Saturday, January 17, 2015

അരൂത- നാട്ടുവഴി

അരൂത.
=====
' അരൂതേ, വീഴരുതേ ' എന്നു പറഞ്ഞാല്‍ വീഴാന്‍ തുടങ്ങുന്ന അപസ്മാര രോഗിയും നില്‍ക്കുമത്രേ.. അതാണ് അരൂത..
ഗ്രാമങ്ങളില്‍ കുട്ടികളുള്ള വീടുകളിലൊക്കെ മുന്‍പ് അരൂത നട്ടുവളര്‍ത്തുമായിരുന്നു. കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒട്ടുമിക്കരോഗങ്ങളേയും പമ്പ കടത്താന്‍ ഈഅത്ഭുത സസ്യത്തിനു കഴിഞ്ഞിരുന്നതിനാലണിത്. ഈ സസ്യത്തിന്റെ ഗന്ധമുള്ളിടത്ത് പാമ്പുകള്‍ വരാറില്ല എന്നും വിശ്വസിച്ചു പോരുന്നു.

അധികം ഉയരം വെയ്ക്കാത്ത ഒരൗഷധച്ചെടിയാണ് അരൂത.വളരെ ചെറിയ മൃദ്യ്വായ ഇലകളും ചെറിയ തണ്ടുകളും മഞ്ഞപ്പൂക്കളും ഉള്ള ചെടി. ശതാപ്പ, സോമവല്ലി എന്നും ഇതറിയപ്പെടുന്നു. സംസ്കൃതത്തില്‍ സന്താപ: എന്നും ഇംഗ്ളിഷില്‍ ഗാര്ഡന്‍ റൂ എന്നും ആണ് ഈ ചെടി അറിയപ്പെടുന്നത്. ഇലകള്‍ കണ്ടാല്‍ വെളുത്ത പൗഡറിടുടു മുഖം മിനുക്കിയോ എന്നു തോന്നും. ഇലകളിലൂടെ മെല്ലെ ഒന്നു വിലഓടിച്ചാലും ഇതിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെടും. ഒട്ടും സുഖകരമല്ലാത്ത ഗന്ധം. തീക്ഷ്ണമായ ഔഷധമൂല്യം ഉള്ളതുകൊണ്ട് വളരെ കുറഞ്ഞ അളവില്‍ മത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അപകടമാണ്. അതിനാല്‍ ചിലര്‍ ഇതിനെ മാരകവിഷമായും കണക്കാക്കുന്നു.

തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്.   തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്.  രണ്ടു വര്‍ഷത്തിലധികം ചെടി നിലനില്‍ക്കാറില്ല.  ഒരു സര്‍വ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്.   ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല്‍ കഫവും പീനസവും മാറും. കുട്ടികള്‍ക്കുള്ള ചുമ, പനി, ശ്വാസംമുട്ടല്‍, ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി  അസുഖങ്ങള്‍ക്കെതിരെ  ഉപയോഗിക്കാം. ഉള്ളില്‍ സേവിക്കുന്നതിന്റെ അളവ് കുട്ടികളുടെ പ്രായമനുസരിച്ച് കൃത്യതയോടെ പാലിക്കേണ്ടതാണ്.   വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരി, ജാതിക്ക, ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ മരുന്നായി ഉപയോഗിക്കാറുണ്ട്.  ഇലപിഴിഞ്ഞടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.  കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയില്‍ കെട്ടുകയും ചെയ്താല്‍ മതി. കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ അരൂതയുടെ ഇലകള്‍ വെളിച്ചെണ്ണയില്‍ ഇട്ടുവെയ്ക്കാറുണ്ട്. കരയുകയും കോച്ചിടിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ സന്ധികളില്‍ ഈ എണ്ണ തൂത്താല്‍ അതു മാറുമെന്നു പറയപ്പെടുന്നു. ഈ സസ്യത്തിന്റെ ഇലകള്‍ പലവിധ ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചു വരുന്നു. ആയുര്‍വ്വേദത്തിലും ഇതിന്റെ ഉപയോഗം കുറവല്ല. ഇങ്ങനെയൊക്കെയെങ്കിലും ഗര്‍ഭിണികള്‍ ഇതുപയോഗിച്ചാല്‍ അതു ഗര്‍ഭഛിദ്രമുണ്ടാകുന്നതിനിടയാകുമെന്നും പറയപ്പെടുന്നുണ്ട്. എങ്കിലും ഒരുപാട് ഔഷധമൂല്യമുള്ള ഈ സുന്ദരിച്ചെടിയെ അവഗണിക്കുന്നതെങ്ങനെ , അല്ലേ?



1 comment:

  1. ഉപകാരപ്രദമായ പോസ്റ്റ്
    ആശംസകള്‍

    ReplyDelete