ഒരു ക്രിസ്തുമസ്സ് കേക്കു പിടിച്ച 760 രൂപയുടെ പുലിവാല്
=========================
രണ്ടു മൂന്നു വര്‍ഷം മുന്‍പാണ്. ആ വര്‍ഷം ക്രിസ്തുമസ് ഒരു തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച വെളുപ്പിനു 3 മണിക്കെഴുന്നേറ്റതാണ്. ചേട്ടന്റെ സഹോദരീഭര്‍ത്താവും ഏതാനും ബന്ധുക്കളും കൂടി ഡല്ഹിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മംഗളയില്‍ തലേദിവസം എറണാകുളത്തു നിന്നു പുറപ്പെട്ടിട്ടുണ്ട് . അവര്‍ കല്യാണില്‍ എത്തുമ്പോള്‍ രണ്ടുമൂന്നു നേരത്തെ ഭക്ഷണം തയ്യാറാക്കി സ്ടേഷനില്‍ കൊണ്ടുപോയി കൊടുക്കണം. മുന്‍പും പലപ്പോഴും ഇവര്‍ വരാറുള്ളതാണ്. കല്യാണില്‍ എത്തുമ്പോള്‍ 2 മണി എങ്കിലും ആകും. അതുകൊണ്ടു അതിനു മുന്‍പുള്ള പന്‍വേല്‍ എന്ന സ്ടേഷനില്‍ കൊണ്ടുപോയാണു കൊടുക്കുക. കൂടെ ഞങ്ങളും കല്യാണ്‍ വരെ അവരോടൊത്തു യാത്രചെയ്യും. ചിലപ്പോള്‍ കല്യാണും കഴിഞ്ഞുള്ള സ്ടേഷനില്‍ ഇറങ്ങി തിരികെ പോരും. ഇതാണ് പതിവ്. വീട്ടില്‍ നിന്ന് 10 മണിക്കിറങ്ങിയാലേ പന്‍വേലില്‍ ട്രെയിന്‍ സമയത്തിനു അരമണിക്കൂര്‍ മുന്‍പെങ്കിലും എത്തുകയുള്ളു. (അതു ചേട്ടനു നിര്‍ബ്ബന്ധമാണ്). അതുകൊണ്ടു തിരക്കിട്ടു, ചോറും നാരങ്ങാചോറും ചപ്പാത്തിയും കറികളും ഒക്കെ തയ്യാറാക്കി പായ്ക്കു ചെയ്തു. ഇനി കൂളിച്ചു വേഷം മാറി പുറപ്പെട്ടാല്‍ മതി.
കുളിമുറിയില്‍ കയറാന്‍ തുടങ്ങുമ്പോഴാണു വാതില്‍മണി മുഴങ്ങിയത്. ചേട്ടനാണു വാതില്‍ തുറന്നത്. 'മിനിച്ചേച്ചി ഇല്ലേ?' എന്നുറക്കെ തന്നെ വന്നയാള്‍ ചോദിക്കുന്നതുകേട്ടാണു ഞാന്‍ ചെന്നു നോക്കിയത്. നിറഞ്ഞ ചിരിയോടെ അയാള്‍ ഭംഗിയില്‍ പൊതിഞ്ഞു റിബ്ബണ്‍ കെട്ടിയ ഒരു പയ്കറ്റ് എനിക്കു തന്നു പറഞ്ഞു "ചേച്ചീ, വര്‍ഗ്ഗീസ് ചേട്ടന്‍ തന്നുവിട്ടതാണ്. ക്രിസ്ത്മസ്സ് ഗിഫ്റ്റ്"
ഞാനും ചേട്ടനും മുഖത്തോടു മുഖം നോക്കി.
ചേട്ടന്‍ ചോദിച്ചു "ഏതു വര്‍ഗ്ഗിസ് ചേട്ടന്‍?"
" പാം റിസോര്‍ട്ടിനടുത്തു ടീവീടേം ഫ്രിഡ്ജിന്റെയും ഒക്കെ കടയില്ലേ, എയ്ഞ്ചല്‍സ്, അവിടുത്തെ..."
ശരിയാണ്, ആ കടയില്‍ നിന്നു ഒരാഴ്ചമുന്‍പ് എന്തൊക്കെയോ സാധങ്ങളും വാങ്ങിയിരുന്നു. പക്ഷേ.. ഈ സമ്മാനം...?
