Friday, January 30, 2015

രക്തസാക്ഷിദിനം!























നാനാത്വത്തിലെ ഏകത്വം!
വൈവിധ്യങ്ങളിലെ വൈരുധ്യം!
ഭാരതാംബയുടെ ഉള്‍ക്കാമ്പിലെ ഉണ്മയ്ടെ കരുത്ത്..
ബംഗാളിയും പഞ്ചാബിയും ഗുജറാത്തിയും
തമിഴും തെലുങ്കും മറാഠിയും
മൊഴിമുത്തുകളില്‍
ഒന്നായ് മാറുന്ന സ്നേഹജ്ജ്വ്വാലകള്‍-
വന്ദേ മാതരം!
മതങ്ങള്‍,ദേശീയത, വര്‍ണ്ണവൈവിധ്യങ്ങള്‍
എല്ലാ കാലുഷ്യവും
കഴുകി ശുദ്ധീകരിച്ച്
ഒഴുകുന്നുണ്ട് നമുക്കായ്
പവിത്രതയുടെ ഗംഗ..
എല്ലാ മാലിന്യങ്ങളേയും ഏറ്റുവാങ്ങാന്‍
ബഹുശ്ശതം കൈകള്‍ നീട്ടി കാത്തിരിക്കുന്നു
മഹാസമുദ്രങ്ങള്‍! പ്രളയപയോധികള്‍!!
സത്യം മാത്രം സത്യമെന്നോതി,
ദ്വേഷത്തെ ജയിക്കാന്‍ സ്നേഹമെന്നോതി,
തിന്‍മയെ ജയിക്കാന്‍ നന്മയെന്നോതി..
നമുക്കു മുന്‍പേ നടന്നു പോയി..
അര്‍ദ്ധനഗ്നനായ സന്യാസിയൊരാള്‍..
ഒരു തോക്കിന്‍ കുഴലില്‍ നിന്നും
ചീറിപ്പാഞ്ഞ കൃതഘ്നതയുടെ
കൂര്‍പ്പിച്ചെടുത്ത മൂര്‍ച്ചകള്‍
ചിതറി വീഴ്ത്തിയ
കടുത്ത നിറമുള്ള
സ്നേഹരുധിരത്തിന്റെ
മാഞ്ഞുപോകാത്ത വേദനപ്പൂക്കള്‍!
നടവഴികളില്‍
പാദം നോവിക്കാതെ,
ഹൃദയത്തില്‍ മാത്രം കോര്‍ത്തുവലിക്കുന്ന
മുള്ളിന്‍ പൂവുകള്‍!
പെറുക്കിയെടുത്ത്
മൂര്‍ദ്ധവില്‍ ഒരു മാത്ര സ്പര്‍ശിച്ച്
വീണ്ടും വലിച്ചെറിയാം
ഏറ്റവും അലക്ഷ്യമായി..
ഇനിയും വരുന്നുണ്ട്
പിന്നാലെ ആരൊക്കെയോ.........

1 comment: