ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍- ഹോമി ജഹാംഗീര്‍ ഭാഭ
````````````````````````````````````````````````````````
ഖനിജങ്ങളായ ഊര്‍ജ്ജ സ്രോതസ്സുകള്‍ അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആണവോര്‍ജ്ജം വളരെ സുപ്രധാനമായ ഊര്‍ജ്ജസ്രോതസ്സായി മാറിയിരിക്കുകയാണ്. ഐന്‍സ്ടീന്റെ സമവാക്യം ( E=mc2 ) ആധാരമാക്കി ഫ്രഞ്ചു ശാസ്ത്രജ്ഞനായ ഹെന്റ്രി ബെക്വറലാണ് ആണവോര്‍ജ്ജത്തിന്റെ അനന്തസാധ്യതകളെ ആദ്യമായി മനസ്സിലാക്കിയത്. പക്ഷേ ഭാരതത്തിന്റെ ആണവോര്‍ജ്ജ ചരിത്രത്തില്‍ ആദ്യചുവടുവെയ്പുകള്‍ നടത്തിയത് ഡോക്ടര്‍ ഹോമി ജഹാംഗീര്‍ ഭാഭ എന്ന സര്‍വ്വോത്തരപ്രതിഭയായ ശാസ്ത്രജ്ഞനാണ്. 1966 ജനുവരി 24നു മൗണ്ട് ബ്ലാങ്ക് എന്ന വെളുത്ത പര്‍വ്വതത്തിനു മുകളില്‍ വെച്ചുണ്ടായ വിമാനാപകടത്തിലൂടെ ഈ മഹാപ്രതിഭയെ കാലം തട്ടിയെടുത്തിരുന്നില്ലെങ്കില്‍ നമ്മുടെ രാജ്യം ഈ വഴിയില്‍ എത്രയോ ദൂരം മുന്‍പോട്ടു സഞ്ചരിക്കുമായിരുന്നു!.
എല്ലാ അര്‍ത്ഥത്തിലും വളരെ സമ്പന്നമായൊരു പാഴ്സി കുടുംബത്തിലാണ് 1909 ഒക്ടോബര്‍ 30 നു ഹോമി ഭാഭ ജനിച്ചത്. പിതാവ് ജഹാംഗീര്‍ ഭാഭ ഓക്സോണില്‍ നിന്ന് എം എ യും ബി എല്ലും പാസ്സായ ആളായിരുന്നു. മാതാവ്, ഇന്ത്യയില്‍ ആദ്യമായി സര്‍ പദവി ലഭിച്ച മുംബൈയിലെ അന്നത്തെ അറിയപ്പെടുന്ന മനുഷ്യസ്നേഹിയായിരുന്ന ദിന്‍ഷാ പെറ്റിറ്റ് എന്ന അതികായന്റെ പേരക്കുട്ടിയായിരുന്ന മെഹര്‍ബായി ഫ്രാംജി പാണ്ഡേയും. ഹോമിഭാഭയുടെ മുത്തച്ഛനായിരുന്ന ഡോ. ഹോര്‍മുസ്ജി ഭാഭയാകട്ടെ അന്നത്തെ മൈസൂര്‍ പ്രവശ്യയിലെ വിദ്യാഭ്യാസവകുപ്പിന്റെ ഇന്‍സ്പെക്ടര്‍ ജനറലും സര്‍വ്വബഹുമാന്യനും ആയിരുന്നു.
