Wednesday, November 19, 2014

ഇന്ദിരാ പ്രിയദര്‍ശിനി.



ഇന്നു നവംബര്‍ 19.
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ, അധികാരകേന്ദ്രികരണത്തിലൂടെയും അനിതരസാധാരണമായ കാര്‍ക്കശ്യത്തിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭരണാധികാരിയുടെ, ഇന്ത്യന്‍ജനതയുടെ മുഴുവന്‍ സ്നേഹവും സ്വന്തമാക്കിയ ഇന്ദിരാ പ്രിയദര്‍ശിനിയുടെ ജനന്മദിനമാണിന്ന്.
1917 നവംബര്‍ 19 നാണ് ജവഹര്‍ലാല്‍ നെഹൃവിന്റെയും കമലയുടേയും മകളായി അല്ലഹബാദിലെ ആനന്ദ്ഭവനില്‍ ഇന്ദിര ജനിച്ചത്. സ്വാന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊണ്ട അച്ഛനും മുത്തശ്ശനും പലപ്പോഴും ജയില്‍വാസത്തിലായിരുന്നതുകൊണ്ട് ആ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകരാന്‍ ആ കുഞ്ഞുമാലാഖയ്ക്കു  കഴിഞ്ഞിരുന്നില്ല. അമ്മയാണെങ്കില്‍ പലപ്പോഴും രോഗശയ്യയിലും. ഒരു ഇളയ സഹോദരന്‍ ജനിച്ചു എങ്കിലും അധികനാള്‍ ജീവിച്ചിരുന്നുമില്ല.  ഏകാന്തതയുടെ തടവറയായിരുന്നു ആ വലിയ വീട്ടില്‍ ഇന്ദിരയ്ക്കു കാണാന്‍ കഴിഞ്ഞിരുന്നത്. രോഗാതുരയായ അമ്മയെ  കാണാന്‍പോലും ആ കൊച്ചു പെണ്‍കുട്ടിക്ക്  അനുവാദമുണ്ടായിരുന്നില്ല. ആയമാരുടെയും വീട്ടുജോലിക്കാരുടേയും ട്യൂട്ടര്‍മാരുടെയും ഇടയില്‍ കഴിച്ചുകൂട്ടിയ അസ്വസ്ഥവും ദുഃഖപൂര്‍ണ്ണവുമായൊരു ബാല്യകാലം ഇന്ദിരയുടെ സ്വഭാവരൂപീകരണത്തില്‍ ഒട്ടും കുറവല്ലാത്ത പങ്കുവഹിച്ചു.

തന്റെ പേരക്കുട്ടിക്ക്  ഏറ്റവവും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന അതിയായ മോഹമുണ്ടായിരുന്നെങ്കിലും മുത്തശ്ശനായ മോത്തിലാല്‍ നെഹൃവിന് ഇംഗ്ലീഷ് വിദ്യാലയങ്ങളെ ബഹിഷ്കരിക്കാനുള്ള  ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തോടു ചേര്‍ന്നുനില്‍ക്കേണ്ടിവന്നു. സെന്റ് സിസിലിയ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേര്‍ന്ന ഇന്ദിരയ്ക്ക് അതിനാല്‍ അവിടെ പഠിക്കാനായില്ല. ഹോം ട്യൂട്ടര്‍മാരായിരുന്നു ഇന്ദിരയുടെ വിദ്യാഭ്യാസത്തില്‍ അധിക പങ്കും വഹിച്ചിരുന്നത്. പിന്നെ ജയിലില്‍ നിന്നു വത്സല്യനിധിയായ പിതാവ് മകള്‍ക്കയച്ച കത്തുകളും. ഓരോ കത്തുകളും ഓരോ പാഠപുസ്തകങ്ങളായിരുന്നു ആ കുരുന്നുപെണ്‍കുഞ്ഞിന് .  1933 ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്കൂളില്‍നിന്നു സ്കൂള്‍വിദ്യാഭാസം കഴിഞ്ഞു പുറത്തിറുങ്ങുംമുന്‍പ് ഇന്ദിര പല സ്കൂളുകളില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. മഹാത്മഗാന്ധിയും സബര്‍മതി അശ്രമവുമായുള്ള  നിരന്തര സമ്പര്‍ക്കം ഇന്ദിരയെ സ്വാതന്ത്ര്യസമരവുമായി ചേര്‍ത്തുനിര്‍ത്തി. പൂനെയില്‍ സ്കൂള്‍വിദ്യാഭ്യാസകാലത്ത് വാനരസേന എന്ന കുട്ടികളുടെ സംഘടന രൂപീകരിച്ച് ഇന്ദിരയെന്ന പെണ്‍കുട്ടി സ്വാതന്ത്ര്യസമരത്തെ തങ്ങള്‍ക്കാകുംവിധം സഹായിച്ചുപോന്നു.

