Saturday, November 8, 2014

വര്‍ഷഗീതം



മനസ്സൊരു വെണ്‍മേഘത്തുണ്ടുപോല്‍ പായുന്നു
ചിന്തകള്‍ ചേക്കേറുമാകാശ വീഥിയില്‍
ചിലനേരമിരുള്‍മൂടി കാര്‍മേഘമായ് മാറും
ചിലനേരം വര്‍ഷമായ് ചൊരിയുന്നു ദുഃഖം.

പെയ്തൊഴിഞ്ഞീടാതെ എന്തിനീ ശോകത്തിന്‍
മുകില്‍മാല പിന്നെയും പിന്നെയും വന്നെന്റെ
നീര്‍കിഴിയിണകളില്‍ പേമാരി തീര്‍ക്കുന്നു
തേങ്ങലിന്‍ ശ്രുതിയെന്റെ ഗാനത്തില്‍ ചേര്‍ക്കുന്നു

കദനം നിറഞ്ഞെന്റെ ഹൃദയം തപിക്കുമ്പോള്‍
കരയുവാന്‍ പോലും മറന്നു പോകുന്നു ഞാന്‍
ഈ മുകില്‍ നിഴലില്‍ സ്വയം മറന്നാടുവാന്‍
എന്തേ  വരാത്തതെൻ വര്‍ണ്ണശാരംഗവും..

നിറനിലാവൊളി വീണ പൊയ്കയില്‍ പൂവിട്ടു
നില്‍ക്കുമീ നെയ്യാമ്പലെന്തേ രഹസ്യമി-
ന്നെന്നോടു ചൊല്ലുന്നു നാണിച്ചു നില്‍ക്കുന്നു?
ഇല്ല, ഞാന്‍ കാണില്ല നിന്‍ പ്രണയ കേളികള്‍..

പുലരിയില്‍ വന്നെത്തും അര്‍ക്കാംശു, നിദ്രയില്‍
നിന്നുമീ മുഗ്ദ്ധപത്മത്തെയുണര്‍ത്തുവാന്‍..
അതു കണ്ടു നിര്‍വൃതി പൂകുവാന്‍ ഞാനുമി
രാവോടു വിടചൊല്ലി യാത്രയായീടട്ടെ...












4 comments:

  1. ഏത് കരിരാവിന് ശേഷവും ഒരു പുലരി വന്നെത്തുമല്ലോ

    ReplyDelete
  2. നന്നായിട്ടുണ്ട് കവിത
    ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുണ്ട്.........
    ആശംസകള്‍

    ReplyDelete
    Replies
    1. തിരുത്താം സര്‍. വളരെ നന്ദി സര്‍.

      Delete