Saturday, October 25, 2014

മടക്കം.

മാസങ്ങള്‍ക്കു ശേഷമാണ് നാട്ടിലെ വീട്ടിലെത്തുന്നത്.
ആള്‍ത്താമസമില്ലാത്ത വീട്ടിലേയ്ക്ക് ഒരു വൈകുന്നേരം കടന്നുചെല്ലുമ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യതയായിരുന്നു.
ചിരിച്ചുകൊണ്ടെതിരേല്‍ക്കാന്‍ അമ്മയില്ല.
മുറ്റമാകെ പുല്‍ച്ചെടികള്‍ വലര്‍ന്നിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട മലമുത്തച്ഛനെ (കല്യാണാത്തണ്ട്) കണ്ണില്‍ നിന്നു മറയ്ക്കും വിധം മരച്ചില്ലകള്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്നു. കണ്ണ് നിറയുന്നുവോ...
മുറ്റത്തെ ചെറിയ പുല്‍നാമ്പുകള്‍ക്കപ്പുറം സ്നേഹസുസ്മിതവുമായി ഒരു പനിനീര്‍ച്ചെടി. ഞാന്‍ വരുമെന്നറിഞ്ഞു പൂവിടര്‍ത്തിയതുപോലെ തോന്നി. അതിനപ്പുറം പൂത്തു നില്‍പ്പുണ്ട് കനകാംബരവും ചെത്തിയും. കാലത്ത് എന്നും മുറ്റത്തു പൂമെത്ത വിരിക്കുന്ന നന്ത്യാര്‍വട്ടത്തിന്റെ ചില്ലകളൊക്കെ കോതിയിട്ടുണ്ട്. ഉള്ള ചില്ലകളില്‍ പൂക്കള്‍ വളരെ കുറവും. പക്ഷേ എന്നെ വിസ്മയിപ്പിച്ച് ഒരേയൊരു പൂവുമായി നില്‍ക്കുന്നു ഒരു നക്ഷത്രച്ചെടി. കടും ചുവപ്പു നക്ഷത്രം വിരിയിച്ച് അവളും എന്നെ കാത്തു നിന്നതല്ലേ....
അമ്മ നട്ടുപിടിപ്പിച്ചിരുന്ന വഴുതനയും ചതുരപ്പയറും കോവലുമൊക്കെ എനിക്കു വിളവെ ടുക്കാന്‍ പാകത്തില്‍ കായ്കളുമായി നില്‍ക്കുന്നു. തനിയെ പടര്‍ന്ന പാവലില്‍ നിറയെ കൊച്ചു പാവയ്കകള്‍ വിളഞ്ഞു നില്‍ക്കുന്നു. ചെറിയ ചാറ്റല്‍മഴയില്‍ സങ്കടങ്ങള്‍ അലിയിച്ച് അന്നൊരു ദിനം കടന്നുപോയി..
കൃഷി നോക്കാനേല്പ്പിച്ചിരിക്കുന്ന അയല്‍വാസിയായ കര്‍ഷകന്റെ ജോലിക്കാരിയായ ആദിവാസി സ്ത്രീ രാവിലെ പറമ്പിലൂടെ നടക്കുന്നതുകണ്ടാണു ശ്രദ്ധിച്ചത്. അവിടമാകെ തൂവെള്ല നിറത്തില്‍ ഉപ്പുകൂണ്‍ വിടര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ചെല്ലുമ്പോഴേയ്ക്കും അവര്‍ കുറെയധികം പറിച്ചെടുത്തിരുന്നു. ബാക്കി കുറച്ച് എനിക്കും കിട്ടി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സ്വാദ് വീണ്ടും അനുഭവിച്ചറിയുന്നത്.
നനുത്ത മഴയും തണുപ്പും.. പിന്നെയും ഒരു രാത്രി കൂടി..
വീടിനെ തനിച്ചാക്കി,ആകാശത്തോടും പൂക്കളോടും വിടപറഞ്ഞ് വീണ്ടും മടക്കയാത്ര..
കല്യാണിലെ ഫ്ലാടില്‍ ജനാലയിലൂടെ കാണുന്ന ഒരു തുണ്ടാകാശത്തോടു സല്ലപിച്ച്
ഇന്നിവിടെ ഞാനും...

1 comment:

  1. നിറഞ്ഞമനസ്സോടെ വരവേല്‍പ്പിനില്ലാത്തവരുടെെ അസാന്നിദ്ധ്യം മനസ്സിനേല്‍പിക്കുന്നത് വേദനത്തന്നെയാണ്!
    ആശംസകള്‍

    ReplyDelete