Wednesday, December 30, 2015

റുഡ്‌യാഡ്‌ കിപ്ലിംഗ്‌




റുഡ്‌യാഡ്‌ കിപ്ലിംഗ്‌.
( ഇന്ന് അദ്ദേഹത്തിന്റെ 150 )0 ജന്മവാര്‍ഷികം )
===========

"Mother of Cities to me,
For I wഅs born in her gate,
Between the palms and the sea,
Where the world-end steamers wait."

ബോംബെ നഗരത്തെക്കുറിച്ച്, ആ നഗരത്തില്‍ ജനിച്ചു വളര്‍ന്ന മഹാനായ ഒരു സാഹിത്യകാരന്റെ വാക്കുകളാണിത്. ജങ്കിള്‍ ബുക്ക് എന്ന വിശ്വവിഖ്യാത കൃതിയിലൂടെ പ്രസിദ്ധിയുടെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കിയ റുഡ്യാഡ് കിപ്ലിംഗ് എന്ന അനുഗൃഹീത എഴുത്തുകാരന്റെ വാക്കുകള്‍.

ജോണ്‍ ലോക്ക് വുഡ് കിപ്ലിംഗും ആലീസും 1863 ല്‍ കണ്ടുകുട്ടിയതും തങ്ങളുടെ പ്രണയം പങ്കിട്ടതും  ഇംഗ്ലണ്ടിലെ സ്റ്റഫൊര്‍ഡ്ഷയറിലെ മനോഹരമായ റുഡ്യാഡ് തടാകത്തിന്റെ കരയിലും പ്രാന്തപ്രദേശങ്ങളിലുമായിരുന്നു. വിവാഹം കഴിഞ്ഞ് 1865 ല്‍ ഈ യുവമിഥുനങ്ങള്‍ ഇന്ത്യയിലേയ്ക്കു വന്നു. ശില്‍പ്പിയും കളിമണ്‍ രൂപകല്‍പനയില്‍ വിദഗ്ദ്ധനുമായ ജോണ്‍ ലോക്ക് വുഡ് കിപ്ലിംഗ്, ബോംബെയില്‍ അക്കാലത്തു പുതുതായി ആരംഭിച്ച ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്ട്സിന്റെ (Sir Jamsetjee Jeejebhoy School of Art) പ്രൊഫസ്സറും പ്രിന്‍സിപ്പലുമായി നിയമിക്കപ്പെട്ടു. തങ്ങളുടെ പ്രണയമുഹൂര്‍ത്തങ്ങള്‍ക്കു വേദിയായ റുഡ്യാഡ് തടാകത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ മനസ്സില്‍ പേറിയിരുന്ന ഈ ദമ്പതികള്‍ അവര്‍ക്കു പിറഞ്ഞ ആദ്യകണ്‍മണിക്ക് റുഡ്യാഡ് എന്നു തന്നെ പേരുമിട്ടു.

1865 ഡിസംബര്‍ 30 നാണ് റുഡ്യാഡ് ജനിച്ചത്. ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സ് ക്യാമ്പസില്‍ ഇപ്പോഴും റുഡ്യാഡിന്റെ ജന്മഗൃഹം കാണാമെങ്കിലും, അദ്ദേഹം ജനിച്ച വീട് ജീര്‍ണ്ണിച്ചു പോയതിനാല്‍ പുനരുദ്ധരിച്ച പുതിയ വീടേ നമുക്കു കാണാനാവൂ.  ആറു വയസ്സു വരെ റുഡ്യാഡ് ജീവിച്ചത് ഇവിടെയായിരുന്നു. അനിയത്തിയോടും മുത്തശ്ശിയോടുമൊപ്പം ബോംബെ നഗരത്തിന്റെ നിറവും മണവും രുചിയും അറിഞ്ഞ്, ശബ്ദവും വെളിച്ചവും അനുഭവിച്ച് സന്തോഷവാനായി കഴിഞ്ഞുകൂടിയ ഇടം. അവിടുത്തെ ഭാഷാ, സാംസ്കാരിക മതാചാരപ്രമായ എല്ലാ വൈവിദ്ധ്യങ്ങളേയും ജിജ്ഞാസാപൂര്‍വ്വം നോക്കി കണ്ട്, അവയെ സ്നേഹിച്ച ബാല്യം . പക്ഷേ പിന്നീട് ആറുവയസ്സുള്ലപ്പോള്‍  ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്നതിനായി കുഞ്ഞു റുഡ്യാഡിനെ ഇംഗ്ലണ്ടിലേയ്ക്കു അയച്ചു. സൗത്ത് സീയില്‍ അദ്ദേഹത്തിനു സംരക്ഷണം നല്‍കിയ ഹളൊവേ കുടുംബത്തിലെ അമ്മയില്‍ നിന്ന് കുഞ്ഞു റുഡ്യാഡിന് ഒരുപാടു കഠിന പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അങ്ങനെ അവിടെ  അവന്റെ ബാല്യം ഒരു കറുത്ത അദ്ധ്യായമായി മാറി. തന്റെ ദുഃഖങ്ങള്‍ ആരോടും പങ്കുവെയ്ക്കാതെ ഹൃദയത്തിലൊതുക്കിക്കഴിഞ്ഞുകൂടിയ ആ നാളുകള്‍ അവനാശ്വാസമായത് പുസ്തകങ്ങളുടെ ചങ്ങാത്തമായിരുന്നു. അതും പലപ്പോഴും ദുഷ്ടയായ ആ സ്ത്രീ അനുവദിച്ചിരുന്നില്ല. പതിനൊന്നു വയസ്സ് ഉള്ലപ്പോളാണ് ആ വീട്ടില്‍ സന്ദര്‍ശകയായെത്തിയ ഒരു ബന്ധു റുഡ്യാഡിന്റെ ദുരന്തജീവിതത്തേക്കുറിച്ച് അവന്റെ അമ്മയെ ധരിപ്പിച്ചത്. ഒട്ടും താമസിയാതെ അമ്മ ഇംഗ്ലണ്ടിലെത്തി തന്റെ ഓമനക്കുഞ്ഞിനെ സ്നേഹം കൊണ്ടു പൊതിഞ്ഞു. തകര്‍ന്ന നിലയിലായ അവന്റെ മാനസിക നില വീണ്ടെടുക്കാന്‍ അവര്‍ മകനെയും കൂട്ടി ഒരു നീണ്ട അവധിക്കാലത്തിലേയ്ക്കു പോയി. പിന്നീട് മറ്റൊരുസുരക്ഷിതമായ സ്കൂളില്‍ വീണ്ടും പഠനം തുടരാന്‍ സൗകര്യമൊരുക്കി. അവിടെ അവന്റെ എല്ലാ കഴിവുകളും സര്‍വ്വപ്രഭയോടെയും വിടര്‍ന്നു പരിമളം വീശാന്‍ സാഹചര്യം കിട്ടി .

പക്ഷേ സ്കൂള്‍ പഠനശേഷം കോളേജിലയയ്ക്കാന്‍  മാതാപിതാക്കള്‍ക്ക് സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം 1882 ല്‍ ഇന്ത്യയിലേയ്ക്കു മടങ്ങി. പക്ഷേ ആ മടക്കയാത്ര റുഡ്യാഡിന്റെ ജീവിതത്തിലെ ഉജ്ജ്വലമായൊരു മാറ്റത്തിനു തുടക്കമായിരുന്നു. അവന്‍ ഇക്കാലത്തിനിടയ്ക്ക് മറന്നുകാണുമെന്നു മാതാപിതാക്കള്‍ വിചാരിച്ചിരുന്ന ഇന്ത്യന്‍ ഭാഷയും ജീവിതരീതികളുമൊക്കെ ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ റുഡ്യാഡിന്റെ ഓര്‍മ്മയിലേയ്ക്കു തിരിച്ചെത്തി .മാതാപിതാക്കളോടൊപ്പം  ലാഹോറില്‍ താമസമാക്കിയ  റുഡ്യാഡിന് പിതാവ് ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയും തരപ്പെടുത്തിയിരുന്നു. സത്യത്തില്‍ റുഡ്യാഡിന് അപ്പോള്‍ ജീവിതത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു. ഇംഗ്ല്ണ്ടില്‍ ജീവിതം നയിച്ചു വന്ന തനി ഇംഗ്ലീഷുകാരന്റേതും പിന്നെ എല്ലാ തനിമയും നിലനിര്‍ത്തുന്നൊരു തദ്ദേശവാസിയുടേതും . ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ ഈ ദ്വന്ദ്വഭാവങ്ങള്‍ റുഡ്യാഡിന്റെ ജീവിതത്തിനു പൂര്‍ണ്ണതയേകി .


അന്നാടിന്റെ ജീവിതത്തെ കൂടുതല്‍ അറിയാന്‍ തന്റെ പത്രജീവിതം അദ്ദേഹത്തെ സഹായിച്ചു. ഉറക്കമില്ലായ്മ നന്നേ ബുദ്ധിമുട്ടിച്ചിരുന്ന രാത്രികളില്‍ അദ്ദേഹം ഉറക്കമിളയ്ക്കുന്ന  നാടിന്റെ നിശാജീവിതത്തിലേയ്ക്കിറങ്ങിച്ചെന്നു. ഈ നാളുകളൊക്കെ അദ്ദേഹത്തിന്റെ കഥാരചനക്ള്‍ക്ക് കരുത്തു പകര്‍ന്നവയായിരുന്നു. റുഡ്‌യാഡ്‌ കിപ്ലിംഗ്‌ 1882-ൽ കവിതകളും ‘87-ൽ കഥകളും എഴുതിത്തുടങ്ങി. ’ദ്‌ സെവൻസീസ്‌‘ എന്ന ഭാവകാവ്യസമാഹാരവും ’ജങ്കിൾബുക്ക്‌‘ എന്ന കഥാസമാഹാരവും വളരെ വേഗത്തിൽ പ്രചരിക്കുകയും യൂറോപ്പിലെ സഹൃദയലോകത്തെ കീഴടക്കുകയും ചെയ്‌തു. ഇന്ത്യൻ പശ്‌ചാത്തലത്തിൽ എഴുതിയ, 1894 ല്‍ പ്രകാശിതമായ ’ജങ്കിൾബുക്ക്‌‘ എന്ന കൃതി ലോകത്തെമ്പാടും പിൽക്കാലത്ത്‌ അറിയപ്പെട്ടു. ഇന്ന്  മൌഗ്ലിയെ അറിയാത്ത ബാല്യം ഇല്ലയെന്നു തന്നെ പറയാം. 1896 ല്‍ ദ് സെക്കന്‍ഡ് ജങ്കിള്‍ബുക്കും പുറത്തിറങ്ങി .   1889 ല്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിച്ചെല്ലുമ്പോള്‍ അദ്ദേഹത്തിടെ   ' Plain Tales from the Hills' എന്ന കഥാസമാഹാരം അവിടെ വായനക്കാരുടെ സര്‍വ്വപ്രശംസയ്ക്കും പാത്രമായി മാറിയിരുന്നു. അന്നു പരിചയപ്പെട്ട അമേരിക്കന്‍ പബ്ലിഷെര്‍, വാല്‍ക്കോട്ട് ബെലെസ്ടിയര്‍ അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിയായി മാറിയതും കാലത്തിന്റെ അനിവാര്യതയായിരുന്നു. പിന്നീട് അവരൊന്നിച്ചുള്ല പുസ്തകയാത്രയില്‍ സാഹിത്യലോകത്തിനു കൈവന്നത് പുസ്തകലോകത്തെ  വിലമതിക്കാനാവാത്ത വൈഢൂര്യമണികള്‍ . 1888 ല്‍ പ്രസിദ്ധീകരിച്ച 'വീ വില്ലീ വിങ്കീ, 1891 ലെ ' അമേരിക്കന്‍ നോട്ട്സ് '  എന്നീ കഥാസമാഹാരങ്ങളും എഴുത്തിന്റെ ആദ്യനാളുകളില്‍ കവിതകള്‍ ചേര്‍ത്ത 'ബാരക്ക് റൂം ബല്ലഡ്സ് ' എന്ന കവിതാസമാഹാരവും അമേരിക്കയില്‍ വെളിച്ചം കണ്ടത് അദ്ദേഹത്തിന് സാഹിത്യനഭസ്സില്‍ നക്ഷത്രശോഭ നല്‍കുന്നതിനുതകുന്നതായിരുന്നു.

വാല്‍ക്കോട്ടുമായുള്ല ഗാഢസൗഹൃദം ആ കുടുംബത്തിലേയ്ക്കും പടര്‍ന്നു കയറി. അദ്ദേഹത്തിന്റെ സഹോദരി കെയ് റി റുഡ്യാഡിന്റെ ആതമസുഹൃത്തായ് മാറി. 1891 ല്‍ ക്രിസ്തുമസ് അവധിക്കാലത്ത് ഇന്ത്യയിലുള്ല മാതാപിതാക്കളെ കാണാന്‍ പുറപ്പെട്ട റുഡ്യാഡിന് കെയ് റിയുടെ അടിയന്തരസന്ദേശത്തേത്തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വാല്‍ക്കോട്ട് ടൈഫോയിഡ് ബാധിതനായി ഇഹലോകവാസം വെടിഞ്ഞു. ആകെ കെയ് റിയുടെ ആശ്രയം റുഡ്യാഡായിരുന്നു. അധികം താമസിയാതെ അമേരിക്കന്‍ എഴുത്തുകാരനായ ഹെന്‍റി ജെയിംസിന്റെ സാന്നിദ്ധ്യത്തില്‍  അവര്‍ വിവാഹിതരായി. അവര്‍ മധുവിധുവിനായി ഒരു സാഹസികയാത്രയാണു തീരുമാനിച്ചത്. കാനഡയിലേയ്ക്കും പിന്നെ ജപ്പാനിലേയ്ക്കും . പക്ഷേ റുഡ്യാഡിന്റെ ജീവിതത്തില്‍ ഭാഗ്യങ്ങളുടെ പിന്നാലെ എപ്പോഴും വന്നെത്താറുള്ല നിര്‍ഭാഗ്യം ഇവിയെടും അവരെ പരജയത്തിന്റെ വക്കിലെത്തിച്ചു. മധുവിധു യാത്ര പൂര്‍ത്തികരിക്കാതെ അവര്‍ക്ക് അമേരിക്കയില്‍ കെയൃഇയുടെ ബന്ധുക്കളുടെ സമീപത്തേയ്ക്കു പോകേണ്ടിവന്നു. അവിടെ അവരുടെ ജീവിതം തളിരിട്ടു മൊട്ടിട്ടു. ആദ്യസൂനം ജോസഫൈന്‍  ജനിച്ചത് 1893ലും രണ്ടാമത്തെ പൂവ് എല്‍സി 1896 ലും . മൂന്നമതൊരാണ്‍പൂവ് ജോണ്‍ 1897 ലും . കുഞ്ഞുങ്ങളുടെ ലോകം അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടതായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഓരോ രചനകളും തെളിയിക്കുന്നുണ്ട് . ഇംഗ്ലീഷ് അറിയുന്ന ഏതൊരു കുട്ടിയുടേയും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു  റുഡ്യാഡ് കിപ്ളിംഗ്. 32 വയസ്സില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന എഴുത്തുകാരനായിത്തീര്‍ന്നു  റുഡ്യാഡ്.

പിന്നെയും ദുരന്തങ്ങള്‍ വിട്ടുമാറാതെ റുഡ്യാഡിന്റെ ജീവിതത്തില്‍. കെയ് റിയുടെ സഹോദരനുമായുള്ല ചില അഭിപ്രായവ്യത്യാസങ്ങള്‍ കലഹമായി മാറുകയും പ്രശസ്തിയുടെ നെറുകയിലിരുന്ന റുഡ്യാഡിനെ അതു വളരെ വിപരീതമായി ബാധിക്കുകയും ചെയ്തു. അപകീര്‍ത്തി താങ്ങാനാവാതെ അവര്‍ 1896 ല്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങി . പക്ഷേ 1899 ല്‍ കെയ് റിയുടെ നിര്‍ബ്ബന്ധപ്രകാരം അമ്മയേക്കാണാന്‍ അവര്‍ വീണ്ടും ന്യൂയോര്‍ക്കിലേയ്ക്കു യാത്രയായി. ക്ഷുഭിതയായിരുന്ന അറ്റ്ലാന്റിക് സമുദ്രം അവരെ കടുത്ത ന്യുമോണിയ ബാധിതരായാണ് ന്യൂയോര്‍ക്കിലെത്തിച്ചത്. റുഡ്യാഡും പത്നിയും രോഗമുക്തി നേടിയെങ്കിലും അവരെ കാത്തിരുന്നത് തങ്ങളുടെ പൊന്നോമനയായ കടിഞ്ഞൂല്‍പ്പുത്രിയുടെ ദേഹവിയോഗവാര്‍ത്തയായിരുന്നു. ഒരിക്കലും പിന്നെ അവര്‍ക്കാ ദുഃഖക്കടലില്‍ നിന്നു കരേറാനായതുമില്ല,.ഇനിയൊരിക്കലും അമേരിക്കയിലേയ്ക്കൊരു മടക്കമില്ലെന്നവര്‍ പ്രതിജ്ഞയെടുത്താണു ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിയത്.

സസ്സെസ്കില്‍ ബെയ്റ്റ് മെന്‍സ് എന്ന വിശാലമായ എസ്റ്റേറ്റ് സ്വന്തമായി വാങ്ങി അവിടെ താമസമാക്കിയ കിപ്ലിംഗ് എഴുത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ വെച്ച് എഴുതിയ പുസ്തകങ്ങളാണ് Puck of Pook's Hill (1906), Actions and Reactions (1909), Debts and Credits (1926), Thy Servant a Dog (1930) ,  Limits and Renewals (1932).ഇവ. ഓര്‍മ്മയുടെ ലോകത്തേയ്ക്കു യാത്രയായ പൊന്നോമന ജോസഫൈന്‍ പിതാവിനോട് പറയാറുണ്ടായിരുന്നു കഥകളിം Just so എന്നാവര്‍ത്തിക്കണമെന്ന്. ആ ഓര്‍മ്മയിലാണ്  Just So Stories എന്ന കഥാസമാഹാരവും അദ്ദേഹം ഇക്കാലത്ത് പ്രസിദ്ധീകരിച്ചത്. 1907-ലെ സാഹിത്യത്തിനുളള നൊബേൽ സമ്മാനത്തിന്‌ തന്റെ 42-​‍ാം വയസ്സിൽ കിപ്ലിങ്ങ്‌ അർഹനായി.

