസരം നല്കി അമ്മ അവരെ മഹാപാപത്തില്‍ നിന്നു മുക്തരാക്കുകയായിരുന്നു എന്നാണെനിക്കു തോന്നിയത്.. പിന്നെ ശൂന്യത മാത്രം ബാക്കി നിര്‍ത്തി അമ്മയുടെ ആത്മാവ് മാനത്തു മിന്നുന്ന താരങ്ങളിലൊന്നിലേയ്ക്ക് ചേക്കേറിയിരിക്കാം....ഇപ്പോഴും രാത്രിയില്‍ അറിയാതെ കറുത്തവാനിലേയ്ക്കു നോക്കിപ്പോകും, ആ താരത്തെ ഒരു നോക്കു കാണാന്‍. 

ഞാന്‍ അമ്മയുടെ രണ്ടാമത്തെ മകളായിരുന്നു. സ്നേഹം എത്ര കിട്ടിയാലും നമുക്കു മതിയാവില്ലല്ലോ....അതുകൊണ്ടു തന്നെ, മൂത്തമകള്‍ക്കും ഇളയമകള്‍ക്കും ഇത്തിരി സ്നേഹം എനിക്കു തരുന്നതില്‍ കൂടുതല്‍ കൊടുക്കുന്നത് എനിക്കൊരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. അത് കുട്ടിക്കാലത്ത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നെ പിന്നെ, അമ്മയോടുള്ള വെറുപ്പും വിദ്വേഷവുമൊക്കെയായി അതു മാറി. ആവശ്യത്തിനും അനാവശ്യത്തിനും അമ്മയോടു ഒരു ശത്രുവിനോടെന്ന പോലെ കലഹിക്കുന്നത്  ഞാന്‍ പതിവാക്കി. എങ്ങനെയൊക്കെ അമ്മയേ വിഷമിപ്പിക്കാമോ അതൊക്കെ ഞാന്‍ ചെയ്തിരുന്നു. അമ്മയുടെ വലിയ ത്യാഗം ഒരിക്കലും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചതുമില്ല... ആ വലിയ തെറ്റിന് കാലം എനിക്കു തന്ന ശിക്ഷയാവാം ജീവിതത്തിലൊന്നുമാകാതെ ഞാനിപ്പോഴും ഇങ്ങനെ....

ഒടുവില്‍ മറ്റൊരമ്മ ജീവിതത്തിന്റെ ഭാഗമായപ്പോഴാണ് എന്റെ അമ്മയുടെ മഹത്വം ഞാനറിഞ്ഞു തുടങ്ങിയത്. സ്വയം ഒരമ്മയായപ്പോള്‍ ആ തിരിച്ചറിവ് അതിന്റെ ശരിയായ വ്യാപ്തിയിലെത്തി. എങ്കിലും അമ്മ അര്‍ഹിക്കുന്ന തരത്തിലൊരു സ്നേഹമോ കരുതലോ ഉണ്ടായില്ല എന്നത് ജീവന്റെ അവസാന സ്പന്ദനത്തിലും ഹൃദയത്തെ മഥിക്കുന്നൊരു വ്യഥയായിരിക്കും. എങ്കിലും അമ്മയുടെ അവസാന കാലത്ത്, ദൂരെയിരുന്നിട്ടും, ഫോണിലൂടെയാണെങ്കിലും ഏറെനേരം ദിവസവും സംസാരിച്ചിരുന്നത് ഞാന്‍ മാത്രമാണെന്ന് അമ്മ തന്നെ പറയാറുണ്ടായിരുന്നു. അമ്മ മരിക്കുന്നതിനു രണ്ടുമാസം മുന്‍പ് മുംബൈയില്‍ നിന്നു നാട്ടിലെത്തി അമ്മയോടൊപ്പം കുറച്ചുദിവസം കഴിഞ്ഞു. മടങ്ങുമ്പോള്‍ അമ്മ ഇടനെഞ്ചുപൊട്ടി കരയുന്നതു കണ്ടു. ഒരുപാടുമ്മകള്‍ നല്കി യാത്രയാകുമ്പോഴും ആ കണ്ണിര്‍ മനസ്സില്‍ പെരുമഴയായി പെയ്തുകൊണ്ടേയിരുന്നു. ഇതിനു മുന്‍പ് എത്രയോ പ്രാവശ്യം അവധിക്കു പോയി മടങ്ങിയിരിക്കുന്നു. പഠിക്കുന്ന കാലം തൊട്ടേയുള്ള പതിവാണ് ഈ യാത്രകള്‍. പക്ഷേ, ഒരിക്കലും അമ്മ കരയുന്നതു ഞാന്‍ കണ്ടിട്ടില്ല. ആദ്യമായായിരുന്നു അങ്ങനെയൊരനുഭവം. വീട്ടില്‍ വരുന്ന ജോലിക്കാര്‍ പറഞ്ഞറിഞ്ഞു ദിവസങ്ങളോളം ആ കരച്ചില്‍ ഉണ്ടായിരുന്നെന്ന്. ഒരുപക്ഷേ അമ്മയ്കറിയാമായിരുന്നോ, അതവസാനത്തെ കൂടിക്കാഴ്ചയായിരുന്നെന്ന്... അവര്‍ ഒരു കാര്യം കൂടി എന്നെ അറിയിച്ചു,  അമ്മയ്ക് എന്റെ മകനെ ഒരുപാടിഷ്ടമായിരുന്നത്രേ. ഇനി അവനെ കാണാന്‍ കഴിയുമോ എന്നു പറഞ്ഞായിരുന്നു അമ്മ കരഞ്ഞിരുന്നതെന്ന്.എപ്പോഴും അവന്റെ കാര്യം പറയാന്‍ അമ്മയ്ക്കു നൂറുനാവായിരുന്നെന്ന്...അമ്മയുടെ അനുഗ്രഹം എന്നും അവനൊപ്പം ഉണ്ടാകട്ടെ.....എല്ലാ തെറ്റുകളും പൊറുക്കുന്ന അമ്മമനസ്സ് എന്റെ തെറ്റുകളൊക്കെയും മാപ്പാക്കിയിരിക്കുമെന്നറിയാം. എങ്കിലും ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ അമ്മയുടെ മകളായി പിറന്ന്, അമ്മയേ പൊന്നുപോലെ നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകയാണ് ..... ഇതെന്റെ ആത്മഗതമെങ്കിലും അമ്മ എന്റെ മനസ്സ്കേള്‍ക്കുമെന്നെനിക്കറിയാം.

