Monday, March 2, 2015

ആല്‍ക്കെമിസ്ടിനു കഴിയാതെ പോയത്...

മഴ നിലയ്ക്കാന്‍
കാത്തു നില്‍ക്കുന്നുണ്ട്
മരങ്ങള്‍ പെയ്തു തുടങ്ങാന്‍.
വിരല്‍ത്തുമ്പുകള്‍ക്കിടയിലൂടെ
പ്രതീക്ഷകളും സ്വപ്നങ്ങളും
ഒന്നൊന്നായ്
ഒഴുകിമായുമ്പോള്‍,
കോപാഗ്നിയില്‍ കത്തിയമരുമ്പൊള്‍,
വെറുപ്പിന്റെ ചാട്ടവാര്‍
ആഞ്ഞു പ്രഹരിക്കുമ്പോള്‍,
പെയ്തുതോരുന്ന കണ്ണുകള്‍ക്കപ്പുറം
മനസ്സെന്ന വന്‍മരം
പെയ്തു തുടങ്ങും
നേര്‍ച്ചപോലെ..
കറുത്തമാനം തലയ്ക്കുമേലെ ഇല്ലാതെ,
കോടക്കാറ്റ് ആഞ്ഞുവീശാതെ,
അതിവര്‍ഷം തകര്‍ത്താടി,
ഒഴുകുന്ന അരുവികള്‍ക്ക്,
ഉള്ളിലേയ്ക്കു ദിശയൊരുക്കി
ഒടുവില്‍ പെയ്തു തീരുമ്പോള്‍
ഉലയിലുരുക്കി
കാച്ചിയെടുത്ത
തനിത്തങ്കമാകും
മനസ്സെന്ന കരിങ്കല്ല്..
തച്ചുടയ്ക്കാന്‍ കഴിയാത്ത
കാഠിന്യമേറിയ
ആന്തരാഗ്നേയ ശിലകൾ!
ആല്‍ക്കെമിസ്ടിനു
കഴിയാതെ പോയത്...



4 comments:

  1. തനിത്തങ്കമനസ്സ്

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..

      Delete
  2. തിളക്കമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..

      Delete