ഈ സമയത്താണ് ഫിറോസ് ഗാന്ധിയുടെ വിവാഹാഭ്യര്‍ത്ഥന വന്നതും ഇന്ദിരയുടെ പ്രായക്കുറവുമൂലം വീട്ടുകാര്‍തന്നെ നിഷേധിക്കുകയും ചെയ്തത്.  പിന്നീട് ഉപരിപഠനാര്‍ത്ഥം  ടാഗോറിന്റെ ശാന്തിനികേതനത്തിലെ വിശ്വഭാരതി സര്‍വ്വകലാശാലയിലെത്തി. അവിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഈ സമ്ര്‍ത്ഥയായ പെണ്‍കുട്ടിയെ ആദ്യമായി ടാഗോര്‍ പ്രിയദര്‍ശിനി എന്നു വിളിച്ചത്. പിന്നീട് ഇന്ദിര അറിയപ്പെട്ടത് ഇന്ദിരാ പ്രിയദര്‍ശിനി എന്നായിരുന്നു. അവിടെ പഠിക്കാന്‍ ചേര്‍ന്നെങ്കിലും ക്ഷയരോഗം മൂര്‍ച്ഛിച്ച അമ്മയുടെ ചികത്സയ്ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ പഠനത്തില്‍ കൊടുക്കാന്‍ ഇന്ദിരയ്ക്കു കഴിഞ്ഞില്ല. തന്റെ ഉപരിപഠനത്തിനായി ഇന്ദിര ഇംഗ്ലണ്ടിലേക്കു  പോയി. പക്ഷേ 1936 ല്‍ 19 )0 വയസ്സില്‍ ഇന്ദിരയ്ക്ക് അമ്മയെ നഷ്ടമായി. അമ്മയുടെ നിര്യാണശേഷം ഇന്ദിര സ്വിട്സര്‍ലണ്ടിലെ ഓക്സ്ഫോര്ഡ് സര്‍വ്വകലാശാലയിലാണ് വിദ്യാഭ്യാസം തുടര്‍ന്നത്. വീണ്ടും അവിടെ കണ്ടുമുട്ടിയ ഫിറോസ് ഗാന്ധിയുമായി അഗാധമായ പ്രണയത്തിലായി ഇന്ദിര. അനാരോഗ്യത്താലും ലാറ്റിന്‍ ഭാഷയിലെ പ്രാവീണ്യക്കുറവും മറ്റു പലകാരണത്താലും അവിടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാകാതെ ഇന്ദിര ഇന്ത്യയിലേയ്ക്കു മടങ്ങി. (എങ്കിലും പിന്നീട് ഓക്സ്ഫോര്‍ഡ് സർവ്വകലാശാല ഇന്ദിരയോടുള്ള ബഹുമാനപൂർവ്വം ഓണററി ബിരുദം സമ്മാനിക്കുകയുണ്ടായി.)

