Friday, October 31, 2014

പിന്‍നിരയിലെ നീര്‍ച്ചാല്..

അവള്‍ക്ക് എങ്ങനെയും അയാളുടെ അടുത്തെത്തിയാല്‍ മതിയെന്നായിരുന്നു.
ആ സങ്കടം അവളെയും വല്ലാതെ സങ്കടപ്പെടുത്തി.
ഓഫീസില്‍ ചെന്നു ക്യാബിനില്‍ നോക്കിയപ്പോള്‍ ഇന്നും ആ ഇരിപ്പിടം ഒഴിഞ്ഞു കിടന്നിരുന്നു. ഇന്നലത്തെപ്പോലെ..
അതാണ് ഫോണില്‍ വിളിച്ചു നോക്കിയത്..അപ്പോഴാണ് നിരാശയുടേയും സങ്കടത്തിന്റെയും കഥ കേള്‍ക്കാനിടയായത്..
അപ്പോഴേ തീരുമാനിച്ചു ഉച്ചയ്ക്കു ശേഷം അവധിയെടുത്ത് ആയാളുടെ അരികിലെത്തണമെന്ന്..
അവള്‍ക്കയാള്‍ അത്ര പ്രിയപ്പെട്ടവനായിരുന്നു. കാമുകിമാരെ മാറിമാറി കണ്ടെത്തുന്നതില്‍ അഭിമാനം  കൊള്ളുന്ന ഭര്‍ത്താവില്‍ നിന്ന് അവള്‍ക്കൊരു രക്ഷാ സങ്കേതമായിരുന്നു അയാള്‍. കുടുംബം നാട്ടിലായതുകൊണ്ട് ഒറ്റയ്കാണു താമസം..ഓഫീസിലെ തിരക്കില്‍നിന്നൊഴിഞ്ഞ് കോഫീഹൗസില്‍ ഒന്നിച്ചിരുന്നു കഥകള്‍ പറഞ്ഞു കാപ്പി ഊതിക്കുടിക്കുമ്പോഴും കടല്‍ക്കരയിലെ തണുത്തകാറ്റിനോടൊപ്പം കൈകോര്‍ത്തു പറന്നു നടക്കുമ്പോഴും ആ സ്നേഹത്തണലിന്റെ കുളിര്‍മ്മയ്ക്കൊപ്പം തന്നെ രണ്ടാം നിരയിലേയ്ക്കു തള്ളിവിട്ട ഭര്‍ത്താവിനോടുള്ല പ്രതികാരത്തിന്റെ ഗോപ്യമായൊരാനന്ദം അവളെ പുല്‍കിയിരുന്നു.
ഓഫീസില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറി സ്ഥലം പറഞ്ഞു. യാത്രയിലുടനീളം അയാളുടെ സങ്കടമെന്തെന്നായിരുന്നു ചിന്ത..
എന്തയാലും എങ്ങെനെ ആശ്വസിപ്പിക്കണം..നെഞ്ചോടു ചേര്‍ത്ത് മുടിയിഴകള്‍ തഴുകിയോ.. മുഖം ചേര്‍ത്തുപിടിച്ച് ഒരു നൂറുമ്മകള്‍ നല്‍കിയോ.. അതോ,, വെറുതേ ചേര്‍ന്നിരുന്ന്.. മെല്ലെ ആ തോളില്‍ തലവെച്ച്..... ചിന്തകള്‍ നീളുമ്പോളേയ്ക്കും അവിടെ എത്തിയിരുന്നു. പ്രിയ സ്നേഹിതന്റെ കൂടാരത്തിലേയ്ക്കു നടന്നു കയറുമ്പോള്‍ അവളറിയാതെ ഹൃദയമിടിപ്പുകള്‍ കൂടിക്കൊണ്ടിരുന്നു. വാതിലില്‍ മുട്ടിയയുടനെ തുറക്കപ്പെട്ടു. അകത്തുകയറി അടഞ്ഞ വാതിലിനപ്പുറം അവര്‍ മുഖത്തോടു മുഖം നോക്കി നിന്നു , ഒരു നിമിഷം.......
വേനല്‍മഴയില്‍ മുറ്റത്തുനിരത്തിയിരുന്ന ചുവന്ന ഓടുകള്‍ നനഞ്ഞു തിളങ്ങി..........................
എല്ലാം കഴിഞ്ഞ്.............
കിതപ്പില്‍ ക്ഷീണിച്ച സ്വരത്തില്‍ അവള്‍ അയാളുടെ മുഖം കയ്യില്‍ ചേര്‍ത്തു ചോദിച്ചു..
"എന്തേ ഈ സങ്കടത്തിനു കാരണം?"
"അത്.. അത്..നിനക്കറിയുമോ,  എന്റെ ഫേസ്ബുക്ക് ഫ്രണ്ട് കുറച്ചു ദിവസമായി എന്നോടു ചാറ്റ് ചെയ്യുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നുമില്ല..നമ്മുടെ ഫ്രണ്ട്ഷിപ്പിനെ പറ്റി ഞാനവളോടു പറഞ്ഞു. അതുകഴിഞ്ഞാണീ മാറ്റം... ഞാനാകെ തകര്‍ന്നിരിക്കുകയാണ്.. അവളില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റില്ല....നാളെ രാവിലെ പോവുകയാണ് അവളെക്കാണാന്‍.."
മഴ നിലച്ചിരുന്നു...
ആ മുഖം താങ്ങിയിരുന്ന വിരലുകള്‍ക്ക് ബലക്ഷയം ഉണ്ടായത് അവള്‍ പോലുമറിഞ്ഞില്ല..
രണ്ടാം നിരയില്‍ നിന്നു വളരെയേറെ പിന്നിലേയ്ക്കു വലിച്ചെറിയപ്പെട്ടതുപോലെ അവള്‍ക്കു തോന്നി...
നഷ്ടം മാത്രം ബാക്കിനിര്‍ത്തി അവള്‍ ഒഴുകിത്തുടങ്ങിയിരുന്നു അപ്പോള്‍..തറയോടുകളില്‍ പതിച്ച മഴത്തുള്ളികളെപ്പോലെ, ഭൂമിയില്‍ താഴാതെ....

