Wednesday, November 12, 2014

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങൾ 1 - സാലിം അലി

ഒരു കുരുവിയുടെ പതനം
=====================

‘ഒരു കുരുവിയുടെ പതനം’ (The fall of a Sparrow)- അനന്തവിഹായസ്സിലേയ്ക്കുയര്‍ന്നു പറന്നിട്ടും ഒരിക്കലും വിണുപോകാതിരുന്ന ഒരു കുരുവിയുടെ ആത്മകഥയാണിത്. പക്ഷിനിരീക്ഷണ ശാസ്ത്രശാഖയ്ക്കു തന്നെ അടിസ്ഥാനപരമായ ദിശാബോധം നല്‍കിയ കര്‍മ്മോത്സുകിയായ ഒരു ഒരു പ്രകൃതിസ്നേഹിയുടെ .
സാലിം അലി എന്ന സാലിം മുഇസുദ്ദീൻ അബ്ദുൾ അലിയുടെ. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം അലി എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥവും ഉൾപ്പെടും.

1896 നവംബർ 12-ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ, നാലുസഹോദരന്മാര്‍, നാലുസഹോദരിമാര്‍. സാലിമിന്റെ ശൈശവത്തില്‍ തന്നെ മാതാപിതാക്കള്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. പിന്നീട് അമ്മാവന്റെ സംരക്ഷണയിലായിരുന്നു സാലിമും സഹോദരങ്ങളും വളര്‍ന്നത്. പഠനത്തില്‍ ഒട്ടും താല്പര്യമില്ലതിരുന്ന സാലിമിന്റെ പ്രധാനവിനോദം കുരുവികളെ വേട്ടയാടുന്നതായിരുന്നു. ഈ ആദ്യകാല വിനോദത്തിനിടയില്‍ പല വിചിത്രാനുഭവങ്ങളും സാലിം എന്ന ബാലനെ സ്വാധീനിച്ചിരുന്നു. അമ്മാവന്റെ കയ്യില്‍ നിന്നു ലഭിച്ച എയര്‍ഗണ്‍ ഉപയോഗിച്ച് കുരുവി വേട്ട നടത്തുന്നതിനിടയില്‍ ഒരിക്കല്‍ അടയിരിക്കുന്ന പെണ്‍കുരുവിയെയും ഇണയേയും കാണാനിടയായി. ആണ്‍കുരുവിയെ തന്നെ തോക്കിനിരയാക്കിയെങ്കിലും പെണ്‍കുരുവി വേറെ ഇണയെ കണ്ടെത്തി. ഇതു പലവട്ടം തുടര്‍ന്നു എന്ന്ത് സാലിമിനെ അമ്പരപ്പിച്ച ഒരു കുരുവിപുരാണം.

ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പ്പാണ് സാലിമിലെ പക്ഷിനിരീക്ഷകനെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്തത്. മുംബൈയിലെ  സെന്റ്‌. സേവിയർ കോളേജില്‍ പഠനം തുടങ്ങിയതെങ്കിലും അതു പൂര്‍ത്തിയാക്കാതെ അദ്ദേഹം മ്യാന്‍മാറിലേയ്ക്കു പോയി. അവിടത്തെ ജീവിതം അദ്ദേഹത്തെ പ്രകൃതിസ്നേഹത്തിലേയ്ക്കു വഴിതിരിച്ചു വിട്ടു.വീണ്ടും മുംബൈയില്‍ മടങ്ങിയെത്തി വിദ്യാഭ്യാസം തുടര്‍ന്നു. ഇതിനിടയില്‍ 1918 ഡിസംബറില്‍ തെഹ്‌മിന എന്ന അകന്ന ബന്ധുവുമായി സാലിമിന്റെ വിവാഹം നടന്നു. പലയിടങ്ങളിലായി ജോലിചെയ്തെങ്കിലും മുംബൈയിലെ പ്രിന്സ് ഒഫ് വെയില്‍സ് മ്യൂസിയത്തില്‍ ജോലി നോക്കവേ, ഉദ്യോഗം മടുത്ത്, പഠനം തുടരാനായി അദ്ദേഹം 1928 ല്‍ ജര്‍മ്മനിയിലേയ്ക്കു പോയി.ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദ്ദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. മടങ്ങിയെത്തി ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.

1935-ൽ തിരുവിതാംകൂർ  മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും  അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection centre) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ചാലക്കുടി, പറമ്പിക്കുളം, മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ
മുതലായ സ്ഥലങ്ങളിലും തന്റെ പഠനം തുടര്‍ന്നു. സര്‍ സി പി രാമസ്വാമി അയ്യരുടെ അഭ്യര്ത്ഥന പ്രകാരം 'കേരളത്തിലെ പക്ഷികള്‍' എന്ന രചിച്ചു. ഇതിനിടയില്‍ സാലിമിന്റെ ജീവിത സഖി അദ്ദേഹത്തെ എന്നേയ്ക്കുമായി വിട്ടുപോയി. തുടര്‍ന്നുള്ള ജീവിതം പക്ഷിനിരീക്ഷണത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു.. കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ പിന്‍തിരിപ്പിച്ചതേയില്ല.

ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്ത് ഒരുപാടു സംഭാവനകള്‍ നല്കിയ ആളാണ് സാലിം അലി. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി,ആന്ധ്രായൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍  നിന്ന് അദ്ദേഹത്തിന് ഡോക്ടറേട് ലഭിച്ചു. ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു 1958 ല്‍ രാഷ്ട്രപതിയുടെ പത്മഭൂഷൻ,1976 ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിക്കുകയുണ്ടായി.സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. പക്ഷിനിരീക്ഷണത്തില്‍ തല്പരയായിരുന്നു ഇന്ദിരാഗാന്ധി അദേഹത്തിന്റെ പുസ്തകങ്ങളുടെ അരാധികയായിരുന്നു. 1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്.

 ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ജൂൺ 20 ന് തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

ഈ മഹാനായ പ്രകൃതിസ്നേഹിയുടെ ജന്മദിനമായ നവംബര്‍ 12 , ദേശീയ പക്ഷിനിരീക്ഷണദിനം
ആയി ആചരിക്കുന്നു.




4 comments: