Thursday, January 15, 2015

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍ (3) - സി വി രാമന്‍.


      അനന്തമായ ആഴിയുടെ അഗാധനീലിമ, എത്ര ചേതോഹരം. എത്ര കണ്ടാലും മതിയാവാത്ത  ആ സുന്ദര ദൃശ്യത്തിലേയ്ക്ക് ഇമകള്‍ തുറന്നിരിക്കാന്‍ കൊതിക്കാത്തവരാരും ഉണ്ടാവില്ല. പക്ഷേ ഈ നീലനിറം എങ്ങനെയുണ്ടായി എന്ന് ചിന്തിക്കുന്നവര്‍ എത്രപേരുണ്ടാകും? അധികമുണ്ടാവില്ല. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ശാസ്ത്രകൗതുകം അണയാത്ത അഗ്നിയായ് ജ്വലിച്ചു നില്‍ക്കുന്ന ഒരു പ്രതിഭാശാലിക്ക് ഇതിനെക്കുറിച്ചു ചിന്തിക്കാതിരിക്കാനും കാരണം കണ്ടെത്താതിരിക്കാനും ആവില്ല. സി വി രാമന്‍ എന്ന അതിപ്രഗത്ഭനായ ശാസ്ത്രകാരന്‍ ഭാരതത്തിന്റെ ധ്വജസ്തംഭമായി മാറിയതും ഈ കാരണത്താലാണ്.

     ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്ന സി വി രാമന്‍ 1888 നവംബര് ഏഴാം തീയതി തിരുച്ചിറപ്പള്ളിയില്‍ ആണു ഭൂജാതനായത്.അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും എട്ടുമക്കളില്‍ രണ്ടാമനായിരുന്നു വെങ്കിട്ടരാമന്‍.
രാമന് നാലുവസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള എ.വി.എൻ. കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു. പഠനകാലത്ത് ധാരാളം സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടിയ രാമന്‍ 12 )0 വയസ്സില്‍ മെട്രിക്കുലേഷന്‍ ഒന്നാമനായി പാസായി. പിതാവ് അദ്ധ്യാപകനായ കോളേജില്‍ നിന്നും ഒന്നാമനായി ത്തന്നെ ഇന്റര്‍മീഡിയറ്റും പാസ്സായ രാമന്‍ 1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബിരുദപഠനത്തിനു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നത്  പഠനത്തിൽ അദ്ദേഹത്തിന്‌ ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു. 1907 ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതും സ്വര്‍ണ്ണ മെഡല്‍ നേടിക്കൊണ്ടു തന്നെ. ഈ പഠനകാലത്ത് തന്നെ അദ്ദേഹം പലഗവേഷണങ്ങളും നടത്തികയുണ്ടായി. 1906 ല്‍ തന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കാനും സാധിച്ചു.

      ഇംഗ്ലണ്ടില്‍ അയച്ചു മകനെ പഠിപ്പിക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ രാമന്റെ പ്രായക്കുറവും ആനാരോഗ്യവും അതിന് അനുവദിച്ചില്ല. അങ്ങനെയാണ് ഇന്ത്യയില്‍ തന്നെ അദ്ദേഹം വിദ്യാഭ്യാസം തുടര്‍ന്നത്. എന്നാല്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഇന്ത്യയില്‍ സാധ്യത വളരെ കുറവായിരുന്നു.  ഇംഗ്ലണ്ടില്‍ പോകാനുള്ല ആരോഗ്യസ്ഥിതിയും രാമനുണ്ടായിരുന്നില്ല. അന്നൊക്കെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ (ഐ സി എസ്സ്). അതിനും ഇംഗ്ലണ്ടില്‍ പോയി പഠിക്കണമെന്നതിനാല്‍ രാമനു അതും സാധ്യമായില്ല. പിന്നെഉള്ല വഴി
ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസ് അഥവാ F.C.S ന് ചേരുക എന്നതായിരുന്നു.(ഇന്നത്തെ ഓഡിറ്റ് ഏന്‍ഡ് എക്കൌഡ് സര്‍വ്വീസിന്റെ മുന്നോടിയാണ് F.C.S ). വളരെ കഠിനമായ പരീക്ഷയാണിതെങ്കിലും 1907 ല്‍ രാമന്‍ പാസ്സാകുകയും ചെയ്തു.ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഇടവേളയിലായിരുന്നു ലോകസുന്ദരി എന്ന അന്യജാതിക്കാരിയായ സംഗീതവിദുഷിയെ രാമന്‍ വിവാഹം കഴിക്കുന്നത്. അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകള്‍ ഏറെയുണ്ടായെങ്കിലും പുരോഗമനവാദിയായ പിതാവ് എല്ലാപിന്‍തുണയും കൊടുത്ത് വിവാഹം നടത്തി, അതും സ്ത്രീധനമായി ഒരു ചില്ലിക്കാശുപോലും വാങ്ങാതെ.. പിന്നീടുള്ള ജീവിതത്തില്‍ പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും കളിത്തോഴന് ലോകസുന്ദരിയുടെ സംഗീതവും സ്നേഹവും കൂട്ടായെത്തി.