ദുരന്തങ്ങള്‍ പിന്നെയും ഈ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിലേയ്ക്കു പോയ റുഡ്യാഡ് പുത്രന്‍ ജോണിനെ യുദ്ധക്കളത്തിലേയ്ക്ക്  വിടുകയായിരുന്നു. കാഴ്ചക്കുറവ് സൈന്യത്തില്‍ ചേരാന്‍ വിലക്കു കല്‍പ്പിച്ചെങ്കിലും തന്റെ സ്വാധീനമുപയോഗിച്ച് പുത്രന് ഐറിഷ് സൈന്യത്തിലെ സെക്കണ്ട് ലെഫ്റ്റനന്റ് ആയി സൈന്യസേവനം തരപ്പെടുത്തുകയായിരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, യുദ്ധക്കളത്തില്‍ ജോണിനെ കിപ്ലിംഗ് കുടുംബത്തിനു നഷ്ടമായി. കുറ്റബോധത്താല്‍ നീറി വീണ്ടും അവര്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങുമ്പോള്‍ ഒരു പൊന്നോമനകൂടി നഷ്ടമായിരുന്നു. പിന്നെയും രണ്ടു ദശാബ്ദങ്ങള്‍ എഴുത്തിന്റെ ലോകത്ത് അദ്ദേഹം നിശ്ശബ്ദനായി കഴിഞ്ഞുകൂടി. സന്തോഷവും ആഘോഷങ്ങളും ഒഴിഞ്ഞു നിന്ന ജീവിതത്തില്‍ ഒരിക്കലും പിന്നീട് വെളിച്ചം വീണില്ല. രോഗാതുരമായ അവസാനനാളുകള്‍ ആ ദമ്പതികളേ പ്രായത്തേക്കാളേറെ അരക്ഷിതാവസ്ഥയിലേയ്ക്കെത്തിച്ചു. അതികഠിനമായ വേദന സമ്മാനിച്ച അള്‍സര്‍ ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം യാതനാപൂര്‍ണ്ണമാക്കി. 1936 ജനുവരി 18-ന്‌  ആ ഉജ്ജ്വലനക്ഷത്രം തന്റെ പ്രകാശത്തിന്റെ അവസാനകണികയും മരണമെന്ന തമോഗര്‍ത്തത്തിനു നല്‍കി യാത്രയായി.






(ജംഗിള്‍ബുക്ക് കൂടാതെ  പ്ലെയിൻ ടെയ്‌ൽസ്‌ ഫ്രം ദ ഹിൽസ്‌, സോൾജിയേഴ്‌സ്‌ ത്രീ, ദ ലൈറ്റ്‌ ദാറ്റ്‌ ഫെയ്‌ൽഡ്‌, മെനി ഇൻവെൻഷൻസ്‌, ക്യാപ്‌റ്റൻ കറേജിയസ്‌, എഫ്ലീറ്റ്‌ ഇൻ ബീയിങ്ങ്‌, ദ ബെറ്റ്‌മാൻസ്‌ ബർഡൻ, ജസ്‌റ്റ്‌ സോ സ്‌റ്റോറീസ്‌, ഇഫ്‌, സംതിങ്ങ്‌ ഒഫ്‌ മൈസെൽഫ്‌, വി വില്ലി വിങ്കി തുടങ്ങിയവയാണ്‌ കിപ്ലിങ്ങിന്റെ പ്രധാന കൃതികൾ.)





Sunday, December 20, 2015

ആത്മഹത്യയും ഒരുഗ്ലാസ്സ് വെള്ളവും

ആത്മഹത്യയും ഒരുഗ്ലാസ്സ് വെള്ളവും
.
ആത്മഹത്യയില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ഒരുഗ്ലാസ്സ് വെള്ളത്തിനാവുമോ!.. അതെ, അതാണ് എന്റെ അനുഭവം .
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. നമുക്കുണ്ടാകുന്ന സങ്കടങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവര്‍ക്കു മനസ്സിലാകണമെന്നില്ല. അതുകൊണ്ടു തന്നെ ചിലപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആരും ഉണ്ടായെന്നും വരില്ല . അപ്രതീക്ഷിതമായി അനിഷ്ടങ്ങല്‍ വന്നു ഭവിച്ചാല്‍ പെട്ടെന്നുള്‍ക്കൊള്ളാ ന്‍ കഴിയാതെവരും . സ്വന്തം ജീവിതത്തോടടുക്കുമ്പോള്‍ നമുക്കു പക്വത കുറയുമോ എന്നും എനിക്കു തോന്നാറുണ്ട്. അങ്ങനെയൊരു ഘട്ടത്തിലാണ് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് .
അതൊരു ഞായറാഴ്ചയായിരുന്നു . വീട്ടില്‍ ഞാന്‍ മാത്രം . ചേട്ടന്‍ ഔദ്യോഗികാവശ്യത്തിനായി ദൂരെ എവിടെയോ പോയതാണ്. രണ്ടുദിവസ്ം കഴിഞ്ഞേ വരൂ. മോന്‍ ഗുവാഹട്ടി ഐ ഐ ടി യില്‍ ബി ടെക്ക് ഒന്നാം വര്‍ഷം പഠിക്കുന്നു. അവന്‍ ജനനം മുതല്‍ എന്റെ ജീവവായു പോലെ ഒപ്പമുണ്ടായിരുന്നതാണ്. പെട്ടെന്ന്  അവൻ വളരെ അകലെയായപ്പോൾ  ഞാൻ  മാനസികമായി ഒരുപാടു തളര്‍ന്നുപോയി. ആ കാലത്തുണ്ടായ മറ്റുചില ചില സംഭവവികാസങ്ങള്‍ അതികഠിനമായ ദുഃഖം സമ്മാനിക്കുകയും ചെയ്തു. മറ്റൊരാളോടു  പങ്കുവയ്ക്കാൻ കഴിയാത്ത ദുഃഖങ്ങൾ . ഒറ്റയ്ക്കായപ്പോള്‍ അതിന്റെ കാഠിന്യം അധികരിച്ചു.  പെട്ടെന്ന് എന്നെ ആര്‍ക്കും വേണ്ടാതായതുപോലെ, ഞാനീ ലോകത്തു തന്നെ അധികപ്പറ്റായതുപോലെ ഒരു തോന്നല്‍. ഇനി ജീവിച്ചിരിക്കേണ്ട എന്നുതന്നെ തീരുമാനിച്ചു. 
ആത്മഹത്യ ചെയ്യാന്‍ തന്നെ തീരുമാനിച്ചു, പക്ഷേ എങ്ങനെ വേണമെന്നറിയില്ല. സന്ധ്യയോയടടുത്ത സമയം . അതുവരെ ഒന്നും കഴിച്ചിട്ടില്ല. വെള്ളംപോലും കുടിച്ചിട്ടുമില്ല. വീട്ടില്‍ ഉണ്ടായിരുന്ന എന്തൊക്കെയോ കുറേ ഗുളികകള്‍ ഒന്നിച്ചെടുത്തു കഴിക്കാമെന്നു  തീരുമാനിച്ചു. ഇടയ്ക്ക് ഉറക്കമില്ലാതെ വന്നപ്പോൾ  ഡോക്ടര്‍ പലപ്പോഴായി കഴിക്കാന്‍ തന്ന ഗുളികകള്‍ കഴിക്കാതെ വെച്ചിരുന്നതും ഉണ്ട്. എല്ലാം കൂടി കഴിച്ചു കിടന്നുറങ്ങാം പിന്നെ ഒന്നുമറിയേണ്ടല്ലോ. ഗുളികയെടുത്തു വെച്ചിട്ട് അടുക്കളയിലേക്കു നടന്നു . ഗ്ലാസ്സില്‍ വെള്ളമെടുക്കുമ്പോളാണ് കടുത്ത ദാഹമുണ്ടല്ലോ എന്നോര്‍ത്തത്. പെട്ടെന്ന് ആ വെള്ളം  മുഴുവന്‍ കുടിച്ചു. ഹൊ! അപ്പോള്‍ തോന്നിയ ആശ്വാസം പറഞ്ഞറിയിക്കാന്‍ വയ്യ. പിന്നെയും ഞാന്‍ വെള്ളം കുടിച്ചു ദാഹം മാറുവോളം .
പൊടുന്നനെ  എന്റെ ചിന്ത ആ ഒരുഗ്ലാസ്സ് വെള്ളത്തിലേക്കു  തിരിഞ്ഞു . എത്ര ആശ്വാസമാണെനിക്കു കിട്ടിയത് എന്ന സത്യം പിന്നെയും എന്നെ ചിന്തിപ്പിച്ചു. കേവലം ഒരുഗ്ലാസ്സ് വെള്ളം എന്നെ ഇത്രയേറെ ആശ്വസിപ്പിക്കുന്നെങ്കില്‍ , അതെനിക്കിത്രയേറെ ആനന്ദം പ്രദാനം ചെയ്യുന്നുവെങ്കില്‍ ഞാനെന്തിനു മരിക്കണം! ഈ പ്രകൃതി മുഴുവനും നമ്മെ സന്തോഷിപ്പിക്കാനുള്ളതല്ലേ. ആ സന്തോഷം എന്തിനില്ലാതാക്കണം. ... ഞാന്‍ പോയി  മുഖം കഴുകി, വേഷമൊക്കെ മാറി സന്ധ്യയുടെ ചുവന്ന വഴികളിലേയ്ക്കിറങ്ങി നടന്നു . ആ നടത്ത കുറേ സമയം തുടര്‍ന്നു. ജീവിതത്തിലേയ്ക്കെന്നപോലെ .

Thursday, December 10, 2015

ഹൈക്കു

മരണമേ
നീ കൂടെയുള്ളപ്പോള്‍
ഞാനേകയല്ല .
.


Tuesday, December 8, 2015

സ്വപ്നത്തിന്‍ ശരറാന്തല്‍
തിരി കൊളുത്താം , പിന്നെ
 കൂരിരുള്‍ മെല്ലെ വകഞ്ഞുമാറ്റി..
നിദ്രതന്‍ വഴിയില്‍ നടന്നുപോകാം ..
ഉഷ:സന്ധ്യയില്‍ കത്തുമാ തിരിയണയ്ക്കാം .
കര്‍മ്മസാക്ഷിതന്‍ പ്രഭയിലലിഞ്ഞുചേരാം
ദിനചര്യതന്‍ കര്‍മ്മപഥങ്ങള്‍ തേടാം .
.............................മിനി മോഹനന്‍ 


Monday, December 7, 2015

നിദ്രാമോഹം

മഞ്ഞുതുള്ളികള്‍
നനയ്ക്കുകയാണ്
നിശയുടെ മലര്‍വാടിയാകെ.
 എത്ര പൂക്കളാണ്
ആകാശം നിറയെ
വിടര്‍ന്നു നില്‍ക്കുന്നത്!
മഞ്ഞു വിരിച്ച പട്ടുമെത്തയില്‍
കിടന്നുറങ്ങുന്നുണ്ട്
ഇളങ്കാറ്റിന്‍ കുഞ്ഞുങ്ങള്‍ .
ഉണര്‍ന്നുകഴിഞ്ഞാല്‍
ഓടി നടക്കുന്നുണ്ടാവും
അവരിവിടെ..
എന്റെ കമ്പിളിക്കുപ്പായത്തിനുള്ളില്‍ പോലും
നുഴഞ്ഞുകയറി
കുസൃതി കാട്ടും.
അതിനുമുന്‍പ്
ഞാനും ഉറങ്ങട്ടെ. 

Saturday, December 5, 2015

വൃശ്ചികക്കാറ്റില്‍
ആടിയുലയുന്നുണ്ട്
സ്വപ്നങ്ങള്‍ മൊട്ടിട്ട ചില്ലകള്‍ .
വിടരാതെ അടര്‍ന്നു വീണാലും
മഞ്ഞിന്‍ പുതപ്പിനുള്ളില്‍
അതങ്ങനെ
വിറങ്ങലിച്ചു കിടക്കുന്നുണ്ടാകും
ഒന്നു വിടചൊല്ലുവാന്‍ പോലുമാവാതെ ..

ആഴക്കടല്‍ മുത്ത്

എനിക്കു നല്‍കാന്‍ കഴിയുന്ന
ഏറ്റവും ദൃഢമായ സ്നേഹസന്ദേശം
എന്റെ നിശ്ശബ്ദതയാണ് .
എനിക്കു പാടാന്‍ കഴിയുന്ന
ഏറ്റവും സുന്ദരമായ ഗാനം
അതെന്റെ നിശ്ശബ്ദതയാണ് .
എനിക്കു നല്‍കാന്‍ കഴിയുന്ന
ഏറ്റവും ഗഹനമായ ആശംസയും
എന്റെ നിശ്ശബ്ദതയാണ്.
എനിക്കു നല്‍കാന്‍ കഴിയുന്ന
ഏറ്റവും മഹത്തായ വാഗ്ദാനവും
എന്റെ നിശ്ശബ്ദതയാണ്..
മൗനമേ, നിന്നെ പുല്‍കാന്‍
ആയിരം കൈകള്‍
ഉണ്ടായിരുന്നുവെങ്കില്‍!

Thursday, December 3, 2015

നീ അകലുന്നുവോ !

കാവ്യദേവതേ!
തണുപ്പു പുതച്ചുറങ്ങുന്ന
വൃശ്ചികരാവുകളില്‍
നെരിപ്പോടിലെരിയുന്നുണ്ട്
നക്ഷത്രക്കനലുകള്‍
പ്രണയത്തിന്റെ ജ്വലനരേണുക്കള്‍
ചാരക്കമ്പളം പുതഞ്ഞിരിക്കുമ്പോഴും
സ്നേഹമെരിഞ്ഞുതീരാത്ത
ജ്വാലാമുഖിയായ്..
അടര്‍ന്നു വീഴുന്ന വെണ്ണീര്‍പ്പാളികള്‍
ഇടയ്ക്കിടെ കാട്ടിത്തരുന്നുണ്ടാവും
ചെങ്കലിന്റെ തിളക്കത്തെ..
കണ്ണു തുറന്നു നോക്കുകയേ വേണ്ടൂ ..
അകലെ, അലതല്ലുന്ന സമുദ്രത്തിനപ്പുറം
നിതാന്തസ്നേഹത്തിന്റെ അനന്തവിഹായസ്സില്‍
ഒരു നക്ഷത്രമായ് ചേക്കേറും വരെ
ആ കനല്‍ ജ്വലിക്കും
അതുവരേയ്ക്കും
എന്നെ തനിച്ചാക്കരുത്
കടല്‍ത്തിരകള്‍ പോലെ
ആര്‍ത്തിരമ്പുന്ന
ഓര്‍മ്മകളുടെ  ഓളങ്ങളില്‍
മുങ്ങിത്താഴാതെ
കരയിലേയ്ക്കടുപ്പിക്കാന്‍
എനിക്കു വേണം
അതീവസ്നേഹത്താല്‍
കാരിരുമ്പിന്‍ കരുത്താര്‍ന്ന
ആ വിരല്‍ത്തുമ്പുകള്‍
ഒരു കാന്തത്തിന്റെ
മാന്ത്രികസ്പര്‍ശം പോലെ ..



പ്രത്യാശയോടെ ...

ആഞ്ഞടിക്കുന്ന
വൃശ്ചികക്കാറ്റിന്റെ
വാള്‍മുനകള്‍
കീറിമുറിക്കുന്നുണ്ടായിരുന്നു
ഡിസംബര്‍ അണിഞ്ഞിരിക്കുന്ന
മഞ്ഞു മെനെഞ്ഞ ചേലയെ .
ഒരിതള്‍ മാത്രം അവശേഷിക്കുന്ന പൂവിനെ
വലങ്കണ്ണാല്‍ നോക്കി തഴുകുമ്പോഴും
ഇടങ്കണ്ണാല്‍ പ്രണയകടാക്ഷങ്ങള്‍
അയയ്ക്കുന്നു കര്‍മ്മസാക്ഷി
വിടരാന്‍ ഒരുങ്ങിനില്‍ക്കുന്ന
പൂമൊട്ടിനെ..
ഒരു വര്‍ഷം കൂടി
കടന്നുപോവുകയാണ്..
ഇന്നലെകള്‍ തന്ന മധുരസ്മരണകള്‍
നെഞ്ചിനുള്ളിലെ സ്നേഹക്കൂടില്‍ ചേര്‍ത്തുവെച്ച്
പ്രത്യാശയുടെ പുഞ്ചിരി ചുണ്ടില്‍ ചേര്‍ത്ത്
ഉറച്ച കാല്‍വെയ്പ്പോടെ
നടന്നു കയറാം അവസാന കല്‍പടവുകള്‍.
ധനുവുതിര്‍ക്കുന്ന തുഷാരവര്‍ഷത്തിലൂടെ
അതേകുന്ന ശൈത്യമരാളത്തിന്റെ
ഞൊറികള്‍ വകഞ്ഞുമാറ്റി
പുത്തന്‍ പുലരിയുടെ
വരവിനായ് കണ്‍പാര്‍ക്കാം.
നന്മയുടെ കുയില്‍പ്പാട്ടിനായ്
കാതോര്‍ത്തിരിക്കാം .
ഏവര്‍ക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു  

!