Monday, October 27, 2014

..........................

ഒരുകാറ്റിന്‍ തിരശ്ശീല പോലും
നമുക്കിടയിലില്ലാതിരിക്കുമ്പോള്‍
എന്നിലെ തീരാത്ത പ്രണയം
നിന്നിലൂടൊഴുകുന്നു നാഥാ.....

നിന്റെ തേന്‍മൊഴികളെന്‍
കാതില്‍ നിറയ്ക്കുന്നു
ചെറുകാറ്റു മൂളുന്ന
പാട്ടൊന്നു മധുരമായ്..

നിന്‍ സ്നേഹമൊരു തൂവല്‍
സ്പര്‍ശമായ് വന്നെന്നെ
തഴുകിത്തലോടുന്നു
മാറോടു ചേര്‍ക്കുന്നു..

പടരുന്നൊരഗ്നിയായ്
ഉള്ളില്‍ ജ്വലിക്കുന്നു
ജ്വാലയായ് പടരുന്നു
പ്രണയമായ് ഉരുകുന്നു.

വര്‍ഷമായ് നീയെന്നി-
ലാടിത്തിമിര്‍ക്കുന്നു
ഹര്‍ഷമായ് പൊഴിയുന്നു
നീഹാരബിന്ദുവായ്..

പിന്നെ നീയെങ്ങോ
മറയുന്നു ചകിതയായ്
തിരയുന്നു നിന്നെഞാനീ
മുഗ്ദ്ധ വനികയില്‍...

കാണാതെയുഴറുന്നു..
കണ്ണുനീര്‍ വാര്‍ക്കുന്നു
എങ്ങുപോയ് നീയെന്റെ
ദിവ്യമാം പ്രണയമേ...

നീയെന്നെയറിയില്ല..
നീയെന്റെഹൃദയത്തി-
ന്നുള്‍ക്കാമ്പിലെരിയുന്ന
നീയെന്ന ദീപവും കാണുകില്ല

ഇനിയുമീ വനികയില്‍
നിന്നോര്‍മ്മപേറുമെന്‍
ഹൃദയം മഥിച്ചു ഞാന്‍
കത്തിരിക്കും സഖേ,
കല്പാന്തകാലം
നിനക്കായി മാത്രം

Saturday, October 25, 2014

മടക്കം.

