Saturday, January 31, 2015

പനിക്കൂര്‍ക്ക ( നാട്ടുവഴിയിലെ പോസ്ട്)

കുട്ടിക്കാലത്ത് ജലദോഷമോ തുമ്മലോ ഉണ്ടായാല്‍ അതു മാറുന്നതു വരെ എന്നും കുളിക്കുന്ന വെള്ലത്തില്‍ പനിക്കൂര്‍ക്കയില ഞെരടിയിട്ടിട്ടുണ്ടാവും അമ്മമ്മ.. അന്നതു കാണുന്നതു തന്നെ ദേഷ്യമായിരുന്നു. പനിക്കൂര്‍ക്കയിലയുടെ നീര് കല്‍ക്കണ്ടമോ തേനോ ചേര്‍ത്ത് കുടിക്കാനും തരുമായിരുന്നു. അതും ഒട്ടും ഇഷ്ടമായിരുന്നില്ല. പക്ഷേ മോനുണ്ടായപ്പോഴാണ് ഈ ഇലയുടെ മഹത്വം ഞാനംഗീകരിച്ചത്. മോനെ കുളിപ്പിക്കുമ്പോഴും വെള്ലത്തില്‍ ഈ ഇലകള്‍ അമ്മമ്മ കശക്കിയിടുമായിരുന്നു. മോന് ജലദോഷക്കോളു കണ്ടാലുടനെ പനിക്കൂര്‍ക്കയില നീരില്‍ കല്‍ക്കണ്ടം ചേര്‍ത്തു കൊടുക്കുകയും ഇത്തിരി നീരു ചൂടാക്കി നെറുകയില്‍ തൂക്കുകയും ചെയ്യുമായിരുന്നു. മോഡേണ്‍ മെഡിസിന്‍ കൊടുക്കാന്‍ എനിക്കും ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഇങ്ങനെ തന്നെ അസുഖം മാറ്റിയിരുന്നു.

പച്ച നിറത്തിലെ മാംസളമായ ഇലയും തണ്ടുകളുമുള്ള, അധികം ഉയരമില്ലാത്ത ഒരു സസ്യമാണ് പനിക്കൂര്‍ക്ക.. കുലകളായി പൂക്കളും കാണും. നവര, കര്‍പ്പൂരവളളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്ന ഈ സസ്യത്തിന്റെ നീരിന് സവിശേഷമായൊരു ഗന്ധവുമുണ്ട്. ഏതുകാലാവസ്ഥയിലും വളരും. പ്രത്യേകപരിചരണങ്ങള്‍ ഒന്നും ആവശ്യമില്ലാത്ത ഈ സുന്ദരിച്ചെടിയെ ചട്ടികളില്‍ അലങ്കാരച്ചെടിയായും നട്ടുവളര്‍ത്താം. ഇതിന്റെ ഔഷധഗുണങ്ങള്‍ പലപ്പോഴും ആശുപത്രിയിലേയ്ക്കുള്ല ഓട്ടത്തെയും തടയും . ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, ജലദോഷം എന്നിവ മാറും. പനികൂര്‍ക്കയില നീര്  നെറുകയില്‍ തിരുമ്മുന്നതും ജലദോഷം മാറാന്‍ ഉത്തമം. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്ചയായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൊടുത്താല്‍ മതി. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും. പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ തേനോ കല്‍ക്കണ്ടമോ ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.കുട്ടികളിലെ കൃമിശല്യം കുറയ്ക്കാനും ഇത് വളരെ നല്ലതാണ്.

പനിക്കൂര്‍ക്കയില പാചകത്തിലും ഉപയോഗിക്കാവുന്നതാണ്. തൈരോ മോരോ ഈ ഇല  ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പനിക്കൂര്‍ക്കയില കടലമാവില്‍ മുക്കിപ്പൊരിച്ചാല്‍ സ്വാദിഷ്ടമായ ബജി തയ്യാര്‍. ഉഴുന്നുമാവില്‍ ചേര്‍ത്ത് വടയുണ്ടാക്കിയാലും രുചികരം തന്നെ. റൈത്തയായോ സാലഡ് ആയോ ഈ ഇലകള്‍ ഉപയോഗിക്കാവുന്നതാണ്.


ഇത്രയധികം പ്രയോജനപ്രദമായ ഈ കൊച്ചുചെടിയെ നമുക്കെങ്ങനെ അവഗണിക്കാനാവും അല്ലേ...




1 comment:

  1. വിവരണം നന്നായി
    ആശംസകള്‍

    ReplyDelete