എനിക്കു മാത്രം സ്വന്തമായ
നീലാകാശത്ത് 
നീ എന്നുമൊരു മാരിവില്ലാണ് 
മാഞ്ഞുപോകരുത് 
എനിക്കു മുന്നിലെ ഇരുട്ടില്‍ 
കത്തുന്ന വിളക്കിലെ 
ദീപപ്രഭയാണു നീ 
അണയാതിരിക്കുക. 
എന്റെ അനന്തമായ സ്നേഹക്കടലിലെ
ഒരിക്കലും നിലയ്ക്കാത്ത
തിരമാലകളാണു നീ ..
നീ എന്റേതാണ്.. ഞാന്‍ നിന്റേതും .
ആകാശത്തിന്റെ വിശാലതയും
ആഴിയുടെ അഗാധതയും
വീശിയോടുന്ന കാറ്റിന്റെ
ഒപ്പമൊഴുകുന്ന സംഗീതവും
ഒന്നിച്ചോതുന്നുണ്ട്-
നമ്മളിരുവരും
പരസ്പര പൂരകങ്ങള്‍ എന്ന്..
മലമുകളിലെ കുന്നിന്‍ ചെരുവിലെ
പുല്‍നാമ്പിലൂറുന്ന
വൈഢൂര്യക്കണികകള്‍
അതേറ്റുപറയുന്നു.
നദീതീരത്തെ ആറ്റുവഞ്ചിപ്പൂവുകള്‍
അതുകേട്ടാടിയുലയുന്നു.
പിന്നെയും ..
നമുക്കിടയില്‍ എന്തിനാണൊരു 
കാറ്റലച്ചാര്‍ത്ത്!


മഴ !

മഴ !
നീ ഞങ്ങള്‍ക്കു പ്രിയമുള്ലവള്‍.
കാലവര്‍ഷവും തുലാവര്‍ഷവുമല്ലാതെ 
അനവധി വര്‍ഷമായ്
നീ ഞങ്ങളില്‍ പെയ്തിറങ്ങുകയാണ് 
ഓരോ നിമിഷവും .
എത്രയോ ലാസ്യനൃത്തങ്ങള്‍ 
എത്രയോ രുദ്രതാണ്ഡവങ്ങള്‍ 
നീ ആടിത്തിമിര്‍ത്തിരിക്കുന്നു 
ഓരോ നടനവേകളില്‍ നിന്ന്
നീ അരങ്ങൊഴിയുമ്പോഴും
നിന്റെ കുളിരാര്‍ന്ന ആര്‍ദ്രതയെ മാത്രം 
സ്നേഹച്ചൂടില്‍ പൊതിഞ്ഞെടുത്ത്
ഞങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ടാവും.
നിന്നോടുള്ള ഒടുങ്ങാത്ത പ്രണയത്തിന്റെ 
തിരുശേഷിപ്പുപോലെ 
ഒരിന്ദ്രധനുസ്സും ഓര്‍മ്മയുടെ  മാനത്തെവിടെയോ
ഉദിച്ചു നില്‍ക്കുന്നുണ്ടാകും ... 
'നശിച്ച മഴ'യെന്നു ശപിക്കുമ്പോഴും 
നിന്നെ മുറുകെ പുണരുന്നു 
സ്നേഹവായ്പ്പോടെ
നീ കളഞ്ഞിട്ടു പോകുന്ന
ഹരിത കഞ്ചുകത്തിലേയ്ക്ക്
കണ്ണൊളി പായിച്ച് .. 
അതെ, നിന്നെ ഞങ്ങള്‍ സ്നേഹിക്കുകയാണ്
സ്നേഹിക്കുക മാത്രം ..
എന്നിട്ടും നീയെന്തിനാണിങ്ങനെ കലിതുള്ളുന്നത്!


Wednesday, November 25, 2015

എന്റെ നക്ഷത്രം

എപ്പോഴോക്കെയോ
എന്നെ പൊതിഞ്ഞു നില്‍ക്കുന്നൊരു ശൂന്യതയുണ്ട്..
അവിടേയ്ക്കു കടന്നു വന്നെന്നെപ്പുണരുന്ന
ഒരു നക്ഷത്രവെളിച്ചവും .
എന്റെ യാത്രാഗതിയുടെ ആകാശവീഥിയില്‍
എപ്പോഴാണ് ആ നക്ഷത്രം
എന്നെ നോക്കിച്ചിരിച്ചതെന്നറിയില്ല.
ഇത്രകാലവും ആ നക്ഷത്രപ്രഭ .
എവിടെ മറഞ്ഞിരുന്നുവെന്നും അറിയില്ല.
എങ്കിലും ആ പ്രകാശസ്രോതസ്സിനെ
ഞാനെന്റെ ആത്മാവിലേയ്ക്കാവിഹിക്കുകയാണ്.
ഒരിക്കലും തിരിച്ചെടുക്കാതിരിക്കാന്‍
ഞാനാ പ്രകാശ നികുഞ്ജത്തെ
എന്റെ ഹൃദയച്ചെപ്പില്‍
അടച്ചു വെയ്ക്കുകയാണ്
ആരുമറിയാതെ
അതവിടെ പ്രകാശിക്കട്ടെ
അനന്തത്യിലേയ്ക്കു നടന്നടുക്കും വരെ 

തൃക്കാര്‍ത്തിക

കാര്‍ത്തികപ്പൊന്‍പ്രഭ ദീപം തെളിയിക്കും
താരകക്കൂട്ടം നിരന്നു വിണ്ണില്‍
മണ്ണിലും ചേലൊത്ത ചെല്ലച്ചെരാതുകള്‍
പുഞ്ചിരിപ്പൂക്കള്‍ വിടര്‍ത്തുമല്ലോ

നീളേ നിരന്നൊരാ ദീപനാളങ്ങളില്‍
കാണ്‍മൂ തിരിയിട്ടൊരോര്‍മ്മച്ചെരാതുകള്‍
എത്രമേല്‍ കാറ്റുവന്നൂതിക്കെടുത്തുവാന്‍
നോക്കിലും കെട്ടുപോകാ തിരിനാളങ്ങള്‍

തുലാവര്‍ഷസായാഹ്ന മാരിപോല്‍ കണ്ണീരും
മീനസൂര്യന്‍ പോല്‍ ജ്വലിക്കുമാഹ്ളാദവും
ഇടചേര്‍ന്ന ബാല്യസ്മരണകള്‍ തേടുന്ന
ചെറുനുറുങ്ങായുള്ളൊരക്കൊച്ചു ദീപങ്ങള്‍.

ആ മുഗ്ദ്ധ ദീപനാളങ്ങളില്‍ ശോകത്തിന്‍
കണ്ണീര്‍ക്കണങ്ങളെ ഹോമിച്ചുതീര്‍ത്തിടാം.
ഓര്‍മ്മതന്നാകാശവീഥിയിലാ  ധൂളി
കാളിമയോലുന്ന കാര്‍മേഘമാകട്ടെ !

പെയ്തൊഴിഞ്ഞീടണം ഏതോ വിഷാദാര്‍ദ്ര
മാരിയായ് , കാലവര്‍ഷത്തിന്നമര്‍ഷമായ് ..
പിന്നെപ്പിണങ്ങുന്ന സന്ധ്യതന്‍ കണ്ണിലൂ-
ടൊഴുകും തുലാവര്‍ഷധാരയായ് മോഹമായ്

പ്രോജ്ജ്വലിപ്പിക്കാം പ്രതീക്ഷതന്‍ ദീപ്തമാം
നാളങ്ങളാത്മാവിന്‍ മുഗ്ദ്ധസങ്കല്പങ്ങള്‍.
ജ്യോതിസ്വരൂപമാണി  ദീപസഞ്ചയം ,
ഉള്‍ത്തുടിപ്പിന്‍ ദീപ്ത നക്ഷത്ര ജാലങ്ങള്‍ .

തിങ്കള്‍പ്പാട്ട്


മേലേമാനത്തുണ്ടു  ചിരിക്കും
വെണ്‍തിങ്കള്‍ക്കല ചോദിപ്പൂ.
ചൊല്ലിത്തരുവാനുണ്ടോ കഥകള്‍
രാവിന്‍ താളു മറിക്കുമ്പോള്‍ ?
മൂളിത്തരുവാനുണ്ടോ നിന്നുടെ
ചുണ്ടില്‍ മധുരത്താരാട്ട്.. ?
ഹൃദയം നിറയെക്കോരിയൊഴിക്കാന്‍
ഉണ്ടോ സ്നേഹത്തേന്‍ മധുരം .?
എങ്കില്‍ ഞാനീ ആകാശത്തിന്‍
കോണിയിറങ്ങിത്താഴെവരാം
കുഞ്ഞേ നിന്നുടെ മടിയില്‍ തലചാ-
യ്ച്ചങ്ങനെ കഥകള്‍ കേട്ടീടാം .

രാവിനു തോല്‍പ്പിക്കാന്‍ 
കഴിയാത്തത് 
ഒന്നേയുള്ളു .
അതു പുലരിയെയാണ്. 
പുലരി പ്രതീക്ഷയാണ്..
ജീവിതത്തിലേയ്ക്കു നീട്ടുന്ന 
തിരിനാളമാണ്..

സുപ്രഭാതാശംസകള്‍ 

മിനി മോഹനന്‍.

Tuesday, November 24, 2015

നീയില്ലയെങ്കിലോ..

ഇരവിലും പകലിലും
ഞാന്‍ തേടുമേകുമാം സ്വപ്നമേ !
നിന്നിലേയ്ക്കൊഴുകാതെയൊഴുകുന്ന പുഴയായി
നിന്‍സ്നേഹഗന്ധമുയിരായ് പകര്‍ന്നാളുമഗ്നിയായ്
കാണാതെ കാണുന്ന
കേള്‍ക്കാതെ കേള്‍ക്കുന്ന
പറയാതെ പറയുന്ന
കാറ്റിന്റെ വേഗത്തിലിളകുന്ന കുളിരായ്
ഏതോ വിഷാദാര്‍ദ്ര ശീലുകള്‍ പാടിയും
ഏതോ വിരഹാര്‍ത്ത നൊമ്പരം ചൂടിയും
നുണയാതെ  നുണയുന്ന
വേദനക്കൂട്ടിന്റെ കയ്പ്പും ചവര്‍പ്പും
നാവില്‍ തുള്യ്ക്കുന്നൊരെരിവും
ആഴത്തിലതു നല്കുമഗ്നിയും
പിന്നെയെന്‍ കാലിന്റെ
മൃദുലപാദങ്ങളില്‍
കുത്തിക്കയറുന്നിരുമ്പാണി വേവും
നീയാണു സ്വപ്നമേ
നീ മാത്രമാണെന്റെ സ്വപ്നസംഗീതമേ
നീയില്ലയെങ്കിലെന്‍ ശൂന്യമാം ഹൃദയം
മിടിക്കാതെ നില്‍ക്കും
നിമിഷം മറക്കും
നിരാലംബമായ് മണ്ണിലഭയം വരിക്കും
മോക്ഷം ലഭിക്കാതലയുമെന്നാത്മാവു
കാറ്റിന്റെ മൂളലില്‍
തേങ്ങലായലയും




Friday, November 20, 2015

Loneliness

To be lonely 
How comfortable !
None to wait ,
Never to hurry, 
Nothing to keep for ..
Loneliness 
Is truly a blessing
Which I yearn  
To the moon and back 
 But, hardly can attain 
As I can never walk away
From you
My dear! 

വിശ്വാസം !

പൂങ്കുയിലേ,
എന്റെ സ്നേഹമാധുര്യം 
നാവില്‍ പുരട്ടാതെ 
 എങ്ങനെ നിന്റെ ഗാനം പൂര്‍ണ്ണമാകും!
പൂങ്കാറ്റേ,
എന്റെ സ്നേഹസുഗന്ധം 
കവര്‍ന്നെടുക്കാതെ 
നിനക്കെങ്ങനെ വീശിമറയാനാകും!
മാരിവില്ലേ, 
എന്റെ സ്നേഹവര്‍ണ്ണങ്ങള്‍
ചാലിച്ചു ചേര്‍ക്കാതെ 
നീയെങ്ങനെ മാനത്തുദിക്കും!
വിശ്വാസം 
മഴയില്‍ കുതിരാത്ത
വെണ്‍മുത്തായിരിക്കേ,
നമുക്കു നടക്കാം , ഈ കടല്‍ക്കരയില്‍ 
വെയില്‍ ചായുവോളം 
കാലില്‍ മുത്തമിടുന്ന തിരകളെയെണ്ണി..
നിന്റെ കൈവിരല്‍ കോര്‍ത്തുപിടിക്കാതെ 
തിരകളെണ്ണാന്‍ എനിക്കാവില്ലെന്ന്
നിനക്കു മാത്രമല്ലേ അറിയൂ... 

ഈ നിമിഷം !

ഇന്നു നവംബര്‍ 20
.
വിശ്വപ്രസിദ്ധനായ റഷ്യന്‍  സാഹിത്യകാരന്‍ ലിയോ ടോല്‍സ്റ്റോയ് തന്റെ സുവര്‍ണ്ണതൂലികയും ശരീരവും ഈ മണ്ണിലുപേക്ഷിച്ച് അനന്തതയിലേയ്ക്കു പറന്നകന്നത് 1910 നവംബര്‍ 20 ന് ആയിരുന്നു.

അദ്ദേഹത്തിന്റെ കൃതികളൊക്കെ നമുക്കു മാതൃഭാഷാകൃതികളേപ്പോലെ തന്നെ പരിചിതങ്ങളാണ്. എങ്കിലും ഒരു ടോല്‍സ്റ്റോയ് കഥ ഓര്‍മ്മയില്‍ കൊണ്ടുവരികയാണ്.
എല്ലാവരും വായിച്ചിട്ടുള്ളതാണെങ്കിലും ഒന്നു കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കുമല്ലോ.
അദ്ദേഹത്തിന്റെ 'മൂന്നു ചോദ്യങ്ങള്‍' എന്ന പ്രസിദ്ധമായ നമുക്കു പകര്‍ന്നുതരുന്ന ഒരു വലിയ അറിവുണ്ട്. ഏറ്റവും വിലപ്പെട്ടത് ഈ നിമിഷമാണെന്ന സത്യം . അതെ, കഴിഞ്ഞുപോയ നിമിഷം കഴിഞ്ഞുപോയി. അടുത്ത നിമിഷം നമ്മുടെ സ്വന്തമാകുമെന്നതിന് ഒരുറപ്പുമില്ല. ആക് നമ്മുടെ സ്വന്തമാഅയത് ഈ നിമിഷം മാത്രം . അപ്പോള്‍ പിന്നെ ഈ നിമിഷത്തേക്കാള്‍ അമൂല്യമായത് മറ്റെന്തുണ്ടു ജീവിതത്തില്‍ അല്ലേ..

 കഥയുടെ ചുരുക്കം ഇങ്ങനെയാണ്.
.
ഒരിക്കല്‍ ശ്രേഷ്ഠനായൊരു രാജാവിന് ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ തന്റെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാമെന്ന ചിന്ത വന്നു. ഏതുകാര്യവും ചെയ്യാനുള്ല ശരിയായ സമയമേത്; ആരാണ് നമുക്കു പ്രാധാന്യമുള്ളവര്‍- ആരുടെ വാക്കുകളെ അംഗീകരിക്കണം , നിരാകരിക്കണം ;ഒരാള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമേത്.. ഇങ്ങനെ യുള്ല കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ പരാജയം ഉണ്ടാഅവുകയേയില്ലല്ലോ ജീവിതത്തില്‍ . ഇവയുടെ ഒക്കെ ഉത്തരങ്ങള്‍ കണ്ടെത്താനായി അദ്ദേഹത്തിന്റെ ശ്രമം . രാജ്യത്തെ പണ്ഡിതരുടെ സഹായം തേടുകയും ചെയ്തു. നനിക്കു വേണ്ട അറിവുകള്‍ നല്‍കുന്ന ജ്ഞാനികള്‍ക്ക് ഭീമമായ പ്രതിഫലവും വാഗ്ദാനം ചെയ്തു .  പലരും പലവിധത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി .

ആദ്യചോദ്യത്തിന്,  ഓരോ കര്‍മ്മത്തിനുമുള്ള ശരിയായ സമയം കണ്ടെത്താന്‍,  അവര്‍ പലമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു . മുന്‍പേ തന്നെ ഒരു സമയം നിശ്ചയിക്കുക, അതിനായി വിദഗ്ദ്ധരെ ഒപ്പം കൂട്ടുക, ആ സമയക്രമമനുസരിച്ചു മാത്രം ജീവിക്കുക  എന്നൊക്കെ ചിലര്‍ പറഞ്ഞപ്പോള്‍ സമയം നേരത്തേ നിശ്ചയിച്ചുവെക്കുന്നതു വിഡ്ഢിത്തമാണെന്നും അതു സമയനഷ്ടം വരുമെന്നും വാദിക്കാനാളുണ്ടായി. മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിക്കുന്ന മാന്ത്രികരെ ഒപ്പം കൂട്ടാനും ഉപദേശമുണ്ടായി.

രണ്ടാമത്തെ ചോദ്യമായ ആരാണ് ഏറ്റവും പ്രാധാന്യമുള്ലവര്‍ എന്ന ചോദ്യത്തിനും വിഭിന്നാഭിപ്രായങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ചിലര്‍ അഭിപ്രായപ്പെട്ടു ഉപദേശകവൃന്ദമെന്ന്, ചിലര്‍ പറഞ്ഞു പുരോഹിതന്മാരെന്ന്. മറ്റുചിലര്‍ ഭിഷഗ്വരന്മാരെന്നും . വേറൊരു ശക്തമായ വാദം രാജാവിന്റെ പടയാളികളാണ് അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവരെന്നായിരുന്നു.