1942 ല്‍ ഫിറോസുമായുള്ള  ഇന്ദിരയുടെ വിവാഹം നടന്നു.നെഹൃവിന് ഈ ബന്ധം ഒട്ടും പ്രിയമായിരുന്നില്ല എങ്കില്‍ക്കൂടി അദ്ദേഹം എതിര്‍ത്തില്ല. മഹാത്മഗാന്ധിയുടെ പ്രേരണയും ഉണ്ടായിരുന്നു. രാജീവ്, സഞ്ജയ് എന്ന രണ്ടാണ്‍മക്കളും ആ ദാമ്പത്യത്തില്‍ ജന്മം കൊണ്ടു. പക്ഷേ അസ്വസ്ഥതകള്‍ പലരീതികളില്‍ അവരുടെ ജീവിതത്തെ ഉലച്ചുകൊണ്ടിരുന്നു. മറ്റു സ്ത്രീകളുമായി ഫിറോസിന്റെ ബന്ധങ്ങള്‍ ഇന്ദിരയെന്ന സ്ത്രീയേയും ഭാര്യയേയും തെല്ലല്ല ദുഃഖിതയാക്കിയിരുന്നത്. തന്റെ കുഞ്ഞുങ്ങളുമായി പിതാവിനു സകലപിന്‍തുണയുമായി ഇന്ദിര ഡല്‍ഹിയില്‍ തന്നെ താമസമാക്കി. നെഹൃ ഭരണകൂടത്തിനെതിരെയുമുള്ള ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അകല്‍ച്ചയ്ക്കു കാരണമായി. അങ്ങനെയൊക്കെയായിരുന്നെങ്കിലും  രോഗശയ്യയിലായിരുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ഇന്ദിര കുഞ്ഞുങ്ങളുമായി കാഷ്മീരീലേയ്ക്കു പോയി.  ഒടുവില്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് ഫിറോസ് ഗാന്ധി1960 ല്‍ അന്തരിച്ചു.

ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ തന്റെ പിതാവ്  നെഹ്‌റുവിന്റെ നിഴലായി എന്നും ഇന്ദിര പ്രവര്‍ത്തിച്ചിരുന്നു. നെഹ്‌റുവിന്റെ മരണത്തെത്തുടര്‍ന്ന് 1964 ല്‍ അവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയുമായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മികനിര്യാണശേഷം,  കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കമാരാജാണ് ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്. മൊറാര്‍ജി ദേശായിയെ 169 നെതിരെ 355 വോട്ടുകള്‍ നേടിയാണ് ഇന്ദിര പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ 1966 മുതല്‍ 1977 വരെ, തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിലൂടെ, അധികാരത്തിലെത്തി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1975 ലെ  അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങള്‍ സാധാരണക്കാരില്‍ ഇന്ദിരയ്ക്ക് ഒരു ഏകാധിപധിയുടെ മുഖമാണു നല്‍കിയത്. അതു് പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ക്കു വലിയ തിരിച്ചടിയായി. വലിയ പരാജയം നേരിട്ട് അധികാരത്തില്‍നിന്നു പുറത്തുപോയ ഇന്ദിര 1980 ലെ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷവുമായി വീണ്ടും പ്രധാനമന്ത്രിപദത്തില്‍ മടങ്ങിയെത്തി.

ഒടുവില്‍ 1984 ല്‍ പഞ്ചാബ് കലാപകാരികളെ അടിച്ചമര്‍ത്താന്‍ താന്‍ തന്നെ കൊണ്ടുവന്ന ഓപ്പറേഷന്‍ ബ്ലൂസ്ടാര്‍ പദ്ധതിയുടെ അനന്തരഫലമായി സ്വജീവന്‍ തന്നെ രാജ്യത്തിനു ബലിയര്‍പ്പിക്കേണ്ടി വന്നു ഇന്ദിരയ്ക്ക് .  1984 ഒക്ടോബർ 31 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന്  മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി.
”എന്റെ ജീവന്റെ അവസാന തുള്ളി രക്തവും ഞാന്‍ എന്റെ രാജ്യത്തിനു  വേണ്ടി സമര്‍പ്പിക്കും” എന്നു  പറഞ്ഞ് അഭിനവ ഭരണ കര്‍ത്താക്കള്‍ക്ക് എന്നുമൊരു പാഠമാവാന്‍ ജീവിതം തന്നെ രാജ്യത്തിനുവേണ്ടി കുരുതികൊടുത്ത ധീരവനിതയുടെ അന്ത്യം!