മുത്തച്ഛനും അച്ഛനും കരുതിവെച്ചിരുന്ന വിപുലമായ പുസ്തകശേഖരം കുട്ടിയായിരുന്ന ഹോമിക്ക് അറിവിന്റെ നിധികുംഭമായി മാറി. മുംബൈയിലെ പ്രശസ്തമായ വിദ്യാഭ്യാ സസ്ഥാപനങ്ങള്‍ കരുതിവെച്ചിരുന്ന അറിവുകളേക്കാളെത്രയോ വിശാലമായിരുന്നു ആ അറിവിന്റെ ലോകം. പിതാവും അദ്ദേഹത്തിന്റെ സഹോദരിയും സൂക്ഷിച്ചിരുന്ന മ്യൂസിക്ക് റെക്കോഡുകളും ഹോമിയെന്ന സംഗീതസ്നേഹിയ്ക്ക് ആ വഴിയിലെ സഞ്ചാരത്തിനു വെളിച്ചമേകി. ബീഥോവനും മൊസാര്‍ട്ടും പിയാനോയില്‍ തീര്‍ത്ത സംഗീതവിസ്മയങ്ങളും വാഗ്നറുടെയും വേര്‍ഡിയുടേയും ഓപ്പെറകളും ചെറിയപ്രായത്തില്‍ത്തന്നെ ഹോമിക്കു പരിചിതമായത് അങ്ങനെയാണ്. ഹോമിയുടെയും സഹോദരന്റെയും സുഹൃത്തുക്കളുടേയും സംഗീതാസ്വാദനം വളരെ ഗൗരവമായിത്തന്നെയായിരുന്നു. അരണ്ടവെളിച്ചത്തില്‍ പരന്നു കിടക്കുന്ന നിശ്ശബ്ദതയില്‍ ഗ്രാമഫോണിലൂടെ ഒഴുകിവരുന്ന സംഗീതത്തിന്റെ അലകളെ അവര്‍ ശ്രദ്ധാപൂര്‍വ്വം കാതോര്ത്തിരുന്നു. സംഗീതത്തില്‍ മാത്രമായിരുന്നില്ല പെയിന്റിംഗിലും പെന്‍സില്‍ ഡ്രോയിംഗിലും അതീവതല്പരനായിരുന്നു ഹോമിയെന്ന പ്രതിഭ.
പതിനേഴാമത്തെ വയസ്സില്‍ മുംബൈയിലെ എല്‍ഫിന്സ്ടോണ്‍ കോളേജില്‍ നിന്നും കേംബ്രിഡ്ജിലെ കീയിസ് കോളേജില്‍ ഹോമി തന്റെ ഉപരിപഠനത്തിനായെത്തി. പിതാവും മാതുലനും ഇതുവഴി മുന്നില്‍ കണ്ടത്, എഞ്ചിനീയറിംഗ് ബിരുദം എടുത്തു വരുന്ന ഹോമിയെ ജംഷഡ്പൂരിലെ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ കര്‍മ്മനിരതനാക്കുക എന്നതായിരുന്നു. ഈ പഠനത്തിനിടയില്‍ എപ്പോഴോ ഹോമിയുടെ ശ്രദ്ധ ഗണിതശാസ്ത്രത്തിലേയ്ക്കു തിരിഞ്ഞു. പക്ഷേ പിതാവിന്റെ നിര്‍ദ്ദേശം എഞ്ചിനീയറിംഗ് പഠനം തുടരാനായിരുന്നു. ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായാല്‍ ഹോമിയുടെ ഇഷ്ടപ്രകാരം പഠനത്തിനായി വേണ്ടതു ചെയ്യുമെന്ന വഗ്ദാനവും നല്കി. 1930 ല്‍ ഹോമി മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ഓണേഴ്സ് ബിരുദം ( Tripos) ഒന്നാം ക്ലാസ്സില്‍ തന്നെ കരസ്ഥമാക്കി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗണിതശാസ്ത്രത്തിലും ട്രൈപ്പോസ് നേടുകയുണ്ടായി. അതിനുശേഷം തിയററ്റിക്കല്‍ ഫിസിക്സില്‍ അവിടെ ഗവേഷണം തുടരുകയും ചെയ്തു. 1933 ല്‍ തന്റെ ആദ്യത്തെ ഗവേഷണഫലം പ്രസിദ്ധപ്പെടുത്തുകയും 1934 ല്‍ ഐസ്സക് ന്യൂട്ടണ്‍ സ്ട്യൂഡന്റ്ഷിപ് നേടുകയും ചെയ്തു.പിന്നീട് കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ചേരുകയും അവിടെനിന്ന് പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു. . ഇക്കാലത്ത് പല പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരെയും അവരുടെ കണ്ടുപിടുത്തങ്ങളേയും അടുത്തറിയുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇത് ശാസ്ത്രസംബന്ധമായ ചിന്തകള്‍ക്ക് കൂടുതല്‍ ആഴവും പരപ്പും വന്നു ചേരുന്നതിനിടയാക്കി.നീല്‍ ബോറിനൊപ്പമുള്ല പ്രവര്‍ത്തനങ്ങള്‍ ക്വാണ്ടം തിയറിയിലും വാല്‍ട്ടര്‍ ഹെയ്ടലറിനൊപ്പമുള്ല പ്രവര്‍ത്തനങ്ങള്‍ കോസ്മിക് എനര്‍ജിയിലേയ്ക്കും അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു.ഭാഭാ-ഹെയിട്ലര്‍ തിയറി തന്നെ ആവിഷ്കൃതമായതും ഈ പഠനങ്ങളാണ്. മീസോണ്‍ എന്ന അണുഘടകത്തെ കണ്ടെത്താന്‍ കഴിഞ്ഞതും ഈ കാലത്താണ്. പില്‍ക്കാലത്ത് ഇന്ത്യയില്‍ ആണവോര്‍ജ്ജ പദ്ധതി ആവിഷ്കരിക്കുന്നതിലും വിജയം വരിക്കുന്നതിലും കേംബ്രിഡ്ജിലെ ഈ അടുത്ത പരിചയങ്ങള്‍ അദ്ദേഹത്തെ ഏറെ സഹായിക്കുക തന്നെ ചെയ്തു.