മൂന്നാമത്തെ ചോദ്യത്തിനും വിവധങ്ങളായ പ്രതികരണങ്ങളാണു ലഭിച്ചത്.  ചിലര്‍ പറഞ്ഞു രാജാവിന് സുപ്രധാനമായ കര്‍മ്മം യുദ്ധമാണത്രേ. ശാസ്ത്രപരീക്ഷണങ്ങളെന്ന് മറ്റു ചിലര്‍. ഈശ്വരപൂജയെന്നു വാദവും ഉണ്ടായി. രാജാവാകട്ടെ ഈ അഭിപ്രായങ്ങളിലൊന്നും തൃപ്തനായില്ല. സമ്മാനം  ആര്‍ക്കും ലഭിച്ചതുമില്ല. അപ്പോഴാണ് അകലെയുള്ള വനത്തില്‍ താമസിക്കുന്ന ഒരു ജ്ഞാനിയായ ഋഷിവര്യനേക്കുറിച്ചറിയാനിടയായത്. അദ്ദേഹത്തെ തന്നെ   സമീപിക്കാന്‍ രാജാവു തീരുമാനിച്ചു.

വളരെ സാധാരണക്കാരോടു മാത്രമേ അദ്ദേഹം ഇടപഴകാറുള്ലു എന്നതിനാല്‍ രാജാവ് വേഷപ്രച്ഛന്നനായാണ് സന്യാസിവര്യനെക്കാണാന്‍ പുറപ്പെട്ടത്. അകലെവെച്ചു തന്നെ അംഗരക്ഷകരേയും കുതിരകളേയും വഴിയില്‍ നിര്‍ത്തി ഏകനായി അദ്ദേഹം സന്യാസിയുടെ പര്‍ണ്ണശാലയെ ലക്ഷ്യമാക്കി നടന്നു. അവിടെയെത്തിയപ്പോള്‍ സന്യാസി ഒരു മണ്‍വെട്ടികൊണ്ട് കൃഷിസ്ഥലം ഒരുക്കുന്ന പണിചെയ്തുകൊണ്ടിരിക്കുന്നു. രാജാവിനെ കണ്ടപ്പോള്‍ മംഗളം  നേര്‍ന്നശേഷം അദ്ദേഹം തന്റെ ജോലിയി തുടര്‍ന്നു. വളരെ ക്ഷീണിതനായിരുന്നതുകൊണ്ട് ആയാസപ്പെട്ടാണ് അദ്ദേഹം ജോലിചെയ്തത്. പക്ഷേ രാജാവ് അദ്ദേഹത്തെ സമീപിച്ച് സവിനയം തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി.
" അല്ലയോ മുനേ, ഈ മൂന്നു കാര്യങ്ങള്‍ അറിയാനാണ് ഞാന്‍ അങ്ങയേക്കാണാന്‍ എത്തിയത്.  എനിക്കു പറഞ്ഞുതരൂ, ഏതാണ് ശരിയായ സമയം? ആരാണ് നമുക്കു പ്രധാനമായവര്‍? അതറിഞ്ഞാല്‍ അവരുടെ ഉപദേശം സ്വീകരിക്കുകയും മറ്റുള്ലതു നിരാകരിക്കുകയും ചെയ്യാമല്ലോ. പിന്നെ, ഏതാണ് ഏറ്റവും വിലപ്പെട്ട കര്‍മ്മം? അതറിഞ്ഞാല്‍ പ്രാധാന്യം കൊടുത്ത് അതു തന്നെ ചെയ്യാമല്ലോ ആദ്യം . "

രാജാവു പറഞ്ഞതു സശ്രദ്ധം ശ്രവിച്ചുവെങ്കിലും മുനി ഒരു മറുപടിയും നല്‍കിയില്ല, തന്റെ ജോലിയില്‍ വീണ്ടും വ്യാപൃതനാവുകയും ചെയ്തു. പക്ഷേ ക്ഷീണിതനായ മുനിയെ ജോലി തുടരാന്‍ അദ്ദേഹം അനുവദിച്ചില്ല. മണ്‍വെട്ടി വാങ്ങി രാജാവ് കിളയ്ക്കാന്‍ തുടങ്ങി. സന്യാസിയാകട്ടെ സമീപത്തിരുന്നു വിശ്രമിച്ചു .അല്പനേരത്തെ ജോലിക്കു ശേഷം രാജാവു തന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതിനു മറുപടി പറയാതെ മണ്‍വെട്ടിക്കായി കൈ നീട്ടി അദ്ദേഹം പറഞ്ഞു .
" ഇനി താങ്കള്‍ കുറച്ചു വിശ്രമിക്കൂ. ഞാന്‍ ജോലി തുടരാം. "
പക്ഷേ രാജാവു മണ്‍വെട്ടി കൊടുക്കാതെ സ്വയം ജോലി തുടരുകയാണുണ്ടായത്. മണിക്കൂറുകളോളം അദ്ദേഹം കിളച്ചുകൊണ്ടിരുന്നു. ഒടുവില്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ ജോലി നിര്‍ത്തി വീണ്ടും തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി.
" അല്ലയോ ജ്ഞാനിയായ മുനിശ്രേഷ്ഠാ, അങ്ങെന്റെ ചോദ്യങ്ങള്‍ക്കു മറുപടി തന്നതില്ല. എന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ അങ്ങതു പറയൂ, ഞാന്‍ വീട്ടിലേയ്ക്കു മടങ്ങിപ്പോകാം. "
പക്ഷേ സന്യാസി പ്രതികരിച്ചതിങ്ങനെ .
" അതാ ആരോ ഓടിവരുന്നുണ്ട്. നമുക്കു നോക്കാം ആരാണെന്ന്."
രാജാവു നോക്കിയപ്പോള്‍  കാട്ടിനുള്ളില്‍ നിന്നും രക്തം പൊതിഞ്ഞ കൈകൊണ്ടു വയറില്‍ അമര്‍ത്തിപ്പിടിച്ച് ഒരു താടിക്കാരന്‍ ഓടിവരുന്നുണ്ട്. അവരുടെ അടുത്തെത്തി അയാള്‍ കുഴഞ്ഞുവീണു. ദയനീയമായി ഞരങ്ങുന്നുണ്ടായിരുന്നു അപ്പോഴും അയാള്‍. അവരിരുവരും ചേര്‍ന്ന് ആ മനുഷ്യന്റെ വസ്ത്രം മാറ്റി നോക്കിയപ്പോള്‍ വയറില്‍ ആഴത്തിലുള്ള വലിയ മുറിവു കാണായി. രാജാവ് സമയം  പാഴാക്കാതെ ആ മുറിവ് വൃത്തിയായി കഴുകി തന്റെ കൈവശമുണ്ടായിരുന്ന കൈലേസുകളും മുനിയുടെ കയ്യിലെ തുണിയുമൊക്കെ ഉപയോഗിച്ചു കെട്ടി. പക്ഷേ രക്തപ്രവാഹം രൂക്ഷമായിരുന്നതിനാല്‍ അവ വേഗം നനഞ്ഞുകുതിര്‍ന്നു. പിന്നെയും തുണികള്‍ കഴുകി കെട്ടിനോക്കി. ഇതു പലതവണ തുടര്‍ന്നു. മെല്ലെ മെല്ലെ രക്തപ്രവാഹത്തിന്റെ ശക്തി കുറഞ്ഞുവന്നു. ഒടുവില്‍ നിലച്ചു. അയാള്‍ ഞരക്കത്തിനിടയില്‍ വെള്ലം ആവശ്യപ്പെട്ടു. രാജാവ് ശുദ്ധജലം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അപ്പോഴേയ്ക്കും ഇരുട്ടു പരന്നു, തണുപ്പിന്റെ കാഠിന്യമേറി. അതിനാല്‍ മുനിയുടെ സഹായത്തോടെ മുറിവേറ്റ മനുഷ്യനെ രാജാവ് പര്‍ണ്ണശാലയ്ക്കുള്ളില്‍ കൊണ്ടുപോയി കിടത്തി. ദിവസത്തെ മുഴുവന്‍ അദ്ധ്വാനത്തിന്റെ ക്ഷീണവുമായി രാജാവും കിടന്നുറങ്ങി. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ക്ഷീണിതമെങ്കിലും സമ്മിശ്രവികാരത്താല്‍ തിളങ്ങുന്ന,   തന്നെ തന്നെ സാകൂതം നോക്കുന്ന താടിക്കാരന്റെ കണ്ണുകളേയാണ്. രാജാവിന്റെ കണ്ണിലേയ്ക്കു തന്നെ നോക്കി അയാള്‍ ക്ഷീണിച്ച ശബ്ദത്തില്‍  പറഞ്ഞു
" എനിക്കു മാപ്പുതരൂ "
" എനിക്കു താങ്കളെ അറിയില്ല. പിന്നെ എന്തിനാണ് എന്നോടു മാപ്പപേക്ഷിക്കുന്നത് ?"
"പക്ഷേ എനിക്കങ്ങയേ അറിയാം. അങ്ങയെ വധിക്കാന്‍ പ്രതിജ്ഞയെടുത്ത ശത്രുവാണു ഞാന്‍ . എന്റെ സഹോദരനെ വധിച്ചതിനും രാജ്യം പിടിച്ചെടുത്തതിനുമുള്ള പ്രതികാരം തീര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് താങ്കള്‍ ഈ മുനിയേ കാണാന്‍ വരുന്നു എന്ന വിവരം ലഭിച്ചത്. അംഗരക്ഷകരൊന്നുമില്ലാതെ ഇവിടെ നിന്നു മടങ്ങുമ്പോള്‍ വധിക്കാന്‍ തക്കം പാര്‍ത്ത് കാട്ടിനുള്ളിലില്‍ പതിയിരുന്നു. നേരമിരുട്ടിയപ്പോള്‍  പുറത്തുവന്ന  എന്നെ ഭടന്മാര്‍  ആരോ തിരിച്ചറിഞ്ഞ് ആക്രമിച്ചു മുറിപ്പെടുത്തി .അവരില്‍ നിന്നു രക്ഷപ്പെട്ടാണു ഞാനിവിടെയെത്തിയത്. അങ്ങെന്റെ മുറിവു പരിചരിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ രക്തം വാര്‍ന്നു മരിച്ചേനേ. ഞാന്‍ ജീവനെടുക്കാനാഗ്രഹിച്ച അങ്ങു തന്നെ എന്റെ ജീവന്‍ രക്ഷിച്ചു. അങ്ങനുവദിച്ചാല്‍ ഇനിയുള്ള എന്റെ ജീവിതം അവിടുത്തെ സേവനത്തിനായിരിക്കും. എന്റെ സന്തതിപരമ്പകളും അങ്ങയുടെ സേവകരായിരിക്കും. എനിക്കു മാപ്പേകണം "

രാജാവിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അവര്‍ നല്ല സുഹൃത്തുക്കളായി . മടങ്ങിപ്പോകുംമുന്‍പ് കൊട്ടാരത്തില്‍ നിന്നു പരിചാരകരേയും ഭിഷഗ്വരനേയും വരുത്തി മുറിവിനു നല്ല ചികിത്സ ലഭ്യമാക്കുകയും ചെയ്യാമെന്നും  നഷ്ടപ്പെട്ട രജ്യവും സമ്പത്തും തിരികെ നല്‍കുമെന്ന ഉറപ്പും നല്കി .
മടങ്ങുന്നതിനു മുന്‍പ് മുനിയെ കണ്ടു യാത്രപറയാനായി അവിടെയൊക്കെ നോക്കി . അദ്ദേഹം തലേദിവസം ഒരുക്കിയിട്ടിരുന്ന നിലത്ത് വിത്തുകള്‍ പാകുകയായിരുന്നു. അദ്ദേഹത്തെ സമീപിച്ച് നമസ്കരിച്ചു രാജാവു ചോദിച്ചു
" അവസാനമായി ഞാന്‍ അങ്ങയോട് എന്റെ ചോദ്യങ്ങള്‍ക്കുള്ല ഉത്തരങ്ങള്‍ നല്‍കാന്‍ യാചിക്കുകയാണ്. "
" എല്ലാ ഉത്തരങ്ങളും ലഭിച്ചു കഴിഞ്ഞല്ലോ "
" അങ്ങെന്താണു പറയുന്നത്? ഉത്തരങ്ങള്‍ ലഭിച്ചെന്നോ.. എങ്ങനെ, എപ്പോള്‍? "
" നോക്കൂ , ഇന്നലെ വളരെ ക്ഷീണിതനായ എന്നില്‍ അനുകമ്പ തോന്നിയിരുന്നില്ലെങ്കില്‍ , ഭൂമി കിളച്ചു സമയം വൈകുമായിരുന്നില്ല. എങ്കില്‍ നിങ്ങള്‍ തിരിച്ചുപോകുന്നവഴിയില്‍ ശത്രു നിങ്ങളെ പതിയിരുന്ന് വധിക്കുമായിരുന്നു. അപ്പോള്‍ ഇന്നലെ, നിങ്ങള്‍ മണ്ണില്‍ പണിയെടുത്ത സമയമാണ് ഏറ്റവും പ്രധാനമായതും . ഞാനായിരുന്നു ഏറ്റവും പ്രധാന വ്യക്തി .എന്നോടു കാട്ടിയ ദയയാണ് നിങ്ങള്‍ ചെയ്ത ഏറ്റവും പ്രധാന കര്‍മ്മം. പക്ഷേ മുറിവേറ്റയാള്‍ വന്നപ്പോള്‍ അയാളായി നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടയാള്‍. അയാളെ ശുശ്രൂഷിക്കുന്നതായി ഏറ്റവും വലിയ കര്‍മ്മം . പക്ഷേ ഒന്നോര്‍ക്കുക. ഏറ്റവും പ്രധാനപ്പെട്ട സമയം - അതൊന്നേയുള്ളു. ഈ നിമിഷം ! ഈ നിമിഷമാണ് ഏറ്റവും ശക്തമായത്, നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഇപ്പോള്‍ മാത്രം. കഴിഞ്ഞുപോയ നിമിഷമോ വരാനിരിക്കുന്ന നിമിഷമോ നമ്മുടെ സ്വന്തമല്ല. ഇപ്പോള്‍ ഒപ്പമുള്ളവര്‍ തന്നെ ഏറ്റവും പ്രാധാന്യമുള്ലവര്‍. മറ്റാര്‍ക്കും ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ ഒപ്പമുള്ളവരോടു നന്മചെയ്യുകയെന്നതാണ് ഏറ്റവും മഹത്തായ കര്‍മ്മം. എന്തുകൊണ്ടെന്നാല്‍ അതിനായാണു മനുഷ്യനെ ഈശ്വരന്‍ ഭൂമിയിലേയ്ക്കയച്ചിരിക്കുന്നതുതന്നെ. " സന്യാസി പറഞ്ഞു നിര്‍ത്തി.

രാജാവാകട്ടെ അത്യന്തം ആഹ്ളാദവാനായി മടങ്ങുകയും ചെയ്തു, തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റാനായി.










.
















Thursday, November 19, 2015

സുപ്രഭാതം

രാവിലെന്നോടൊപ്പമൊന്നിച്ചുറങ്ങിയ
സ്വപ്നപുഷ്പത്തിന്റെ സൗരഭ്യമോ
അതിലൂറുമാത്മഹര്‍ഷത്തിന്റെ ചേലൊത്ത
പുഞ്ചിരിത്താരത്തിന്‍ വെണ്‍പ്രഭയോ
ഏതാണു മല്ലികപ്പൂവേ നിനക്കു ഞാന്‍
തൂമഞ്ഞുതുള്ളികള്‍ക്കൊപ്പമേകീടണം
ഈ നല്ല പൊന്നുഷസ്സിന്നൊരാശംസയായ്
ഈ ദിന നന്മയ്ക്കു പ്രാര്‍ത്ഥനയായ്..