ഭരണരംഗത്ത് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച പ്രഗത്ഭയായ ഭരണാധികാരിയായിരുന്നു ശ്രീമതി ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി. ദേശീയ, അന്തര്‍ദ്ദേശീയ ബഹുമതികള്‍ ഒട്ടനവധി ഈ മഹിളാരത്നത്തെ തേടിയെത്തുകയുണ്ടായി. ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന ഇന്ദിരയ്ക്ക് പക്ഷേ നമ്മള്‍ കാണാതിരുന്ന ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സുമുണ്ടായിരുന്നു. തീപ്പെട്ടിയുരയ്ക്കാന്‍പോലും  പേടിയുള്ള ഒരു കുഞ്ഞിന്റെ..

നിസ്സഹകരണപ്രസ്ഥാനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ആനന്ദഭവനില്‍ ഒരതിഥിയെത്തി. ഇംഗ്ലണ്ടില്‍ നിന്നു മടങ്ങിയെത്തിയ ഒരു ബന്ധു. കമലയുമായുള്ള  സംഭാഷണമദ്ധ്യേ തന്റെ പ്രിയപ്പെട്ട കളിപ്പാവയുമായി സല്ലാപത്തിലേര്‍പ്പെട്ടിരുന്ന ഇന്ദിരയെ  അവര്‍ അടുത്തു വിളിച്ച് സ്നേഹപൂര്‍വ്വം ഒരു സമ്മാനപ്പൊതി നീട്ടി. അതിനുള്ളില്‍ അതിമനോഹരമായ കിന്നരിപ്പണികള്‍ ചെയ്ത വളരെ മൃദുലമായ ഒരുടുപ്പായിരുന്നു. അതു കയ്യിലെടുത്തയുടനെ അമ്മ അവളെ ഓര്‍മ്മപ്പെടുത്തി തങ്ങള്‍ കൂമ്പാരം കൂട്ടി തീയിട്ട വിദേശനിര്‍മ്മിത വസ്തുക്കളെക്കുറിച്ച്. ആ അഗ്നിജ്വാലകള്‍ ഇന്ദിരയുടെ പിഞ്ചുമനസ്സിലും രാജ്യസ്നേഹമായി ആളിക്കത്തി. അവള്‍ ആ ഉടുപ്പ് ഒട്ടും മടികൂടാതെ തിരികെ നല്കി. അപ്പോള്‍ ആ സ്ത്രീയുടെ ചോദ്യം 'എങ്കില്‍ പിന്നെ നീയെന്തിനീ പാവയെ കയ്യില്‍ വെയ്ക്കുന്നു? അതും വിദേശനിര്‍മ്മിതമല്ലേ?' ഇന്ദിരയുടെ ജീവന്റെ ജീവനായിരുന്നു ആ പാവ. എന്നിട്ടും ഒരു തീപ്പെട്ടിയുമായി അവള്‍ മട്ടുപ്പാവിലെത്തി തന്റെ പ്രിയപ്പെട്ട  പാവയേയും അഗ്നിക്കിരയാക്കി. പിന്നീടൊരിക്കലും ഇന്ദിരയ്ക്ക് തീപ്പെട്ടി കയ്യിലെടുക്കാനായിട്ടില്ല.

..പിതാവായ ജവഹര്‍ലാല്‍ നെഹ്റു ജയിലില്‍നിന്നു  മകള്‍ക്കയച്ച കത്തുകളിലൊന്നില്‍ സൂചിപ്പിച്ചു: 'മകളെ, ചരിത്രം ആര്‍ക്കും പഠിക്കാനാവും. ചരിത്രം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്.' ഇന്ദിരാഗാന്ധി ചരിത്രം സൃഷ്ടിക്കുന്നതിലുപരി സ്വയം ചരിത്രമാവുകയാണുണ്ടായത്.... ഈ ധീര വനിതയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സ്നേഹാദരങ്ങളുടെ  സുഗന്ധവാഹിയായ പനിനീര്‍പ്പൂക്കളര്‍പ്പിക്കുന്നു.

1 comment:

  1. അനുകൂലിക്കുന്നവരായാലും പ്രതികൂലിക്കുന്നവരായാലും ഒരു കാര്യം ആരും സമ്മതിക്കും. ചരിത്രം സൃഷ്ടിച്ച വനിത ആയിരുന്നു അവര്‍

    ReplyDelete