"ഇവിടെ തന്നെ തരാനാണോ പറഞ്ഞത്?" എന്റെ സംശയം വാക്കുകളായി പുറത്തുവന്നു
"അതെ ചേച്ചി. ഇതല്ലെ അഡ്രസ്സ്...?" അയാള്‍ ഒരു കുറിപ്പില്‍ നോക്കി ബില്‍ഡിംഗ് നമ്പറും ഫ്ലാറ്റ് നമ്പറും ഹൌസിംഗ് കോംപ്ലക്സിന്റെ പേരും പറഞ്ഞു. ഒക്കെ ശരിതന്നെ. പക്ഷെ ഗിഫ്റ്റ് എന്തിനാണെന്നു മാത്രം മാസ്സിലായില്ല. വര്‍ഗ്ഗീസിനെയും കുടുംബത്തേയും പരിചയമുണ്ട്.ഞങ്ങളുടെ ഒരു സുഹൃത്തിന്റെ അടുത്ത ബന്ധുവാണ് വര്‍ഗ്ഗീസിന്റെ ഭാര്യ സിസിലി. അതിനപ്പുറം ഉള്ള ബന്ധങ്ങളൊന്നുമില്ല. എന്തായാലും വിളിച്ചു ചോദിക്കാമെന്നു വിചാരിച്ചു . മൊബൈല്‍ സ്വിച്ച് ഓഫ്. വീട്ടിലെ നമ്പറില്‍ വിളിച്ചു. മോളാണ് ഫോണ്‍ എടുത്തത്. "മോളെ, ഞാന്‍ ഗോദ്രെജ് ഹില്ലില്‍ നിന്നു മിനി ആന്റി ആണു വിളിക്കുന്നത്." ഞാന്‍ പറഞ്ഞു.
" ഹായ് ആന്റി, സുഖമല്ലേ. ഹപ്പ്യ് ക്രിസ്മസ്. ഗിഫ്ട് കൊടുത്തയച്ചിരുന്നതു കിട്ടിയോ ആന്റി..നല്ല കേക്കാട്ടോ.." മോളുടെ കിളിനാദം.
"ഹാപ്പി ക്രിസ്മസ് മോളെ. ഗിഫ്ടിന്റെ കാര്യം പറയാനാണു മോളെ വിളിച്ചത്. പപ്പയും മമ്മിയും ഇല്ലേ.."
"ഇല്ല ആന്റി. പപ്പയുടെ സിസ്റ്റര്‍ കാറ്ററാക്റ്റ് ഓപറേഷനു ഹോസ്പിറ്റലില്‍ അഡ്മിറ്റാ. അവര്‍ അങ്ങോട്ടു പോയി രാവിലെ".
"എങ്കില്‍ ശരി മോളെ, അവര്‍ വരുമ്പോള്‍ പറയൂ."
പക്ഷെ പിന്നെയും ഒരു ശങ്ക ബാക്കി നില്ക്കുന്നു. എന്തിനാവാം ഗിഫ്റ്റ്. ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു, ഏതോ സമ്മാനകൂപ്പണ്‍ ഉണ്ടായിരുന്നു, അതിന്റെ ആകാമെന്ന്. കൂടുതല്‍ ആലോചിച്ചു നില്ക്കാന്‍ സമയവുമില്ല. കൊണ്ടുവന്ന പയ്യന്‍ തറപ്പിച്ചു പറഞ്ഞു ഇവിടുത്തെ മിനിച്ചേച്ചിക്കു തന്നെയാണു തരാന്‍ പറഞ്ഞതെന്ന്. ഏതായാലും അതു വാങ്ങി വെച്ച് അവനു ടിപ്പ് കൊടുത്തു പറഞ്ഞുവിട്ടു.