Wednesday, November 18, 2015

യാത്ര പോകാതെ യാത്രാവിവരണം

സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം പരീക്ഷയ്ക്കു മാത്രം ഒന്നും പഠിക്കണ്ടാന്നായിരുന്നു വിചരം. അതു മലയാളമല്ലേ, എല്ലാം നമുക്കറിയാവുന്നതല്ലെ.. എന്നൊരു ധാരണ. പിന്നെ നല്ല മാര്‍ക്കു കിട്ടിയിരുന്നതിന്റെ ഒരാത്മവിശ്വാസവും. അത്യാവശ്യം കുറച്ചു കവിതകളും ഒക്കെ മനഃപാഠമാക്കി വെച്ചിരിക്കുന്നതിന്റെ ഒരു ഗമയും..
ആറാം ക്ലാസ്സ് പഠനം കഴിഞ്ഞ് തൃക്കൊടിത്താനം വി ബി യു പി സ്കൂളില്‍ നിന്നു പടിയിറങ്ങി ഇടുക്കി ജില്ലയിലെ മുരിക്കാട്ടുകുടി  ഗവ. യു പി സ്കൂളില്‍ എത്തിയപ്പോഴാണ് മലയാളം അത്ര പാവമല്ല എന്നു മനസ്സിലായത്.
പരമേശ്വരന്‍ പിള്ളസര്‍ ആണു മലയാളം പഠിപ്പിച്ചിരുന്നത്.
അച്ഛന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും  ഒക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ എന്നോടു വലിയ വാത്സല്യവും ഉണ്ടായിരുന്നു. വ്യാകരണപഠനത്തിന് അദ്ദേഹം നല്ല പ്രാധാന്യം കൊടുത്തിരുന്നു. എന്റെ പഴയ സ്കൂളില്‍ അങ്ങനെയായിരുന്നുമില്ല. അതുകൊണ്ട് അറിവും ഇക്കാര്യത്തില്‍ വളരെ കമ്മി.
സര്‍ പറയുന്ന പല കാര്യങ്ങളും എന്താണെന്ന് ഞാന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നുമില്ല. സന്ധിയും സമാസവും ഒക്കെ..  പക്ഷേ എനിക്കെല്ലാം അറിയുമെന്ന ധാരണയില്‍ അദ്ദേഹം  എന്നോടു ചോദ്യങ്ങളൊന്നും ചോദിക്കാറുമില്ലായിരുന്നു.
ഒരു ദിവസം സര്‍ ക്ലാസ്സില്‍ വന്ന് . പേരച്ചം, വിനയച്ചം' ഇവ എന്താണെന്നു ചോദിച്ചു. ഞാനാദ്യം വിചാരിച്ചത് പേരക്ക പോലെ വല്ല പഴങ്ങളും ആയിരിക്കുമെന്നാണ്. പിന്നെ ഉത്തരങ്ങളുടെ സ്വഭാവത്തില്‍ നിന്ന് അതു വ്യാകരണത്തിലെ ഏതോ കീറാമുട്ടി ആണെന്നൂഹിച്ചു. ചിലര്‍ ഉത്തരം പറഞ്ഞു. പറയാത്തവര്‍ക്ക് അടിയും കിട്ടി. എപ്പോഴാണ് എനിക്കടി കിട്ടുന്നതോര്‍ത്തു വിരണ്ടിരിക്കുകയായിരുന്നു ഞാന്‍. അന്നും പതിവുപോലെ എന്നോടു സ്ര്‍ ചോദിച്ചില്ല. പക്ഷേ ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ സറിന്റെ പിന്നാലെ ചെന്നു പറഞ്ഞു എന്റെ അറിവില്ലായ്മയേക്കുറിച്ച്. സ്റ്റാഫ് റൂമില്‍ വിളിച്ച് വിശദമായി എല്ലാം പറഞ്ഞു തരികയും ചെയ്തു.
പക്ഷേ എട്ടാം ക്ലാസ്സില്‍ വീണ്ടും സ്കൂള്‍ മാറി . അവിടെ ചെന്നപ്പോള്‍ പിന്നെയും  വ്യാകരണം അതിന്റെ വഴിക്കു പോയി.
എട്ടാം ക്ലാസ്സില്‍ മലയാളത്തിനു ഞങ്ങളുടെ ക്ലാസ്സില്‍ അദ്ധ്യാപകര്‍ ഒരു മാസത്തോളം വന്നതേയില്ല. പിന്നെ പുതിയ ടീച്ചറെത്തി, അലപം ഇരുണ്ടനിറമുള്ള, ഒരുപാടു മുടിയുള്ള നിലാവു പോലെ ചിരിക്കുന്ന ശാന്തകുമാരിടീച്ചര്‍. ചേച്ചീന്നു വിളിക്കാനേ തോന്നുമായിരുന്നുള്ളു. അത്ര ചെറുപ്പവും. ടീച്ചര്‍ക്ക് പരീക്ഷയ്ക്കു മുന്‍പ് പാഠ്യഭാഗം തീര്‍ക്കാനുള്ല തത്രപ്പാടും. പെട്ടെന്നാണു ഓണപ്പരീക്ഷ കടന്നു വന്നത്. ടൈം ടേബിള്‍  കിട്ടിയപ്പോഴാണ് അടുത്ത കടമ്പയേക്കുറിച്ചറിഞ്ഞത്. മലയാളത്തിനു രണ്ടു പരീക്ഷയുണ്ടത്രേ.. രണ്ടാം പേപ്പറിനേക്കുറിച്ചു വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല. ഒരു ഉപപാഠപുസ്തകമുണ്ടായിരുന്നു. അതാകട്ടെ ആ വര്‍ഷം സ്കൂള്‍ സ്റ്റോറില്‍ വന്നിട്ടുമില്ല.  അതിനേക്കുറിച്ചു ടീച്ചറോടു പറഞ്ഞപ്പോള്‍ 'പൊതുചോദ്യങ്ങളാണ് അധികവും' എന്നു മറുപടിയും കിട്ടി . പിന്നെ എന്ത് ചോദ്യം വരുമെന്നോ എങ്ങനെ എഴുതണമെന്നോ ഒന്നും പറയാന്‍ ടീച്ചര്‍ക്കു സമയവും കിട്ടിയില്ല.
ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ ആകെയൊരമ്പരപ്പ്. ഉപന്യാസം എഴുതണം .എന്തൊക്കെയോ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെ എഴുതിഫലിപ്പിക്കുമെന്ന ശങ്ക. അതില്‍ ഒന്ന് 'നിങ്ങളുടെ ഒരു വിനോദയാത്രാനുഭവം വിവരിച്ചെഴുതുക ' എന്നതായിരുന്നു. സ്കൂളില്‍ നിന്നു വിനോദയാത്ര പോയിട്ടില്ല. വീട്ടില്‍ നിന്ന് പോയതാകട്ടെ ആകെ രണ്ടു വിനോദയാത്രകളാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇടുക്കി ഡാം കാണാനും പിന്നെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടത്തിയ തേക്കടിയാത്രയും . രണ്ടുയാത്രയേക്കുറിച്ചും എഴുതാന്‍ മാത്രം ഓര്‍ക്കുന്നതുമില്ല. പെട്ടെന്ന് ഓര്‍മ്മവന്നത് ഏതാനും ദിവസം മുന്‍പ് അമ്മയും അമ്മയും( ഞങ്ങളുടെ അമ്മച്ചി) മാഹിയിലുള്ല കുഞ്ഞമ്മയുടെ വീട്ടില്‍ പോയിട്ടു വന്നു പറഞ്ഞവിശേഷങ്ങളാണ്. കടല്‍ കണ്ടിട്ടില്ലാത്ത ഞാന്‍ മാഹിയിലേയും തലശ്ശേരിയിലേയുമൊക്കെ ബീച്ചിന്റെയും തലശ്ശേരിയിലെ കടല്‍പ്പാലത്തിന്റെയും   മയ്യഴിപ്പുഴയുടെയും ഒക്കെ വിശേഷങ്ങളും മാഹിപ്പള്ളിയുടേയും വീടുകളുടേയുമൊക്കെ വിവരണങ്ങളും ... അങ്ങനെ കുറേ കാര്യങ്ങള്‍ . അതൊക്കെ ഞാന്‍ പോയി കണ്ടതായി ഞാന്‍ എഴുതിവെച്ചു,  ഉത്തരക്കടലാസില്‍ . പരീക്ഷയും ഓണാവധിയും കഴിഞ്ഞു സ്കൂളില്‍  എത്തിയത് പേടിച്ചാണ്. കാരണം ഈ മലയാളം സെക്കന്‍ഡ് പേപ്പര്‍ പരീക്ഷതന്നെ. എന്തായാലും ആദ്യത്തെ ഇംഗ്ലീഷ് പീരിയഡും രണ്ടാമത്തെ കണക്കു പീരിയഡും ശാന്തമായി കടന്നുപോയി. പരീക്ഷക്കാര്യമൊന്നും പത്മടീച്ചറും ഓമനടീച്ചറും ചോദിച്ചതേയില്ല. ഇന്റര്‍വെല്‍ കഴിഞ്ഞു മലയാളമാണ്. ദൂരെനിന്നു തന്നെ  ശാന്തകുമാരിടീച്ചര്‍ കടലാസു കെട്ടുമായി വരുന്നത് ഞങ്ങള്‍ക്കു കാണാം. ശ്വാസമടക്കി എല്ലാവരും ഇരിക്കുകയാണ്. വിടര്‍ന്ന ചിരിയുമായി വന്ന ടീച്ചര്‍  കടലാസുകെട്ടുകള്‍ മേശമേല്‍ വെച്ച് ഭാവം മാറ്റി ഗൗരവത്തില്‍   എന്റെ പേരുവിളിച്ചു. ഭയന്നു വിറച്ച് ഞാനെഴുന്നേറ്റു നിന്നു. വീണ്ടും, മാഞ്ഞുപോയ ആ ചിരി കൂടുതല്‍ ശോഭയോടെ വിടര്‍ന്നു. ' വിനോദയാത്ര ഉപന്യാസമെഴുതിയത് വളരെ നന്നായിട്ടുണ്ട്. ഇനി ഉപന്യാസമത്സരങ്ങളിലൊക്കെ  പങ്കെടുക്കണം. മിനിക്കു സമ്മാനം കിട്ടാന്‍ നല്ല സാധ്യതയുണ്ട്. ധാരാളം വായിക്കുകയും വേണം കേട്ടോ '. സ്നേഹത്തോടെ  തോളത്തു പിടിച്ചിട്ടു പറഞ്ഞു 'ഇരുന്നുകൊള്ളൂ'.

പക്ഷേ ഞാനാകെ ആശയക്കുഴപ്പത്തിലായി. എഴുതിയതു മുഴുവന്‍ കള്ലമാണെന്നറിഞ്ഞാല്‍ ടീച്ചറെന്നെ വെറുക്കുമോ എന്ന പേടി. പറയാതിരുന്നാല്‍ ഞാന്‍ ഒരു വലിയ കള്ളിയാവുകയില്ലേ എന്ന കുറ്റബോധം . എന്തായാലും ആ പീരിയഡില്‍ ക്ലാസ്സില്‍ എന്തു സംഭവിച്ചു എന്നു ഞാന്‍ ശ്രദ്ധിച്ചതേയില്ല. ബെല്ലടിച്ചപ്പോള്‍ പതിവുപോലെ പകര്‍ത്തുബുക്ക് സ്റ്റാഫ് റൂമില്‍ വെയ്ക്കാന്‍ ഞാനും ടീച്ചറോടൊപ്പം ഇറങ്ങി. പിന്നാലെ നടന്ന് ഞാന്‍ മെല്ലെ വിളിച്ചു 'ടീച്ചറേ..' ടീച്ചര്‍ നിലാവു പോലെ ചിരിച്ചുകൊണ്ടു തിരിഞ്ഞുനോക്കി കാര്യം ചോദിച്ചു. അവിടെ നിന്നു തന്നെ ഒറ്റശ്വാസത്തില്‍ വിനോദയാത്രയുടെ യഥാര്‍ത്ഥ കഥ ടീച്ചറോടു പറഞ്ഞു. ഒരു കരച്ചില്‍ എന്റെ കണ്ഠത്തില്‍ പുറത്തുവരാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷേ ടീച്ചര്‍ പൊട്ടിച്ചിരിച്ച് എന്നെ കൂടുതല്‍ അഭിനന്ദിക്കുകയാണുണ്ടായത്. ഒരു വലിയ പാഠവും അന്നു പറഞ്ഞു തന്നു.
 'ഭാഷകളുടെ പരീക്ഷകളില്‍ നിങ്ങളെഴുതുന്ന ഉപന്യാസങ്ങളുടേയോ കത്തുകളുടേയോ മറ്റു രചനകളുടേയോ ഒന്നും സത്യാവസ്ഥ അദ്ധ്യാപകര്‍ അന്വേഷിക്കില്ല. നിങ്ങളുടെ ഭാവനയും എഴുതാനുള്ള കഴിവും വസ്തുതകളോടുള്ല സമീപനവും ഭാഷാജ്ഞാനവും ഒക്കെയേ മാര്‍ക്കു നല്‍കാന്‍  നോക്കുകയുള്ളു.'
പിന്നീടൊരിക്കലും എഴുതാന്‍ ഭയം തോന്നിയിട്ടില്ല. ടീച്ചര്‍ പറഞ്ഞതുപോലെതന്നെ ഉപന്യാസ മത്സരങ്ങളില്‍ പലപ്പോഴും സമ്മാനവും ലഭിച്ചു. എങ്കിലും ഭാഷയിലുള്ല അറിവ് എത്ര കുറവാണെന്നറിഞ്ഞത് ഫെയ്സ്ബുക്കില്‍ രചനകള്‍ പോസ്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. പഠിച്ചു വെച്ചിരുന്ന പലവാക്കുകളും തെറ്റാണെന്ന് , വ്യാകരണം പലയിടത്തും ശരിയാകുന്നില്ല എന്നൊക്കെ അറിവുള്ലവര്‍ പറഞ്ഞുതരുമ്പോള്‍ സങ്കോചം തോന്നും. ഇപ്പോഴെങ്കിലും തിരുത്താല്‍ കഴിഞ്ഞല്ലോ എന്ന ആഹ്ലാദവും.

ഈ അടുത്തകാലത്ത് ശ്രീലകം സറും ചന്തുനായര്‍ സറും ജോസഫ് ബോബിസറും നേതൃത്വം കൊടുത്തു രൂപീകരിച്ച ' അഭിരാമം' എന്ന ഗ്രുപ്പിലെ ഭാഷാപഠനപോസ്റ്റുകള്‍ സശ്രദ്ധം വായിക്കുമ്പോഴാണ് അറിവില്ലായ്മയുടെ ആഴമെത്രയെന്നു തിരിച്ചറിയുന്നത്. എന്തൊക്കെ അബദ്ധങ്ങളാണ് എഴുതുമ്പോള്‍ വന്നുപോകുന്നത് ! ഇവരുടെയൊക്കെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലാണു മതിയാവുക , എങ്ങനെ ആദരിച്ചാലാണു തൃപ്തിയാവുക! 

എങ്കിലും പാടൂ നീ പൂങ്കുയിലേ..

വെയില്‍മൊട്ടുകള്‍
നീളെ ചിരിച്ചു നില്‍പ്പൂ
പുലരിതന്‍  പൂമരക്കൊമ്പിലാകെ
പൊന്നുഷസ്സെത്തിയോ
പൂങ്കുയിലേ...എന്നെ
തുയിലുണര്‍ത്താന്‍
നീ വരാത്തതെന്തേ,,
നീവരില്ലായ്കിലാ
പ്രണയം തുടിക്കുന്ന
മധുഗീതമെന്‍ കാതില്‍
അലയടിച്ചില്ലെങ്കില്‍
എന്തിനായ് ഞാനെന്റെ
മിഴി തുറക്കേണമീ
പ്രഭ തൂകും പകലിനെ
പുണരുവാനായ് ...


Tuesday, November 17, 2015

വൃശ്ചികപ്പുലരി

മഞ്ഞിന്‍ വെണ്‍ചാമരവും വീശി
വൃശ്ചികമാസപ്പുലരി പിറന്നു.
ശബരീഗിരീശന്‍ തന്നുടെ തിരുനട
നെയ്ത്തിരിനാളപ്രഭയിലുണര്‍ന്നു.

ഇരുമുടിയേന്തിക്കറുപ്പുടുത്ത്
പതിനെട്ടാംപടി കയറീടാനായ്
മാലയണിഞ്ഞും വ്രതശുദ്ധിയുമായ്
വനയാത്രയ്ക്കായ് ഭക്തരൊരുങ്ങി.

സ്വമീ ശരണം വിളിയാല്‍ മുഖരിത
വീഥികളാകെ അയ്യപ്പന്മാര്‍
പന്തളരാജകുമാരന്‍ തന്നുടെ
പാദം പണിയാന്‍ മുന്നേറുന്നു.





Saturday, November 14, 2015

..

നീ എന്നിലേയ്ക്കു വരുന്നത്
ഞാനറിയുന്നതേയില്ല.
പ്രണയം തിളയ്ക്കുന്ന
ഒരു ചുടുചുംബനത്തിന്റേയോ
സ്നേഹം നിറഞ്ഞൊരു
ഗാഢാലിംഗനത്തിന്റെയോ
വാതില്‍ മണി മുഴക്കാതെ
നീ വരുന്നതെന്തിന്..
ഒന്നുമില്ലെങ്കില്‍ നിനക്ക്
ഒരുപാടു നുണകള്‍ പറയാമല്ലോ,
എന്റെ വിശപ്പകറ്റാനും,
ദാഹം ശമിപ്പിക്കാനും .
പൂര്‍ണ്ണവിരാമമിടാന്‍ മറന്ന്
നീ മടങ്ങിപ്പോകുമ്പോള്‍
ഒരു കറുത്ത മേഘം
ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങും .
നിന്റെ വാതില്‍ മണികള്‍
ഞാന്‍ കേള്‍ക്കാത്തതുപോലെ
നീ കാണുന്നതുമില്ല ഈ പേമാരി.
അപ്പോഴൊക്കെയും
നിന്നിലേയ്ക്കു തുറക്കുന്ന
എന്റെ വാതായനങ്ങളില്‍
ഇരുട്ടു പരക്കുകയാണ്..
നനവ് ഒഴുകിയെത്തുകയാണ്,
ആരുമറിയാതെ..
ആരും കാണാതെ..





Thursday, November 12, 2015

ജ്യോതിര്‍ഗമയാ...


നന്മതന്‍ നിത്യജ്ജ്വാല 
മാനസേ ദീപ്തമാക്കുക,
ജ്ഞാനജ്യോതിയാല്‍ 
മാറ്റിനിര്‍ത്തുക കൂരിരുള്‍ , 
നിറയ്ക്ക ഹൃത്തടം 
സ്നേഹപുഷ്പ സുഗന്ധവീചിയാല്‍,

നാവുതിര്‍ക്കുക 
മധുരമൂറുന്ന തേന്‍മൊഴികളും.
ചൊല്‍ക സ്വാഗതം
ദീപജാലമാഘോഷവേളയില്‍
കര്‍മ്മസാക്ഷിതന്‍ പ്രഫുല്ലസുസ്മേരം
നല്‍ക , ജന്മസാഫല്യ സൂനങ്ങള്‍


നിലാവില്‍
നിഴലുകള്‍ ആടിയുലയുന്നുണ്ട്.
എന്നെ പരിഹസിച്ചായിരിക്കുമോ
അവര്‍ ചിരിച്ചു കുഴയുന്നത്..
ഏയ്.. ആകാനിടയില്ല.
.
ശുഭരാത്രി നേരുന്നു
മിനി മോഹനന്‍ 

വാസരസംഗീതം

ദിനകര കരപരിലാളനമേല്‍ക്കെ,
വ്രീളാവതിയായ് പത്മമുണര്‍ന്നു .
മുഗ്ദ്ധമനോഹര മൃദുലാധരമതില്‍
ഒരു ചുടു ചുംബനമേകീ പവനന്‍
കണ്ടു ചിരിക്കും കുഞ്ഞോളങ്ങളി-
ലവള്‍ തന്‍ നടനം ലാസ്യ വിലാസം.
കറുകകള്‍ ചൂടും താരതുഷാരം
മധുരം ഹസിതം ദീപ്തമനോജ്ഞം.
കൂഹുരവമൊടു കുയിലുകളേതോ
കൂട്ടിലിണയ്ക്കായ് കാതോര്‍ക്കുന്നോ
അകലെച്ചെരുവില്‍ പൂമരമൊന്നു-
ണ്ടവരെക്കയ്യാല്‍ മാടിവിളിപ്പൂ ..
വന്നണയുന്നൊരു പകലിന്‍ ബാല്യം
വന്നിടുമൊരു നവ കര്‍മ്മപഥാഗ്രം 
കരചരണങ്ങളിലനിലന്‍  വേഗം
കണ്ണുകള്‍ തേടും ലക്ഷ്യസ്ഥാനം
ക്ഷണമതിലര്‍പ്പിക്കുന്നൊരുശ്രദ്ധാ
ലയമതിലൂറും വിജയത്തേന്‍കണം .
മധുരം നുണയാം , അതിലീ ജിവിത-
മമൃതായ് മാറ്റാം, കയ്പ്പു മറക്കാം .
അന്തിയില്‍ സൂര്യന്‍ ചായും നേരം 
അദ്ധ്വാനത്തിന്‍ ഭാരം താഴ്ത്തി
തെല്ലിട ചാഞ്ഞിളവേറ്റുമയങ്ങാം, 
പുലരിയ്ക്കായൊരു പൊന്‍തിരി വെയ്ക്കാം .



