Monday, January 12, 2015

പുളിയാറില- നാട്ടുവഴിയിലെ പോസ്ട്


       മുറ്റത്തിറമ്പിലും തൊടിയിലും ഒക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ നിലം പറ്റി നില്‍ക്കുന്ന പച്ച സുന്ദരിയാണ് പുളിയാറില എന്നറിയപ്പെടുന്ന ഔഷധസസ്യം. വൈലട് കലര്‍ന്നൊരു ബ്രൗണ്‍ നിറത്തിലുള്ള ഇലയോടുകൂടിയും ഇവ ചിലയിടങ്ങളില്‍ കാണപ്പെടുന്നു. മഞ്ഞപ്പൂവാണ് സാധാരണയായി കാണാറുള്ലതെങ്കിലും വൈലട് നിറമുള്ള പൂവുള്ള ചെടിയും കാണാറുണ്ട്. രണ്ടു ഭാഗങ്ങളുള്ല മൂന്നിലകള്‍ ആണ് ഒരു തണ്ടിലുണ്ടാവുക. കണ്ടാല്‍ ആറിലയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നു. രുചിച്ചു നോക്കിയാല്‍ നല്ല പുളി രസവുമുണ്ട്. ഉദരസംബന്ധമായ ഒരുമാതിരി അസുഖങ്ങള്‍ക്കൊക്കെ ദിവ്യൗഷധമാണ് ഈ കുഞ്ഞു സസ്യം. സമൂലം ഔഷധഗുണമുള്ലതാണ്. ഇല അങ്ങനെ തന്നെ ചവച്ചരച്ചു കഴിക്കാനും നല്ലതാണ്. ചമ്മന്തി അരയ്ക്കുമ്പോള്‍ പുളിക്കു പകരം ഈ ഇല ഉപയോഗിക്കുന്നത് സ്വാദും ഗുണ്മേന്മയും കൂട്ടും.സാമ്പാറിലോ അവിയലിലോ രസത്തിലോ ഒക്കെ പുളിക്കായി ഈ ഇല ചേര്‍ക്കാകുന്നതാണ്. ഇതരച്ചു ചേര്‍ത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ആവാം.  ദിവസവും ഇതു കഴിക്കുന്നതുമൂലം ദഹനസംബന്ധമായ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയുന്നതാണ്.

         രക്താതിസാരത്തിന് ഫലപ്രദമായ ഔഷധമാണ് ഈ ഇലയുടെ നീര്. മൂന്നു നേരം പുളിയാറില നീര് 25 മില്ലി വീതം കഴിച്ചാല്‍ രക്താതിസാരം ശമിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നീരു വറ്റുന്നതിനും പുളിയാറില അരച്ചു പുരട്ടുന്നത് പ്രയോജനകരമത്രേ. തലവേദന കുറയ്ക്കാനും ഇത് അത്യുത്തമം. സമൂലം കഷായം വെച്ചു കഴിക്കുന്നത് പനി കുറയ്ക്കുമെന്നും പറയപ്പെടുന്നു. പുളിയാറില കഴിക്കുന്നതുമൂലം വിറ്റമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവും പരിഹരിക്കാനാവും.
രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു.

          തണ്ട് ഒടിച്ചു നട്ടോ, വിത്തുപാകിയോ-ചട്ടിയിലോ, വെറും മണ്ണിലോ വളര്‍ത്താ വുന്നതാണ്. ഇതിന്റെ വിത്തുകള്‍ വളരെ ചെറുതാണ്.  വലിയ പരിചരണമോ വളപ്രേയോഗമോ കൂടാതെ വളരെ വേഗത്തില്‍ വളരുന്ന ഈ ഔഷധസസ്യം ആര്‍ക്കും നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ. കാഴ്ചയ്ക്കു മനോഹരവും അരോഗ്യത്തിന് ഉത്തമവുമായ ഈ കൊച്ചു സുന്ദരിയെ നമുക്കു സ്നേഹിച്ചു തുടങ്ങാം,അല്ലേ... 




1 comment:

  1. ഉപകാരപ്രദമായ അറിവ് പങ്കുവെച്ചതിന് നന്ദി.
    ആശംസകള്‍

    ReplyDelete