       1907 ജൂണില്‍   കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലിക്ക് ചേര്‍ന്ന സി.വി. രാമന്‍ യാദൃച്ഛികമായിട്ടാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (IACS) എന്ന സ്ഥാപനം കണ്ടത്. രാമന്‍ അവിടെ ഗവേഷണത്തിനായി ചേര്‍ന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ തിരക്കു കഴിഞ്ഞാല്‍ ഒരണുവിട പോലും സമയം പാഴാക്കാതെ രാമന്‍ ഇവിടെയെത്തി തന്റെ പഠനവും പരീക്ഷണവും ഒക്കെ നടത്തിപ്പോന്നു. രാപകലില്ലാത്ത ഈ പ്രയത്നത്തിന് ഇന്ത്യന്‍ സയന്‍സ് അസ്സോസ്സിയേഷന്‍ പ്രെസിഡന്റ്  ആയിരുന്ന ആശുതോഷ് മുഖര്‍ജിയുടെ എല്ലാ പ്രോത്സാനങ്ങളും കിട്ടിയിരുന്നു. ഒടുവില്‍ ശാസ്ത്രഗവേഷണങ്ങളോടുള്ള അദമ്യമായ താല്‍പര്യം കൊണ്ട് 1917 ല്‍ തന്റെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ച് കല്‍ക്കട്ട യൂണിവേഴ്സിടിയില്‍ ഫിസിക്സ് പ്രൊഫസ്സര്‍ ആയി ജോലിക്കു ചേര്‍ന്നു. അവിടെ പ്രൊഫസ്സര്‍ ആകണമെങ്കില്‍ വിദേശികളോ അല്ലെങ്കില്‍ വിദേശത്ത് പഠനപരിചയമുള്ള ആളുകള്‍ക്കോ മാത്രമേ സാധിക്കുകയുള്ളൂ. വൈസ് ചാന്‍സലര്‍ അശുതോഷ് മുഖര്‍ജി ഏതാനും മാസം വിദേശത്തെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുവരാന്‍ രാമനെ ഉപദേശിച്ചു. രാമന്റെ ഉത്തരം ഇതായിരുന്നു:- ''ഒരു വിദേശത്തെ പരിചയംവെച്ചിട്ടുള്ള ഉദ്യോഗപദവി വേണ്ട. വേണമെങ്കില്‍ വിദേശികള്‍ക്ക് എന്റെ പരീക്ഷണശാലയില്‍ പഠനപരിചയം നല്കാം." ഈ ദൃഢനിശ്ചയത്തിനും അറിവിനും കഠിനപ്രയത്നത്തിനും ഏറ്റവും യോജിച്ച പ്രതിഫലമെന്നോണം നിയമത്തില്‍ അയവുവരുത്തി രാമനെ  കല്‍ക്കട്ടാ സര്‍വകലാശാലയിലെ  പ്രൊഫൊസ്സര്‍ ആയി നിയമിച്ചു..

        ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലുള്ള സര്‍വകലാശാലകളുടെ സമ്മേളനം 1921-ല്‍ ലണ്ടനില്‍ നടന്നപ്പോള്‍ പ്രൊഫ. രാമന്‌ അതില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. കപ്പലില്‍ മടങ്ങുമ്പോഴാണ് മധ്യധരണ്യാഴിയുടെ അഗാധനീലിമ അദ്ദേഹത്തെ മോഹിപ്പിച്ചത്. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ ഇത് ആകാശത്തിന്റെ പ്രഫലനമല്ല എന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയെങ്കില്‍ മറ്റു നിറത്തിലെ മേലാപ്പു വെച്ചാല്‍ ആ ഭാഗത്തെ കടലിന് ആ നിറമല്ലേ ഉണ്ടാകേണ്ടത്. ഈ അന്വേഷണത്തിന്റെ ഫലമായി പ്രകാശത്തിന്റെ വിസരണം (Scattering of Light) എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമൻ പ്രഭാവം (Raman Effect) എന്ന കണ്ടെത്തലിന് തുടക്കം കുറിയ്ക്കാനും സാധിച്ചു. 
സമുദ്രജലത്തിന്റെ തന്മാത്രകള്‍ സൂര്യപ്രകാശത്തെ പലനിറങ്ങളില്‍ പ്രസരിപ്പിക്കുകയാണ്. നിറങ്ങള്‍ക്ക് പലതരം തരംഗദൈര്‍ഘ്യങ്ങളുണ്ട്. തരംഗദൈര്‍ഘ്യം കുറവുള്ള നീലനിറം സമുദ്രജലത്തില്‍നിന്ന് കൂടുതലായി ചിതറുന്നതുമൂലം കടലിന് നീലനിറം അനുഭവപ്പെടുകയാണ്. പ്രകാശരശ്മികള്‍ കടന്നുപോകുന്ന മാധ്യമത്തിന്റെ സ്വഭാവമനുസരിച്ച്, ചില പ്രകാശകണങ്ങള്‍ക്ക് നിറവിത്യാസം സംഭവിക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഏകവര്‍ണമായ പ്രകാശരശ്മി സുതാര്യമായ ദ്രാവക മാധ്യമത്തില്‍കൂടി പ്രകീര്‍ണനം വഴി പുറത്തുവരുമ്പോള്‍ വിത്യസ്ത വര്‍ണങ്ങളായി മാറുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. ഈ പ്രതിഭാസമാണ് പിന്നീട് രാമന്‍പ്രഭാവം എന്നറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പേരില്‍തന്നെ അറിയപ്പെടുന്ന രാമന്‍ സ്പെക്ട്രം എന്ന ഉപകരണമുപയോഗിച്ച് പ്രകാശരശ്മികളുടെ തരംഗദൈര്‍ഘ്യം അളക്കാനും അതുവഴി തന്മാത്രകളുടെ ഘടന മനസ്സിലാക്കാനും കഴിയും.  ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു. 2000 ല്‍ പരം പദാര്‍ത്ഥങ്ങളുടെ ഘടനയെക്കുറിച്ചു പഠിക്കാന്‍ പില്‍ക്കാലത്ത് ഈ കണ്ടുപിടുത്തം ഏറെ പ്രയോജകമായി. കേവലം മുന്നൂറു രൂപയില്‍ താഴെ മാത്രം ചെലവു വരുന്ന ഉപകരണമാണ് ഈ വലിയ കണ്ടുപിടുത്തത്തിന് അദ്ദേഹത്തെ സഹായിച്ചത് എന്നത് ഏറെ പ്രസക്തം. 

        1928 മാര്‍ച്ച്‌ ലക്കം `നേച്ചറി'ല്‍ പുതിയ കണ്ടുപിടുത്തത്തെപ്പറ്റി രാമനും ശിക്ഷ്യന്‍ കെ.എസ്‌.കൃഷ്‌ണനും കൂടി തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ആ കണ്ടുപിടിത്തത്തിന്‌ 1930-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം രാമനെ തേടിയെത്തി. രാമന്‌ കിട്ടിയ ബഹുമതികളില്‍ ഒന്നു മാത്രമായിരുന്നു നോബല്‍ പുരസ്‌ക്കാരം. കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡോക്‌ടറേറ്റ്‌(1922), റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്‌(1924), ബ്രിട്ടീഷ്‌ രാജ്ഞിയുടെ സര്‍ സ്ഥാനം(1929), മൈസൂര്‍ രാജാവിന്റെ രാജസഭാഭൂഷണ്‍(1935), അമേരിക്കയുടെ ഫ്രാങ്ക്‌ലിന്‍ മെഡല്‍(1941), , സോവിയറ്റ്‌ യൂണിയന്റെ ലെനിന്‍ പുരസ്‌കാരം(1957) എന്നിവയൊക്കെ അദ്ദേഹത്തെത്തേടിയെത്തിയ ബഹുമതികളാണ്‌. 1954 ല്‍  ആദ്യമായി ഭാരത രത്നം പ്രഖ്യാപിച്ചപ്പോള്‍ അതിലൊരാള്‍ സി വി രാമന്‍ ആയിരുന്നു.