Tuesday, October 27, 2015

...

പൂവിന്റെ ചന്തം
അര്‍ക്കാംശുവില്‍  നിന്നു
കടം കൊണ്ടതു മാത്രം..
സുഗന്ധം പൂവിനു സ്വന്തം,
കാറ്റു കവര്‍ന്നെടുക്കും വരെ
ആര്‍ക്ക്
എന്താണു  സ്വന്തം !!!

മാഞ്ഞുപോയതോ.. താരാട്ടിന്നീണം

പാട്ടുമൂളുന്ന കാറ്റേ , 
എന്തിനാണു നീയെന്റെ 
ഏകാന്തതയുടെ തുരുത്തിലേയ്ക്ക് 
ഒരു പനിനീര്‍പ്പൂ സുഗന്ധവും പേറി 
കടന്നുവന്നത്?  
എന്റെ ഹൃദയത്തെ 
മൃദുലമായ് നീ തലോടിയതെന്തിന്?  
എന്റെ സ്വപ്നങ്ങളുടെ ചില്ലകളില്‍ 
നീയെന്തിനാണു പൂമൊട്ടുകള്‍ നല്‍കിയത്? 
എനിക്കു ചുറ്റും വട്ടമിട്ടു പറന്നിരുന്ന നീ 
താരാട്ടുമൂളി എന്നെ ഉറക്കിയതെന്തിന്? 
തുലാവര്‍ഷമേഘങ്ങളൊഴിഞ്ഞ്
അന്തിവാനില്‍ 
പനിമതി പൂത്തു നില്‍ക്കുന്നുണ്ട്.
ഒളികണ്ണാല്‍ നോക്കിച്ചിരിച്ച്
നെയ്യാമ്പലും. 
നിന്റെ താരാട്ടു മാത്രം 
എവിടെയോ പോയ്മറഞ്ഞിരിക്കുന്നു.
ഇനി ആ താരാട്ടില്ലാതെ 
ഞാനെങ്ങനെ ഉറങ്ങും !
.
കയ്യില്‍ പെറുക്കിയ 
മഞ്ചാടി മുത്തുകള്‍ 
മാനത്തിന്‍ മുറ്റത്തു 
വാരിവിതറിക്കൊ-
ണ്ടെത്തുന്നു കുഞ്ഞു 
കുസൃതിക്കതിരവന്‍
അങ്ങേക്കിഴക്കിന്റെ 
പുലരിതന്‍ പാതയില്‍.
പിന്നെയാച്ചെഞ്ചായ
ത്തുണ്ടുകളോരോന്നായ് 
മെല്ലെപ്പെറുക്കി നിറയ്ക്കുന്നു 
ചെപ്പൊന്നില്‍. 
പുഞ്ചിരിച്ചേലൊത്ത
പിഞ്ചിളം രശ്മിയാല്‍ 
മെല്ലെത്തഴുകുന്നു
തൊട്ടുതലോടുന്നു
തുകിലുണര്‍ത്താവുന്നു
പ്രിയമുള്ല പൂക്കള്‍ക്ക്.. 

ശുഭദിനം പ്രിയരേ.
മിനി മോഹനന്‍ 

Sunday, October 25, 2015

...

കിനാവിന്റെ തോണിയില്‍ 
യാത്രപോകാം
ഇരുളിന്റെ കൂടാരക്കെട്ടിലീ 
നിദ്രതന്‍ 
മണിവീണക്കമ്പികള്‍ 
മെല്ലേ  മീട്ടാം..
ഉതിരുമീ നീഹാരബിന്ദുക്കളില്‍
കൊച്ചു- 
നക്ഷത്രവെട്ടം വന്നുമ്മ
വയ്ക്കുന്നതും  
അമ്പിളിക്കലയോടു മേഘത്തിന്‍
ചിന്തുകള്‍
ഏതോരഹസ്യം പറഞ്ഞു
പോകുന്നതും
ഒരു കൊച്ചു മന്ദഹാസത്തില്‍ 
കണമായി 
അടയുന്ന കണ്‍കളില്‍
സ്മരണയാകാം .


മിനി മോഹനൻ 


Friday, October 23, 2015

കാറ്റേ... നിന്നോടു പറയാന്‍ ..

പാട്ടു മൂളുന്ന കാറ്റേ, 
എന്റെ ഹൃദയ വനികയിലേയ്ക്കൊരു പ്രണയഗീതിയായ് 
നീവീശിയെത്തിയതെന്തിനാണ്!
നിന്നിലേയ്ക്കു മഴയായ് പെയ്തിറങ്ങാനും 
പുഴയായ് ഒഴുകിയെത്താനും ഞാനുള്ളപ്പോള്‍ 
നീ ഏകാകിയല്ല..
ഇരവിലും പകലിലും നിന്നെ പൊതിയുന്ന 
സ്നേഹാര്‍ദ്രകഞ്ചുകമായ് ഞാനുള്ളപ്പോള്‍ 
എങ്ങെനെ നിനക്കു മരുഭൂമി സൃഷ്ടിക്കാനാവും!
എല്ലാ സന്തോഷങ്ങളും സുഗന്ധമായ് നില്ലിലേയ്ക്കാവാഹിക്കുക,
വീശുന്ന വഴികളില്‍ മന്ദഹാസമായ് പരിമളം നിറയ്ക്കുക.
വസന്തം വന്നെത്തുന്നതു നിനക്കുവേണ്ടി മാത്രം..
ശിശിരത്തിലെ പ്രാലേയവര്‍ഷം 
നിനക്കു കുളിരേകാന്‍..
ശാരദസന്ധ്യകള്‍ കുങ്കുമം ചാര്‍ത്തുന്നതും 
നിന്റെ മന്ദസ്മിതം കാണാന്‍..
വര്‍ഷസന്ധ്യയിലെ പൂര്‍വ്വാംബരത്തില്‍ 
മാരിവില്‍ വിരിയുന്നതും 
നിനക്കായി മാത്രം..
പൂങ്കാറ്റേ... നീയെനിക്കായി വീശണം..
ഇന്നലെയെന്നപോലെ.. ഇന്നും.. എന്നും
കാറ്റേ, നിന്നോടാണെന്റെ പ്രണയം ..

സരസ്വതീ... നമോസ്തുതേ...



അമ്മേ സരസ്വതീ...തേജോമയീ.. 
വാണീ രൂപിണി, വരദായനീ, ദേവീ
താരക ബ്രഹ്മസ്വരൂപിണീ...
നാരായണീ....നമോസ്തുതേ..
അംബ, മൂകാംബികേ..
ശരണം തവ ചരണാബുംജമെന്നും
ദേവീ.. നമോസ്തുതേ..

വീണാപാണിനീ സരസ്വതീ ദേവീ..
അറിവിന്നമൃതേകി അനുഗ്രഹിക്കൂ ..
അകക്കണ്ണിലമരുന്നോരിരുളിനെ നീക്കി നീ
ജ്ഞാനദീപത്താലെന്‍ മനം നിറയ്ക്കൂ..
അക്ഷരജ്ഞാനത്തിന്‍ മധുരമേകൂ...
അംബ, മൂകാംബികേ..
നമോസ്തുതേ.....

നിന്‍ പാദപങ്കജ രേണുക്കളെന്നുമെന്‍
നെറുകയില്‍ പതിയുവാന്‍ കനിയേണമെ..
നാവില്‍ നീ മേവണം നന്മതന്‍ വാക്കുകള്‍
മൊഴിമുത്തുകളായ് മാറ്റീടുവാന്‍
ആനന്ദദായകമാക്കീടുവാന്‍
അംബ, മൂകാംബികേ..
നമോസ്തുതേ.....

Wednesday, October 21, 2015

ഇരുളിലേയ്ക്കൊഴുകുന്നൊരു 
സ്വപ്നം പോലെ
ഈ രാവിനിണചേരും 
മഴയെന്ന പോലെ
കണ്ണിനെക്കവരുന്ന 
നിദ്ര പോലെ
സ്നേഹമേ  നിന്നില്‍ 
ഞാനിഴയടുക്കട്ടെ..
എന്റെ ഹൃദയത്തെ 
നിന്നോടു ചേര്‍ത്തടുക്കട്ടെ..
പിന്നെ, അറിയാതെ അറിയാതെ
ഒരു പാട്ടുമൂളിയീ
മൗനത്തിന്നാഴമളന്നു പോകട്ടെ....

ശുഭരാത്രി പ്രിയരേ

മിനി മോഹനന്‍  

Tuesday, October 13, 2015

....

തിങ്കള്‍ക്കളിവള്ളം 
മെല്ലെത്തുഴഞ്ഞീട്ടു
പോകുവതെങ്ങു നീ  
ലോല നിശീഥിനി.
ശ്യാമാംബരത്തിന്‍ 
തടാകത്തിന്നക്കരെ
ആരാണുറങ്ങാതെ 
കണ്‍പാര്‍ത്തിരിപ്പതും 
കാത്തിരിക്കുന്നുവോ 
നെയ്യാമ്പല്‍കുഞ്ഞുങ്ങള്‍
പൊന്‍മുത്തം കിട്ടിയാല്‍ 
കണ്‍ തുറന്നീടുവാന്‍ 
അരിമുല്ലപ്പൂമണം 
കൊണ്ടുപോയീടുമോ
ഇത്തിരി വീതം 
പകര്‍ന്നു നല്‍കാന്‍ 

Monday, October 12, 2015

നേപ്പാള്‍

നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞങ്ങള്‍  നേപ്പാളിലേയ്ക്കൊരു യാത്രപോയത്. ക്ഷേത്രങ്ങളുടെ നാടായ ആ പുണ്യഭൂമി മാടിവിളിക്കാന്‍ തുടങ്ങിയിട്ടു കുറെയായിരുന്നു. ഗൊരഖ്പൂര്‍ വരെ ട്രെയിനില്‍ പോയശേഷം പിന്നീടുള്ള യാത്ര റോഡു മാര്‍ഗ്ഗം. കൊടുമുടികളുടെ നാടാണെനിലും കുറെദൂരം യാത്രചെയ്തതിനു ശേഷം മാത്രമേ മലകള്‍ കാണാറായുള്ളു.  ആദ്യം 'പൊഖ്ര' എന്ന പട്ടണത്തിലേയ്ക്കായിരുന്നു യാത്ര.

അതിമനോഹരമായി ആസൂത്രണം  ചെയ്യപ്പെട്ടിരിക്കുന്ന  ഒരു കൊച്ചുപട്ടണം. ധാരാളം വിദേശികള്‍ വന്നെത്തുന്ന പൊഖ്ര സുന്ദരിയായ ഫേവാതടാകത്തിന്റെ കരയിലാണു വ്യാപിച്ചു കിടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മൂന്നു കൊടുമുടികളായ അന്നപൂര്‍ണ്ണ,  ധവളഗിരി, മാനസലു എന്നിവ ഇവിടെ നിന്നു ദൃശ്യമാകുന്നു എന്നത് പൊഖ്രയുടെ  വലിയൊരാകര്‍ഷണഘടകമാണ്. ഞങ്ങള്‍ പോയതു ജൂണ്‍ മാസത്തിലായിരുന്നു. എപ്പോള്‍ വേണമെങ്കിലും മഴ പൊഴിയുന്ന അന്തരീക്ഷം . പഴങ്ങളാല്‍ സമൃദ്ധമായ ലിച്ചിമരങ്ങളുടെ കാവലുള്ളള വഴിയോരങ്ങള്‍. സൗഹൃദം മുഖത്തു ചിരിയായ് വിടരുന്ന തദ്ദേശികള്‍. അവിടെയും ക്ഷേത്രങ്ങള്‍ക്കും ബുദ്ധവിഹാരങ്ങള്‍ക്കുമൊന്നും കുറവില്ല. ഫേവാതടാകത്തില്‍ നിന്നു ഉദ്ഭവിക്കുന്ന ഒരു അരുവി ഒരു വലിയ വെള്ളച്ചാട്ടമായി ഒരു മലയിടുക്കിലേയ്ക്കു പതിക്കുന്നുണ്ട്. Hell's Fall അഥവാ Devi's Fall എന്നാണ് ഇതറിയപ്പെടുന്നത്. ഈ ജലധാര ഭൂമിക്കടിയിലേയ്ക്കു പോയി അപ്രത്യക്ഷമാകുന്നു. പിന്നെ അതു പുറത്തുകാണുന്നതു അരകിലോമീറ്റര്‍ തെക്കുമാറിയാണ്. തടാകത്തിൽ ഒരു ക്ഷേത്രവുമുണ്ട്. അങ്ങോട്ടേക്ക് ബോട്ട് യാത്രയ്ക്കു  സൗകര്യവുമുണ്ട്.

ഈ പട്ടണത്തില്‍ ഭക്ഷണം കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സഞ്ചാരികള്‍ക്കായി കുടുംബാന്തരീക്ഷത്തില്‍ ഭക്ഷണമൊരുക്കാന്‍ പാതയോരത്തുള്ള വീടുകള്‍ പോലും സസന്തോഷം സന്നദ്ധമായിരിക്കുന്നതു കാണാം. പക്ഷേ പ്രത്യേകം പറഞ്ഞില്ലെങ്കില്‍ കിട്ടുന്ന ഭക്ഷണം മാംസം ചേര്‍ന്നതായിരിക്കും. ഉത്തരേന്ത്യയില്‍ കിട്ടുന്ന മോമോസ് വേജ് ആയതുകൊണ്ട് ആ ഓര്‍മ്മയിലാവും ഓര്‍ഡര്‍കൊടുക്കുന്നത് . പ്ക്ഷേ  അത് ഞങ്ങളെ അമ്പരമ്പിച്ചു എന്നു തന്നെ പറയാം. പലതവണ അബദ്ധത്തില്‍ പെടുകയും ചെയ്തു. മാംസം എന്നു പറഞ്ഞാല്‍ ബീഫ് തന്നെ ആണ് അധികവും. മോമോസ് ആവശ്യപ്പെട്ടാല്‍ ആദ്യം കൊണ്ടുവരുന്നത് ബീഫ് സൂപ്പായിരിക്കും. പിന്നാലെ ബീഫ് നിറച്ച് മോമോസും.  ആദ്യം തന്നെ പറഞ്ഞാല്‍ മാത്രമേ അവര്‍ പച്ചക്കറി നിറച്ചത് പാചകം ചെയ്യുകയുള്ളു. അതിനായി കാത്തിരിക്കുകയും വേണം. പൊഖ്രയില്‍നിന്ന് യാത്രയായപ്പോഴാണ് അന്നപൂർണ്ണ  ഞങ്ങൾക്ക് കാണാനായത്. മഞ്ഞുപുതപ്പണിഞ്ഞു തലയെടുപ്പോടെ നിൽക്കുന്ന അന്നപൂർണ്ണയുടെ ദൃശ്യം മനസ്സിൽനിന്നൊരിക്കലും മായാത്തൊരു ചിത്രമായി പതിഞ്ഞുകിടക്കുന്നു.

പൊഖ്രയില്‍ നിന്ന് ഞങ്ങള്‍ പോയത് പ്രസിദ്ധമായ മനോകാമനക്ഷേത്രത്തിലേയ്ക്കാണ്. 100 കിലോമിറ്ററിലധികം യാത്രയുണ്ട് 3500 അടി ഉയരത്തിലുള്ളള  മലമുകളിലെ  ഈ ഭഗവതി ക്ഷേത്രത്തിലേക്ക്.  ഇവിടെ മൃഗബലി ഇപ്പോഴും നടന്നു വരുന്നുണ്ട്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ക്ഷേത്രദര്‍ശനത്താല്‍  ആഗ്രഹസാഫല്യമുണ്ടാകും എന്നാണു വിശ്വാസം.പ്രധാനപാതയിൽനിന്ന് പ്രവേശനകവാടം കഴിഞ്ഞു തൃശൂൽ നദിക്കരയിലുള്ള റിസോർട്ട് വരെ വാഹനത്തിൽ പോകാം.   . അവിടെനിന്ന്  അഞ്ചു കിലോമീറ്റര്‍ ഉണ്ട് മുകളില്‍ ഷേത്രത്തിലെത്താന്‍. പക്ഷേ ആസ്ട്രേലിയയുടെ സംഭാവനയായ ഒരു കേബിള്‍കാര്‍ സംവിധാനം 1998 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. അതിനുമുൻപ് ശബരിമലയ്ക്കു പോകുന്നതുപോലെ  അതിദീർഘമായൊരു കാനനയാത്രയ്ക്കു ശേഷമായിരുന്നു ക്ഷേത്രത്തിലെത്തിച്ചരാൻ കഴിഞ്ഞിരുന്നത്. വാഹനത്തിലായാലും ക്ഷേത്രം സ്ഥിതിചെയ്യുന്ന മലമുകളിലെത്താൻ വളരെ സമയമെടുക്കും. കേബിൾകാർ വന്നതോടുകൂടി ഇതിനൊക്കെ പരിഹാരമായി.  ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍കാര്‍ യാത്രകളില്‍ ഒന്ന് ഇതാണ്. ഒരേ സമയം മുന്നൂറു യാത്രകാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് 100 % സുരക്ഷ അവകാശപ്പെടുന്ന ഈ ആകാശ്രയാത്ര. 31 സാധാരണ കാറുകള്‍ കൂടാതെ  ബലിമൃഗങ്ങളേയും മറ്റു സാധനങ്ങളേയും കൊണ്ടുപോകാന്‍ പ്രത്യേകം 3 കാര്‍ ഉണ്ട്.  യാത്രയ്ക്കിടയിലെ നയനമനോഹരമയ ഗിരിശൃംഗദൃശ്യങ്ങള്‍ അവിസ്മരണിയമാണ്. രാവിലെതന്നെ പോയില്ലെങ്കിൽ  തിരക്കു മൂലം  ദര്‍ശനത്തിനായി ഭക്തര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും .( ഇക്കഴിഞ്ഞ ദിവസം യാദൃശ്ചികമായി പരിചയപ്പെടാന്‍ കഴിഞ്ഞ ഒരു നേപ്പാളി വിദ്യാര്‍ത്ഥിയില്‍ നിന്നറിയാന്‍ കഴിഞ്ഞു ആ ക്ഷേത്രം കഴിഞ്ഞ നേപ്പാള്‍ ഭൂകമ്പത്തില്‍ നാശോന്മുഖമായത്രെ !)