!

ഒരുപാടു തേങ്ങലുകള്‍ക്കൊടുവില്‍
പറയുവാന്‍ ബാക്കിവന്നത് 
കണ്ണുനീര്‍തുള്ളികളുടെ പരിഭവങ്ങള്‍
മാത്രമായിരുന്നു.
എത്ര കാലമായി 
ചാലിട്ടൊഴുകുന്നു
മനസ്സിലെ അഗ്നിപര്‍വ്വതത്തില്‍
തിളച്ചുമറിയുന്ന
ദുഃഖത്തിന്റെ ലാവാപ്രവാഹം.
അണകെട്ടിനിര്‍ത്താന്‍
വാക്കുകളുടെ കരിങ്കല്‍ച്ചീളുകള്‍
അടുക്കിവെച്ച
പരന്ന ചുവരുകളില്‍
നിറയെ സുഷിരങ്ങള്‍!
ഒഴുകിപ്പോകുന്ന സങ്കടത്തുള്ളികള്‍
മെല്ലെ തിരിഞ്ഞുനോക്കുമ്പോള്‍
വഴിയില്‍ ചിതറിയ
 പവിഴമല്ലിപ്പൂക്കള്‍!
കണ്ണുനീര്‍പ്പൂവുകള്‍ക്ക്
ഇത്ര മനോഹാരിതയോ!





യാത്രാമൊഴി...

എവിടെക്കളഞ്ഞുവോ ഞാനെന്റെ നിര്‍മ്മല-
ബാല്യവും സ്വപ്നങ്ങള്‍ നെയ്ത കൗമാരവും
എവിടേക്കു പാറിപ്പറന്നുപോയെന്നുള്ളി-
ലൂയലാടീടുന്നൊരോര്‍മ്മതന്‍ പൈങ്കിളി..

എന്നുമെന്‍ ചാരത്തു വന്നിരുന്നെന്നോടു
കിന്നാരമോതിപ്പറന്നുപോം കാറ്റിന്റെ
പൂഞ്ചേലത്തുമ്പിലെ കൊച്ചു കിഴിക്കുള്ളില്‍
സൂക്ഷിച്ചിരുന്നു ഞാനെന്‍ പ്രിയ സ്വപ്നങ്ങള്‍

കാലം കടന്നുപോയ് കാറ്റും മറഞ്ഞുപോയ്
കാതോര്‍ത്തിരുന്നൊരാ പാട്ടും നിലച്ചുപോയ്
കാണാത്ത തീരങ്ങള്‍, കേള്‍ക്കാത്ത തേന്‍മൊഴി
കാത്തിരിപ്പാണീ വസുന്ധരതന്‍  യാനം ...

പുലരിവന്നെത്തും പകലോന്റെ സ്നേഹമാം
പൊന്‍പ്രഭ ചുംബിച്ചുണര്‍ത്തുമീ പാരിെനെ
യൗവ്വനംപോല്‍ പ്രോജ്ജ്വലിക്കുന്ന മദ്ധ്യാഹ്ന-
മെത്രവേഗം ശോഭ മങ്ങിത്തണുത്തിടും.....

