Thursday, August 14, 2014

ഡിപ്പെന്‍ഡന്റ്
============
സുന്ദരിയായിരുന്നില്ല,
പഠിക്കാനാകട്ടെ മഠയിയും..
എങ്കിലും അവള്‍ക്ക് അറിയാമായിരുന്നു
അച്ഛനുണ്ടല്ലോ...
യോഗ്യനായ ഒരുവനെ അച്ഛന്‍ കണ്ടെത്തി.
എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണ്ണമിട്ട് താലി സ്വീകരിച്ചപ്പോഴും
അച്ഛന്‍ പട്ടണത്തില്‍ വാങ്ങിത്തന്ന ഫ്ലാറ്റിലേയ്ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം താമസം മാറുമ്പോഴും അവളറിഞ്ഞു
അച്ഛനുണ്ടല്ലോ...
അച്ഛന്‍ തന്റെ പേരില്‍ ബാങ്കിലിട്ടിരിക്കുന്ന വലിയ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്കില്‍ അവളെ വി ഐ പി ആക്കിയപ്പോഴും
എല്ലാമാസവും അച്ഛനേല്‍പ്പിക്കുന്ന പോക്കറ്റ് മണി കൊണ്ടു ബ്യൂട്ടിപാര്‍ലറില്‍ പോവുകയും
പുതിയ ചുരിദാറും സാരിയും വാങ്ങുമ്പോഴും
അച്ഛന്‍ വാങ്ങിത്തന്ന കാറില്‍
ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിനോടൊപ്പം പുറത്തു കറങ്ങാന്‍ പോകുമ്പോഴും
അവളറിഞ്ഞത് ഒന്നു മാത്രം
അച്ഛനുണ്ടല്ലോ....
ഭര്‍ത്താവിനു സമയത്തു ഭക്ഷണം കൊടുത്തു ജോലിക്കയയ്ക്കുമ്പൊഴും
മതാപിതാക്കളെ മുടക്കം വരുത്താതെ പരിചരിക്കുമ്പോഴും
വീട്ടുജോലികള്‍ ഭംഗിയായി ചെയ്യുമ്പോഴും
അവളറിഞ്ഞു-
അവര്‍ക്കു ഞാനുണ്ടല്ലോ..
പക്ഷേ വിദ്യാഭ്യാസം കുറവുള്ളതുകൊണ്ടാകാം
ഒന്നുമാത്രം അവള്‍ക്കു മനസ്സിലായില്ല..
അവള്‍ അയാളുടെ 'ഡിപ്പെന്‍ഡന്റ്'  ആണത്രേ...

3 comments:

  1. നല്ല ആശയം.നന്നായിരിക്കുന്നു.
    വിദ്യാഭ്യാസം വിവേകത്തിന്റെ അളവുകോല്‍ ആകുന്നില്ല.
    ആശംസകള്‍.

    ReplyDelete
  2. അച്ഛന്‍ വാങ്ങിത്തന്ന കാറില്‍
    ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിനോടൊപ്പം പുറത്തു കറങ്ങാന്‍ പോകുമ്പോഴും

    അച്ഛന്‍ വാങ്ങിത്തന്ന കാറില്‍
    ആഴ്ചയിലൊരിക്കല്‍ “അച്ഛന്‍ വാങ്ങിത്തന്ന“ ഭര്‍ത്താവിനോടൊപ്പം പുറത്തു കറങ്ങാന്‍ പോകുമ്പോഴും

    ReplyDelete
  3. ആശ്രയം സ്വാതന്ത്ര്യത്തിന് വിഘ്നമായി തീരരുത്!
    ആശംസകള്‍

    ReplyDelete