Tuesday, January 20, 2015

ആഴ്ന്നിറങ്ങിയ നിദ്ര. (കഥ )

പുലര്‍ച്ചെ അഞ്ചു മണിക്കു അലാം അടിച്ചതാണ്. സുനന്ദ എഴുന്നേല്‍ക്കുന്ന ലക്ഷണമില്ല. ഈയിടെയായി അവള്‍ക്കു കുറച്ച് അഹന്ത കൂടുന്നുണ്ട്. ഇന്നലെ ഓഫീസില്‍ നിന്നു വരുമ്പോളും കിടന്നുറക്കമായിരുന്നു. വിളക്കുകൊളുത്തിയിട്ടും കൂടിയില്ല. ദിവസം മുഴുവന്‍ ജോലിചെയ്തു ഒന്നരമണിക്കൂര്‍ യാത്രയും കഴിഞ്ഞു വരുന്ന എന്നേക്കാള്‍ ക്ഷീണമാണ് വീട്ടില്‍ വെറുതെയിരിക്കുന്ന അവള്‍ക്ക്. ജോലി ചെയ്യാനും വല്ലാത്ത മടി. ഒരു ശ്രദ്ധയുമില്ല ഒരു കാര്യത്തിനും. കറികളില്‍ ഒന്നുകില്‍ ഉപ്പു കൂടുതല്‍ , അല്ലെങ്കില്‍ കുറവ്. പറഞ്ഞാല്‍ ഇഷ്ടക്കേടാകും. എന്തെങ്കിലും ചോദിച്ചാല്‍ മിണ്ടാട്ടവുമില്ല.  മക്കള്‍ രണ്ടുപേരും ദൂരെയായതു നന്നായി. അല്ലെങ്കില്‍ അവര്‍ക്കിതു എത്ര വിഷമമായേനേ..

അവള്‍ എഴുന്നേല്ക്കുന്നില്ലെങ്കില്‍ വേണ്ട. എനിക്ക് എന്റെ കാര്യം ചെയ്യാനാകുമോ എന്നൊന്നു നോക്കട്ടെ. ഇവളെ കണ്ടിട്ടല്ലോ ഞാന്‍ ജനിച്ചത്..

അടുക്കളയിലേയ്ക്കു കയറും മുന്‍പേ പ്രാഥമിക കൃത്യങ്ങളൊക്കെ നടത്തി. കുളി കഴിഞ്ഞപ്പോള്‍ അഞ്ചേമുക്കാല്‍. ഫ്രിഡ്ജില്‍ നോക്കി. ഭാഗ്യം ദോശമാവുണ്ട്. താഴെ തട്ടില്‍ രണ്ടു പാത്രങ്ങളില്‍ സാമ്പാറും വെളുത്ത തേങ്ങാച്ചമ്മന്തിയും ഉണ്ട്. ദോശ ചുട്ട് ചായയുമുണ്ടാക്കി, സാമ്പറും ചമ്മന്തിയും ചൂടാക്കി. സുഭിക്ഷമായി പ്രാതല്‍ കഴിച്ചു. ഉച്ചയ്ക്കു കഴിക്കാനും ദോശ തന്നെ മതിയെന്നു തീരുമാനിച്ചു. മൂന്നുനാലെണ്ണം ചുട്ടെടുത്ത് അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞെടുത്തു. സാമ്പാര്‍ കൊണ്ടുപോയാല്‍ ചീത്തയാകുമോ എന്നു പേടി. ഫ്രിഡ്ജില്‍ തന്നെ പരിശോധിച്ചു. ചമ്മന്തിപ്പൊടിയുണ്ട്. അതു ചെറിയ പാത്രത്തിലാക്കി എടുത്തു. അപ്പോഴേട്ക്കും പോകാറായി. വേഗം വേഷം മാറി സുനന്ദയെ നോക്കുക പോലും ചെയ്യാതെ ബാഗുമെടുത്തു വാതില്‍ വലിച്ചടച്ച്, ബസ്സ് സ്ടോപ്പിലേയ്ക്ക് ഓടി. അവള്‍ക്കു സൗകര്യമുള്ലപ്പോള്‍ എഴുന്നേല്‍ക്കട്ടെ.

ഉച്ചഭക്ഷണത്തിനിരിക്കുമ്പോള്‍ ചോദ്യമുയര്‍ന്നു 'ഇന്നെന്തേ ദോശ?'. എന്നും കൊണ്ടുവരുന്ന ചപ്പാത്തിയും കറിയും പാതിയിലധികവും കഴിക്കുന്നത് അവരായിരിക്കും. സുനന്ദയുടെ കൈപ്പുണ്യം അത്ര ഗംഭീരമത്രേ.. ചപ്പാത്തിയില്ലെങ്കില്‍ ഇഡ്ഡലിയും സാമ്പാറും. സാമ്പാര്‍ പാത്രം കഴുകിത്തുടച്ചായിരിക്കും തിരികെ കിട്ടുക. എന്തായാലും സുനന്ദയോടുള്ല ദേഷ്യമൊക്കെ അവിടെ കുടഞ്ഞിട്ടു. അവളുടെ മടിയും ഉറക്കവും മറവിയും ഒക്കെ അങ്ങേയറ്റം പരിഹാസത്തോടെ അവിടെ അവതരിപ്പിച്ചു വിജയശ്രീലാളിതനായി നില്‍ക്കുമ്പോള്‍ ഇതാ ദേവി ' അയ്യോ സര്‍, അവരെ ഒന്നു ഡോക്ടറെ കാണിച്ചു കൂടെ.. തൈറോയിഡോ വല്ലതുമുണ്ടോ എന്ന് '.. 'ഉം.. അവള്‍ക്കു തൈറോയിഡല്ല, തല്ലിന്റെ കുറവാ' എന്നു മറുപടിയും പറഞ്ഞു.

വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ മനസ്സിലായി സുനന്ദയുടെ അശ്രദ്ധ എത്രയെന്ന്. പത്രവും പാലും ഒന്നും ഇതുവരെ എടുത്തു വെച്ചിട്ടില്ല. ബെല്ലടിച്ചിട്ടും സുനന്ദ വന്നതുമില്ല. സാരമില്ല. ബാഗിലുള്ല ചാവിയെടുത്തു വാതില്‍ തുറന്നു ലൈറ്റിട്ടു. പതിവുള്ല ചന്ദനത്തിരിയുടെ ഗന്ധത്തിനു പകരം ഒരു ശൂന്യതയുടെ ഗന്ധം മുറിയിലാകെ പടര്‍ന്നതുപോലെ.. ബെഡ് റൂമില്‍ ചെന്നു നോക്കുമ്പോള്‍ സുനന്ദ നല്ല ഉറക്കത്തിലാണ്.. പെട്ടെന്ന് ഒരു ഞെട്ടല്‍ .. അപ്പോളാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്, ആ ശൂന്യതയുടെ ഗന്ധം മരണത്തിന്റെ ഗന്ധമായിരുന്നു എന്നത്.. രാവിലെ തിരിച്ചറിയാന്‍ കഴിയാതെ പോയ ആഴത്തിലുള്ള ഗന്ധം!.

3 comments:

  1. ഇത്രേയുള്ളൂ ജീവിതം!
    ചിന്തിപ്പിക്കുന്ന എഴുത്ത്.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍ , സന്തോഷം, സ്നേഹം

      Delete
  2. നന്ദി സര്‍ , സന്തോഷം, സ്നേഹം

    ReplyDelete