വലിയൊരു ക്രിസ്മസ് കേക്ക്. ഐസിംഗ് ചെയ്തു മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ചേട്ടനു പ്രമേഹം ഇത്തിരി കൂടുതലുണ്ട്. എനിക്കു കേക്ക് അത്ര ഇഷ്ടവുമില്ല. മോന്‍ പ്രോജക്ട് ചെയ്യുന്നതിനായി ഹോസ്റ്റലില്‍ തന്നെയാണ്.. പിന്നെ ഇത്രവലിയ കേക്ക് എന്തു ചെയ്യും. അതുകൂടി ട്രെയിനില്‍ വരുന്നവര്‍ക്കു കൊടുക്കാം എന്നു തീരുമാനിച്ചു. പിന്നെ ഒട്ടും വൈകിച്ചില്ല ഞങ്ങളുടെ യാത്രയ്ക്ക്. ഇത്തവണ ഞങ്ങള്‍ കല്യാണും കഴിഞ്ഞുള്ള രണ്ടാം സ്ടേഷനില്‍ ഇറങ്ങിയിട്ടാണു മടങ്ങിയത്. വീട്ടിലെത്തുമ്പോള്‍ സന്ധ്യ മയങ്ങി. ഞങ്ങള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അടുത്ത വീട്ടിള്‍ ശ്രദ്ധ വന്നു നോക്കിയത്. ഒരു നമ്പര്‍ എഴുതിയ കടലാസു തന്ന് ശ്രദ്ധ പറഞ്ഞു.
"ഒരാള്‍ രണ്ടു പ്രാവശ്യം വന്നിരുന്നു. നിങ്ങള്‍ വന്നാലുടനെ വിളിക്കാന്‍ പറഞ്ഞ് ഈ നമ്പര്‍ തന്നതാണ്."
ചേട്ടന്‍ വേഗം നമ്പര്‍ ഡയല്‍ ചെയ്തു. സംസാരിച്ചത് രാവിലെ കേക്കുമായി വന്ന പയ്യനാണ്.
സംഭവം ഇങ്ങനെ.. കടയില്‍ ജോലി ചെയ്യുന്ന സ്റ്റാഫിനൊക്കെ ക്രിസ്മസ് കേക്ക് ബേക്കറിയില്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. മിനി എന്നു പേരുള്ള അക്കൗണ്ടന്റ് അവധിയിലായിരുന്നതുകൊണ്ട് അവരുടെ വീട്ടില്‍ കേക്ക് എത്തിക്കാന്‍ ഏല്പ്പിച്ചിരുന്നു. നേരത്തെ കൊടുത്തിരുന്ന അഡ്രസ്സ് കളഞ്ഞുപോയതുകൊണ്ട് രാവിലെ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. മോളാണ് അഡ്രസ്സ് പറഞ്ഞത്. പയ്യന്‍ ശരിക്കു കേള്‍ക്കാതെ ഗോദ്രെജ് പാര്‍ക്ക് എന്നതിനു പകരം ഗോദ്രെജ് ഹില്‍ എന്നാണെഴുതിയെടുത്തത്. ആശുപത്രിയില്‍ നിന്നെത്തിയ വര്‍ഗ്ഗീസ് ഗോദ്രെജ് പാര്‍ക്കില്‍ താമസിക്കുന്ന മിനിയെ വിളിച്ചു ചോദിച്ചപ്പോളാണ് അവിടെ കിട്ടിയിട്ടില്ല എന്നു മനസ്സിലായത്. ബേക്കറി ഉടമ പയ്യനെ കുറെ ചീത്ത പറഞ്ഞത്രേ. കേക്ക് തിരികെ കൊടുക്കണമെന്നാണ് അവന്റെ ഡിമാന്റ്. ഡല്‍ഹിക്കു പോയ കേക്കിനെ എങ്ങനെ തിരികെ കൊടുക്കും! ഒടുവില്‍ അതിന്റെ വില കൊടുത്തു പ്രശ്നം പരിഹരിച്ചു.. 760 രൂപ .
ഡല്‍ഹിക്ക് പോയവര്‍ കേക്കിന്റെ പിന്നിലെ ഈ കഥ അറിഞ്ഞുവോ?
ReplyDeleteഹഹ..ഇല്ല സര്‍, പറഞ്ഞിട്ടില്ല.
Deleteഇനി എന്തായാലും ഓര്‍ക്കും. ഹഹ..
ReplyDeleteരസകരമായി സംഭവം!
ReplyDeleteകേക്ക് തിന്നുന്ന മധുരത്തോടെ വായിക്കുകയും ചെയതു.
ക്രിസ്മസ് ആയി ഇനിയാരെങ്കിലും ഗിഫ്റ്റ് കൊണ്ടുവന്നാല്‍ സൂക്ഷിച്ചുവാങ്ങണം........................
ആശംസകള്‍