മാസങ്ങള്‍ക്കു ശേഷമാണ് നാട്ടിലെ വീട്ടിലെത്തുന്നത്.
ആള്‍ത്താമസമില്ലാത്ത വീട്ടിലേയ്ക്ക് ഒരു വൈകുന്നേരം കടന്നുചെല്ലുമ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യതയായിരുന്നു.
ചിരിച്ചുകൊണ്ടെതിരേല്‍ക്കാന്‍ അമ്മയില്ല.
മുറ്റമാകെ പുല്‍ച്ചെടികള്‍ വലര്‍ന്നിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട മലമുത്തച്ഛനെ (കല്യാണാത്തണ്ട്) കണ്ണില്‍ നിന്നു മറയ്ക്കും വിധം മരച്ചില്ലകള്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്നു. കണ്ണ് നിറയുന്നുവോ...
മുറ്റത്തെ ചെറിയ പുല്‍നാമ്പുകള്‍ക്കപ്പുറം സ്നേഹസുസ്മിതവുമായി ഒരു പനിനീര്‍ച്ചെടി. ഞാന്‍ വരുമെന്നറിഞ്ഞു പൂവിടര്‍ത്തിയതുപോലെ തോന്നി. അതിനപ്പുറം പൂത്തു നില്‍പ്പുണ്ട് കനകാംബരവും ചെത്തിയും. കാലത്ത് എന്നും മുറ്റത്തു പൂമെത്ത വിരിക്കുന്ന നന്ത്യാര്‍വട്ടത്തിന്റെ ചില്ലകളൊക്കെ കോതിയിട്ടുണ്ട്. ഉള്ള ചില്ലകളില്‍ പൂക്കള്‍ വളരെ കുറവും. പക്ഷേ എന്നെ വിസ്മയിപ്പിച്ച് ഒരേയൊരു പൂവുമായി നില്‍ക്കുന്നു ഒരു നക്ഷത്രച്ചെടി. കടും ചുവപ്പു നക്ഷത്രം വിരിയിച്ച് അവളും എന്നെ കാത്തു നിന്നതല്ലേ....
അമ്മ നട്ടുപിടിപ്പിച്ചിരുന്ന വഴുതനയും ചതുരപ്പയറും കോവലുമൊക്കെ എനിക്കു വിളവെ ടുക്കാന്‍ പാകത്തില്‍ കായ്കളുമായി നില്‍ക്കുന്നു. തനിയെ പടര്‍ന്ന പാവലില്‍ നിറയെ കൊച്ചു പാവയ്കകള്‍ വിളഞ്ഞു നില്‍ക്കുന്നു. ചെറിയ ചാറ്റല്‍മഴയില്‍ സങ്കടങ്ങള്‍ അലിയിച്ച് അന്നൊരു ദിനം കടന്നുപോയി..
കൃഷി നോക്കാനേല്പ്പിച്ചിരിക്കുന്ന അയല്‍വാസിയായ കര്‍ഷകന്റെ ജോലിക്കാരിയായ ആദിവാസി സ്ത്രീ രാവിലെ പറമ്പിലൂടെ നടക്കുന്നതുകണ്ടാണു ശ്രദ്ധിച്ചത്. അവിടമാകെ തൂവെള്ല നിറത്തില്‍ ഉപ്പുകൂണ്‍ വിടര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ചെല്ലുമ്പോഴേയ്ക്കും അവര്‍ കുറെയധികം പറിച്ചെടുത്തിരുന്നു. ബാക്കി കുറച്ച് എനിക്കും കിട്ടി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സ്വാദ് വീണ്ടും അനുഭവിച്ചറിയുന്നത്.
നനുത്ത മഴയും തണുപ്പും.. പിന്നെയും ഒരു രാത്രി കൂടി..
വീടിനെ തനിച്ചാക്കി,ആകാശത്തോടും പൂക്കളോടും വിടപറഞ്ഞ് വീണ്ടും മടക്കയാത്ര..
കല്യാണിലെ ഫ്ലാടില്‍ ജനാലയിലൂടെ കാണുന്ന ഒരു തുണ്ടാകാശത്തോടു സല്ലപിച്ച്
ഇന്നിവിടെ ഞാനും...

Tuesday, October 14, 2014

കാറ്റേ , നീയെന്റെ പ്രണയം...

