Tuesday, March 31, 2015

കൊടുത്തു തീര്‍ക്കാന്‍ കഴിയാതിരുന്ന കടങ്ങള്‍...

മാര്ച്ച് 31.
പള്ളിക്കുടം പൂട്ടി പടിയിറങ്ങി
നീണ്ട വേനല്‍ക്കാലാവധിയിലേയ്ക്കു
നടന്നു കയറുമ്പോള്‍
കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത
ഒരുപാടു കടങ്ങള്‍
ഓര്‍മ്മയില്‍ ഇരമ്പിക്കയറുന്നുണ്ടാവും.
കരിമേഘങ്ങള്‍ പലദിക്കില്‍ നിന്നു ചേക്കേറി
ആര്‍ത്തലച്ചു പെയ്യാനും തുടങ്ങും.
മഴക്കാലത്തു മൂത്തുപഴുത്ത
മാങ്ങയൊക്കെ പുഴുപിടിച്ചത്,
മുറ്റത്തിന്റെ കിഴക്കേക്കോണിലെ
പേരമരത്തിലെ ചോരച്ചുവപ്പന്‍ പേരയ്ക്ക
വാവല്‍ തിന്നത് ,
നാടന്‍ചാമ്പക്കയും റൊട്ടിച്ചാമ്പക്കയും
അനിയത്തി നേരത്തെ തന്നെ
പറിച്ചു ബാഗിലാക്കിയത്,
അമ്മാവന്‍ കല്‍ക്കട്ടയില്‍ നിന്നു കൊണ്ടുവന്ന സന്ദേശ്
ഉറുമ്പരിച്ചു ചീത്തയാക്കിയത്..,
അഹമ്മദിക്കായുടെ കടയില്‍ നിന്നു വാങ്ങിയ
ചതുരക്കടലമുട്ടായികള്‍
ചാലിച്ച കണ്ടത്തിലെ
ചേറില്‍ പുതഞ്ഞുപോയത്..
രാജിക്കു കൊടുക്കാമെന്നേറ്റിരുന്ന
കനകാമ്പരപ്പൂമാല
മണിക്കുട്ടന്‍ തട്ടിപ്പറിച്ച്
കശക്കിയെറിഞ്ഞത്....,
ബാഗില്‍ ചനച്ച പുളികണ്ടപ്പോള്‍
തിന്നാല്‍ വയറിളകുമെന്നു പറഞ്ഞ്
അമ്മ എല്ലാം പെറുക്കി വലിച്ചെറിഞ്ഞത്,
എല്ലാം ഞാന്‍ മാത്രമറിയുന്ന
അവര്‍ക്കുള്ല കടങ്ങളായിരുന്നു,
കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത
കണ്ണീരു പലിശയിട്ട കടങ്ങള്‍.
ഇനിയുമുണ്ട്
തിരികെക്കൊടുക്കാന്‍ കഴിയാതെ പോയ
ഒരുപാടു പിച്ചും അടിയും
നേരിയ വേദനയായി
ഈ കടശേഖരത്തില്‍..
കൊയ്തൊഴിഞ്ഞ പാടത്ത്,
ശര്‍ക്കരമാങ്ങയുടെ മധുരം നാവില്‍ നിറച്ച്
അണ്ണാറക്കണ്ണനെ കൂട്ടുവിളിക്കുന്ന മാഞ്ചുവട്ടില്‍
വിഷുക്കൈനീട്ടത്തിന്റെ തിളക്കവും കിലുക്കവും പോലെ
ഇടവപ്പാതിക്കു മുന്‍പ് ഘോഷമാകുന്ന
ഇടിയും മിന്നലും കഴിഞ്ഞ്
പൊഴിഞ്ഞു വീഴുന്ന
ആലിപ്പഴങ്ങള്‍ പെറുക്കുവെയ്ക്കുപോഴും
അലിഞ്ഞു പോകുന്നൊരു കടമുണ്ടാകും.
പിന്നെയും ഒരു നേരിയ പ്രത്യാശ..
മഴയുടെ കൈപിടിച്ച്,
പുത്തനുടുപ്പും കുടയുമായി
നടന്നു കയറാം പുതുവര്‍ഷത്തില്‍
പുതിയ ക്ലാസ്സ്മുറിയിലേയ്ക്ക്,
പുത്തന്‍ പുസ്തകത്തിന്റെ വശ്യമായ വാസന
നാസാരന്ധ്രങ്ങളിലേയ്ക്ക്
ശക്തിയോടെ
ഏറ്റുവാങ്ങിക്കൊണ്ട്..
ഒരിക്കല്‍ കൂടി
എല്ലാ കടങ്ങളും
സ്നേഹം ചേര്‍ത്തുവെയ്ക്കുന്ന
പലിശയും കൂട്ടുപലിശയും ചേര്‍ത്ത്
വീട്ടിത്തീര്‍ക്കാന്‍.......


3 comments:

  1. മദ്ധ്യവേനലവധിക്കാലം മനോഹരം

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete
  2. പലിശ കൂട്ടിയില്ലെങ്കിലും ജീവിതത്തിലെ കൊടുത്തുതീര്‍ക്കാന്‍ പറ്റാത്ത കടങ്ങള്‍........
    നന്നായിരിക്കുന്നു...............
    ആശംസകള്‍

    ReplyDelete