ക്ഷേത്രത്തില്‍ പോകേണ്ടതിനാല്‍ വളരെ രാവിലെ തന്നെ പൊഖ്രയില്‍ നിന്നു പുറപ്പെട്ടതാണ്. രാവിലെ ഒന്നും  കഴിച്ചിരുന്നുമില്ല. ക്ഷേത്രത്തില്‍ നിന്നു പുറത്തു കടന്നപ്പോള്‍ നന്നായി വിശക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ഒരു ചായക്കടയില്‍ കയറി. എവിടെയും മോമോസ് കിട്ടുമെന്നതുകൊണ്ട് അതാണ് ഓര്‍ഡര്‍ ചെയ്തത്.  രണ്ടു പ്ലേറ്റില്‍ മോമോസും രണ്ടു ഗ്ലാസ്സുകളില്‍ സൂപ്പും കൊണ്ടുവന്നു വെച്ചു. ഒരു ഭാര്യയും ഭര്‍ത്താവുമാണ് ഇതു രണ്ടും കൊണ്ടുവന്നത്. സൂപ്പു കണ്ടപ്പോള്‍ സംശയം തോന്നി ചോദിച്ചു എന്താണ് ഉള്ളിലെന്ന്. ബീഫ് തന്നെ. അതു വേണ്ട, പച്ചക്കറി നിറച്ചതു മതിയെന്നു പറഞ്ഞപ്പോള്‍ അതവിടെ കിട്ടില്ല എന്നായിരുന്നു മറുപടി. ക്ഷേത്രത്തിന്റെ സമീപമായതുകൊണ്ട് മാംസം ഭഷണത്തില്‍ പ്രതീക്ഷിച്ചതേയില്ല  ഞങ്ങള്‍ അതു കഴിച്ചില്ല എങ്കിലും അവര്‍ മുഴുവന്‍ പണവും വാങ്ങുകതന്നെ ചെയ്തു. അതാണ് നേപ്പാളി ജനത.

അവിടെ നിന്നും കാഠ്മണ്ഡുവിലേയ്ക്കായിരുന്നു യാത്ര. അതും ഒരു ക്ഷേത്ര നഗരി. പുരാതനക്ഷേത്രങ്ങളുടെ ഒരു ഉദ്യാനം തന്നെ. പക്ഷേ ഇത്രയും വൃത്തിഹീനമായ ഒരു തലസ്ഥാന നഗരി ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ എന്നു തോന്നിപ്പോകും. ഏതു തെരുവിലും തുറന്നു വെച്ചിരിക്കുന്നുണ്ടാവും ഈച്ചയാര്‍ക്കുന്ന മാംസക്കടകള്‍ . ഏതു കുഞ്ഞു മുറുക്കാന്‍ കടയിലും മദ്യം സുലഭമായി ലഭിക്കുന്നിടവും കൂടിയാണിത്. കുറച്ചു നാള്‍ മുമ്പു വരെ ഹിന്ദു രാഷ്ടമായിരുന്നു എങ്കിലും ഈ രാജ്യത്ത് ഗോവധനിരോധനമൊന്നും പ്രാവര്‍ത്തികമല്ല എന്നു തോന്നി. ഹിന്ദുമതവും ബുദ്ധമതവും ഒക്കെ നല്‍കുന്ന സന്ദേശങ്ങള്‍ ജനനന്മയെ മുന്‍നിര്‍ത്തിയാണെങ്കിലും ഈ രണ്ടു ജനവിഭാഗവും മാത്രമുള്ളള നേപ്പാളില്‍ സത്യസന്ധതയ്ക്കോ മനുഷ്യത്വത്തിനോ ഒന്നും വലിയ പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടതേയില്ല. എവിടെയും നമ്മള്‍ കബളിപ്പിക്കപ്പെടാം .

അതിമനോഹരമായ ക്ഷേത്ര നിര്‍മ്മിതികളൊക്കെ അവഗണിക്കപ്പെട്ട് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നതുകാണുമ്പോള്‍ ആ ജനതയോടും അവിടുത്തെ ഭരണസംവിധാനത്തോടും വെറുപ്പും വിദ്വേഷവും താനേ തോന്നിപ്പോകും. സംരക്ഷിച്ചു കൊണ്ടുപോകുന്ന ക്ഷേത്രങ്ങളില്‍ ചിലത് പശുപതി നാഥ ക്ഷേത്രവും സ്വയംഭൂ നാഥക്ഷേത്രവും ഉറങ്ങുന്ന ബുദ്ധന്റെ ക്ഷേത്രവും ഒക്കെയാണ്. ഇതില്‍ പശുപതി നാഥക്ഷേത്രം ബഘ്മതി തീരത്തുള്ള പശുപതിനാഥില്‍. നദിയുടെ അവസ്ഥ വളരെ ശോചനീയമാണ്. വാരണാസിയിൽ കാണുന്നതുപോലെ ഇവിടെയും മൃതദേഹങ്ങൾ  ദഹിപ്പിക്കുന്ന പതിവുണ്ട്. ഈ ദേഹവിശിഷ്ടങ്ങൾ  നദിയിൽ ഒഴുകുകയാണ് ചെയ്യുന്നത്  അഴുക്കുവെള്ളമൊഴുകുന്നൊരു ചാലുപോലെയാണ് പുന്യവാഹിനിയെന്നു കരുതപ്പെടുന്ന ബഘ്മതി ഒഴുകുന്നത്.  പഞ്ചമുഖലിംഗമാണു പശുപതിനാഥ് ക്ഷേത്രത്തിലെ  പ്രതിഷ്ഠ. വളരെയകലെയല്ലാതെ ശക്തിപീഠങ്ങളിലൊന്നായ ഗുഹേശ്വരി ക്ഷേത്രവും ഉണ്ട്. ഒരുപാടു പടിക്കെട്ടുകള്‍ കയറിയെത്തുന്ന കുന്നിന്‍മുകളിലെ  സ്വയംഭൂനാഥ് ഒരു സ്തൂപമാണ്. ശുഭ്രവര്‍ണ്ണത്തില്‍  വൃത്താകാരത്തിലുള്ള പ്രധാന ഭാഗത്തു നിന്നും ഉയര്‍ന്നുപൊങ്ങിയ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള സ്തൂപത്തിന്റെ അഗ്രത്തില്‍ വിടര്‍ന്ന രണ്ടു ബുദ്ധനേത്രങ്ങള്‍. ചുറ്റുപാടും ഒരുപാടു ക്ഷേത്രങ്ങളുടെ സഞ്ചയം. കണ്ടാലും കണ്ടാലും കണ്ടാലും തീരാത്തത്ര പുരാതന നിര്‍മ്മിതികളുള്ള  നഗരമാണ് കാഠ്മണ്ടു.

കഠ്മണ്ഡുവിൽനിന്ന് ചിറ്റ്വെൻ (chitwan) നാഷണൽപാർക്കിലേക്കായിരുന്നു യാത്ര. അവിടെ കാട്ടിനുള്ളിൽ ഒരു റിസോർട്ടിലെ താമസം മറക്കാൻ കഴിയില്ല.പി നിറയെ പൂവിട്ടുനിൽക്കുന്ന ചെടികൾക്കും മരങ്ങൾക്കുമിടയിലെ കോട്ടേജുകൾ. പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന അത്തിമരങ്ങളും  ലിച്ചിമരങ്ങളുമുള്ള വിശാലമായ തൊടിയും. അടുത്തുതന്നെ സുന്ദരിയായൊരു നദിയും. നാഷണൽ പാർക്കിലേക്ക് സഫാരി പ്രത്യേകവാഹനത്തിലാണ്. പക്ഷേ നാഷണൽ പാർക്കിൽ മൃഗങ്ങളെയൊന്നും കാര്യമായി കണ്ടില്ല. വളരെ ദൂരെയായി മാനുകളെ  കാണാനായി. പിന്നെ ചില പക്ഷികളും. കാണ്ടാമൃഗങ്ങളും കടുവകളും ഒക്കെയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.  അല്ലെങ്കിലും നാഷണൽ പാർക്കുകളിൽ മൃഗങ്ങളെ കാണാൻ ഒരു പ്രത്യേകഭാഗ്യംതന്നെ വേണം. കുട്ടികൾക്ക് രസകരമായി ആസ്വദിക്കാൻ കഴിഞ്ഞത് ആനപ്പുറത്തിരുന്നുള്ള, നാരായണിനദിയിലെ  കുളിയായിരുന്നു. അത് കണ്ടുനിൽക്കാനും നല്ല രസം. രണ്ടുദിവസത്തെ താമസത്തിനു ശേഷം നാട്ടിലേക്കു  മടങ്ങിയത് സീതാമാർഹിയിലൂടെയായിരുന്നു. സീത ശൈശവബാല്യങ്ങൾ ചിലവഴിച്ച ജനകകൊട്ടാരവും ക്ഷേത്രവും ഒക്കെ കാണാനായി.







Sunday, October 11, 2015

ഒരു തുള്ളി കണ്ണു നീര്‍

മേഘപ്പൂന്തൊട്ടിലില്‍ 
ആലോലമാടിയ
വാര്‍തിങ്കളെന്തേ
ഉറക്കമായോ..
താരകക്കുഞ്ഞുങ്ങളെന്തിനീ 
രാവിതില്‍
കണ്ണുചിമ്മി 
കൂട്ടിരിക്കുന്നുറങ്ങാതെ.. 
ഏതൊരു മുത്തശ്ശി 
ചൊല്ലിത്തരും കൊച്ചു
പാട്ടും കഥയും മധുരമായി..
ഏതൊരു മുത്തശ്ശന്‍ 
നെഞ്ചോടു ചേര്‍ത്തൊരു 
പഞ്ചാരമുത്തം തരും 
തിരുനെറ്റിയില്‍..
ഓര്‍ക്കുന്നു ഞാനെന്റെ 
ബാല്യ,മെന്‍ കണ്ണിലോ
ഓര്‍മ്മതന്‍ കണ്ണുനീര്‍
ഓളം നിലയ്ക്കാതെ.
കാതില്‍മുഴങ്ങുന്നൊരീണം
മൃദുരാഗം
വാത്സല്യമോലുന്ന
കൈവിരല്‍ത്താളവും 
വെള്ളിരോമക്കാടു തീര്‍ത്തൊരു
നെഞ്ചിലെന്‍
കുഞ്ഞുമുഖം 
ചേര്‍ത്തുറങ്ങിയ
രാവുകള്‍..
ആ ബാല്യമാണെന്റെ സ്വര്‍ഗ്ഗം
ഇനിയൊരു 
സ്വര്‍ഗ്ഗമെനിക്കില്ല
കാത്തിരുന്നീടുവാന്‍. 


Thursday, October 8, 2015

പുസ്തകപരിചയം - ലലന ചാരുത

ലലന ചാരുത - അജയകുമാര്‍

( ഇതിഹാസ വധുപഞ്ചകം )


മുംബൈ മലയാളികള്‍ക്കിടയില്‍ മൂന്നു ദശകത്തിലേറെയായി സാഹിത്യ, സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളില്‍ തന്റെ തിളക്കമാര്‍ന്ന പ്രാതിനിധ്യം കൊണ്ട് ചിരപരിചിതനായ ശ്രീ അജയകുമാറിന്റെ ആദ്യ കവിതാസമാഹാരമാണ് 'ലലനചാരുത'. പുരാണേതിഹാസങ്ങളില്‍ ഏറെ വൈശിഷ്ട്യം അവകാശപ്പെടാവുന്ന അഞ്ചു സ്ത്രീരത്നങ്ങളുടെ ജീവിതഗാഥയാണ് അദ്ദേഹം ഈ സമാഹാരത്തിലെ കവിതകളുടെ ഇതിവൃത്തത്തിന് അവലംബിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ ഉള്ളടക്കത്തിലേയ്ക്കു കടക്കും മുമ്പേ ഇതിന്റെ ഉത്കൃഷ്ടതയെ വിളിച്ചറിയിക്കുന്ന ചില ബാഹ്യഘടകങ്ങള്‍ ഒന്നു വിശകലനം ചെയ്യാം
ഇതു തന്റെ ആദ്യകവിതാസമഹാരമെന്നു പറയുമ്പോഴും കാവ്യരചനാവഴികളില്‍ ഏറെ ദൂരം സഞ്ചരിച്ച , വൈവിധ്യമാര്‍ന്ന രചനാസങ്കേതങ്ങളിലൂടെ തന്റെ സര്‍ഗ്ഗവൈഭവത്തെ സഹൃദയര്‍ക്കു പരിചിതമാക്കിയ തഴക്കമാര്‍ന്ന തൂലികയുടെ ഉടമയാണ് ശ്രീ അജയകുമാര്‍ എന്നതാണ് അതില്‍ പ്രഥമവും പ്രധാനവും . സംഗീതവും സാഹിത്യവും ഉടും പാവും നെയ്യുന്നൊരു ജീവിതത്തിന്നുടമയായ കവിയില്‍ നിന്ന് മൂല്യം കുറഞ്ഞൊരു രചന പ്രതീക്ഷിക്കേണ്ടതില്ലതന്നെ. രണ്ടാമതായി കാണേണ്ടത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് ഈ പുസ്തകത്തോടുള്ല സൗഹൃദ സമീപനം. കൂടാതെ പുസ്തകവിതരണം ഏറ്റെടുത്തിരിക്കുന്നത് എന്‍ ബി എസ്സ് . പുസ്തകം കുറ്റമറ്റതെന്ന് വേറൊരു തെളിവ് ആവശ്യമില്ല . ഇതിനൊക്കെ ഉപരിയായി അക്ഷരങ്ങളുടെ സ്നേഹഭാജനമായ പ്രൊഫസ്സര്‍ എം കെ സാനുവിന്റെ ഹ്രസ്വമെങ്കിലും ഏറെ അര്‍ത്ഥപൂര്‍ണ്ണമായ അവതാരിക. ഇത് ഈ പുസ്തകത്തിനു ലഭിച്ച ആദ്യ പുരസ്കാരം എന്നു തന്നെ പറയാം. ഇത്രയും കൊണ്ടുതന്നെ ഈ പുസ്തകം മലയാളഭാഷയ്ക്ക് ഏറെ സ്വീകാര്യമാവുന്നു .

ഇനി ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച്..


അക്ഷരങ്ങളു്ക്ക് നക്ഷത്രങ്ങളേക്കാള്‍ തിളക്കമുണ്ടെന്നു നാമറിയുന്നത് ഉദാത്തമായ സാഹിത്യകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. താരങ്ങള്‍ രാവില്‍ മാത്രം പ്രകാശിക്കുമ്പോള്‍ അക്ഷരജാലങ്ങള്‍ പകലിരവുകള്‍ക്കതീതമായി അനുവാചകഹൃദയങ്ങളില്‍ പ്രോജ്ജ്വലപ്രഭ വിതറി നില്‍ക്കും. ഈ അക്ഷരക്കൂട്ടവും അത്തരമൊരു താരാഗണത്തെ സാഹിത്യനഭസ്സിനു സമ്മാനിക്കുകയാണ്. പൂര്‍വ്വസൂരികളുടെ കാവ്യവഴികളൂടെ സഞ്ചരിക്കാന്‍ ഇന്നത്തെ ആധുനികകവികള്‍ വിമുഖത കാട്ടുമ്പോള്‍ തനതായ കാവ്യരചനാസങ്കേതങ്ങളില്‍ നിന്നു വ്യതിചലിക്കാതെ, എന്നാല്‍ സ്വന്തമായൊരു ശൈലി പൂര്‍ണ്ണമായും അവലംബിക്കാനുള്ല ധൈര്യം കൈവെടിയാതെ ശ്രീ അജയകുമാര്‍ കോര്‍ത്തെടുത്ത ശ്രേഷ്ടമായൊരു കാവ്യമാല്യം തന്നെയാണ് ഈ കവിതാസമാഹാരം. വൃത്തം , അലങ്കാരബിംബകല്പനകള്‍, പ്രാസങ്ങള്‍ എന്നിങ്ങനെ ഒരു രചനയെ കവിതയാക്കുന്ന ഘടകങ്ങളൊക്കെ ഇവിടെ അനായാസം കവി ഉപയോഗിക്കുകയും ഒപ്പം തന്റെ ആത്മാവിലൂറിക്കൂടിയ സംഗീതം ഓരോ കവിതയിലും ആവാഹിക്കയും ചെയ്തിരിക്കുന്നു. കൃത്യമായ അക്ഷരസംഖ്യാക്രമം പാലിക്കുമ്പോഴും ദൈര്‍ഘ്യക്കൂടുതലുള്ള കവിതയില്‍ വായനയ്ക്കു വിരസതയുണ്ടാവാതിരിക്കാന്‍ വൈവിധ്യം കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അതായത് ഈ കവിതകളൊന്നും വൃത്തത്തിനുള്ളില്‍ ശ്വാസം മുട്ടുന്നില്ല, ബിംബകല്‍പനകളും വര്‍ണ്ണനകളും എല്ലാം ഈ രചനകളുടെ മോടി കൂട്ടുന്നു. വാക്കുകള്‍, ഒരു ചെപ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന മുത്തുമണികള്‍ പോലെ അയത്നലളിതമായി വാര്‍ന്നു വിഴുകയാണ്. സ്ത്രീസൗന്ദര്യത്തെ വര്‍ണ്ണിക്കുമ്പോള്‍ കവി പുറത്തെടുക്കുന്ന അന്യാദൃശമായ രചനാചാതുര്യം വായനക്കാരില്‍ ചിത്രകലാവൈദഗ്ദ്ധ്യം ഇല്ലാത്തവരെപ്പോലും തൂലികയെടുത്തു ചിത്രം രചിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്മരികതയുള്ളതാണ്.

കവിത ആലോചനാമൃതമെങ്കില്‍ സംഗീതം ആപദമധുരമാണ്. കവിത സംഗീതാത്മകമാകുമ്പോള്‍ അത് അനുവാചമനസ്സിനെ കീഴടക്കും. അവിടെയാണ് ആധുനിക ഗദ്യകവിതകള്‍ പരാജയപ്പെടുന്നത്. അമൂര്‍ത്തഭാവങ്ങളിലൂടെ അവ മനുഷ്യന്റെ ബുദ്ധിയെ പരീക്ഷിക്കുമ്പോള്‍ പണ്ഡിതപാമരഭേദമെന്യേ പദ്യരൂപരചനകള്‍ വായനക്കാരന്റെ ഹൃദയത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നു. താള ലയ രാഗസ്വരൂപമായ സംഗീതം കുടികൊള്ളുന്ന ഈ രചനകളോരോന്നും കവിയുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന സംഗീതത്തിന്റെ ബഹിര്‍സ്ഫുരണം കൂടിയാണ്. മനോഹരപദങ്ങളെ സംഗീതാത്മകമായി കൂട്ടിച്ചേര്‍ത്തുള്ല കഥനം കവിതകളെ തിരുവാതിര, ഓട്ടന്‍തുള്ലല്‍ മുതലായ ദൃശ്യകലാസങ്കേതങ്ങളുടെ അവതരണത്തിന് ഉപയോഗപ്പെടുത്താനും കഴിയുമെന്നത് ഈ രചനകളുടെ മേന്മ തന്നെ.  പ്രകൃതിയിലോ ജീവിതത്തിലോ ശിഥിലമായ്ക്കിടക്കുന്ന സൗന്ദര്യത്തെ ക്രോഡീകരിച്ച് യഥാര്‍ത്ഥ സൗന്ദര്യത്തെ ഒരു ദര്‍പ്പണത്തിലെന്നവണ്ണം കാട്ടിത്തരുന്നതാവണം കവിത എന്നാണ് പ്രശസ്തനായ ആംഗലേയസാഹിത്യകാരന്‍ ഷെല്ലിയുടെ പക്ഷം . ലലനചാരുത എല്ലാ അര്‍ത്ഥത്തിലും അത്തരമൊരു ദര്‍പ്പണം തന്നെ.

പ്രപഞ്ചസ്രഷ്ടാവിന്റെ കരവിരുതില്‍ വിരചിതമായവയൊക്കെയും കൂട്ടിവെച്ചാലും അതിലേറ്റവും ഉദാത്തമെന്നു കരുതാവുന്നത് വിശ്വമാകെ നിറഞ്ഞുനില്ക്കുന്ന ജീവസ്പന്ദനത്തിനുടമായ സ്ത്രീ തന്നെ. പ്രപഞ്ച സ്വത്വത്തിന്റെ ഉള്‍ക്കാമ്പും ആത്മശക്തിയും സ്വംശീകരിച്ച ഈ മഹാത്ഭുത ജ്യോതിസ്വരൂപം സത്, രജോ, തമോ ഗുണങ്ങളുടെ സങ്കലമാണ്. അതുകൊണ്ടുതന്നെ കേവലചിന്താസരണികള്‍ക്കപ്പുറമായി വിരാജിക്കുന്ന ഈ മഹത്പ്രതിഭാസം ഒരേസമയം അബലയും ശക്തിയുമായി മേവുന്നു. ഭാരത സംസ്കാരത്തില്‍ സ്ത്രീകള്‍ക്കു  കൊടുത്തിരുന്നത് വളരെ ഉന്നതമായ സ്ഥാനമായിരുന്നു എന്നതിനു തെളിവാണ് നമ്മുടെ ദേവീസങ്കല്പങ്ങള്‍. എന്നാല്‍ കാലാന്തരത്തില്‍  സ്ത്രീ പിന്നിലേയ്ക്കു തള്ളപ്പെട്ടു. സമൂഹത്തിലും, എന്തിന് കുടുംബങ്ങളില്‍ പോലും അവള്‍ രണ്ടാം സ്ഥാനത്തേയ്ക്കും അതിലും പിന്നിലേയ്ക്കും  വലിച്ചെറിയപ്പെടുകയായിരുന്നു. പുരാണേതിഹാസങ്ങളില്‍ കാണുന്ന സ്ത്രീ ജീവിതങ്ങളൊക്കെ തന്നെ പുരുഷാധിപത്യത്തിന്റെ ബലിഷ്ഠകരങ്ങളാല്‍ ഞെരിഞ്ഞമര്‍ന്നുപോയവയാണ്. വിധിയെന്നോ കര്‍മ്മമെന്നോ ഒക്കെ കരുതി സ്ത്രീകള്‍ തങ്ങളുടെ ജീവിതദുരന്തങ്ങളെ ഏറ്റുവാങ്ങുകയായിരുന്നു.

 സ്ത്രീയുടേതായ എല്ലാ പരിമിതിയിലും നിന്നുകൊണ്ട് കാലം നല്‍കിയ ജീവിത ദുരന്തങ്ങളോട് പൊരുതി ജയിച്ച അഞ്ചു കഥാപാത്രങ്ങളാണ് അജയകുമാര്‍ പ്രതിപാദ്യവിഷയമാക്കിയ ജീവിതങ്ങളുടെ ഉടമകളായ ഇതിഹാസ വധുപഞ്ചകം- അംബ, വാസവദത്ത, ദേവയാനി, ദമയന്തി , ഉത്തര . ഇത് കവിയുടെ മനസ്സില്‍ സ്ത്രീകളോടുള്ല ആദരവും അംഗീകാരവും ആണെന്നതിനു തെല്ലും ശങ്കയില്ല.

ആദ്യകവിതയായ ' അംബ' മഹാഭാരതത്തിലെ പകരം വെയ്ക്കാനാവാത്ത ശ്രേഷ്ഠനാരീ കഥാപാത്രമാണ്.  ജീവിതത്തിന്റെ സകലസൗഭാഗ്യങ്ങളും തന്നില്‍ നിന്നു തട്ടിത്തെറിപ്പിച്ച ഭീഷ്മരോടുള്ല ഒടുങ്ങാത്ത പ്രതികാരദാഹം തീര്‍ക്കാന്‍  രണ്ടുജന്മങ്ങളിലായി അവള്‍ ആര്‍ജ്ജിച്ചെടുത്ത കരുത്ത് ഏതൊരു സ്ത്രീയ്ക്കും ഉള്‍പ്പുളകത്തോടെയേ ഓര്‍മ്മിക്കാന്‍ കഴിയൂ. അംബയേക്കുറിച്ചുള്ള ഓര്‍മ്മകള്‍
".. ശക്തമായ് ശോഭിച്ചിടേണം
അംഗനമാര്‍ തന്‍ ഹൃദയാംബുജങ്ങളില്‍..' എന്നാണ് കവി പയുന്നത്.

വാസവദത്ത എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ആശാന്റെ കരുണയാണു നമുക്കോര്‍മ്മ വരുന്നത് എന്നാല്‍ ഇതിഹാസവധുപഞ്ചകത്തിലെ വാസവദത്ത ഉജ്ജയിനിയിലെ രാജാവായിരുന്ന മഹാസേനന്റെ ഓമനപ്പുത്രിയാണ്. പുത്രിയുടെ സംഗീതപഠനത്തിനായി ഗുരുവായി ആ പിതാവ് കണ്ടെത്തുന്നതാകട്ടെ ശത്രുരാജ്യത്തിന്നധിപനായിരുന്ന ഉദയനനേയും. തന്ത്രപൂര്‍വ്വം തന്റെ മകള്‍ക്കായി ഉദയനനെ കൊട്ടാരത്തിലെത്തിക്കുന്നു.
ഉദയനന്റെയും വാസവദത്തയുടേയും പ്രണയവും സര്‍വ്വവിഘാതങ്ങളേയും മറികടന്ന് അതിനു നേടുന്ന സാഫല്യവും 'വാസവദത്ത'യുടെ പ്രതിപാദ്യവിഷയം .

" ശക്തമാം പ്രണയത്തിന്‍ ശക്തി ആരാലുമെന്നുമഭേദ്യമായിടും
ശത്രുതയെന്നല്ല, മതമതിലും മറിക്കാന്‍ ശക്തമായീടുംനിശ്ചയം "

എന്നാണ് ഈ പ്രണയം കവിയെക്കൊണ്ട് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ചതിയെ അറിഞ്ഞ് ഹൃദയമുരുകി ജീവിക്കേണ്ടി വന്ന ദേവയാനിയെക്കുറിച്ചാണ് മൂന്നാമത്തെ കവിത. അസുരഗുരു ശുക്രാചാര്യരുടെ പുത്രി ദേവയാനി  കചനാല്‍ തിരസ്കൃതയാപ്പോഴും രാജപുത്രിയും തോഴിയുമായ ശര്‍മ്മിഷ്ഠയുടെ  ധാര്‍ഷ്ട്യത്തിനിരയാകുമ്പോഴും പിന്നീട് ഭാര്‍ത്താവ് യയാതിയില്‍ നിന്നും കൊടിയവഞ്ചനയ്ക്കിരയായപ്പോഴും മനഃസാന്നിധ്യം കൈവിടാതെ ദുരന്തങ്ങളെ നേരിടാന്‍ ശക്തി കാട്ടിയവള്‍! ഈ കഥ മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുന്നു കവിതയില്‍ .  സാധാരണ മലയാളകവിതകളില്‍ ദ്വിതിയാക്ഷരപ്രാസത്തിനാണു കൂടുതല്‍ പ്രാധാന്യം ക്ണ്ടുവരുന്നത്. ആദിപ്രാസത്തിന് ആംഗലേയകവിതകളില്‍ മുന്‍ തൂക്കമുണ്ട്. പക്ഷേ ഈ കവിത ആദിപ്രാസം കൊണ്ടൊരു വിസ്മയം സൃഷ്ടിക്കുകയാണ്. ഇത് നിസ്സാരമായി ചെയ്യാവുന്ന കാര്യമല്ല. അന്യാദൃശമായ ഭാഷാപാണ്ഡിത്യവും കവനസപര്യയിലെ ഏകാഗ്രതയും വെളിവാക്കുന്ന രചനാസങ്കേതമാണിത്. കവിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഇക്കാര്യത്തില്‍. 

ദമയന്തിയുടെ ജീവിതമാകട്ടെ പരിതാപകരമായൊരു ദുരന്തകഥ. പക്ഷേ സ്വത്വം കൈവെടിയാതെ, ആത്മാഭിമാനത്തിന് ഒരു കോട്ടവും വരുത്താതെ, തന്റെ പാതിവ്രത്യത്തിനു പോറലേല്‍ക്കാതെ ജീവിതവിജയം വരിച്ച സ്ത്രീശക്തിയാണ് ദമയന്തി. കവി പറയുന്നതിപ്രകാരം
"പാതിവ്രത്യത്തിന്‍ മഹത്താം ബലത്തിലുറച്ചു നിന്നവള്‍
നേടിയതെല്ലാം: നല്ലതും , നിന്നതും, നഷ്ടമായതശേഷവും
പാഠമായ് വന്നീടേണം നിന്‍ ചരിതമേതൊരു ഭാര്യമാര്‍ക്കും
പുതുതായ ദാമ്പത്യമേറുമേതൊരു വധുവിന്നുമെന്നുമെന്നും. "
എന്തിനുമേതിനും കലഹവും അതിലൂടെ ശിഥിലമാകുന്ന ദാമ്പത്യങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ദമയന്തിയുടെ കഥ വളരെ പ്രസക്തമാണ്. കുടുംബം നില നില്‍ക്കേണ്ട ആവശ്യകത ഒരു നല്ല സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്. അവിടെ ഒരു സ്ത്രീയുടെ പങ്ക് വളരെ വലുതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദമയന്തി എന്ന രചന. 

ഉത്തരയാരെന്നു ചോദിച്ചാലുത്തരം
ഉത്തരമില്ലാത്ത ചോദ്യമാണോ....

ഒരിക്കലുമല്ല. അഭിമന്യുപത്നിയായ , കൗമാരപ്രായത്തില്‍ തന്നെ വൈധവ്യം നേരിടേണ്ടിവരുന്നൊരു പെണ്‍കൊടി. അശ്വത്ഥാമാവിന്റെ പ്രതിക്കാരാഗ്നിയില്‍ തന്റെ ഗര്‍ഭസ്ഥശിശുപോലും തനിക്കു നഷ്ടമാകുമെന്ന ഘട്ടത്തിലൂടെയും കടന്നുപോയവള്‍ പിന്നീട് ഒരു വംശത്തെ തന്നെ നിലനിര്‍ത്തുവാനായ് തന്റെ കുഞ്ഞിന്റെ ജീവനെ കാലത്തോടു മടക്കിവാങ്ങുകയായിരുന്നു. അവളുടെ മഹത്വപൂര്‍ണ്ണമായ ജീവിതത്തെ ആര്‍ക്കാണു ആദരവോടെയല്ലാതെ കാണാതിരിക്കാനാവുക? 

ഈ കഥകളൊക്കെ ചിരപരിചിതമെങ്കിലും കവി തന്നെ ആമുഖത്തില്‍ പറയുന്നതുപോലെ ' ഈ കഥകളറിയുന്നവര്‍ക്ക് വായനാസുഖവും കേട്ടിട്ടില്ലാത്തവര്‍ക്ക് ഉദ്വേഗവും വായനക്കാര്‍ക്ക് ശ്രേഷ്ഠഭാഷയിലെ മറന്ന പദങ്ങള്‍ ഓര്‍മ്മപ്പെടുത്താനു' മുള്ല ഒരു സുവര്‍ണ്ണാവസരമായിരിക്കുന്നു ഈ കവിതാസമാഹാര പാരയണം .മറവിയിലേയ്ക്കാണ്ടുപോയ ഒട്ടേറെ മലയാളപദങ്ങള്‍ ഈ കവിതയിലൂടെ സ്മൃതിപഥത്തിലേയ്ക്കു കൊണ്ടുവരാന്‍ കവി തന്റെ ഭാഷയിലുള്ള അഗാധപാണ്ഡിത്യത്തെ നന്നായി ഉപയോഗപ്പെടുത്തി. ഒപ്പം വായനാസുഖത്തിന് കോട്ടം വരുത്താതെ കവിതയിലെ 'ശയ്യ' നിലനിര്‍ത്തുകയും ചെയ്യുന്നു. അത് അനുവാചകനെ വായനയില്‍ നിന്നു വ്യതിചലിപ്പിക്കാതെ അതിലേയ്ക്ക് കൂടുതല്‍ ആകൃഷ്ടനാക്കുന്നു. 

ജന്മനാ സിദ്ധിച്ച സംഗീത, സാഹിത്യ അഭിരുചികളും ജീവിതസാഹചര്യങ്ങളാല്‍ ഈ മേഘലകളില്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട അഭിനിവേശവും സര്‍വ്വോപരി തന്റെ ഉദ്യമം ഉന്നതവിജയത്തിലെത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെയുള്ല കഠിനപ്രയത്നവും സമജ്ജസമായി കോര്‍ത്തിണക്കിയപ്പോള്‍ മലയാളഭാഷയ്ക്കു കൈവന്നൊരു പുണ്യമാണ് 'ലലനചാരുത- ഇതിഹാസവധുപഞ്ചക'മെന്ന ഈ ഉല്‍കൃഷ്ട കവിതാസമാഹാരം. മലയാളഭാഷാസാഹിത്യ നഭസ്സിലേയ്ക്ക് ഒരു നക്ഷത്രം കൂടി ഉദയം ചെയ്തിരിക്കുന്നു. ആദ്യ കവിതാസമാഹാരത്തിലൂടെ തന്നെ ഭാഷയില്‍ തന്റെ കയ്യൊപ്പു ചാര്‍ത്തിയ ശ്രീ അജയകുമാറിന്  ഈ വഴിയില്‍ ഇനിയും ദൂരമേറെ പോകുവാനുണ്ട്. പുസ്കകത്തിന്റെ വലിപ്പവും ഉള്ലടക്കത്തിന്റെ ഗരിമയും തമ്മില്‍  അജഗജാന്തരമുണ്ട് . ശ്രീ ശ്രീകാന്തിന്റെ മനോഹരമായ പുറം താള്‍ ചിത്രണവും വിജയകുമാരി ടീച്ചര്‍ എഴുതിയ 'എഴുത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ..' എന്ന പഠനവും എടുത്തു പറയേണ്ടതു തന്നെ.  ഈ കവിതാ സമാഹാരത്തിനും കവിക്കും എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ എന്നു ആശംസിക്കുകയാണ്. അതിനായി  ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. 
(56 പേജുകളുള്ള ഈ കവിതാസമാഹാരം നാഷണല്‍ ബുക്ക് സ്റ്റാളാണ് വിതരണമേറ്റെടുത്തിരിക്കുന്നത്. വില 40 രൂപ. )