എന്നെപ്പുണരുവാന്‍ എന്തിനായ് പിന്നാലെ
ഓടിവരുന്നു നീ കാറ്റേ ,
ആരു പറഞ്ഞു നിന്‍ കാതില്‍ വന്നെന്നുടെ
തീരാ പ്രണയം നിന്നോട്,
ഓടിമാറുന്നൊരെന്‍ പിന്നാലെ വന്നു  നീ
എന്തു മറിമായം ചെയ് വൂ!
ആകെത്തളര്‍ന്നു പോകുന്നു ഞാന്‍  നിന്‍ സ്നേഹ-
ചുംബനച്ചൂടതിലെന്നും..
വേണ്ട നീ, ദൂരേയ്ക്കു പോവുക, കാണേണ്ട,
നിന്നെയെനിക്കിനി കാറ്റേ ...
എന്തിനായ് നീപോയി മെല്ലെത്തഴുകുന്നു
പുഞ്ചിരിക്കും നറും പൂക്കളേ,
ഇല്ലെനിക്കാവില്ല, നിന്നെയെന്‍ കൈകളില്‍
ചേര്‍ത്തുപിടിക്കുവാന്‍ കാറ്റേ ..
ഇനി നീ വരേണ്ടയെന്‍ പിന്നാലെ സ്നേഹത്തിന്‍
മധുരം കിനിയുന്ന പാട്ടുമായ്..
വിട പറഞ്ഞിന്നു ഞാന്‍ പോകട്ടെ നിന്നോടു
നനയുന്ന മിഴികളുമായി...

Saturday, October 11, 2014

സ്നേഹം





സ്നേഹം
.
സ്നേഹമൊരു സരണിയായൊഴുകട്ടെ, സ്വച്ഛം
സ്നേഹമെക്കാലവും ദിശ മാറാതൊഴുകട്ടെ
സ്നേഹജലമൊഴുകിയീ പാരാകെ നിറയട്ടെ
സ്നേഹസൂനങ്ങള്‍തന്‍ സ്മിതവും സുഗന്ധവും



സ്നേഹത്തിന്‍ സൂര്യന്‍ ജ്വലിക്ക,യാകാശത്ത്,
സ്നേഹത്തിന്‍ മാരിയുതിര്‍ക്ക മേഘങ്ങളും,
സ്നേഹം തഴുകിയൊഴുകട്ടെ മന്ദാനിലന്‍,
സ്നേഹത്തിന്‍ മൃദുലതുഷാരവും പൊഴിയട്ടെ..



സ്നേഹവീചികളാലീ  സാഗരം നിറയട്ടെ,
സ്നേഹദാരുക്കേളോ   പൂമണം ചൊരിയട്ടെ,
സ്നേഹത്തിന്‍ കുയില്‍പ്പാട്ടിന്‍ നാദമങ്ങയുരട്ടെ,
സ്നേഹത്തിന്‍ നിറെമെഴും മാരിവില്‍ തെളിയട്ടെ..



സ്നേഹഗീതങ്ങൾ  നിറയും  നിശാവേള
സ്നേഹകൗമുദിയിലോ മുഖം ചേര്‍ത്തങ്ങുറങ്ങട്ടെ,
സ്നേഹമൃദുതല്‍പ്പത്തിൽ രമിക്കും നിശാഹസം
സ്നേഹഗീതം പോലെ  വിടര്‍ന്നു വിലസട്ടെ..



സ്നേഹമൊരു  വിളക്കായ് വിളങ്ങുമീ പാരിതിൽ
സ്നേഹിച്ചീടുവാനായി മാത്രം നാം  ജനിക്കണം.
സ്നേഹത്തിനാലേ ചമയ്ക്ക സ്വര്‍ഗ്ഗം ഭൂവിൽ ,
സ്നേഹo  നിറച്ചങ്ങു പോകണം സ്വസ്ഥമായ്..

Thursday, October 2, 2014

ഞാന്‍, പട്ടം...

നിന്റെ സ്നേഹമാം
നൂലില്‍ കൊരുത്തൊരു
പട്ടമാകണം,
വാനില്‍ പറക്കണം
സ്നേഹസ്വാതന്ത്ര്യം
ഊര്‍ജ്ജമായ് ചേര്‍ത്തു
പോകണം ദൂരെയുന്നതങ്ങളില്‍
പിന്നെയും സീമ ശൂന്യമാകുമീ
സ്വപ്നദാരുവില്‍
ചെന്നു ചേക്കേറണം
വയ്യ പോകുവാന്‍ ദൂരെ
നിന്നില്‍ നിന്ന്-- 
എന്നറിഞ്ഞീടവേ
മെല്ലമെല്ലെയീ
തെന്നലില്‍ ചേര്‍ന്നു
ചാരെയെത്തണം..
രാവിലാര്‍ദ്രമായ്
പ്രണയ രേണുവായ്
നിന്റെ നെഞ്ചില്‍ 
തല ചായ്ച്ചുറങ്ങണം
പുലരുവോളമാ
സ്നേഹം ശ്വസിക്കണം..