1939 ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് യാദൃശ്ചികമായി അവധിക്കലത്ത് ഇന്ത്യയിലെത്തിയ ഹോമി പിന്നീട് തിരികെ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിയില്ല. പിന്നീടുള്ല ഒരു ദശകത്തില്‍ രാജ്യാന്തര ശാസ്ത്രവ്യവഹാരങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വിലപ്പെട്ടതായിരുന്നു. നോബല്‍ സമ്മാന ജേതാവ് സര്‍ സി വി രാമന്‍ തലവനായിരുന്ന ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്സ്റ്റിട്യൂട് ഒഫ് സയന്‍സില്‍ ഭൗതിക ശാസ്ത്ര വിഭാഗത്തില്‍ അദ്ധ്യാപകനായി ചേരുകയും അവിടെ കോസ്മിക് വിഭാഗം ആരംഭിക്കുകയും ചെയ്തു. ബഹുമുഖപ്രതിഭയായ ഭാഭയെ സി വി രാമന്‍ വിശേഷിപ്പിച്ചത് 'ആധുനിക കാലത്തെ ഡാവിഞ്ചി' എന്നാണ്.
അണുവിഘടനത്തിലൂടെ ഉളവാക്കാവുന്ന ഊര്‍ജ്ജത്തിന്റെ അനന്ത സാധ്യതകളേക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന ഹോമി ഭാഭ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി റ്റാറ്റാ ട്രസ്റ്റിന്റെ സഹായം അഭ്യര്‍ത്ഥിച്ച് 1944 ല്‍ കത്തെഴുതുകയുണ്ടായി. ശാസ്ത്ര, വിദ്യാഭ്യാസ, ഗവേഷണപരമായ എല്ലാ കാര്യങ്ങളിലും ഭാഭയുടെ ചിന്തകളോടു സമാനത പുലര്‍ത്തിയിരുന്ന ജംഷെഡ്ജി റ്റാറ്റ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വളരെ വിപുലമായ ശാസ്ത്രഗവേഷണ സംരംഭമായ റ്റാറ്റാ ഇന്‍സ്റ്റിട്യൂട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ( TIFR) അങ്ങനെ 1945 ല്‍ സ്ഥാപിതമാവുകയും ചെയ്തു. 1948 ല്‍ നെഹൃ, ഹോമിഭാഭയെ ന്യൂക്ലിയര്‍ പ്രോഗ്രാമിന്റെ ഡയറക്ടര്‍ ആയി അവരോധിക്കുകയും ഇന്ത്യയുടെ ആണവായുധങ്ങളുടെ ആവശ്യകത അദ്ദേഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തു. കേംബ്രിഡ്ജിലേയ്ക്കു മടങ്ങിപ്പോകാതിരുന്ന നിരാശയെ ഈ തിരക്കുകളിലൂടെ അദ്ദേഹത്തിനു മറികടക്കാനായി. പക്ഷേ TIFR ന്റെ പരിമിതികള്‍ ആണവോര്‍ജ്ജ പദ്ധതികളുടെ സാങ്കേതിക ഗവേഷണങ്ങള്‍ക്ക് സഹായകമാകില്ലെന്നു തിരിച്ചറിഞ്ഞ ഹോമി ഭാഭ, ഇതിനായുള്ള വിപുലമായൊരു ഗവേഷണശാല സ്ഥാപിക്കുന്നതിനായി സര്‍ക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ട്രോംബെയില്‍ സര്‍ക്കാര്‍ അനുവദിച്ച 1200 ഏക്കര്‍ സ്ഥലത്ത് അടോമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റ് ട്രോംബെ 1954 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. (പിന്നീട് ഭാഭാ ആറ്റമിക് റിസേര്‍ച്ച് സെന്റര്‍ ( BARC) എന്നു പുനര്‍ന്നാമകരണം ചെയ്യപ്പെട്ടു.) ഇതേ വര്‍ഷം തന്നെ ഡിപാര്ടു്മെന്റ് ഓഫ് ആറ്റമിക് എനര്‍ജി (DAE) രൂപീകരിക്കുകയുണ്ടായി. വിദേശരാജ്യങ്ങളിലും UN ല്‍ പോലും സമാധാനപരമായ ആണവോര്‍ജ്ജ ഉപയോഗത്തിന്റെ പേരില്‍ ഇന്ത്യയുടെ യശ്ശസ്സ് ഉയര്‍ത്തിപ്പിടിയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇന്റര്‍നാഷനല്‍ അടോമിക് എനര്‍ജി ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. അമേരിക്കന്‍ അക്കഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അദ്ദേഹത്തിന് വിശിഷ്ട വിദേശാംഗത്വം നല്‍കുകയുണ്ടായി. പ്രധാനമന്ത്രിയായിരുന്ന നെഹൃവിന്റെ പുരോഗമനവാഞ്ചയും ഭാഭയുടെ ശാസ്ത്രസാങ്കേതികാവബോധവും സമാന തരംഗദൈര്‍ഘ്യങ്ങളില്‍ ചരിച്ചതുകൊണ്ടാവാം ഭാഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നെഹൃവിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നത്. ഇന്ത്യയുടെ ത്രിതല ആണവോര്‍ജ്ജ പദ്ധതിക്ക് അങ്ങനെ തുടക്കം കുറിക്കാന്‍ സാധിച്ചു. പരിമിതവും ദുര്‍ല്ലഭവുമായ യുറേനിയത്തിനു പകരം ഇന്ത്യയില്‍ സുലഭമായ തോറിയം ഉപയോഗിക്കുക വഴി രാജ്യത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിയെ നേരിടാനാകുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.
തന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടെ നിര്‍ത്താനുള്ലവരെ തെരെഞ്ഞെടുക്കുന്നതില്‍ അതീവശ്രദ്ധാലുവായിരുന്നു അദ്ദേഹം. അങ്ങേയറ്റം ശാസ്ത്രാവവോധവും പ്രയത്നശീലവും സ്വഭാവനൈര്‍മ്മല്യവും എല്ലാം ഉള്ലവരെയായിരുന്നു എപ്പോഴും അദ്ദേഹത്തോടൊപ്പം. BARC യുടെ നീണ്ട കാലയളവിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഈ ദീര്‍ഘവീക്ഷണത്തോടു കടപ്പെട്ടിരിക്കുന്നു. ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് ഏറ്റം അവശ്യമായ ഘടകം സര്‍വ്വഗുണസമ്പന്നമായ മാനവശേഷി തന്നെ എന്ന് അദ്ദേഹം ഇതു വഴി പഠിപ്പിച്ചു തരികയും ചെയ്യുന്നു ഇന്നത്തെ ഇന്ത്യയ്ക്ക്. ശരിയായ കര്‍മ്മത്തിനു ഏറ്റവും ശരിയായ വ്യക്തി തന്നെ വേണമെന്ന ശാഠ്യം വളരെ നിര്‍ണ്ണായകമായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ ശാസ്ത്രോപദേഷ്ടാവായിരിക്കെ ബഹിരാകാശഗവേഷണത്തിനു തുടക്കമിടാനും അതിനു ഡോ വിക്രം സാരാഭായിയെ ചുമതലപ്പെടുത്താനും ഭാഭയാണ് മുന്‍കൈയെടുത്തത്.