        അഭൂതപൂര്‍വ്വമായ ഈ വിജയക്കുതിപ്പില്‍ അസൂയ പൂണ്ടവരും ഏറെയുണ്ടായിരുന്നു. അവരുടെ കുപ്രചരണങ്ങളും ഉപജാപങ്ങളും രാമനെ നന്നേ വിഷമിപ്പിച്ചിരുന്നു എങ്കിലും അദ്ദേഹം ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍  രാമന്‍ ഐ.എ.സി.എസില്‍ നിന്നും പുറത്താക്കപ്പെട്ടു. 1933-1948 വരെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഡയറക്ടറായും,ഫിസിക്സ്‌ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചശേഷം അദ്ദേഹം രാമന്‍ മൈസൂര്‍ രാജാവ്‌ സൗജന്യമായി നല്‍കിയ സ്ഥലത്ത്‌ 1949-ല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിച്ചു. സോവിയറ്റ്‌ യൂണിയന്റെ ലെനിന്‍ പുരസ്കാരം വഴി ലഭിച്ച തുക രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനായി ചെലവഴിച്ചു. വീണ, തബല, വയലിന്‍, മൃദംഗം മുതലായ സംഗീത ഉപകരണങ്ങള്‍, ശബ്ദം, പക്ഷികള്‍, ശലഭങ്ങള്‍, കടലിലെ ചിപ്പികള്‍, രത്നങ്ങള്‍, വൃക്ഷങ്ങള്‍, പുഷ്പങ്ങള്‍, കാലാവസ്ഥ, കാഴ്ച, ശ്രവണം, തുടങ്ങിയ ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു.എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധി അനുസ്മരണ പ്രഭാഷണം മുടങ്ങാതെ നടത്തുമായിരുന്നു.1970ഒക്ടോബര്‍ രണ്ടിന്‌ ശ്രവണത്തെകുറിച്ച്‌ നടത്തിയ പ്രഭാഷണമായിരുന്നു അവസാനത്തെ ഗാന്ധി അനുസ്മരണ പ്രഭാഷണം. എണ്‍പതാം വയസിലും കര്‍മനിരതനായിരുന്ന രാമന്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളുടെ എണ്ണം നാനൂറിലേറെയാണ്‌. മികച്ച അധ്യാപകന്‍ കൂടിയായിരന്നു അദ്ദേഹം. കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ ലോകത്തിന്റെ നെറുകയിലെത്താമെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ച ആ മഹാന്‍ 1970 നവംബര്‍ 21-ന്‍ പ്രപഞ്ചത്തിലെ ശബ്ദ- വര്‍ണ്ണ വിസ്മയങ്ങളില്‍ സ്വയം അലിഞ്ഞു ചേര്‍ന്നു.

       1928 ഫെബ്രുവരി 28 ന് ആയിരുന്നു നോബല്‍ സമ്മാനത്തിനാധാരമായ തന്റെ ഗവേഷണപ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചത്. രാജ്യം എല്ലാ വര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി അചരിച്ചു പോരുന്നു. 1987മുതല്‍ കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ശാസ്ത്രലോകം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. രാജ്യത്തിന് ഈ ശാസ്ത്രപ്രതിഭയോടുള്ല ആദരവും കൃതജ്ഞതയും അര്‍പ്പിക്കുകകൂടിയാണ്. 




1 comment:

  1. വായിച്ചു.ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete