നര്‍ത്തകി
======
ഒരുകൊച്ചു പക്ഷി പറന്നു പോകുന്നതും
നര്‍ത്തകീ നിന്‍ ദ്രുത ചലങ്ങളും ഹൃദ്യം
ഒരുകൊച്ചു തിരമാല തഴുകിമടങ്ങുമ്പോല്‍
ഒരു നേര്‍ത്ത കാറ്റു വന്നെന്നെ തഴുകുമ്പോല്‍
നിന്‍ പാദപല്ലവ ചലനങ്ങളെന്നില്‍
നിറയ്ക്കുന്നു നിര്‍വൃതിപ്പൂക്കള്‍തന്‍ സൗരഭം
മുഗ്ദ്ധമാം മുദ്രകള്‍ പൂക്കും വിരല്‍ത്തുമ്പില്‍
ഏതു രാഗം നീ നിറയ്ക്കുന്നു മോഹിനീ!
നിന്‍കിഴിക്കോണിലെ ചെറുപക്ഷി പാടുന്നു
നവരസങ്ങള്‍ തീര്‍ത്ത സുരരാഗമാലിക.
മിഴികളില്‍ വിരിയുന്ന ഭാവസൂനങ്ങളില്‍
നിറയുന്നുവോ നാട്യചാരുതയത്രയും!
നിന്‍ മണിനൂപുരശിഞ്ചിതം കേട്ടന്റെ
ഉള്‍ക്കാമ്പിലെങ്ങോ ചിരിക്കുന്നു ബാല്യവും,
മെല്ലെച്ചലിക്കുന്നു പാദങ്ങളും പിന്നെ
മുദ്രകള്‍ തീര്‍ക്കുന്നു കൈവിരല്‍ത്തുമ്പുകള്‍
ആരേ നിനക്കായി നല്കിയീ മാരിവില്‍
നിറമാര്‍ന്നൊരുടയാട,മയിലോ വസന്തമോ !
നിന്നുടല്‍ ചൂടും വിഭൂഷകള്‍ നക്ഷത്ര
സുന്ദരിമാര്‍ നറും മുത്തമായ് നല്കിയോ !
വിണ്ണിലിരുകണ്ണുംനട്ടിന്നു ഞാന്‍ മേവുമ്പോള്‍
മെല്ലെക്കടന്നുപോം വെണ്‍മേഘചാരുത
നിന്‍ മേനി മുഗ്ദ്ധമായ് മെല്ലെ കവര്‍ന്നുവോ
ഒരുകൊച്ചു തെന്നല്‍ നിനക്കായിത്തന്നുവോ..
കണ്ണൊന്നിമയ്ക്കുവാനാവില്ലെനിക്കു നിന്‍
കമനീയമാം നാട്യവിസ്മയം കാണുകില്‍
കണ്ണടച്ചാലും ഞാന്‍ കാണുന്നതോ നിന്റെ
കല്യാണരൂപത്തിന്‍ വര്‍ണ്ണലാസ്യം...
ഭൂമിയും തിങ്കളും സൂര്യനും താരക-
ക്കൂട്ടവും നിന്റെമേല്‍ ചൊരിയുന്നനുഗ്രഹം.
നിന്‍കാല്‍ച്ചിലമ്പിന്റെ താളത്തിലലിയട്ടെ
ഈ പ്രപഞ്ചത്തിന്റെ ആത്മാവിന്‍ സ്പന്ദനം..
കവിത മനോഹരമായിരിക്കുന്നു
ReplyDeleteആശംസകള്‍