 കാതങ്ങളറിയാതെയപ്പുറത്തെത്തണം
കൂരിരുള്‍ മൂടാനമാന്തമില്ലൊട്ടുമേ..
നഷ്ടങ്ങള്‍ കോരിനിറച്ചൊരീ ഭാണ്ഡമാ
ശിഷ്ടസ്വപ്നങ്ങള്‍ തന്‍ പാഴ്നീറ്റിലെറിയണം.

വേണ്ടയീ യാത്രയില്‍ പാഥേയമൊന്നും
വേണ്ടാ സ്നേഹത്തിൻ ബന്ധനപാശവും
വേണ്ടാ മോഹത്തിൻ പിന്‍വിളിപ്പിണ്ഡവും
വേണം മറിച്ചൊന്നു ചൊല്ലാത്ത മോക്ഷവും...






Thursday, July 17, 2014

കൃഷ്ണാ... ഭഗവാനേ...

നീലക്കാര്‍വര്‍ണ്ണാ മുരളീധരാ.......
എന്റെ ഹൃദയമാം കാളിന്ദി തീരത്തു കളിയാടി
നീവരില്ലേ ശ്യാമവര്‍ണ്ണവിരാജിതാ...
കൃഷ്ണാ.. മധുസൂദനാ.....

സൂക്ഷിച്ചു വെച്ചു ഞാന്‍
ഹൃദയത്തിലായിരം മയില്‍പ്പീലി,
വാടാത്ത മലര്‍മാല്യം-
കരതാരിലതും നിനക്കായ്
നവനീതകുംഭം നിറച്ചു വെച്ചു
നിനക്കാവോളമുണ്ണുവാന്‍ മാത്രമായി
മഞ്ഞപ്പട്ടുടയാട ചുറ്റിയെന്‍കണ്ണാ
നീ വരില്ലേയെന്റെ യമുനതന്‍ തീരത്ത്...

ഗോപികമാരായെന്‍ സ്വപ്നങ്ങളൊക്കെയും
നിന്നോടു കളിയാടാന്‍ കാത്തിരിപ്പൂ
മനസ്സാകും കാളിന്ദി കലുഷമാക്കും
സ്പര്‍ദ്ധ കാളിയനെ നീ നിഗ്രഹിക്കൂ..
നിര്‍മ്മലസ്നേഹമെന്‍ ഹൃത്തില്‍ നിറച്ചെന്റെ 
കണ്ണാ നീയെന്നെ അനുഗ്രഹിക്കൂ...
നീലക്കാര്‍വര്‍ണ്ണാ മുരളീധരാ...

Thursday, July 10, 2014

വ്യര്‍ത്ഥമോഹങ്ങള്‍..

മധുരമാം മൃദുകണം മെല്ലെപ്പൊഴിക്കുന്നു
മനസ്സിന്റെ കോണിലായൊരു മഴക്കാലം
മറവിതന്‍ ശൈത്യം പുതച്ചുറങ്ങുന്നൊരെന്‍
മഞ്ജുളസ്വപ്നമുണര്‍ന്നെണീറ്റെന്നോ..

ദൂരെയങ്ങതിദൂരെയേകമാം തന്ത്രിയില്‍
സ്വരരാഗസുന്ദരാലാപനവര്‍ഷമായ്
മണിമേഘവീണയങ്ങറിയാതെ പാടുന്നു
മധുമാരിതന്‍ സ്നേഹഗീതകങ്ങള്‍

മാരിവില്‍ നിറമേഴും ചാലിച്ചൊരുടയാട
ചാര്‍ത്തി വന്നാടുന്നു ലാസ്യനൃത്തം
മണ്ണിന്റെ വിരിമാറിലഴകാര്‍ന്ന പീലികള്‍
ചാരേ വിടര്‍ത്തിനിന്നാടും മയൂരവും

അതിതീവ്ര പ്രണയത്തിന്നാര്‍ദ്രമാം മധുരം
കിനിയുമ്പോളൊരു മുഗ്ദ്ധചുംബനം നല്‍കിയ
ജലകണം പോലെയുണര്‍ത്തുന്നുറങ്ങുമാ
പേലവപല്ലവലോലഗാത്രം..

ഒരുമാത്ര ഞാനുമങ്ങറിയാതെ നിന്‍ പ്രണയ
ലയലഹരി മെല്ലെ നുകര്‍ന്നുവെന്നോ
പൊഴിയുമാ സ്നേഹാര്‍ദ്ര ചുംബനപ്പൂവുകള്‍
മെല്ലെയെടുത്തു മുകര്‍ന്നുനിന്നോ

മോഹിച്ചുവോ നിന്റെ മൃദുവിരല്‍ത്തുമ്പിനാല്‍
തഴുകിയുറക്കുവാനെന്‍ മിഴിയിണകളും!
നിന്‍ നേര്‍ത്ത നിശ്വാസധാരതന്‍ താളത്തില്‍
ഊയലാടാനെന്റെ തനുവും കൊതിച്ചുവോ!