അണു ബോംബു നിര്‍മ്മിക്കുന്നതിനോട് ഹോമിഭാഭ ഒട്ടും തന്നെ യോജിച്ചിരുന്നില്ല. എങ്കിലും ആദ്യത്തെ അടോമിക് റിയാക്ടര്‍ ആയ 'അപ്സര' രാജ്യത്തിന്റെ ഊര്‍ജ്ജദരിദ്ര്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുതകുമെന്ന് അദ്ദേഹം വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്തു. 1957 ജനുവരി 20-ന് പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഈ റിയാക്ടർ 4.5 കി.ഗ്രാം ആണവ ഇന്ധന ഭാരവും ഒരു മെഗാവാട്ട് പരമാവധി ശക്തിയുമുള്ള ഒരു ഗവേഷണ റിയാക്റ്റർ ആണ്. ന്യൂട്രോൺ ഭൗതികം, വികിരണ രസതന്ത്രം, ജീവശാസ്ത്രം മുതലായ തുറകളിലെ ഗവേഷണം, റേഡിയോ ആക്ടീവതയുള്ള ഐസോടോപ്പുകളുടെ നിർമാണം, ശാസ്ത്രജ്ഞൻമാരുടേയും എൻജിനീയർമാരുടേയും പരിശീലനം തുടങ്ങിയവയാണ് ഈ റിയാക്റ്ററിന്റെ ഉപയോഗങ്ങൾ. പ്രധാനമന്ത്രിയയിരുന്ന ജവഹര്‍ലാല്‍ നെഹൃ ആണ് ഇതിന്റെ നീല നിറമാര്‍ന്ന വികിരണങ്ങളുടെ അഭൗമ സൗന്ദര്യം കണ്ട് അപ്സര എന്ന് ഈ റിയാക്ടറിനു പേരു കൊടുത്തത്.
ഹോമി ഭാഭയുടെ സീമാതീതമായ പ്രതിഭയെ രാജ്യത്തും വിദേശത്തും ആദരിക്കയുണ്ടായി. പുരസ്കാരങ്ങളും അനവധി അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 1954 ല്‍ രാജ്യം പദ്മഭൂഷണ്‍ സമ്മാനിച്ചു.1955 ല്‍ ജനീവയില്‍ നടന്ന, സമാധാനപരമായ ആണവോര്‍ജ്ജ ഉപയോക്തൃ രാജ്യങ്ങളുടെ യു എന്‍ കോന്‍ഫെറന്സിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു ഭാഭ.
ഇന്റര്‍നാഷണല്‍ അടോമിക് എനര്‍ജി ഏജന്സിയുടെ സയന്റിഫിക് അഡ്വൈസറി കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ 1966 ജനുവരി 24 ലെ അദ്ദേഹത്തിന്റെ യാത്രയില്‍ മൗണ്ട് ബ്ലാങ്കിന്റെ മുകളില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ ഭാഭയെന്ന ബഹുമുഖ്പ്രതിഭയെ ഈ ലോകത്തിനു നഷ്ടമായി. പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ നിര്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിരുന്നുള്ളു ഈ ന്ഷ്ടത്തെ ഇന്ത്യ നേരിടുമ്പോള്‍. ഇന്ത്യയുടെ ആണവോര്‍ജ്ജരംഗത്തെ കുതിച്ചുകയറ്റം പല വിദേശശക്തികളേയും അസ്വസ്ഥരാക്കിയിരുന്നു. ഈ വിമാനാപകടം ആ അസ്വസ്ഥതകളുടെ ബാക്കിപത്രമാകാമെന്ന് ഇപ്പോഴും വിശ്വസിച്ചുപോരുന്നുണ്ട്. ജീവിതകാലം ഒരാള്‍ക്കും നീട്ടിക്കൊണ്ടുപോകാനാവില്ലയെങ്കിലും ഉള്ള ജീവിതത്തെ ഓരോ നിമിഷവും അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്നു ശഠിച്ച ഒരു യഥാര്‍ത്ഥ മനുഷ്യസ്നേഹിയായിരുന്നു ഇന്ത്യയുടെ ആണവോര്‍ജ്ജ പദ്ധതിയുടെ പിതാവ് എന്നറിയപ്പെട്ടുന്ന ഹോമി ജഹാംഗീര്‍ ഭാഭ.
No comments:
Post a Comment